Image

ഇതു പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമ്രേഡ്‌

Published on 04 August, 2019
    ഇതു പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമ്രേഡ്‌

ആനുകാലിക സംഭവങ്ങള്‍, സാമൂഹ്യരാഷ്‌ട്രീയ പ്രസക്തിയുള്ള സംഭവങ്ങള്‍ എന്നിവ മാത്രമായി പറയാതെ അത്‌ ഏറ്റവും മനോഹരമായ ഒരു പ്രണയകഥയ്‌ക്കൊപ്പം ചേര്‍ത്തു വച്ചുകൊണ്ടാണ്‌ ഡിയര്‍ കോമ്രേഡ്‌ എന്ന ചിത്രം വന്നത്‌. 

അതുകൊണ്ടു തന്നെ ആ വരവ്‌ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. യുവത്വത്തിന്റെ പ്രസരിപ്പ്‌, ഊര്‍ജ്ജം, അതിശക്തമായ പ്രതികരണങ്ങള്‍, രോഷം, പ്രതിഷേധം എന്നു വേണ്ടതെല്ലാം ചേര്‍ത്ത സാമൂഹ്യപ്രതിബദ്ധതയുള്ള, സമീപകാലത്ത്‌ ഏറ്റവുമധികം സാമൂഹ്യപ്രസക്തിയുള്ള ഒരു മനോഹരമായ ചിത്രം എന്നു വിശേഷിപ്പിക്കാം.

സമാപകാലത്ത്‌ യുവാക്കള്‍ നെഞ്ചേറ്റിയ ചിത്രമായിരുന്നു ഗീതാ ഗോവിന്ദം. അതിനു ശേഷം വിജയ്‌ ദേവരെകൊണ്ടെയും രശ്‌മി മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ്‌ ഡ#ിയര്‍ കോമ്രേഡ്‌. 

പ്രണയവും പ്രതികാരവും വിരഹവുമെല്ലാം കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തൊരുക്കിയ ചിത്രത്തില്‍ ബോബി എന്ന കഥാപാത്രമായാണ്‌ വിജയ്‌ എത്തുന്നത്‌. രശ്‌മിക ലില്ലിയായും വരുന്നു. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന കഥയുടെ പശ്ചാത്തലം കേരളമാണ്‌.

ബോബി കോളേജിലെ പ്രമുഖ വിദ്യാര്‍ത്ഥി നേതാവാണ്‌. യുവത്വം തുടിക്കുന്ന ചെറുപ്പക്കാരന്‍. ന്യായമല്ലാത്തകാര്യങ്ങള്‍ക്ക പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത്‌ അയാളുടെ പ്രകൃതമാണ്‌. പോരാത്തിന്‌ എടുത്തു ചാട്ടവും ദേഷ്യവും. 

ഇങ്ങനെ സ്വഭാവത്തില്‍ അല്‍പം മുന്‍കോപമുണ്ടെങ്കിലും നേരും നെറിയുമുള്ള വിദ്യാര്‍ത്ഥി നേതാവാണ്‌ അയാള്‍. കലാലയ ജീവിതം ഇങ്ങനെ സംഭവബഹുലമായി മുന്നോട്ടു പോകുമ്പോഴാണ്‌ ബാല്യകാല സഖിയായ ലില്ലി വീണ്ടും അയാളുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നത്‌. 

 ക്രിക്കറ്റാണ്‌ അവളുടെ ജീവിതം. ക്രിക്കറ്റിനെ വളരെയേറെ സ്‌നേഹിക്കുന്നു. ഇപ്പോള്‍ സ്റ്റേറ്റ്‌ ക്രിക്കറ്റ്‌ ടീമില്‍ അംഗമാണ്‌ അവള്‍. ജീവിതത്തില്‍ വളരെ വ്യക്തമായ ലക്ഷ്യങ്ങള്‍ അവള്‍ക്കുണ്ട്‌. ദേശീയ ടീമിലേക്ക്‌ സെലക്ഷന്‍ പ്രതീക്ഷിച്ചിരിക്കുകയാണ്‌ ലില്ലി.

 അതിനിടയിലാണ്‌ ബോബിയുമായി വീണ്ടും കണ്ടു മുട്ടുന്നത്‌. കുറേ കഴിയുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ പ്രണയം ഉടലെടുക്കുന്നു. എന്നാല്‍ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട്‌ അവരുടെ പ്രണയം തകരുന്നു. അതേ തുടര്‍ന്ന്‌ രണ്ടു പേരുടെയും ജീവിതം രണ്ട്‌ ദിശകളിലേക്ക്‌ ഒഴുകുകയാണ്‌. ഇതേതുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ്‌ ചിത്രം പറയുന്നത്‌.

സമീപകാലത്ത്‌ ഏറ്റവുമധികംചര്‍ച്ച ചെയ്യപ്പെട്ട `മീ ടൂ' പോലുള്ള സംഭവ വികാസങ്ങള്‍, സ്‌ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരേ വലിയതോതിലുള്ള പോരാട്ടത്തിന്‌ യുവതലമുറയെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തുകൊണ്ടാണ്‌ ഡിയര്‍ കോമ്രേഡ്‌ എന്ന ചിത്രം അവസാനിക്കുന്നത്‌. 

ഇതിനു മുന്നില്‍ നിന്ന്‌ ആഹ്വാനം ചെയ്യുന്നതാകട്ടെ ചിത്രത്തിലെ നായകനും. ഇപ്പോഴത്തെ സാമൂഹ്യാന്തരീക്ഷത്തില്‍ സ്‌ത്രീസുരക്ഷക്കു വേണ്ടി നിലകൊള്ളാന്‍ യുവാക്കള്‍ തന്നെ മുന്നിട്ടിറങ്ങുന്ന സന്ദേശം ആശാവഹമാണ്‌.

അര്‍ജ്ജുന്‍ റെഡ്‌ഢി എന്ന ചിത്രത്തില്‍ വിജയ്‌ അവതരിപ്പിച്ച ചോരത്തിളപ്പുള്ള യൗവ്വനം തന്നെയാണ്‌ ഇതിലും കാമാന്‍ കഴിയുക. ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായും പിന്നെ ലക്ഷ്യമില്ലാതെ അലയുന്ന മറ്റൊരു കാലം, ഒടുവില്‍ സ്വയം തിരിച്ചറിയുന്ന കാലം, അത്‌ സ്വന്തം പ്രണയത്തിലും ജീവിതത്തിലും. 

വിവിധകാലഘട്ടങ്ങളിലുള്ള കഥാപാത്രത്തിന്റെ പ്രകടനം അത്യുജ്ജലമായി തന്നെ വിജയ്‌ അവതരിപ്പിച്ചുണ്ട്‌. ലില്ലിയായി എത്തിയ രശ്‌മിക മന്ദാനയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്‌. 


ഒരു കായിക താരത്തിന്റെ ഊര്‍ജ്ജസ്വലത അവരുടെ ശരീരഭാഷയില്‍ പ്രകടമാണ്‌. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളും അതിമനോഹരമാണ്‌.
കേരളത്തിന്റെയും ഹിമാലയത്തിന്റെയും പ്രകൃതിഭംഗികള്‍ വളരെ ഭംഗിയായി തന്നെ ഈ ചിത്രത്തില്‍ ഒപ്പിയെടുത്തിട്ടുണ്ട്‌. 

സിദ്ദ്‌ ശ്രീറാം, ഐശ്വര്യ രവിചന്ദ്രന്‍ എന്നിവര്‍ ആലപിച്ച മധു പോലെ പെയ്‌ത മഴയില്‍ എന്ന ഗാനം വളരെ മനോഹരമാണ്‌. മൊഴിമാറ്റം നടത്തി വരുമ്പോള്‍ ഉണ്ടാകുന്ന സംഭാഷണങ്ങളിലെ പോരായ്‌മയും അകാരണമായി കുറച്ച്‌ വലിച്ചു നീട്ടിയതും ഒഴിവാക്കിയാല്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ്‌ ഡിയര്‍ കോമ്രേഡ്‌.

































.





















































































































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക