Image

മായപ്പൊന്മാന്‍ (എഴുതാപ്പുറങ്ങള്‍ 42: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 05 August, 2019
മായപ്പൊന്മാന്‍ (എഴുതാപ്പുറങ്ങള്‍ 42: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
പെയ്തു കൊതിതീരാത്ത ആഷാഢമേഘങ്ങള്‍ പേമാരി ചൊരിഞ്ഞുകൊണ്ടിരിയ്‌ക്കേ നമ്മുടെ ശ്യാമസുന്ദര കേരളത്തിലെ ഹിന്ദുഗൃഹങ്ങളില്‍ നിന്നും പുലര്‍കാല വേളകളില്‍ കൊട്ടത്തേങ്ങയും എള്ളും, ശര്‍ക്കരയും ഹോമിയ്ക്കുന്ന ഭക്തിസാന്ദ്രമായ വാസന ബഹിര്‍ഗമിയ്ക്കുന്നു കോടിമുണ്ടും, ദശപുഷ്പങ്ങളും, അഷ്ടമംഗല്യവും വാല്‍ക്കണ്ണാടിയും കെടാവിളക്കും വച്ച് തെക്കിനിയില്‍ ഐശ്വര്യത്തിനും ആയുസ്സരോഗ്യത്തിനും സമ്പത്സമൃദ്ധിയ്ക്കുമായി ശ്രീഭഗവതിയെ പ്രതിഷ്ഠിച്ച് ആരാധിയ്ക്കുന്നു .  സന്ധ്യാസമയങ്ങളില്‍ നിലവിളക്കിന്റെ സ്വര്‍ണ്ണ പ്രഭയില്‍ പ്രായമായവരുടെ രാമായണപാരായണം ഉയര്‍ന്നുപൊങ്ങി ഭക്തിനിര്‍ഭരമായ ഒരു അന്തരീക്ഷം സംജാതമാകുന്നു .
 
എന്നാല്‍ കുറച്ചുകാലങ്ങളായി ഇതിനെല്ലാം സമയം ചെലവഴിയ്ക്കാന്‍ ഹിന്ദുക്കള്‍ മടികാണിച്ചുകൊണ്ടിരിക്കയായിരുന്നു. രാമായണമാസം ചില മനുഷ്യമനസ്സില്‍ മാത്രം ഓര്‍മ്മകളായി ജീവിച്ചു. എന്നാല്‍ ഈ അടുത്തകാലത്ത്, സോഷ്യല്‍  മീഡിയകളുടെ ഇടപെടല്‍ എന്ന് തന്നെ പറയാം ഇതിന്റെ പ്രാധാന്യവും ഐതിഹ്യവും പ്രചരിപ്പിച്ച് മതാനുഷ്ഠാനങ്ങളെക്കുറിച്ച് അറിയാനും, അവയെ കാലാനുസൃതമാറ്റങ്ങള്‍ വരുത്തിയാണെങ്കിലും തുടരാനും വിശ്വാസികള്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു.
 മതപരമായ പ്രത്യേക പാഠ്യപദ്ധതികള്‍ ഇല്ലാത്ത ഹിന്ദുക്കള്‍, അതായത് ചിട്ടപ്രകാരം എഴുതിയുണ്ടാക്കിയ ആചാരഅനുഷ്ഠാനങ്ങളുടെ അഭാവം നിമിത്തം ഹിന്ദുമതവിശ്വാസികള്‍ സംഘടിതമായ അനുഷ്ഠാനകര്‍മ്മങ്ങളില്‍ നിന്ന് അകലം പാലിച്ച് നിന്നിരുന്നു.  ഇന്ന് ആ അവസ്ഥ മാറി അവരെല്ലാം ഭക്തിയുടെ പേരില്‍ ഐക്യത്തോടെ കുറശ്ശേ പഴയ വിശ്വാസാചാരങ്ങളില്‍ താല്പര്യം കാണിച്ചുതുടങ്ങി. കര്‍ക്കിടമാസത്തെ ഹിന്ദുക്കള്‍ രാമായണമാസം എന്ന് വിളിയ്ക്കാനും, കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉടനീളം ഹോമങ്ങളും രാമായണ പാരായണവും സമൂഹപ്രാര്‍ത്ഥനകളും, ഭജനയും കൊണ്ടാടുവാനും തുടങ്ങിയിരിയ്ക്കുന്നു എന്നത് ഒരു നല്ല മാറ്റമായി നമുക്കിന്നു വിലയിരുത്താം 

നമുക്ക് ചുറ്റും നമ്മള്‍ കാണാനിടയാകുന്നത് വെറും മായയായ ലോകമാണെന്നും പ്രപഞ്ചസത്യങ്ങള്‍ അതില്‍ നിന്നും വ്യത്യസ്!തങ്ങളായ പരമാര്‍ത്ഥവും, യാഥാര്‍ഥ്യവും ആണെന്നാണ് ഹിന്ദു മതതത്വങ്ങള്‍ നമ്മെ പഠിപ്പിയ്ക്കുന്നത്. മനുഷ്യരില്‍ ജീവാത്മാവും പരമാത്മാവും സ്ഥിതി ചെയ്യുന്നു. എന്നാല്‍ പരമാത്മാവ് നിസ്സംഗനും നിഷ്ക്രിയനുമാണ്. മായയായ ലോകത്തിനു അടിമപ്പെടുന്നവര്‍ പരമമായ സത്യത്തെ കാണാന്‍ കഴിയാതെ അജ്ഞാനികളായി മാറുകയും, അവര്‍ക്ക് ജീവിതം ദുസ്സഹമായി തീരുകയും ചെയ്യുന്നു. ഇവര്‍ സാഹചര്യങ്ങളെ ഭയക്കുന്നു, ജനിമരണങ്ങളില്‍ ദുഖിയ്ക്കുന്നു, സുഖസൗകര്യങ്ങളിലും, പണത്തിലും സ്വത്തിലും കൂടുതല്‍ തല്പരരായി അത്യാഗ്രഹികളായി മാറുന്നു.

ഇന്നത്തെ കാലഘട്ടത്തെ വിലയിരുത്തിയാല്‍ ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും ഹിന്ദുക്കളാണെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കാരണം മറ്റു മതസ്ഥരെപ്പോലെ ഹിന്ദുക്കള്‍ക്ക് അവരുടെ മതപഠനങ്ങള്‍ നിര്ബന്ധിതമല്ല  എന്നതുകൊണ്ട് അവര്‍ അവരുടെ മതാനുഷ്ഠാനങ്ങളെ, മതതത്വങ്ങളെ അറിയാന്‍ ശ്രമിയ്ക്കുന്നില്ല. ഇന്ദ്രിയ മോഹങ്ങളുടെ സാക്ഷാത്കാരത്തില്‍ വ്യാപൃതരായി അതില്‍ സംതൃപ്തി നേടുമ്പോള്‍ പ്രപഞ്ച സത്യങ്ങള്‍ അറിയാതെ അവര്‍ പൂര്‍ണ്ണമായും മായാവലയത്തിലാകുന്നു. മറ്റുള്ളവരെ കുറിച്ച് ചിന്തിയ്ക്കാതെ അവര്‍ സ്വായത്തമാക്കുന്ന സുഖം ചില സന്ദര്‍ഭങ്ങളില്‍ അവര്‍ക്കുതന്നെ അസുഖകരമായി മാറുകയും അവയെ അല്ലെങ്കില്‍ ജീവിത സത്യങ്ങളെ അഭിമുഖീകരിയ്ക്കാന്‍   അശക്തരാകുകയും അസാധ്യമായ കാര്യങ്ങളെ കുറിച്ച് ദുഖിതരാകുകയും ചെയ്യുന്നു.
ജാതസ്യ ഹി ധ്രുവോ മൃത്യു
ധ്രുവം ജന്മ മൃതസ്യ ച....... (2:27)

തുടങ്ങുന്ന ഭഗവത്ഗീതയില്‍ രണ്ടാം അധ്യായത്തില്‍ ഇരുപത്തിയേഴാം ശ്ലോകത്തില്‍ പറയുന്നു ജനനം സംഭവിച്ചിട്ടുണ്ടെങ്കില്‍ മരണവും ഉറപ്പാണെന്ന് അതിനാല്‍ പരിഹരിയ്ക്കാന്‍ നിര്‍വ്വാഹമില്ലാത്ത   വിഷയത്തില്‍ അല്ലെങ്കില്‍ അര്‍ത്ഥത്തില്‍, സംഗതിയില്‍ ദുഖിയ്ക്കാന്‍ നിനക്ക് അര്‍ഹതയില്ല  എന്ന്. ചുരുക്കിപറഞ്ഞാല്‍ ഇത്തരം പരമാര്‍ത്ഥങ്ങള്‍ മനുഷ്യനെ ഓര്‍മ്മപ്പെടുത്തുന്നത് രാമായണമാകട്ടെ ഭഗവത് ഗീതയാകട്ടെ, ഖുറാനാകട്ടെ, ബൈബിളാകട്ടെ ഓരോ മതങ്ങളുടെയും മതഗ്രന്ഥങ്ങളാണ്. ഹിന്ദുക്കളെ സംബന്ധിച്ചെടത്തോളം മതഗ്രന്ഥങ്ങളുടെ പഠനം നിര്ബന്ധിതമല്ലാത്തതിനാല്‍ മതഗ്രന്ഥങ്ങളില്‍ നിന്നുമുള്ള അറിവ് നേടാന്‍ അവര്‍ ശ്രമിക്കുന്നില്ല.  മതഗ്രന്ഥങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന അറിവിന് മാത്രമേ,  മായാവലയങ്ങളാല്‍ ചുറ്റപ്പെട്ട മനുഷ്യന് അതില്‍ നിന്നും വ്യതിചലിച്ച് ചിന്തിയ്ക്കാനും പരമാര്ഥത്തെ നോക്കി കാണുവാനും കഴിയൂ

നമ്മുടെ ഭാരതസംസ്കാരത്തില്‍ വേദങ്ങളും ഉപനിഷത്തുക്കളും ഇതിഹാസങ്ങളും പുരാണങ്ങളും നമ്മുടെ അറിവിലേക്കായി ഒരുപാട് കാര്യങ്ങള്‍ പ്രതിപാദിച്ചുവച്ചിട്ടുണ്ട് . എന്നാല്‍ ഇവയെല്ലാം വായിച്ച് മനസ്സിലാക്കാന്‍ ഒരുപക്ഷെ ഒരു മനുഷ്യജന്മം മതിയായി എന്ന് വരില്ല എന്നതുകൊണ്ടുത്തന്നെ നമ്മുടെ മതാചാര്യന്മാര്‍ മനുഷ്യന് ഉപയോഗപ്രദങ്ങളായ പ്രധാനപ്പെട്ട ഭാഗങ്ങള്‍ സംഗ്രഹിച്ച് മതഗ്രന്ഥങ്ങളായി നമുക്കായി തയ്യാറാക്കിയിട്ടുണ്ട്.. ചതിയും, കൊള്ളയും കൊലയും, യുദ്ധവും എന്നുവേണ്ട സംഭവബഹുലമായ ഒന്നാണ് ജീവിതം. ഇതിലെ ഓരോ സാഹചര്യങ്ങളെയും എങ്ങിനെ തന്ത്രപരമായി തരണം ചെയ്യാം എന്നത് ഈ മതഗ്രന്ഥങ്ങളിലെ ഓരോ കഥയിലൂടെയും സാഹചര്യങ്ങളിലൂടെയും മനുഷ്യന് വിജ്ഞാനം പകരുന്നു. അതിനാല്‍ മതഗ്രന്ഥ പഠനങ്ങള്‍ അനിവാര്യമാണ്.

രാമായണം വെറുതെ വായിച്ചുപോകാതെ അതിലെ ഓരോ സാഹചര്യവും ഗ്രഹിയ്ക്കുകയാണെങ്കില്‍, മായയാല്‍ നമ്മള്‍ എങ്ങിനെ കബളിപ്പിയ്ക്കപ്പെടുന്നുവെന്നും, മായയുടെ പ്രലോഭനങ്ങള്‍ നമ്മെ എങ്ങോട്ടു നയിക്കുന്നുവെന്നും കാണാം. സീതാദേവിയെന്ന സ്ത്രീയില്‍ ഉളവാകുന്ന വ്യാമോഹവും അതിന്റെ സാക്ഷാത്കാരത്തിനായി വീണ്ടുവിചാരമില്ലാതെ മായയ്ക്ക് പുറകെപ്പോകുന്ന രാമനെന്ന പതിയെയും, സാഹചര്യങ്ങളെയും നമുക്ക് വിലയിരുത്താം.

പതിനാലു സംവത്സരങ്ങള്‍ വനവാസത്തിനായി വിധിയ്ക്കപ്പെട്ട് കൊട്ടാരം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ച രാമനെന്ന പതിയ്‌ക്കൊപ്പം രാജഭവനിലെ എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ച് രാമനൊപ്പം പതിവൃതയായ സീതാദേവി സര്‍വ്വസംഗ പരിത്യാഗിയായി കാട്ടില്‍ കഴിയുമ്പോള്‍ ഒരു സ്വര്‍ണ്ണ മാനിനെ കാണാന്‍ ഇടയാകുന്നു. കണ്ട മാത്രയില്‍ തന്നെ അതിനോട് ഇഷ്ടവും സ്വായത്തമാകണമെന്ന മോഹവും തോന്നുന്നു. ഉടനെ അതിനെ പിടിച്ചുതരുവാന്‍ രാമനോട് ആവശ്യപ്പെടുന്നു. ജീവനോടെ ലഭിച്ചില്ലെങ്കില്‍ കൊന്നിട്ടാണെങ്കിലും  അതിനെ കിട്ടിയാല്‍ മതി എന്ന തലത്തിലെത്തി ആ മോഹം. . അമ്പും വില്ലുമായി അടുക്കുന്ന രാമനെ സ്വര്‍ണ്ണമാന്‍ എന്ന മായാശക്തി ദൂരേയ്ക്ക് നയിയ്ക്കുന്നു. പത്‌നിസ്‌നേഹമായിരിയ്ക്കാം അല്ലെങ്കില്‍ തനിയ്ക്ക് അസാധ്യമായത് ഒന്നുമില്ലെന്ന ചിന്തയായിരിയ്ക്കാം മായയായി കാണപ്പെടുന്ന സ്വര്‍ണ്ണമാനെ  തിരിച്ചറിയുന്നതില്‍ ദൈവിക ശക്തിയുള്ള രാമനും പരാജയപ്പെട്ടത്.

പരിസരങ്ങള്‍ പരിചയപരിധി വിട്ടുപോയപ്പോള്‍ രാമന്‍ പരിഭ്രമിച്ചു. വില്ലാളിവീരനായ തനിയ്ക്ക് ജീവനോടെ മാനിനെ പിടിയ്ക്കാന്‍ കഴിയില്ല എങ്കില്‍ അതിനെ അമ്പെയ്ത് കൊല്ലുവാന്‍ തന്നെ തീരുമാനിച്ചു. രാമബാണം തറച്ച മാന്‍ അതിന്റെ മായാരൂപം വെടിഞ്ഞു രാക്ഷസനായി, ലക്ഷ്മണന്റെയും,    സീതയുടെയും സഹായത്തിനായി  അലറിവിളിച്ചു. മോഹമെന്ന മായാവലയത്തില്‍ അകപ്പെട്ട സീതയ്ക്ക് സഹായത്തിനായി സീതയെയും ലക്ഷ്മണനെയും വിളിയ്ക്കുന്ന രാക്ഷസന്റെ കരച്ചില്‍ രാമന്റെ ശബ്ദമായിട്ടാണ് കേള്‍ക്കാന്‍ കഴിഞ്ഞത്   ഇതുകേട്ട സീത, സഹോദരന്റെ സഹായത്തിനായി പുറപ്പെടാന്‍ ഭര്‍തൃസഹോദരനോട് ആവശ്യപ്പെട്ടു. എന്നാല്‍ ലക്ഷ്മണനെ മായ ബാധിക്കാതിരുന്നതുമൂലം ആ വിളി സ്വന്തം ജ്യേഷ്ഠന്റെ അല്ലെന്നു മനസിലാക്കി ചേട്ടത്തിയുടെ അപേക്ഷ നിരസിച്ചു..  തന്നെയും ഭര്‍ത്താവിനെയും ഭയഭക്തിബഹുമാനത്തോടെ, സ്‌നേഹത്തോടെ പരിചരിച്ചുവരുന്ന ഭര്‍തൃസഹോദരനായ ലക്ഷ്മണനെ സീത കുറ്റപ്പെടുത്തുകയും ഘോരമായ വാക്കുകള്‍ കൊണ്ട് അദ്ദേഹത്തിന്റെ മനസ്സിനെ മുറിവേല്പിക്കയും ചെയ്തു.

 ജ്യേഷ്ഠന് അപായമൊന്നും സംഭവിച്ചിട്ടില്ലെന്നും സഹായത്തിനായുള്ള നിലവിളി ഏതോ രാക്ഷസന്റെ ചതിപ്രയോഗമാണെന്നും ലക്ഷ്മണനറിയാമായിരുന്നു. പക്ഷെ എന്തുപറഞാലും അതുള്‍ക്കൊള്ളാന്‍ കഴിയാത്ത മാനസികാവസ്ഥയിലായിരുന്ന സീതാദേവിയെ ബോധ്യപ്പെടുത്തുക അസാധ്യമെന്നു മനസ്സിലാക്കിയ ലക്ഷ്മണന്‍ സീതയുടെ രക്ഷക്കായി ആശ്രമത്തിനു ചുറ്റും ഒരു വര വരച്ച് ആ വര കടന്നു പുറത്ത് പോകരുതെന്ന് ഉപദേശിക്കയും, അവിടെ നിന്നും രാമന്റെ അരികിലേക്ക് പുറപ്പെടുകയും ചെയ്തു.

രാമന്റെ അരികില്‍ എത്തിയപ്പോള്‍ താന്‍ സംശയിച്ചപോലെ തന്നെ തങ്ങള്‍ അകപ്പെട്ട ചതി മനസ്സിലാക്കുകയും ഉടനെ സീതാദേവിയുടെ അരികിലേയ്ക്കായി തിരിയ്ക്കുകയും ചെയ്തു. അതേസമയം ശ്രീരാമ രക്ഷയ്ക്കായി ലക്ഷ്മണനെ പറഞ്ഞയച്ച സംതൃപ്തിയില്‍ നിന്ന സീത കണ്ടത് ആശ്രമത്തിനുപുറത്ത് പൂജ്യനായ ഒരു സന്യാസിയെയാണ്.  ആശ്രമവിധിപ്രകാരം ആതിഥ്യമര്യാദകള്‍ അനുഷ്ഠിയ്ക്കാന്‍ ആശ്രമത്തിനുള്ളിലേയ്ക്ക് പ്രവേശിയ്ക്കാനിരുന്ന സീതയെ പിന്തുടര്‍ന്ന സന്യാസി ലക്ഷ്മണ രേഖ കണ്ടു ഭയന്നുപോയി. സ്‌നേഹപൂര്‍വ്വം തനിയ്ക്ക് ആഹാരവുമായി എത്തിയ സീതയെ ലക്ഷ്മണ രേഖയില്‍ നിന്നും പുറത്തേക്ക് വിളിക്കുകയും സീത ലക്ഷ്മണരേഖ ലംഘിച്ചപ്പോള്‍ അതുവരെ മായായാല്‍ സന്യാസി രൂപം പൂണ്ട രാവണന്‍ തന്റെ സ്വരൂപം കാണിയ്ക്കുകയും പുഷ്പകവിമാനത്തില്‍ സീതാദേവിയെ കയറ്റി കൊണ്ടുപോകുകയും ചെയ്തു.

രാമായണത്തിലെ ഈ ഭാഗം മായായാല്‍ നമ്മള്‍ എങ്ങനെ വഞ്ചിക്കപ്പെടുന്നുവെന്നു സ്പഷ്ടമാക്കുന്നു. സ്വര്‍ണ്ണമാനെന്ന സങ്കല്പം മായായാല്‍ വ്യാമോഹിതനാകുന്ന മനുഷ്യന്റെ ഒരു നേര്‍ചിത്രം വരച്ചുകാണിക്കയാണ്. സ്വര്‍ണ്ണമാനായി കാണുന്നത് വെറും മായയാണെന്നും സ്വര്‍ണ്ണമാന്‍    എന്നൊന്നില്ലെന്നും മനസ്സിലാക്കാന്‍ പ്രാപ്തയാകാതെ അതിന്റെ ആകാരഭംഗിയില്‍ ആകര്ഷകയായി അതിനെ മോഹിയ്ക്കുന്ന സീത. മായാവലയത്തില്‍പ്പെട്ടു മോഹങ്ങളുടെ പുറകെ പോകുന്ന ഒരു സാധാരണ സ്ത്രീയായി തീരുന്നു.  ശക്തിയും ബുദ്ധിയും ക്ഷമാശീലവും ധൈര്യവും എല്ലാം തികഞ്ഞ മര്യാദാപുരുഷന്‍ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ശ്രീരാമന്‍ മായയ്ക്ക് വശംവദനായി എല്ലാം മറന്നു തെറ്റോ ശരിയോ എന്ന് ചിന്തിയ്ക്കാതെ ലക്ഷ്യത്തിലെത്താന്‍ എടുത്തുചാടുന്ന ഒരു സാധാരണ മനുഷ്യനെ പ്രതിനിധീകരിയ്ക്കുന്നു. സാഹചര്യങ്ങളില്‍ സംശയം തോന്നിയ ലക്ഷ്മണനെ മോഹസാക്ഷാത്കാരത്തിനായി എടുത്തുചാടി വരും വരായ്മകളെക്കുറിച്ച് ചിന്തിയ്ക്കാതെ അപവാദങ്ങള്‍ വര്‍ഷിച്ചു പറഞ്ഞയയ്ക്കുന്ന സീതദേവി വീണ്ടുവിചാരമില്ലാത്ത ഒരു സ്ത്രീയെ പ്രതിനിധാനം ചെയ്യുന്നു. ഇങ്ങിനെ ഓരോ സാഹചര്യങ്ങളും,  മായാബദ്ധരായി നമ്മള്‍ ഇന്നനുഭവിക്കുന്ന പ്രത്യക്ഷമായ ജീവിതത്തോട് ബന്ധപ്പെട്ടിരിക്കുന്നതായി കാണാം.
ഹിന്ദുക്കള്‍ക്ക് രാമായണം എന്നതുപോലെ ഓരോ മതങ്ങള്‍ക്കും അവരുടെ ഗ്രന്ഥങ്ങള്‍ ജീവിതായോധനത്തില്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.. നമുക്ക് ചുറ്റും കാണുന്ന മായാലോകത്ത് നിന്നും മോചിതരായി പ്രപഞ്ചസത്യങ്ങളെ തിരിച്ചറിയുവാനും അവയെ ജീവിതത്തില്‍ പകര്‍ത്തുവാനും ഉത്തമസിദ്ധാന്തങ്ങള്‍ ജീവിതത്തിലേയ്ക്ക് ഒപ്പിയെടുക്കുവാനും നമ്മള്‍ ശ്രദ്ധയുള്ളവരാകണം. എല്ലായ്‌പ്പോഴും മോഹവലയങ്ങള്‍ തീര്‍ത്ത് ഓടിനടക്കുന്ന വ്യാമോഹം എന്ന സ്വര്‍ണ്ണമാനുകളെ പിടിച്ചുകെട്ടാനും, കാഷായ വസ്ത്രമണിഞ്ഞു വരുന്ന രാവണന്മാരെ തിരിച്ചറിയാനും വേണ്ടുന്ന ജ്ഞാനം  അപ്പോള്‍ നമുക്ക്  ലഭിയ്ക്കുന്നു.  ഈ ജ്ഞാനത്തിലൂടെ  ജീവിതത്തിലെ വിഷമഘട്ടങ്ങളെ വളരെ ലാഘവത്തോടെ തരണം ചെയ്യുവാനും,  ജീവിത യാത്രയിലെ ജയപരാജയങ്ങള്‍ അഭിമുഖീകരിയ്ക്കാനും കഴിഞ്ഞേക്കാം

മതഗ്രന്ഥങ്ങളുടെ വായന എന്നതല്ല പ്രധാനം സൂക്ഷ്മമായ പഠനത്തിലൂടെ അറിവ് അല്ലെങ്കില്‍ മായാലോകത്തെ നോക്കി കാണുവാനുള്ള കഴിവ് ആര്‍ജ്ജിയ്ക്കുകയെന്നതാണ് പ്രധാനം. സ്വന്തം മതത്തെ കുറിച്ച് ഗഹനമായ അറിവ് സമ്പാദിയ്ക്കാത്തവരാണ് മറ്റു മതങ്ങളെ കരിവാരി തേയ്ക്കുവാന്‍ ശ്രമിയ്ക്കുന്നതും, മതപരിവര്‍ത്തനത്തിന് മറ്റുള്ളവരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും എന്നു പറയാം. അതിനാല്‍ മതഗ്രന്ഥങ്ങള്‍ വഴികാട്ടികളാണ് ഇതിന്റെ വായന അല്ലെങ്കില്‍ പഠനം ഓരോ മതവിശ്വാസിയ്ക്കും ഒഴിച്ചുകൂടാത്തതാണ്. എല്ലാ മതങ്ങളും ഈശ്വരനിലേക്കുള്ള മാര്‍ഗ്ഗമാണ്. അവയെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ മതസ്പര്‍ദ്ധ കുറയുന്നു. മതവൈരാഗ്യങ്ങള്‍ സ്‌നേഹത്തിന്റെ പാലാഴിയായി മാറുന്നു .

രാമായണമാസത്തില്‍ രാമായണപാരായണം പോലെ ഓരോ മതത്തിന്റെയും വിശ്വാസമനുസരിച്ചുള്ള മതപഠനങ്ങള്‍ക്ക് ഇനിയുള്ള കാലഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നതിലൂടെ ഓരോ ഹിന്ദുവും, ക്രിസ്ത്യാനിയും, മുസ്ലീമും അവരുടെ മതത്തെ കുറിച്ച് കൂടുതല്‍ അറിവ് നേടുകയും അങ്ങനെ പരമമായ സത്യങ്ങള്‍ ഏതു മതത്തിലൂടെയാണെങ്കിലും ഒന്നാണെന്ന തിരിച്ചറിവ് ഏവരിലും ഉളവാക്കുകയും ചെയ്യട്ടെ, ഈ തിരിച്ചറിവിലൂടെ മതവൈരാഗ്യങ്ങള്‍ക്ക് അന്ത്യം  കുറിക്കപ്പെടട്ടെ.   

എല്ലാവര്‍ക്കും സസ്‌നേഹം രാമായണമാസത്തിന്റെ പുണ്യം  നേര്‍ന്നുകൊള്ളട്ടെ!
       
Join WhatsApp News
Sudhir Panikkaveetil 2019-08-05 10:59:32
രാമായണ കഥ വെറുതെ പകർത്താതെ ശ്രീമതി 
ജ്യോതിലക്ഷ്മി അതിലെ നിർണ്ണായകമായ ഒരു സംഭവം 
അപഗ്രഥിച്ച് അതിന്റെ പ്രാ ധാന്യം വിവരിക്കുന്നു.
ഭാരതീയ സിദ്ധാന്തങ്ങളിൽ മായയെ (illusion) കുറിച്ച് 
അനവധിവ്യാഖാനങ്ങൾ കാണാം. നമ്മുടെ മുന്നിൽ 
പ്രത്യക്ഷപ്പെടുന്ന വസ്തുക്കൾ നമ്മൾ കാണുന്നപോലെയല്ല 
യഥാർത്തത്തിൽ. അതുകൊണ്ട് നമ്മളെല്ലാം 
ഒരു മായാവലയത്തിലാണ്. സീതയെ രാവണൻ 
അപഹരിക്കാൻ ഉപയോഗിച്ച തന്ത്രവും മായ തന്നെ.
ശ്രീമതിജ്യോതിലക്ഷ്മി ഈ വിഷയം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. 
ഈ ഇതിഹാസ ഗ്രന്ഥത്തിൽ നിന്നും ഇനിയും ഇതേപോലെ 
കണ്ടെടുക്കുന്ന ആശയങ്ങളുമായി ശ്രീമതി ജ്യോതിലക്ഷ്മി 
വരിക. അഭിനന്ദനം. 
P R Girish Nair 2019-08-05 11:48:51
മതം ഈശൃര സാക്ഷാൾകാരത്തിനുള്ള ഒരു ഉപാധി മാത്രം. ഓരോ മതവും അതിന്റെ സംസ്കാരം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് ഓരോ ഗ്രന്ഥങ്ങളും രചിച്ചിരിക്കുന്നത്. എല്ലാ മതത്തിൽ പെട്ട മനുഷ്യരും ഒന്നാണെന്നും തിരിച്ചറിവ് നൽകുന്നു. ആശയം വളരെ നന്ന്. അഭിനന്ദനം.


Das 2019-08-06 05:58:19

Hi Joyti, Your endeavor for emphasizing this very knowledgeable substance irrespective of level of affinity with religion, a tradition that helps bonding families, friends, loved ones; particularly youngsters in this auspicious occasion of Ramayana-masam, the important observance in the state of Kerala. Praiseworthy indeed …

Mathew V. Zacharia, New Yorker 2019-08-06 11:06:09
Jyothi: Admirable information. Mathew V. Zacharia, New Yorker
amerikkan mollakka 2019-08-06 21:45:34
ശ്രീമതി നമ്പ്യാർ സാഹിബ ഞമ്മക്ക് ഒരു 
സംശയം . ഞമ്മടെ മൂന്നു ബീവിമാർ ഒരു 
മായയാണോ. അവർ ഒന്നാണോ അതോ 
മൂന്നായി ഞമ്മക്ക് തോന്നാണോ ?
josecheripuram 2019-08-06 21:12:22
When ever I happen to read any of our great books.It shows me what I'am.In Ramayanam.I see a Father who is tormented,The entire family is torn apart.Because of an evil person.In our lives these things do happen.If it can happen to SREE RAM.We are not any way an exception.
കുഞ്ഞാലി 2019-08-06 23:38:01
ഇങ്ങടെ ബീബിമാരുടെ മായാ ബലയത്തീന്ന് ഇങ്ങള് രക്ഷപ്പെടില്ല മൊല്ലാക്ക .ഇങ്ങള് മയ്യത്തായത് തന്നെ . ഒരു ബീബിടെ മായ ബലയത്തീന്ന് രക്ഷപ്പെടാൻ പറ്റിണില്ല പിന്നാണ് ഈ മൂന്ന്  ഇബിലീസുകൾ .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക