Image

ആര്യഗര്‍ഭത്തിന് ബ്രോക്പകളെ തേടി വംശശുദ്ധിയുടെ പ്രെഗ്നന്‍സി ടൂറിസം (ശ്രീനി)

Published on 03 August, 2019
ആര്യഗര്‍ഭത്തിന് ബ്രോക്പകളെ തേടി വംശശുദ്ധിയുടെ പ്രെഗ്നന്‍സി ടൂറിസം (ശ്രീനി)
മെഡിക്കല്‍ ടൂറിസം, ഇക്കോ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം എന്നിങ്ങനെ വിവിധയിനം വിനോദ സഞ്ചാര പരിപാടികളെപ്പറ്റി നാം കേട്ടിട്ടുണ്ട്. എന്നാല്‍ പ്രെഗ്നന്‍സി ടൂറിസത്തെക്കുറിച്ച് അറിയാമോ..? അത്ഭുതപ്പെടേണ്ട. അങ്ങനെയൊന്ന് ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നാണ് കേള്‍ക്കുന്നത്. ഇപ്പോഴുണ്ടോയെന്നറിയില്ല. ഏതായാലും പ്രെഗ്നന്‍സി ടൂറിസത്തിന്റെ "വിശേഷ'ത്തെക്കുറിച്ച് ഒന്ന് പരതി നോക്കാം.

ലോകത്തില്‍ വംശവിശുദ്ധിയുള്ള ഏക സമൂഹം ആര്യന്‍മാരാണെന്നാണ് അവരുടെ അവകാശ വാദം. താന്‍ യഥാര്‍ത്ഥ ആര്യനാണെന്ന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഊറ്റംകൊണ്ടിരുന്നു. ജൂത വംശജരെ കൊന്നൊടുക്കാന്‍ ഹിറ്റ്‌ലര്‍ കണ്ടെത്തിയത് ആര്യസിദ്ധാന്തമായിരുന്നു. "ആര്യ' എന്ന സംസ്കൃത വാക്കിന് ശ്രേഷ്ഠന്‍, കുലീനന്‍ എന്നര്‍ത്ഥമുണ്ട്. ഇന്ത്യയിലെ പുറംജാതിക്കാരെ കീഴടക്കി സമഗ്രാധിപത്യം നേടിയ ആര്യന്‍മാര്‍ ജന്‍മാനിക് ജനതയുടെ പൂര്‍വികരാണെന്നായിരുന്നു ഹിറ്റ്‌ലറുടെ വാദം. ഇവരെ ശുദ്ധ ആര്യന്‍മാരായി കണക്കാക്കാനും തുടങ്ങി.

ആദിമ ഇന്തോ-ഇറാനിയന്‍ ഭാഷക്കാര്‍ അവരെ സ്വയം വിശേഷിപ്പിക്കാനുപയോഗിച്ചിരുന്ന നാമമാണ് ആര്യന്‍. ബുദ്ധമത തത്ത്വത്തിലെ നാല് സത്യ ദര്‍ശനങ്ങളെ ആര്യ സത്യം എന്നും അശോക ചക്രവര്‍ത്തിയുടെ പ്രേരണമൂലം അവര്‍ പ്രചരിപ്പിച്ച ആയുര്‍വേദത്തിന് ആര്യവൈദ്യം എന്നും പേരുമുണ്ടായിരുന്നു. ബുദ്ധസന്യാസിമാരുടെ മഠങ്ങളെ ആര്യമഠങ്ങള്‍ എന്നും വിളിച്ചിരുന്നു. ഇന്ത്യയില്‍ ഇന്തോ-ആര്യന്‍ സ്വാധീനം ഉള്ള പ്രദേശങ്ങളെ ആര്യാവര്‍ത്തം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇനി വിഷയത്തിലേയ്ക്ക് വരാം.

ആര്യന്മാരുടെ പിന്‍തലമുറയെന്നവകാശപ്പെടുന്ന ഒരു അസാധാരണ ജനവിഭാഗം കശ്മീരിലെ മലമടക്കുകളില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. നല്ല ആകാരവടിവുള്ള സുന്ദരന്‍മാരും സുന്ദരികളുമടങ്ങുന്ന, പ്രത്യേക ജീവിത രീതി പിന്തുടരുന്ന ഇവരെ "ബ്രോക്പ' എന്നാണ് വിളിക്കുന്നത്. ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തോടെ ലോകശ്രദ്ധയാകര്‍ഷിച്ച കാര്‍ഗിലില്‍ നിന്ന് ഏകദേശം  130 കിലോമീറ്റര്‍ വടക്കുകിഴക്കായി ദാ, ഹനു (ഹനു ഗോമ, ഹനു യോഗ്മ), ദാര്‍ചിക്, ഗാര്‍കോണ്‍ എന്നീ ഗ്രാമളിലാണ് ഇവര്‍ താമസിക്കുന്നത്. പാക് അധീന കാശ്മീരിലെ ബാള്‍ട്ടിസ്താനിലേക്കുള്ള റോഡില്‍ സിന്ധുനദിയുടെ വടക്കല്‍ തീരത്താണ് ഈ ഗ്രാമങ്ങള്‍.

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ബ്രോക്പകള്‍ ഇവിടെ താമസം തുടങ്ങിയിട്ട് നാലായിരത്തിലേറെ വര്‍ഷമായി എന്നാണ് ലഭ്യമായ വിവരങ്ങള്‍. ലോകം വെട്ടിപ്പിടിക്കാനിറങ്ങിയ മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി, ക്രിസ്തുവിന് മുമ്പ് 326ല്‍ സിന്ധു നദിക്കരയില്‍ എത്തുകയുണ്ടായി. അലക്‌സാണ്ടര്‍ക്കൊപ്പം റോമില്‍ നിന്നുള്ള ആര്യവംശജരായ സൈനികരുണ്ടായിരുന്നു. അലക്‌സാണ്ടര്‍ മടങ്ങിപ്പോയപ്പോള്‍ ഇവിടെ തങ്ങിയ ആര്യന്മാരുടെ പിന്‍തലമുറക്കാരാണ് ബ്രോക്പകളെന്ന് പറയപ്പെടുന്നു. ഇപ്പോഴവിടെയുള്ള ബ്രോക്പകളും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. ആര്യന്മാരുടെ കുടിയേറ്റം തടയാന്‍ ഗില്‍ജിത്തിലെ രാജാവ് വംശഹത്യയ്‌ക്കൊരുങ്ങുന്നതറിഞ്ഞ് കുറെ പേര്‍ കാര്‍ഗിലിലൂടെ ദായിലേക്കു രക്ഷപ്പെട്ടു. അവര്‍ ദാ, ഹനു, ഗാര്‍കോണ്‍, ദാര്‍ചിക് എന്നീ ഗോത്രഗ്രാമങ്ങളുണ്ടാക്കി. ഇവരുടെ പിന്‍ഗാമികള്‍ ഇന്നും പഴയ ആ വംശശുദ്ധിയില്‍ വിശ്വസിക്കുന്നു. ആര്യന്‍ എന്നര്‍ത്ഥമുള്ള "മിനാരോ' എന്ന് അവര്‍ സ്വയം വിശേഷിപ്പിക്കുമ്പോള്‍ മറ്റു ലഡാക്കികള്‍ അവരെ ബ്രോക്പ എന്നാണു വിളിക്കുന്നത്.

കാഴ്ചയിലും ജീവിത രീതിയിലും ശരീരഭാഷയിലുമെല്ലാം ബ്രോപ്കള്‍ വേറിട്ടു നില്‍ക്കുന്നു. വ്യത്യസ്തമായ രൂപപഭാവങ്ങളാണിവരുടേത്. ഉയരം കൂടിയ ഉറച്ച ശരീരം, പച്ച നിറമുള്ള കണ്ണുകള്‍, ഉയര്‍ന്ന കവിളെല്ലുകള്‍, സ്വര്‍ണനിറമുള്ള തലമുടി, അഴകാര്‍ന്ന ചര്‍മ്മം... ഇതൊക്കെ ബ്രോക്പകളെ നമ്മലേക്കാകര്‍ഷിക്കുന്നു. ഒരുതരത്തിലും ബാഹ്യലോകവുമായി ബന്ധപ്പെടാതെയാണവര്‍ തങ്ങളുടെ ആത്മാഭിമാനമായ വംശവിശുദ്ധിയും പൈതൃകവും സംസ്കാരവും ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്നത്. ബ്രോക്പകള്‍ക്ക് സാമൂഹികവും അചഞ്ചലവുമായ നിയമസംഹിതകളുണ്ട്.

കല്ലും മുള്ളും നിറഞ്ഞ ദുര്‍ഘടമായ മലയോരങ്ങളില്‍ തികച്ചും ബുദ്ധിമുട്ടുള്ള ഒറ്റപ്പെട്ട ജീവിതസാഹചര്യങ്ങളോട് മല്ലടിച്ച് കഴിഞ്ഞ ബ്രോക്പകളെ പറ്റി ചില ഊഹാപോഹങ്ങളും മിത്തുകളുമൊക്കെയുണ്ടായിരുന്നു. ഒരുകാലത്ത് ഇവര്‍ നരഭോജികളാണെന്നു വരെ പ്രചരിക്കപ്പെട്ടിരുന്നു. ദ്രാസ് പ്രവിശ്യയില്‍ ജീവിച്ചിരുന്ന ബ്രോക്പകളെക്കുറിച്ച് ആദ്യം വെളിപ്പെടുത്തുന്നത് ബ്രിട്ടീഷ് സഞ്ചാരിയായ ഗോഡ്‌ഫ്രെ തോമസ് വിഗ്നിയാണ്. യൂറോപ്യന്‍ രൂപഭാവമുള്ള സ്വര്‍ണ്ണ, ചുവപ്പ് നിറമുള്ള തലമുടിയും നീലക്കണ്ണുകളും, സുന്ദരമായ ചര്‍മ്മവുമുള്ളവരാണിവരെന്ന് അദ്ദേഹമെഴുതി. അലക്‌സാണ്ടറുടെ  ഗ്രീക്ക് സൈനികരുടെ പിന്‍ഗാമികളോ അതോ യഥാര്‍ത്ഥ ആര്യന്മാരോ ആവാം ഇവരെന്നും ഇന്തോ-യൂറോപ്യന്‍ സമൂഹം ആവിര്‍ഭവിച്ചത് ബ്രോക്പകളില്‍ നിന്നാണെന്നും തോമസ് വിഗ്നി അഭിപ്രായപ്പെട്ടു.

ലഡാക്ക് പ്രദേശങ്ങളില്‍ 5000 വര്‍ഷത്തോളമായി ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞയായ ഡോ. വീണ ഭാസിന്‍ പറയുന്നു. യൂറോപ്പില്‍ നിന്ന് ബാള്‍ട്ടിസ്ഥാനിലെ ഗില്‍ജിത്ത് പ്രവിശ്യയിലേക്കും തുടര്‍ന്ന് കാലക്രമേണ ഇപ്പോഴത്തെ ആവാസസ്ഥലത്തേക്കും എത്തിയ ആദ്യ കുടിയേറ്റക്കാരാണ് ബ്രോക്പകളെന്നും ഇക്കാര്യത്തില്‍ ശാസ്ത്രീയ തെളിവുകളോ വിശ്വസനീയമായ ചരിത്രമോ ഇല്ലെന്നും ഡോ. വീണ വ്യക്തമാക്കുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ നാല് ഗ്രാമങ്ങളില്‍ മാത്രമായി താമസം ചുരുക്കുകയും പുറത്തുള്ളവരുമായി വിവാഹം ഉള്‍പ്പെടെയുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഗോത്രത്തിന് പുറത്തുള്ളവരുമായുള്ള വിവാഹം ബ്രോക്പകള്‍ക്ക് വിലപ്പെട്ട ഒന്നാണ്.

തങ്ങളുടെ വംശശുദ്ധി നിലനിര്‍ത്താന്‍ വേണ്ടിയാണ് അവര്‍ സ്വന്തം ഗോത്രത്തില്‍ നിന്നു മാത്രം വിവാഹം കഴിക്കുന്നത്.  അതേസമയം സ്വന്തം ഗോത്രത്തിനുള്ളില്‍ നിന്നുള്ള വിവാഹം വന്ധ്യതയ്ക്കും, വംശീയ രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. തന്മൂലം ഇവരുടെ ജനസംഖ്യ കുറഞ്ഞുവരികയും ചെയ്യുന്നു എന്നാണ് മനസ്സിലാക്കുന്നത്. 1991ല്‍ 1900 ബ്രോക്പകള്‍ മാത്രമാണ് മേല്‍പ്പറഞ്ഞ നാലു ഗ്രാമങ്ങളില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത് 1800 ആയി ചുരുങ്ങിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എണ്ണത്തില്‍ കുറവെങ്കിലും ശക്തമായ സമൂഹമാണത്.

ബ്രോക്പകളുടെ വേഷവിധാനം ശ്രദ്ധേയമാണ്. "തെപി' എന്നു പേരുള്ള വിവിധ നിറത്തിലുള്ള ശിരോവസ്ത്രമാണൊന്ന്. ഇത് വര്‍ണ്ണാഭമായ ബെറി പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. തെപി, ദോഷത്തെ അകറ്റുമെന്നാണ് ഇവരുടെ വിശ്വാസം. സ്ത്രീകള്‍ സ്വര്‍ണവും വെള്ളിയും കൊണ്ട് ഉണ്ടാക്കിയ കട്ടി കൂടിയ ആഭരണങ്ങളാണ് അണിയുന്നത്. ചെമ്മരിയാടിന്റെ തോലു കൊണ്ടുള്ള രോമാവൃതമായ മേല്‍ക്കുപ്പായവും വേഷവിധാനത്തില്‍ പെടുന്നു. ബെല്‍റ്റില്‍ പഴയ ലോഹനാണയങ്ങള്‍ കാണാം. പുരുഷന്‍മാര്‍ ചുവപ്പ് കലര്‍ന്ന തവിട്ട് നിറത്തിലുള്ള ഗൗണാണ് ധരിക്കുന്നത്. ലോഹം കൊണ്ടുള്ള അരപ്പട്ടയും കെട്ടും. ലോഹം രോഗങ്ങളെ പ്രതിരോധിക്കുമെന്നാണിവരുടെ വിശ്വാസം.

ബുദ്ധമതത്തിലാണ് ബ്രോക്പകള്‍ വിശ്വസിക്കുന്നത്. ബുദ്ധമതം വേരുറപ്പിക്കുന്നതിനുമുന്‍പ് "ബോണ്‍' എന്ന പരമ്പരാഗത മതവിശ്വാസമാണ് അവര്‍ പിന്തുടര്‍ന്നിരുന്നത്. ബുദ്ധമതത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ബ്രോക്പകള്‍ തങ്ങളുടെ ദേവനായ "ലാ'യെ ആരാധിക്കുകയും ഉത്സവകാലത്ത് ദേവന് ആടുകളെ ബലിനല്‍കുകയും ചെയ്യാറുണ്ട്. ബ്രോക്പകള്‍ നിലവില്‍ മരിച്ചവരെ ദഹിപ്പിക്കുകയാണ് ചെയ്യുന്നത്. തങ്ങളെടെ വംശീയ ശുദ്ധിയില്‍ ബ്രോക്പകള്‍ ഭ്രാന്തമായി ആവേശം കൊള്ളറുണ്ട്.  മലകളും മരങ്ങളും വെള്ളവും പുഷ്പങ്ങളും പരിശുദ്ധമാണെന്ന് അവര്‍ കരുതുന്നു. പൂച്ചെടികള്‍ എവിടെയും കാണാം. പൂക്കള്‍ പരിശുദ്ധമായതുകൊണ്ടാണ് ശിരോവസ്ത്രം പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നത്.

കടുത്ത തണുപ്പ് കാലാവസ്ഥയായതിനാല്‍ എല്ലാ വീടുകളിലെയും തറയില്‍ തീ കത്തിക്കാനുള്ള പ്രത്യേക സ്ഥലമുണ്ട്.   അതാണ് ബ്രോക്പകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പരിശുദ്ധമായ ഇടം. അസുഖമുള്ള സ്ത്രീയോ അടുത്തകാലത്ത് പ്രസവിച്ച സ്ത്രീയോ ഈ മുറിയില്‍ പ്രവേശിക്കില്ല. വീടുകള്‍ അവര്‍ വളരെ വൃത്തിയായി സൂക്ഷിക്കുന്നു. അതുപോലെ പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും. മുറികളിലെ തൂണുകള്‍ ലാ ദേവന്റെ വാസസ്ഥലമാണ്. ഉല്‍സവകാലത്ത് ബ്രോക്പകള്‍ ആട്ടിറച്ചി കഴിക്കും. മറ്റ് ഇറച്ചികളും പാലും പാല്‍ ഉല്‍പ്പന്നങ്ങളും മുട്ടയും അവരുടെ ഭക്ഷണപ്പട്ടികയിലില്ല. ഭൂമിയില്‍ വളരുന്ന എന്തും അവര്‍ ആഹാരമാക്കും. സ്വന്തമായി നട്ടുവളര്‍ത്തുന്നവ മാത്രമേ ഭക്ഷിക്കൂ. പച്ചക്കറി, പഴം, ബാര്‍ലി തുടങ്ങിയ കൃഷിയില്‍നിന്നുള്ള വരുമാനമാണ് ജീവിതമാര്‍ഗം. ഓരോ വീട്ടിലും അടുക്കളത്തോട്ടങ്ങളുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ബ്രോക്പ സമൂഹത്തില്‍ സംഭവിച്ചിട്ടുണ്ട്. 1999ലെ കാര്‍ഗില്‍ യുദ്ധ സമയത്ത് ബ്രോക്പകള്‍ വല്ലാതെ ശബുദ്ധിമുട്ടിയിരുന്നു. ഭൂമിയുടെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കുവാനുള്ള ശാരീരിക ക്ഷമത ബ്രോക്പകള്‍ക്കുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 2,676 മീറ്റര്‍ (8,780 അടി) ഉയരത്തിലാണ് കാര്‍ഗില്‍ സ്ഥിതിചെയ്യുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തെ ബ്രോക്പകള്‍ പല വിധത്തില്‍ സഹായിച്ചിരുന്നു. പട്ടാളക്കാര്‍ക്ക് സ്ഥലങ്ങല്‍ കാട്ടിക്കൊടുക്കുന്നതിനും ദുര്‍ഘടമായ വഴിയില്‍ സാധനങ്ങള്‍ ചുമന്നും അവര്‍ തികഞ്ഞ ദേശാഭിമാന ബോധത്തോടെ ഇന്ത്യന്‍ സൈനികരോടൊപ്പം തോളോടുതോള്‍ ചേര്‍ന്നു.

ഇന്ന് ബ്രോക്പകളുടെ പുതു തലമുറ വിദ്യാഭ്യാസത്തിനും ആധുനിക ജീവിത രീതിക്കും പ്രാധാന്യം കൊടുക്കുന്നു. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസമാണ് നല്‍കുന്നത്. യുവജനങ്ങളും കൗമാരക്കരും കുട്ടികളുമൊക്കെ ഹിന്ദി പാട്ടുകളുടെ ആരാധകരാണ്. അതേസമയം അവര്‍ വിദ്യാസമ്പന്നരാവുമ്പോള്‍ തങ്ങളുടെ തനതു സംസ്കാരം നിലനിര്‍ത്താനാവുമോയെന്ന ആശങ്കയും മുതിര്‍ന്ന ബ്രോക്പകള്‍ക്കുണ്ട്. അവസാനമായി പ്രഗ്നന്‍സി ടൂറിസത്തിലേയ്ക്ക്...

വംശീയ വിശുദ്ധിയുള്ള കുട്ടികള്‍ പിറക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. ആര്യന്‍മാര്‍ ജര്‍മാനിക് ജനതയാണെന്നും ഇതര മനുഷ്യവംശങ്ങളെ അപേക്ഷിച്ച് ഇവര്‍ക്ക് മേല്‍ക്കോയ്മയുണ്ടെന്നും ഫ്രഞ്ചു ശാസ്ത്രജ്ഞനായ കോമ്‌തേദെഗോബിനോ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഹിറ്റ്‌ലറുടെ ആര്യന്‍ സിദ്ധാന്തത്തിന് പ്രചോദനമേകിയത്. ലോകത്ത് നിലനില്‍ക്കുന്നതില്‍ ബ്രോക്പ മാത്രമാണ് വംശശുദ്ധിയുള്ള ഏക ആര്യന്‍ വിഭാഗമെന്ന ഗവേഷണഫലത്തെത്തുടര്‍ന്ന് അവരില്‍നിന്നു ഗര്‍ഭം ധരിക്കാന്‍ ജര്‍മന്‍ വനിതകള്‍ ലഡാക്കിലെത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു. ആര്യന്‍ വംശത്തിന്റെ ഭാഗമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ജര്‍മന്‍കാര്‍.

സെവാങ് ലണ്‍ഡപ് എന്ന ജര്‍മന്‍ സ്ത്രീ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് തനിക്ക് ഒരു ബ്രോക്പ പുരുഷനില്‍നിന്ന് ഗര്‍ഭം ധരിക്കമെന്നാണ്. താന്‍ അപ്രകാരം ഒരു ബ്രോക്പ പുരുഷനുമായി രഹസ്യ ബന്ധത്തിലേര്‍പ്പെട്ടുവെന്ന് അവര്‍ തുറന്നു പറഞ്ഞു. നിരവധി ജര്‍മന്‍ വനിതകള്‍ ഇത്തരത്തില്‍ തനിക്ക് മുമ്പ് പ്രഗ്നന്‍സി ടൂറിസവുമായി ലഡാക്കില്‍ എത്തിയിട്ടുണ്ടെന്നും സെവാങ് ലണ്‍ഡപ് വ്യക്തമാക്കി. അവര്‍ തങ്ങളുടെ ആര്യ ഗര്‍ഭത്തിന് പണവും കൊടുത്താണ് മടങ്ങിയത്.

ആര്യഗര്‍ഭത്തിന് ബ്രോക്പകളെ തേടി വംശശുദ്ധിയുടെ പ്രെഗ്നന്‍സി ടൂറിസം (ശ്രീനി)ആര്യഗര്‍ഭത്തിന് ബ്രോക്പകളെ തേടി വംശശുദ്ധിയുടെ പ്രെഗ്നന്‍സി ടൂറിസം (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക