Image

ശ്രീറാമേ..അങ്ങ് വല്ലാതാക്കിക്കളഞ്ഞു (ജയറാം സുബ്രഹ്മണി)

Published on 04 August, 2019
ശ്രീറാമേ..അങ്ങ് വല്ലാതാക്കിക്കളഞ്ഞു (ജയറാം സുബ്രഹ്മണി)
ശ്രീറാം വെങ്കിട്ടറാമനെ അങ്ങേയറ്റം അപകീര്‍ത്തിപെടുത്തുന്ന.. അതുപോലെ തന്നെ അമിതമായി ന്യായീകരിക്കുന്ന പല പോസ്റ്റുകളും കണ്ടു.അതിലൊക്കെ ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്ന രാഷ്ട്രീയ ലാഭവും കണ്ടു.

എനിക്ക് ഒന്നേയുള്ളൂ പറയാന്‍.
ശ്രീറാം വെങ്കിട്ടരാമനായാലും ജയറാം സുബ്രഹ്മണിയായാലും അന്യനു ദുരിതമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യരുത്.പ്രത്യേകിച്ചും ഒരാളെ ഇല്ലാതാക്കുന്ന ചെയ്തികള്‍.അത് തന്റെ അശ്രദ്ധ കൊണ്ട് ഒരിക്കലും സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെടുത്തേ തീരൂ ഏതൊരുവനും.
അത്യന്തം ബൗദ്ധികമായ ഒരു ഐ എ എസ്സ് മസ്തിഷ്‌കത്തെ നാലോ അഞ്ചോ പെഗ്ഗ് മദ്യം കീഴ്‌പെടുത്തിയതിന്റെ ഫലമാണിത്..

മദ്യപാനം നിയമവിരുദ്ധമല്ല...ഡ്രൈവിംഗ് തീരെ നിയമവിരുദ്ധമല്ല.പക്ഷേ മദ്യപിച്ച് ഡ്രൈവ് ചെയ്യുന്നത് നിയമവിരുദ്ധമാണ്..അതിവിടത്തെ നിയമങ്ങളില്‍ നില നില്‍ക്കുന്നുമുണ്ട് പഴുതുകളില്ലാതെ..

പഴുതുകളില്ലാതെ എന്ന് ഞാന്‍ പറഞ്ഞത് കേട്ട് ആരും പുച്ഛിക്കേണ്ട.ഇവിടെയുള്ള നിയമങ്ങള്‍ക്ക് തുലോം പഴുതുകള്‍ കുറവാണ്.എന്നാല്‍ അത് കൈകാര്യം ചെയ്യുന്ന ആളുകള്‍ അതില്‍ അറിഞ്ഞും അറിയാതെയും പഴുതുകളിടുമ്പോളാണ് ഇവിടത്തെ നിയമവാഴ്ച്ചയും നീതിനിര്‍വ്വഹണവും അധപതിക്കുന്നത്.

ഈ കേസ്സില്‍ സെക്ഷന്‍ 304 ഐ.പി.സി പ്രകാരം ചാര്‍ജ്ജ് ചെയ്യപ്പെട്ട കുറ്റം നില നില്‍ക്കണമെങ്കില്‍ അത് കോടതിയില്‍ സംശയാതീതമായി തെളിയിക്കപ്പെടണം.അത് ഇനി ഇവിടെ സാധ്യമാകും എന്ന് എനിക്ക് തോന്നുന്നില്ല.കാരണം തെളിവുകള്‍ ടാമ്പര്‍ ചെയ്യാന്‍ അന്വേഷണോദ്യോഗസ്ഥന്മാര്‍ ശ്രമിച്ചു എന്നതിന് ഉദാഹരണമാണ് ഏറെ വൈകിയുള്ള പ്രതിയുടെ രക്ത പരിശോധന.

സെക്ഷന്‍ 304 A ഐ.പി.സിയില്‍ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ലാതെ ഒരാളുടെ അലക്ഷ്യവും ഉദാസീനവുമായ ഒരു പ്രവര്‍ത്തി മറ്റൊരാളുടെ ജീവനെടുത്താല്‍ മാക്‌സിമം ശിക്ഷ 2 വര്‍ഷം തടവും ഫൈനും രണ്ടും കൂടിയും ഒന്നിച്ചുമാണ്.

സെക്ഷന്‍ 304 ഐപിസിയില്‍ പറയുന്നത്..കൊല്ലണമെന്ന ഉദ്ദ്യേശ്യമില്ലാതെ..എന്നാല്‍ തന്റെ പ്രവര്‍ത്തി മറ്റൊരാളുടെ ജീവഹാനിക്ക് ഇടയാക്കിയേക്കാം എന്ന അറിവോടെ ഒരാള്‍ ചെയ്യുന്ന അലക്ഷ്യവും ഉദാസീനവുമായ പ്രവര്‍ത്തി...അതിനു ശിക്ഷ 10 വര്‍ഷം തടവും പിഴയും രണ്ടും കൂടിയുമാണ്.

സാധാരണഗതിയില്‍ നമ്മള്‍ വണ്ടിയോടിച്ചു കൊണ്ടു പോകുമ്പോള്‍ ഒരാളെ ഇടിച്ച് അപകടമുണ്ടാകുകയും ഇടിച്ചയാള്‍ മരിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളിലാണ് 304 A ചാര്‍ജ്ജ് ചെയ്യുന്നത്.

മദ്യപിച്ച് വണ്ടിയോടിച്ചാല്‍ അപകടം സംഭവിച്ചേക്കാം എന്നും ആ അപകടം മരണത്തിലേക്കൊരാളെ നയിക്കാം എന്നും ഉത്തമ ബോധ്യമുണ്ടായിട്ടും അലക്ഷ്യമായും ഉദാസീനമായും അപാകമായും വണ്ടിയോടിച്ച് ഒരാള്‍ മരിക്കാനിടയാകുന്ന സാഹചര്യങ്ങളില്‍ 304 ചാര്‍ജ്ജ് ചെയ്യുന്നു.

304 ഒരാള്‍ ചെയ്യുന്ന ആക്ഷന്‍ മൂലമാകാം സംഭവിക്കുന്നതെങ്കില്‍ 304A സംഭവിക്കുക ഒരാളുടെ ഇനാക്ഷനിലൂടെയെന്ന് വിദഗ്ദ്ധമതം പറയുന്നു..

ഇവിടെ 304 ആണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.ഇത് കേള്‍ക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ ചിന്തിക്കുക...പത്തു വര്‍ഷം തടവും പിഴയും...കൊള്ളാം...അര്‍ഹിക്കുന്ന ശിക്ഷ തന്നെ.. എന്നാവും

പക്ഷേ ഈ തടവും പിഴയുമൊക്കെ ഇയ്യാള്‍ക്ക് കിട്ടണമെങ്കില്‍ ഇയാളുടെ ഉദാസീനതയും അലക്ഷ്യതയും അപാകതയുമൊക്കെ തെളിയിക്കപ്പെടണം..ഇയാളുടെ പ്രവര്‍ത്തി മൂലം മറ്റുള്ളവര്‍ക്ക് അപകടമുണ്ടാകും എന്ന അറിവ് ഇയാള്‍ക്ക് ആ സമയത്ത് ഉണ്ടായിരുന്നു എന്നും തെളിയിക്കണം..അയാള്‍ ഓവര്‍സ്പീഡിലായിരുന്നുവെന്ന് തെളിയിക്കണം..
ഇയാള്‍ സ്വബോധത്തിലായിരുന്നില്ലെന്ന് തെളിയിക്കണം..അതിനിയാള്‍ മദ്യപിച്ചിരുന്നെന്ന് തെളിയിക്കണം..അതിന് രക്തസാമ്പിളിന്റെ റിസല്‍ട്ട് പോസിറ്റീവാകണം..
ഡോക്ടര്‍മാര്‍ മണപ്പിച്ച് നോക്കിയെഴുതുന്ന സ്‌മെല്‍ ഓഫ് ആല്‍ക്കഹോളും ഊത്തു യന്ത്രത്തിന്റെ പീ പീ സൗണ്ടുമൊക്കെ കോടതിക്ക് വെറും കോമഡിയാകും.

ഇതിനൊക്കെ പത്ത് മണിക്കൂര്‍ കഴിഞ്ഞിട്ടെടുക്കുന്ന രക്തം കൊണ്ട് കഴിയുമോ എന്നൊക്കെ കാത്തിരുന്നു കാണേണ്ടി വരും..!

അന്ന് ഇയാളെ ഈ തെളിവുകളുടെയൊക്കെ അഭാവത്തില്‍ കുറ്റവിമുക്തനാക്കുകയാണെങ്കില്‍ വിധിച്ച കോടതിയെയും കയ്യില്‍ ഉള്ളതു വച്ച് ഓണം പോലെ വാദിച്ച പ്രോസിക്യൂട്ടറേയും പോലീസുകാര്‍ പ്രതിക്ക് വേണ്ടി ഈ നിയമത്തില്‍ ഉണ്ടാക്കിയെടുത്ത തുളകളുടെ സഹായത്തില്‍ ഇയാളെ നൈസായി ഊര്‍ത്തിയെടുത്ത വക്കീലിനെയും തെറി പറഞ്ഞിട്ട് കാര്യമില്ല സുഹൃത്തുക്കളേ..!

ഇനി ശ്രീറാമിനോടൊരു കാര്യം...
രാവണനും ദുര്യോധനനുമൊക്കെ കഴിവുള്ള ഭരണാധികാരികളായിരുന്നു..!രാമായണത്തിലും മഹാഭാരതത്തിലും അവരുടെ ഭരണത്തിനെയാരും കുറ്റം പറഞ്ഞിട്ടുമില്ല...പക്ഷേ അവരുടെ പേഴ്‌സണല്‍ ലൈഫിലെ ദുഷ്‌ചെയ്തികള്‍ അവരെ ദുഷ്ടരും വില്ലരുമാക്കി...അതു മൂലം തന്നെയായിരുന്നു അവരുടെ അന്ത്യവും..!
ആ ദുഷ്‌ചെയ്തികള്‍ അവരുടെ ഭരണ നൈപുണ്യത്തെ ആകെ അങ്ങ് വിഴുങ്ങി കളഞ്ഞു ശ്രീറാമേ....അങ്ങ് വല്ലാതാക്കി കളഞ്ഞു..!
ശ്രീറാമേ..അങ്ങ് വല്ലാതാക്കിക്കളഞ്ഞു (ജയറാം സുബ്രഹ്മണി)
Join WhatsApp News
Jayaprasad 2019-08-04 21:53:54
കാത്തിരിക്കേണ്ടി വരും. ഒന്നു കലങ്ങി തെളിയാനുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക