Image

കവിതയിലെ അവല്‍പ്പൊതികള്‍ (കുചേലഹൃദയം -രമ പ്രസന്ന പിഷാരടി) സുധീര്‍ പണിക്കവീട്ടില്‍

Published on 02 August, 2019
കവിതയിലെ  അവല്‍പ്പൊതികള്‍ (കുചേലഹൃദയം -രമ പ്രസന്ന പിഷാരടി) സുധീര്‍ പണിക്കവീട്ടില്‍
പ്രത്യക്ഷമായും പരോക്ഷമായും  ഓരോ കവിതകളും ഉള്‍ക്കൊള്ളുന്ന അര്‍ത്ഥം വായനക്കാരന് മനസ്സിലാക്കാന്‍ കഴിയുമ്പോള്‍ അത്തരം കവിതകള്‍ അവനു   പ്രിയങ്കരമാകുന്നു.  എവിടെയോ വായിച്ചത് ഓര്‍മ്മ വരുന്നു. സെന്റ് അഗസ്റ്റിന്‍ എന്ന മഹാനോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു. കാവ്യം എന്നാല്‍ എന്താണ്.  അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. "കവിത എനിക്കറിയാം. പക്ഷെ, അതിന്നതാണെന്നു നിങ്ങളോട് പറയാനറിഞ്ഞുകൂടാ." ശരിയാണ് കവിതയെ നിര്‍വചിക്കുക, കവിതയെ വിലയിരുത്തുക ഇതെല്ലാം പൂര്‍ണ്ണമായി നിര്‍വഹിക്കാന്‍ കഴിയാത്ത ഒന്നാണ്. ഇപ്പോഴാണെങ്കില്‍  സാധാരണക്കാരന് മനസ്സിലാകാത്ത കവിതകള്‍ ഉത്തമം എന്ന ഒരു വിചാരം ബലപ്പെട്ടു വരുന്നുണ്ട്.  ശ്രീമതി രമ പ്രസന്ന പിഷാരടിയുടെ അമ്പത്തിയൊന്നു കവിതകള്‍ അടങ്ങുന്ന കുചേലഹൃദയം എന്ന കവിതാസമാഹാരം വായിച്ചപ്പോള്‍ ഉളവായ ചില അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുകയാണ്. അമ്പത്തിയൊന്നു കവിതകളില്‍ നിന്നും ചിലത് തിരഞ്ഞെടുക്കുന്നുവെന്നു മാത്രം. മുഴുവന്‍ കവിതകളെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെങ്കിലും ചിലതെല്ലാം ഒന്ന് സ്പര്‍ശിച്ചുപോകുന്നു.
കവികള്‍ അവരുടെ സുഖത്തിനും അവര്‍ക്ക് മനസ്സിലാക്കുവാനും വേണ്ടി  മാത്രം എഴുതുകയാണെങ്കില്‍ പിന്നെ അത് എന്തിനു പ്രസിദ്ധപ്പെടുത്തണം. കവികള്‍ അവര്‍ക്കു ചുറ്റും കാണുന്നതൊക്കെ അവരില്‍ എന്ത് അനുഭൂതി ഉളവാക്കുന്നു എന്നെഴുതുമ്പോള്‍ അത് വായനക്കാരന് കൂടി അനുഭവപ്പെടണം. അപ്പോള്‍ കവിയുടെ ഉദ്യമം സഫലമായി. ശ്രീമതി പിഷാരടിയുടെ കവിതകള്‍ ഇക്കാര്യത്തില്‍ നീതിപുലര്‍ത്തുന്നതായി കാണാം. കാല്‍പ്പനികതയുടെ  സൗന്ദര്യവും ചൈതന്യവും ഇവരുടെ കവിതകളില്‍ പ്രകടമാണ്.
 വെറും അവബോധങ്ങളോ ഭാവനകള്‍ തന്നെയോ അതോ അറിവില്‍ നിന്നുണ്ടാകുന്ന അവബോധങ്ങളോ ഭാവനയിലൂടെ കാണാന്‍ കഴിയുന്ന കാവ്യസിദ്ധി ആശയങ്ങളില്‍ നിന്ന് ആശയങ്ങളെ,   കാഴ്ച്ചകളില്‍ നിന്ന് കാഴ്ച്ചകളെ, ചരിത്രത്തില്‍ നിന്ന് ചരിത്രത്തെ,  അവയെ എല്ലാം ഉള്‍പ്പെടുത്തി ഒരു  ദൃശ്യത്തെ സൃഷ്ടിക്കാന്‍  സഹായകമാകുന്നു. ശ്രീമതി പിഷാരടിയുടെ കവിതകളിലൂടെ കടന്നുപോകുമ്പോള്‍ ഈ വസ്തുത അനുഭവപ്പെടുന്നു. ഇവിടെ നമ്മള്‍ ഷെല്ലിയെ ഓര്‍ക്കുക. അദ്ദേഹം അഭിപ്രായപ്പെട്ടു "വീണക്കമ്പിയില്‍ കാറ്റ് തട്ടുമ്പോഴെന്നവണ്ണം പ്രകൃതിവസ്തുക്കളോരോന്നും  കവി ഹൃദയത്തെ ചലിപ്പിച്ച് ഭാവസംഗീതം ഉണര്‍ത്തുന്നു”.  പ്രകൃതി ചുറ്റുമൊരുക്കുന്ന കാഴ്ച്ച്ചകള്‍, ശബ്ദങ്ങള്‍, വര്‍ണ്ണങ്ങള്‍ എല്ലാം ഈ കവയിത്രിയെ   ആകര്‍ഷിച്ചതായി കാണാം. അതേക്കുറിച്ച് അവര്‍ പാടുന്നു.  പാടുമ്പോള്‍ ഇതിവൃത്തത്തെ അലങ്കരിക്കാന്‍ കല്‍പ്പനകള്‍ ഒരുങ്ങി വരുന്നു. കാവ്യചിത്രങ്ങള്‍ (കാമഴലൃ്യ) മനോഹരമായി വരയ്ക്കുന്നു.
താളാത്മകമായ ഛന്ദസ്സിന്റെ  ആകര്‍ഷകത  ഇവരുടെ കവിതകളിലെ സവിശേഷതയാണ്. കവി സ്വയം ഒരു കവിതയായിരുന്നാലേ ഉദാത്തവും ഭാവോജ്വലവുമായ കാവ്യം രചിക്കാന്‍ കഴിയുകയുള്ളുവെന്ന് റൊമാന്റിക് നിരൂപകനായ ലോങ്ങിനസ്സ്  (ഘീിഴശിൗ)െ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കുചേലദിനം ആചരിക്കുമ്പോള്‍ ഗുരുവായൂരപ്പന് ഭക്തന്മാര്‍ അവല്‍ നിവേദ്യം നടത്താറുണ്ട്. ആ വഴിപാടിലൂടെ ഭഗവാന്‍ പ്രസാദിച്ച് അവര്‍ക്ക് ഐശ്വര്യവും അഭിവൃദ്ധിയും നല്‍കുമെന്നാണ് വിശ്വാസം. കുചേലഹൃദയം (പേജ് 11)എന്ന കവിതയില്‍ ശ്രീമതി പിഷാരടി അവരുടെ കവിതകളുമായി മലയാളത്തിന്റെ പ്രിയ കവി ഓ എന്‍ വി യെ കാണാന്‍ പോകുന്നതാണ് വിഷയം.
മഹാനായ ഒരു കവിയെ ഒരു സാധാരണ കവി കാണാന്‍ പോകുന്നത് ദരിദ്ര ബ്രാഹ്മണനായ  സുദാമന്‍ പ്രഭുവായ കൃഷ്ണനെ കാണാന്‍ പോകുന്നതിനോട് അവര്‍ ഉപമിക്കുന്നു. മുഷിഞ്ഞ വസ്ത്രത്തില്‍ പൊതിഞ്ഞ അവല്‍പ്പൊതിക്ക് പകരം അവരുടെ കയ്യില്‍ അവര്‍ എഴുതിയ കവിതകളാണ്. ഭഗവാന്‍  കൃഷ്ണന്‍ ഒരാളുടെ പണവും പദവിയും നോക്കി വിവേചനം കാണിച്ചിരുന്നില്ല.  ഇവിടെയും  മഹാനായ കവി യാതൊരു  വിവേചനവും കാണിക്കാതെ അവര്‍ പൊതിഞ്ഞു കെട്ടികൊണ്ടുപോയ കവിതകള്‍ സ്വീകരിച്ചു. അതെല്ലാം വായിച്ച് ഉചിതമായ ഒരു അവതാരിക എഴുതിക്കൊടുത്തു.
ഇവിടെ നമ്മള്‍ കാണുന്നത് കവയിത്രിയുടെ ഭാവനാശക്തിയാണ്. ഭാവന ഒരാളുടെ  വ്യക്തിപരമായ അനുഭവത്തില്‍ നിന്നുണ്ടാകാം. സമൂഹത്തിന്റെ ഒരു ഭാഗമായ കവി സമൂഹത്തിന്റെ പൊതുഅനുഭവങ്ങളെ തന്റെ അനുഭവങ്ങളുമായി കലര്‍ത്തി,  അല്ലെങ്കില്‍ വേറിട്ട് കാണിക്കാം. അവരെ  ശ്രീ ഓ എന്‍ വിയുടെ അടുത്തേക്ക് കൊണ്ടുപോയ  സുഹൃത്തും  കാര്‍ ഓടിച്ചിരുന്ന വ്യക്തിയും കുചേലന്‍ അവല്‍പ്പൊതിയുമായി പോയ കഥ ഓര്‍ത്തുകാണില്ല.   സമൂഹത്തിന്റെ അനുഭവങ്ങളില്‍ ഒന്നാണ് പ്രസിദ്ധരായ കവികള്‍ പ്രശസ്തിയാര്‍ജിക്കാത്ത കവികളെ അംഗീകരിക്കാത്തത്. അതേക്കുറിച്ച് ബോ ദ്ധ്യ മുള്ള കവയിത്രി  സമാഗതമാകുന്ന ഒരു രംഗത്തെ ഭാഗവതകഥയിലൂടെ കാവ്യാത്മകമായി കാണുന്നു. അതേക്കുറിച്ച് കവയിത്രിക്കും ബോദ്ധ്യ മുണ്ടെങ്കിലും അവര്‍ ഭാഗവതത്തിലെ കഥ ഓര്‍മിച്ച് അവരുടെ അവസ്ഥയുമായി താരതമ്യം ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോഴും ശുഭാപ്തി വിശ്വാസമാണ് പ്രകടമാകുന്നത്.
കുചേലന്‍ കൃഷ്ണന്റെ അടുത്തുനിന്നും വെറും കയ്യോടെ തിരിച്ചുവന്നില്ല. അതേപോലെ തന്റെ തിരിച്ചുവരവും ആഹ്‌ളാദഭരിതമായിരിക്കുമെന്ന സുപ്രതീക്ഷയോടെ അവര്‍  യാത്ര ചെയ്യുമ്പോള്‍ മനസ്സില്‍ ചരിത്രം തിരശീല മാറ്റി ഭൂതകാല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. കവിമനസ്സ് ഒരു പ്രവാസിയാണ്. ഭാവനാലോകത്ത് എപ്പോഴും  ചുറ്റിക്കറങ്ങി നടക്കുന്ന ഒരു സഞ്ചാരി. ശ്രീമതി പിഷാരടിയുടെ ഓരോ കവിതകളിലും അവരുടെ മനസ്സിന്റെ പ്രവാസം അനുവാചകരെ അമ്പരപ്പിക്കും. കണ്മുന്നില്‍ മിന്നിമറയുന്ന ഓരോ  ദൃശ്യങ്ങള്‍ക്കും അവരുടെ അറിവിന്റെ ലോകവുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ നല്‍കുന്ന വിവരണങ്ങള്‍ വര്‍ണ്ണാഭമാണ്.
കനിവിന്റെ താളിയോലപ്പുറത്തേറുന്ന
കഥയില്‍ കുചേലങ്ങളെത്ര
ചിതയിലായ് കത്തുന്ന ദിക്കുകള്‍ ചുറ്റുന്ന
നിനവില്‍ കുചേലങ്ങളെത്ര ?

സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി വിദ്യാഭ്യാസവും, ആതുരാലയങ്ങളും, പ്രകൃതിസമ്പത്തും നശിപ്പിക്കുന്ന മനുഷ്യന്റെ പ്രവര്‍ത്തിയെക്കുറിച്ച് എഴുതുമ്പോള്‍ (അന്തര്‍ദ്ധാര    പേജ് 25) കവി രോഷാകുലയാകുന്നില്ല,  വളരെ ശാന്തമായി  അവയെ ആവിഷ്കരിക്കുന്നു. പ്രകൃതിയെപോലെ  /ഭൂമിയെപ്പോലെ സര്‍വം സഹയും  ക്ഷമാശീലയുമാകുന്നു അവര്‍.  എന്നാല്‍ വിവരണങ്ങളുടെ വശ്യതയും ശക്തിയും   വായനക്കാരനെ വികാരം കൊള്ളിക്കുന്നു. അവരെ ചിന്തിപ്പിക്കുന്നു.

ഗുരുകുലങ്ങള്‍ തകര്‍ന്നിവിടെ വിദ്യാരംഭ
കളരികള്‍ വില്‍ക്കുന്ന വ്യജ്ഞനങ്ങളെ
ഗിരി   ശൃങ്ക സജ്ഞീവനിക്കുള്ളിലെ ദയാ
കിരണങ്ങള്‍ പണമാക്കുമാതുരക്ഷേത്രങ്ങള്‍

പഴയതെല്ലാം മാറിപ്പോയെന്നു കവിയോട് എല്ലാവരും പറയുന്നു.  അതെല്ലാം ഉള്‍കൊള്ളാന്‍ കഴിയാത്ത പഴയ പുണ്യത്തിന്റെ ഓര്‍മ്മകള്‍ അവരെ വിഷാദഭരിതയാക്കുന്നു. 
കറുകകള്‍ ഹോമിച്ച് കല്പകാലത്തിനെ
തിരികെ മോഹിക്കുന്ന ഹോമപാത്രത്തിലും
മിഴിയിലും മഴയിലും ഹൃദയത്തിലും നീളെ
യൊഴുകും കലര്‍പ്പിന്റെ     ഹാലാഹലങ്ങളില്‍
എഴുതിയാല്‍ തീരാതെയുയരുന്ന സങ്കട
പെരുമഴയ്ക്കുള്ളില്‍ കടല്‍ തിമര്‍ത്തീ ടുന്നു
 

സ്വര്‍ണ്ണമുഖിയുടെ തീരങ്ങളില്‍ (പേജ് 17)എന്ന കവിതയില്‍ ശ്രീമതി പിഷാരടി അവര്‍ക്ക് ചുറ്റും കാണുന്ന ദൃശ്യങ്ങള്‍ വര്‍ണ്ണിക്കുന്നുണ്ട്.  അപ്പോള്‍ സാധാരണ ദൃശ്യങ്ങള്‍ ചാരുദൃശ്യങ്ങളാകുന്നു. ദിശമാറിയൊഴുകി ഉള്‍ക്കടലില്‍ ചെന്നുപതിക്കുന്ന ആ നദിയുടെ തീരത്ത് നില്‍ക്കുന്ന അവര്‍ കാണുന്നതെന്തൊക്കെ എന്ന് വിവരിച്ചതില്‍ കാവ്യസൗന്ദര്യം തുടിക്കുന്നുണ്ട്. ഭാഷയിലും, രീതിയിലും, അവതരണത്തിലും രമണീയത നിറഞ്ഞു കവിയുന്നുണ്ട്.  ചില വരികള്‍ താഴെ ഉദ്ധരിക്കുന്നു.

കണ്ണില്‍ നിറയും സമുദ്രങ്ങളുണ്ടതില്‍
കണ്ണുനീരൊപ്പുന്ന ചോലകളുണ്ടതില്‍
തീയൊഴുകീടുന്ന വേനലുമുണ്ടതില്‍
നീരൊഴുക്കിന്റെ തടാകങ്ങളുണ്ടതില്‍
നീര്‍താമര പ്പൂക്കളുണ്ടതില്‍, ചന്ദ്രന്റെ
നീല നിലാവിന്‍ നിശബ്ദതയുണ്ടതില്‍
ശംഖുകളുണ്ട്, ത്രി നേത്രാഗ്‌നിയുണ്ടതില്‍
ശംഖിന്റെയുള്ളിലെ ഓംകാരമുണ്ടതില്‍ ...
***   ********          *****
ആരണ്യകങ്ങള്‍, അരക്കില്ലാമുണ്ടതില്‍
ഭാരതമെന്ന മഹാകാവ്യമുണ്ടതില്‍

സ്വര്‍ണ്ണമുഖിയെ നോക്കി അവിടെ കണ്ടതെല്ലാം അവരുടെ ഭാവനയിലൂടെ കാണുന്നു. ഓരോന്നും വിശദീകരിച്ചിട്ടും തൃപ്തിവരാതെ  ഭാരതമെന്ന മഹാകാവ്യമുണ്ടതില്‍ എന്ന് എഴുതുന്നു. അപ്പോള്‍ പിന്നെ അതിലില്ലാത്തതൊന്നുമില്ലെന്നു വിവക്ഷ.  കാരണം വ്യാസന്‍ തന്നെ "മഹാഭാരതത്തിലില്ലാത്തത് ഒന്നിലും ഇല്ല, മഹാഭാരതം അല്ലാത്തതും ഒന്നുമല്ല" എന്നു പറഞ്ഞിരിക്കുന്നത് ഓര്‍ക്കുക.

 സുരഭിലവും സുലളിതവുമായ കാവ്യഭാഷ ഓരോ കവിതയിലും ഓളം വെട്ടുന്നുണ്ട്. കവിതക്കായി വിഷയങ്ങള്‍ തിരഞ്ഞെടുക്കാതെ കാണുന്നതെല്ലാം കാവ്യവിഷയമാക്കി എഴുതുന്നു ഇവര്‍.  അല്ലെങ്കില്‍ കാവ്യരചന ഒരു നിയോഗം പോലെ ഉപാസനപോലെ അനുഷ്ഠിക്കുന്നത്‌കൊണ്ട്  അവര്‍ക്ക് ചുറ്റും ഒരു കാവ്യലോകം സൃഷ്ടിക്കപ്പെടുന്നു.

ഓരോ കവിതയിലും പരാമര്‍ശങ്ങളുടെ  (മഹഹൗശെീി) അമിതപ്രസരം കാണാമെങ്കിലും വായനക്കാരുടെ അറിവിന്റെ ആഴം അനുസരിച്ച് അവ ആസ്വാദകരമാകുന്നു.  


 ചില കവിതകളില്‍ അക്ഷരങ്ങള്‍ ഒരു ചടുല താളം ഉളവാക്കുന്നവിധത്തില്‍ ഉപയോഗിച്ചിരിക്കുന്നത് കാണാം.

മഴ മുകില്‍ തുമ്പിലെ
മഴവില്ലുകള്‍ കണ്ട്
ഒരു ജാലകത്തിന്റെ
പടി യിലേക്കുണരുന്ന
മഴ മരത്തിന്റെ വെ ണ്‍
പൂവ്വുകള്‍ക്കുള്ളിലായ് (പുലര്‍കാല ഭൂമിയില്‍ പേജ് 78)

ശ്രീമതി പിഷാരടിയുടെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ അവരുടെ കാവ്യലോകം പ്രസന്നവും, സുന്ദരവും ആത്മീയാന്വേഷണവും ഭാസുര സങ്കല്‍പ്പങ്ങളും നിറഞ്ഞതാണെന്ന് കാണാം.  പുരാണവും ചരിത്രവും അവരെ വളരെ ആകര്‍ഷിച്ചിരുന്നു. അവ പുനരാവിഷ്ക്കരിക്കുമ്പോള്‍ അവരുടേതായ കൗതുക ചോദ്യങ്ങള്‍ അല്ലെങ്കില്‍ അവരുടെ അനുമാനങ്ങള്‍ വായനക്കാര്‍ക്കും അനുഭവപ്പെടുന്നു.  പറയിപെറ്റ പന്തിരുകുലം എന്ന കവിതയില്‍ അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ പ്രകടിപ്പിച്ച പുതുമ അഭികാമ്യമാണ്. 'അമ്മ നുണപറഞ്ഞതുകൊണ്ട് വായില്ലാതെ മരിച്ചുപോയ കുഞ്ഞിനെ അച്ഛന്‍ ഒരു വിഗ്രഹമായി പ്രതിഷ്ഠിച്ചിരുന്നു. വായില്ല കുന്നിലപ്പനേയും നാറാണത്ത് ഭ്രാന്തനെയും ഇങ്ങനെ പരിചയപ്പെടുത്തുന്നു.

എത്ര നിശബ്ദമെന്നാകിലും ശബ്ദമായെത്തുന്നു
വായില്യാ കുന്നിലെ വിഗ്രഹം
ഓരോ പെരുങ്കല്ലുമേറ്റുന്ന ഭ്രാന്തന്റെ
നേരില്‍ നിറഞ്ഞുതൂവുന്ന വൈരുദ്ധ്യത
ലോകം കരിഞ്ഞു നീറും  ശ്മശാനങ്ങളില്‍
ഭീതിവിട്ടങ്ങനെ ഭ്രാന്തന്‍ ചിരിക്കുന്നു.

കവിത അവസാനിപ്പിക്കുമ്പോള്‍  ചോദിക്കുന്ന ചോദ്യം വളരെ അര്‍ത്ഥവത്താണ്.

കണ്ടുവെന്നാലുമി പന്തിരുകുലത്തിന്റെ
പൗര്‍ണ്ണമി    വെറും പറയി മാത്രമോ?

പന്ത്രണ്ട് ജാതിയില്‍ വളരുന്ന മക്കളെ പ്രസവിച്ച പഞ്ചമി (പൗര്‍ണമി) എന്ന സ്ത്രീ ഇന്നും പറയി എന്നപേരില്‍ അറിയപ്പെടുന്നു. അവരുടെ പേരുപോലും ആരും പറയുന്നില്ല. പല കവിതകളിലും കവയിത്രി ഇങ്ങനെ സംശയം ഉന്നയിക്കുന്നത് കാണാം. ജാതി പറഞ്ഞു അധിക്ഷേപിക്കുന്ന മനുഷ്യന്റെ സ്വഭാവത്തിനു മാറ്റം വരുന്നില്ലെന്നും അവര്‍ സൂചിപ്പിക്കയായിരിക്കും. 

കേവലം ഒരു മരംവെട്ടുകാരനെ (പില്‍ക്കാലത്ത് പ്രസിദ്ധനായ കാളിദാസന്‍) വിദ്യ നല്‍കി അനുഗ്രഹിച്ച ദേവിക്ക് (കാളി) അദ്ദേഹം സമര്‍പ്പിച്ച സ്‌തോ ത്രം കേള്‍ക്കാന്‍ കവയിത്രി ഉജ്ജയിനില്‍ എത്തുന്നു. അവരും അറിവിന്റെ നിധിയാഗ്രഹിച്ച് വന്നിരിക്കയാണ്.

ഓരോ നിറത്തിലും ഓരോ മുനമ്പിലും
ഓരോയെഴുത്തിന്റെയാത്മാവിനെ തേടി
യാത്രയിലാണ് ഞാന്‍ ആദ്യക്ഷരത്തെ
ചേര്‍ത്തുവയ്ക്കാനായ് പരിശ്രമിച്ചീടുന്നു

ദന്ധക് ഒരു കാവ്യരീതിയാണ്. ചില വരികളില്‍ 26 അക്ഷരങ്ങള്‍ ഉള്‍കൊള്ളുമത്രെ. അതുകേട്ട നിന്ന കവയിത്രിയും ആഗ്രഹിക്കുന്നത് അക്ഷരങ്ങള്‍.

ഉജ്ജയിനി, മിഴിയേറ്റും പ്രഭാതത്തില്‍
ഇന്നുണര്‍ന്നീടുന്നതക്ഷരമാവട്ടെ.

കാവ്യരചന ഇവര്‍ക്ക് പ്രിയങ്കരവും കാവ്യവിഷയങ്ങളില്‍ ഇവര്‍ സമ്പന്നയുമാണ്. "പണ്ടേയുറങ്ങാത്ത പേനയും" "ഞാനെഴുതുമ്പോഴേ വര്‍ഷമായ്"  വേനല്‍ക്കാലം (പേജ് 43) എന്ന കവിതയില്‍ അവര്‍ അങ്ങനെ എഴുതുന്നു. കുയില്‍ പാടും വസന്തത്തിന്‍ പൂക്കളും ഋതുഭേദവും കടലും ചേര്‍ന്ന് തീര്‍ത്തോരു കവിതയായിരുന്നു ഞാന്‍. സ്വയം ഒരു കവിതയായിരുന്നാലേ ഉജ്ജ്വലമായ കവിതകള്‍ എഴുതാന്‍ കഴിയു എന്ന് ലോങിനാസ് അഭിപ്രായപ്പെട്ടത് ശരിയെന്നു
ഇവരുടെ കവിതകള്‍ വായിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്നു. അക്ഷരങ്ങളെ അവര്‍ ആരാധിക്കുന്നു. മനസ്സില്‍ ദീപ്തി ചൊരിയുന്ന അതിന്റെ പ്രകാശത്തില്‍ കാവ്യഭാവനകള്‍ക്ക് രൂപം ലഭിക്കുന്നു.  അവരുടെ വരികള്‍ ശ്രദ്ധിക്കുക.

വെണ്മയേറും മനസ്സുണര്‍ത്തുന്ന
മണ്‍ചിരാതിലൊഴുകും പ്രപഞ്ചം
എത്ര ദീപ്തം പ്രകാശഭാവത്തിന്‍
അക്ഷരമേറ്റി നില്‍ക്കും ഹൃദയം

കാവ്യങ്ങള്‍ ആളിക്കത്തരുതെന്നു നിര്‍ദേശിക്കുന്ന അവര്‍ അതിന്റെ നിരന്തരമായ, ദൃഢമായ ചൈതന്യം പ്രസരിപ്പിക്കുന്നതില്‍ യുക്തി കാണുന്നു. കത്തിയാളുന്നതിനു മുമ്പ് അവ കൊളുത്തപ്പെടണം എന്ന ആശയം വളരെ ഹൃദ്യമാണ്.

കത്തിയാളുന്നതിന് മുന്‍പേ തെളിക്കേണ്ട
ചിത്ര വിളക്കുകള്‍, ചിന്തുകള്‍, കാവ്യങ്ങള്‍


ബ്രഹത്തായ ഒരു ഭാവനാലോകവും അതേപോലെതന്നെ ഒരു വായനാലോകവും ഇവര്‍ക്കുണ്ടെന്ന് മനസ്സിലാക്കാം. അവരുടെ മുറ്റത്ത് "എല്ലാ യുഗങ്ങളും നൃത്തമാടും പുലര്‍വള്ളിയില്‍ വസന്തമുറയുന്നു". പ്രപഞ്ചത്തിന്റെ പ്രദര്‍ശനശാല അവരെ എപ്പോഴും വിസ്മയാധീനയാക്കുന്നു. അതവര്‍ക്ക് സര്‍ഗ്ഗപുളകങ്ങള്‍ സമ്മാനിക്കുന്നു. അതിനോടനുബന്ധിച്ച് കാവ്യഭാവനയുടെ ചിലമ്പൊലികള്‍ കേള്‍പ്പിക്കുന്ന വരികള്‍ ശ്രദ്ധിക്കുക. "ദൂരെക്കടമ്പുകള്‍ പൂത്തുലഞ്ഞാകവേ, താളങ്ങള്‍ തെറ്റി തുളുമ്പും മഴക്കുള്ളില്‍ ശോകരാഗങ്ങള്‍ പെയ്താകെ തണുത്തതും. രാമായണം പകുത്താത്മ സംതൃപ്തമാം ഗാനമായൊന്നില്‍ സരയു നിറഞ്ഞതും.” ശ്രീരാമചന്ദ്രന്‍ അവതാരലക്ഷ്യം പൂര്‍ത്തിയാക്കി വീണ്ടും വിഷ്ണുരൂപം പ്രാപിക്കാന്‍ നിമജ്ജനം ചെയ്തത് ഈ നദിയിലാണ്. രാമായണപാരായണത്തിലൂടെ മോക്ഷപ്രാപ്തി ഇച്ഛിക്കുന്ന ഒരു ഭക്തന് മുന്നില്‍ സരയു നദി പ്രത്യക്ഷപ്പെടുന്ന അനുഭൂതിഈ വരികളിലൂടെ വായിച്ചെടുക്കാം.

റെയിവെയിലെ ഒരു ചുമടെടുപ്പ്കാരന്റെ ദൈന്യത കൊണ്ടുണ്ടായ വികാരത്തെ “ത്രിവര്‍ണ്ണത്തിന്‍ നുറുങ്ങുകള്‍ വീഴുന്നു” എന്ന് ഉല്‍പ്രേക്ഷിച്ചിരിക്കുന്നു. തുടര്‍ന്നുള്ള വരികളിലും മാനസിക സംഘര്‍ഷങ്ങളെ ഒരു ക്യാപ്‌സൂള്‍ പരുവത്തില്‍ ഒതുക്കുന്നു. ശ്രദ്ധിക്കുക. "കരഞ്ഞോടിപ്പാഞ്ഞുപോകും റെയില്‍പ്പാതയിലൊന്നിലായി ഒരേ ഇന്ത്യ പലേ തട്ടില്‍ ഉലയുന്നെന്റെ മുന്നിലായി"

കാല്‍പ്പനിക സൗന്ദര്യത്തിന്റെ ഹൃദ്യമായ ആവിഷ്കാരങ്ങള്‍  നിറയുന്ന ഈ കാവ്യത്തിലെ ഓരോ വരികളും  വായനക്കാരന് ആനന്ദം പകരുകയും അവനെ ചിന്തിപ്പിക്കുകയും ചെയ്യുന്നു.

(തുടരും)


Join WhatsApp News
വിദ്യാധരൻ 2019-08-03 00:50:00
"പ്രത്യക്ഷമായും പരോക്ഷമായും  ഓരോ കവിതകളും ഉള്‍ക്കൊള്ളുന്ന അര്‍ത്ഥം വായനക്കാരന് മനസ്സിലാക്കാന്‍ കഴിയുമ്പോള്‍ അത്തരം കവിതകള്‍ അവനു   പ്രിയങ്കരമാകുന്നു.  എവിടെയോ വായിച്ചത് ഓര്‍മ്മ വരുന്നു. സെന്റ് അഗസ്റ്റിന്‍ എന്ന മഹാനോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു. കാവ്യം എന്നാല്‍ എന്താണ്.  അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. "കവിത എനിക്കറിയാം. പക്ഷെ, അതിന്നതാണെന്നു നിങ്ങളോട് പറയാനറിഞ്ഞുകൂടാ." ശരിയാണ് കവിതയെ നിര്‍വചിക്കുക, കവിതയെ വിലയിരുത്തുക ഇതെല്ലാം പൂര്‍ണ്ണമായി നിര്‍വഹിക്കാന്‍ കഴിയാത്ത ഒന്നാണ്. ഇപ്പോഴാണെങ്കില്‍  സാധാരണക്കാരന് മനസ്സിലാകാത്ത കവിതകള്‍ ഉത്തമം എന്ന ഒരു വിചാരം ബലപ്പെട്ടു വരുന്നുണ്ട്.  ശ്രീമതി രമ പ്രസന്ന പിഷാരടിയുടെ അമ്പത്തിയൊന്നു കവിതകള്‍ അടങ്ങുന്ന കുചേലഹൃദയം എന്ന കവിതാസമാഹാരം വായിച്ചപ്പോള്‍ ഉളവായ ചില അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുകയാണ്. അമ്പത്തിയൊന്നു കവിതകളില്‍ നിന്നും ചിലത് തിരഞ്ഞെടുക്കുന്നുവെന്നു മാത്രം. മുഴുവന്‍ കവിതകളെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെങ്കിലും ചിലതെല്ലാം ഒന്ന് സ്പര്‍ശിച്ചുപോകുന്നു.
കവികള്‍ അവരുടെ സുഖത്തിനും അവര്‍ക്ക് മനസ്സിലാക്കുവാനും വേണ്ടി  മാത്രം എഴുതുകയാണെങ്കില്‍ പിന്നെ അത് എന്തിനു പ്രസിദ്ധപ്പെടുത്തണം. കവികള്‍ അവര്‍ക്കു ചുറ്റും കാണുന്നതൊക്കെ അവരില്‍ എന്ത് അനുഭൂതി ഉളവാക്കുന്നു എന്നെഴുതുമ്പോള്‍ അത് വായനക്കാരന് കൂടി അനുഭവപ്പെടണം. അപ്പോള്‍ കവിയുടെ ഉദ്യമം സഫലമായി. ശ്രീമതി പിഷാരടിയുടെ കവിതകള്‍ ഇക്കാര്യത്തില്‍ നീതിപുലര്‍ത്തുന്നതായി കാണാം. കാല്‍പ്പനികതയുടെ  സൗന്ദര്യവും ചൈതന്യവും ഇവരുടെ കവിതകളില്‍ പ്രകടമാണ്."

പ്രത്യക്ഷമായും പരോക്ഷമായും പണിക്കവീട്ടിൽ ജോസ് ചെറി പുരത്തിന്റെ ചോദ്യത്തിന് മറുപടി, മേൽ ഉദ്ധരിച്ചിരിക്കുന്ന ഖണ്ഡികയിൽ  നൽകിയിട്ടുണ്ട്. ലളിതമായ ഭാഷയിൽ എന്തുകൊണ്ട് കവിത എഴുതിക്കൂടാ ? നല്ല ചോദ്യം . പണ്ട് 'കലയുടെ ലോകം ഒരു കളിവീടായി ഒതുങ്ങിയിരുന്നു' എന്ന് വയലാർ 'മനുഷ്യനിലേക്ക് ' എന്ന കവിതയിൽ വ്യക്തമാക്കിയിട്ടുണ്ട് . കൂടാതെ കലയെ 'രാസവിലാസ'ത്തിനുള്ള ഒരു ഉപാധിയുമാക്കി. ശ്ലോകം ചൊല്ലലും അർഥം പറയലുമായ് നാലമ്പലമൂലകൾ തോറും പാകം തെറ്റാതങ്ങനെ വീര ശൃംഖലകൾക്കായി കവിത രചിച്ചു -  പക്ഷെ അവർക്ക് അവരുടെ ചുറ്റും ജനകോടികളുടെ വേർപ്പിൽ ചോരയിൽ ഉരുത്തിരിഞ്ഞു വരുന്ന ഒരു ലോകത്തെ കാണാൻ കഴിഞ്ഞില്ല . വയലാർ വിപ്ലവത്തിൽ വയലാർ കവിതകൾക്കുള്ള പ്രാധാന്യം അതിന്റെ ചരിത്രങ്ങളിൽ മുദ്രണം ചെയ്തിരിക്കുന്നത് ആർക്കും വായിച്ചെടുക്കാവുന്നതാണ് .   

കാലത്തിനനുസരിച്ച് കവിതയും മാറുന്നു . ഇന്ന് മനുഷ്യൻ വീണ്ടും . സമൃദ്ധിയുടെയും  സമ്പന്നതയുടെയും നടുവിലേക്ക് തിരിച്ചുപോകുമ്പോൾ    "ശ്ലോകം ചൊല്ലലും അർഥം പറയലുമായ് നാലമ്പലങ്ങളുടെ മൂലകളിൽ കിടന്നതുപോലെ കവിതയുടെ അവസ്ഥയും മാറി,   ആധുനികതയുടെയും അത്യന്താധുനികതയുടെയും നാലമ്പലമൂലകളിൽ ഒതുങ്ങുകയാണ് . ആ കവിതകൾക്കും അതിന്റെ രചയിതാക്കള്ക്കും   അവരുടെ ചുറ്റും ജനകോടികളുടെ വേർപ്പിൽ ചോരയിൽ ഉരുത്തിരിഞ്ഞു വരുന്ന ഒരു ലോകത്തെ കാണാൻ കഴിയാതെ പോകുന്നു 

പക്ഷെ 'രാമാ പിഷാരടി എന്ന  കവയിത്രി സമൂഹത്തിൽ നിന്നും അകന്നു പോയിട്ടില്ല എന്ന് താഴെ ഉദ്ധരിച്ചിരിക്കുന്ന കവിതാശകലം വ്യക്തമാക്കുന്നു .   ഇന്ന് കാശുകൊടുത്തൽ ഡിഗ്രികളും, അവാർഡുവുകളും സാഹിത്യ ആക്കർഡമി അവാർഡുകൾ ലഭ്യമാണ് .  അതെ ഗുരുകുലങ്ങൾ വിജ്ഞാനത്തെ വിൽക്കുന്ന കളരികളായി മാറിയിട്ടുണ്ട് .  ഇന്ന് ആതുരശുശ്രൂഷ കേന്ദ്രങ്ങളിൽ കാണാൻ കിട്ടാത്ത ഒന്നാണ് കാരുന്യത്തിന്റ കണിക.  പണമമാം മുന്തിരി കുലക്ക് വേണ്ടി ചാടുന്ന മനുഷ്യരാണ് ചുറ്റും .  ഒരു യഥാർത്ഥ കവിയുടെ ധർമ്മാണിത് . കവി കവിതയാകുന്ന ദർപ്പണത്തിലൂടെ നമ്മളുടെ ഇടയിൽ നടമാടുന്ന അധർമ്മങ്ങളെ നമ്മൾക്ക് നേരെ പ്രതിഫലിപ്പിക്കുന്നു. അപ്പോളാണ് സാധരണ ജനങ്ങൾ ആ കവിത ഏറ്റുപാടുകയുംചെയ്യുന്നു 

"ഗുരുകുലങ്ങള്‍ തകര്‍ന്നിവിടെ വിദ്യാരംഭ
കളരികള്‍ വില്‍ക്കുന്ന വ്യ?(വി?)ജ്ഞനങ്ങളെ
ഗിരി   ശൃങ്ക സജ്ഞീവനിക്കുള്ളിലെ ദയാ
കിരണങ്ങള്‍ പണമാക്കുമാതുരക്ഷേത്രങ്ങള്‍"

കവയിത്രിക്കും വ്യവഛേദകനും അഭിനന്ദനങ്ങൾ 

കുചേലവൃത്തത്തിൽ നിന്നൊരു ഭാഗം (രാമപുരത്ത് വാരിയർ )

"പട്ടിണികൊണ്ട് മെലിഞ്ഞ പണ്ഡിതന് കുശസ്ഥലി-
പട്ടണം കണ്ടപ്പോഴേ വിശപ്പും ദാഹവും, 
പെട്ടെന്നകന്നുവെന്നല്ല ഭക്തികൊണ്ടന്നിയെ പണി -
പെട്ടാലുമൊഴിയാത്ത ഭാവാർത്തിയും തീർന്നു "

josecheripuram 2019-08-02 19:32:00
There was a time poetry was only for educated people,so what happened, no one other than educated people read it.Now also many people flip the page when a poem is seen.So do you want people to read what you write?Then write  simple so others could understand.
vayanakaaran 2019-08-02 20:14:24
പുറമെ നിന്ന് നോക്കുമ്പോൾ 
ലളിതമായി എഴുതാൻ താങ്കൾ ആരെയാണ് 
ഉപദേശിക്കുന്നത്. നിരൂപകനെയോ, കവിയെയോ?

അമേരിക്കൻ മലയാളി കുചേലന്മാരൊക്കെ 
അവൽ പൊതിയുമായി നാട്ടിലെ കൃഷ്ണമാരെ 
കാണാൻ പോകുന്ന ദയനീയ കാഴ്ച്ചയാണ് 
നമ്മൾ കാണുന്നത്. നാട്ടിലെ കൃഷ്ണന്മാർ 
കുചേലന്റെ അവൽ  പൊതി കയ്യിലാക്കി 
അവരെയൊക്കെ വെറുതെ വിടുകയാണ്. ഇത് കലിയുഗം. 
ഇവിടെ കുചേലൻ കുബേരൻ, കൃഷ്ണൻ കുചേലൻ.

സുധീർ ഉദ്ധരിച്ച കവിതകൾ മനസ്സിലാകുന്നവയാണ്.
അതുകൊണ്ട്   രമാദേവിയുടെ കവിതകൾ 
വായനക്കാർക്കിഷ്ടമാകും. സുധീറിന്റെ 
നിരൂപണവും കൊള്ളാം. കവിക്കും നിരൂപകനും 
അഭിനന്ദനം. കവികൂടിയായ ചെരിപുരം  സാർ  താങ്കൾ 
കൂടെ കൂടെ എഴുതുക. 
Pisharody Rema 2019-08-12 13:18:54
Thank you Sudhirji for taking your invaluable time to read my Book  and thank you for your review in detail..
Thank you for honoring Literature..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക