Image

യാത്ര-(കഥ-ഭാഗം-1-ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 02 August, 2019
യാത്ര-(കഥ-ഭാഗം-1-ജോണ്‍ വേറ്റം)
അയാള്‍ സ്വീകരണമുറിയില്‍ ഇരുന്നു. ആകാംക്ഷയുടെ നിമിഷങ്ങള്‍. ആദ്യ ചുവട് വെയ്പ്, പിഴയ്ക്കരുത്. സൂക്ഷ്മപരീക്ഷണമാണ്. അത് ജയിക്കണം. ആലോചനയില്‍  മുഴുകിയപ്പോള്‍, അവള്‍ മന്ദം നടന്നുവന്നു. മന്ദഹാസത്തോടെ ചോദിച്ചു: ജോസഫ് സാറല്ലെ? 'അതേ' അയാള്‍ ഉത്തരം പറഞ്ഞു. തിട്ടം വരുത്താനൊരു ചോദ്യം: ആലീസല്ലെ? അതേ എന്നു പറഞ്ഞുകൊണ്ട് അവള്‍ കസേരയിലിരുന്നു. നരപിടിച്ച ഒരു വയസ്സനെയാണ് പ്രതീക്ഷിച്ചത്. പക്ഷേ, 'നരയുമില്ല പ്രായമുണ്ടെന്ന് തോന്നുകയുമില്ല.' അതുകേട്ട് ജോസഫ് പുഞ്ചിരിച്ചു. 'ആലീസെ നീയൊരു സുന്ദരിയാണ്' എന്ന് പറയണമെന്നു തോന്നിയെങ്കിലും പറഞ്ഞില്ല. നര്‍മ്മരസത്തോടെ തുടര്‍ന്നു: 'തലമുടി വെളുക്കുന്നതു വാര്‍ദ്ധക്യത്തിലാണ്. എന്നാല്‍ ഇന്നത്തെ ചെറുപ്പക്കാരില്‍ നര ഇഷ്ടപ്പെടുന്നവരുമുണ്ട്. തലയില്‍ വര്‍ണ്ണങ്ങള്‍ ചാര്‍ത്തുന്നവരുമുണ്ടല്ലോ.'
അപരിചിതരെങ്കിലും സുപരിചിതരെപ്പോലെ, ഇരുവരും സംസാരിച്ചു. മറ്റുള്ളവരെ പഠിക്കുന്നതിനും, ശരിയായ നിഗമനത്തിനും, ബുദ്ധിപരവും ഹൃദ്യവുമായ ചോദ്യോത്തരങ്ങള്‍ സഹായിക്കുമെന്ന് വിശ്വസിച്ചവര്‍. സമയോജിതയുക്തിയോടെ അയാള്‍ തുടര്‍ന്നു: ഒരു സ്ത്രീയുടെയോ പുരുഷന്റെയോ ജീവിതം അവര്‍ ഉദ്ദേശിക്കുന്ന സ്ഥിതിയിലെത്താന്‍ എന്ത് ചെയ്യണം? ഉണ്ടും, ഉറങ്ങിയും, മുറിയിലും, മുറ്റത്തുമൊക്കെയായി ജീവിച്ചാല്‍മതിയോ? ഭാവി എങ്ങനെയാവണമെന്നു നിശ്ചയിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശം വേണ്ടേ? വാര്‍ദ്ധക്യത്തോടെ ജീവിതം തീര്‍ന്നുവെന്ന് കരുതാമോ? വൃദ്ധത അന്ത്യയാത്രക്കുള്ള തയ്യാറെടുപ്പിനുള്ളതാണെന്ന ധാരണ തെറ്റാണ്. അത് തെളിയിക്കുന്ന ദൃഷ്ടാന്തങ്ങളുണ്ട്. അന്ധവിശ്വാസം അസ്വസ്ഥതയെ നട്ടു നനച്ചുവളര്‍ത്തും. ആശ്ലേഷണത്തിന്റെ ഊഷ്മളതയും സ്‌നേഹത്തിന്റെ സഹകരണവും പ്രായാധിക്യമുള്ളവര്‍ക്ക് നിഷേധിക്കാമോ? പ്രായംകൂടുകയെന്നത് പ്രാപഞ്ചികസത്യമാണ്. എന്നിട്ടും, പഴമക്കാരെ അവഗണിക്കുന്ന പരിഷ്‌ക്കാരം പടരുന്നുണ്ട്. ക്ലേശം കൂടാതെ, മനസ്സിനെ പോഷിപ്പിക്കാന്‍ പ്രായമേറിയവര്‍ക്കും സാധിക്കും. എന്നിട്ടും, അനാചാരവും ദുരഭിമാനവും അവരെ ഭയപ്പെടുത്തുന്നു. നിശ്ശബ്ദരാക്കുന്നു. അധികാരത്തിന്റെയും സ്വാര്‍ത്ഥതയുടെയും അടയാളങ്ങളാണ് ചില സാമുദായനിയമങ്ങള്‍.' അപ്പോള്‍ ആലീസ് പറഞ്ഞു: 'വൃദ്ധന്മാരെക്കാള്‍ കൂടുതല്‍ കഷ്ടതയനുഭവിക്കുന്നത് വൃദ്ധകളാണെന്നവാസ്തവം മറക്കരുത്.'

ജോസഫ് തുടര്‍ന്നു: അത് ശരിയാണ്. സ്ത്രീസമത്വം വേദവിരുദ്ധമെന്നു വിശ്വസിക്കുന്നവര്‍ വിവിധമതങ്ങളിലുണ്ട്. ആ നിലപാട് പക്ഷപാതപരമാണ്. ബലാല്‍സംഗക്കേസുകളിലും അപലപിക്കപ്പെടുന്നത് ഇരകളാണ്. കുറ്റവാളി പുരുഷനാണെങ്കിലും സ്ത്രീ ശിക്ഷിക്കപ്പെടുന്ന പാരമ്പര്യമുണ്ടായിരുന്നു! പുണ്യമെന്നു കരുതപ്പെട്ട എത്രയോ കര്‍മ്മങ്ങളിന്നത്തെ കുറ്റകൃത്യങ്ങളായി. അതുകൊണ്ട്, നിലവിലുള്ള പലചട്ടങ്ങളും ആചാരങ്ങളും ഭാവിയില്‍ നിരാകരിക്കപ്പെടും. വിധവകള്‍ക്കും വൃദ്ധര്‍ക്കുമെതിരേ കെട്ടിപ്പൊക്കിയ ആചാരമതിലുകള്‍ ഇപ്പോഴുമുണ്ട്. അതും ഇടിഞ്ഞു വീഴും! അന്ധവിശ്വാസങ്ങളുടെ തടവറകളില്‍ തളയ്ക്കപ്പെട്ട് നീറിനീറിയെരിയുന്ന പഴമക്കാരെ അനാദരിക്കുന്ന ജനസമൂഹം ചെറുതല്ല. ആണുംപെണ്ണും നിസ്സഹായതയിലും പരാശ്രയത്തിലും വീഴുമ്പോള്‍, അവര്‍ക്കുണ്ടാകുന്നത് വിരക്തിയും വെറുപ്പുമാണ്! ഏകാന്തതയില്‍ അവരുടെ വ്യക്തിത്വം കെട്ടുപോകും. അഭിമാനം വെന്തുരുകും. എന്നാലോ, മനുഷ്യബന്ധങ്ങളെ സന്തുഷ്ടമാക്കാന്‍ രഞ്ജിപ്പിന് സാധിക്കും. ശരീരമനസ്സുകളുടെ ആവശ്യങ്ങളെ തിരിച്ചറിയണം. തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ജയിക്കാനും തോല്‍പിക്കാനും ശ്രമിക്കാതെ, പ്രശ്‌നങ്ങളെ പരിഹരിക്കണം. ക്ഷമയോടുകൂടിയ ജീവിതം ഒരനുഗ്രഹമാണ്! ഇവയെല്ലാം അറിയുന്നവളായിരുന്നു എലിസബത്ത്.
പെ്‌ട്ടെന്ന് ആലീസ് ചോദിച്ചു: അതാരാ?

ജോസഫ് പറഞ്ഞു: 'എന്റെ ഭാര്യ'. അയാളുടെ മനസ്സ് ഓര്‍മ്മകളിലേക്ക് മടങ്ങി. വ്യാകുലതയോടെ തുടര്‍ന്നു: പലദേശങ്ങളില്‍ നിന്ന്ു വന്ന്, വേലിക്കെട്ടിയ ഇടനാഴിയില്‍ ഒന്നിനു പിറകെ ഒന്നായിനിന്ന്, എവിടേക്കു പോകുന്നുവെന്നറിയാതെ മുന്നോട്ട് നടന്ന്, നെറ്റിയില്‍ യന്ത്രചുറ്റികയുടെ അടിയേറ്റു മരിച്ചു, മാംസപ്പൊതികളായി കടകളിലെത്തുന്ന 'മാടുകള്‍' എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. മനുഷ്യമാംസത്തിന് ഇപ്പോഴും വിലയില്ല. മിശ്രിതവളത്തിന് ഉപയോഗിക്കുന്നുമുണ്ട്. മരണത്തോടെ അവസാനിക്കുന്ന മനുഷ്യജീവിതത്തിന്റെ തുടര്‍ച്ച അഥവാ മരണാനന്തരജീവിതം ഒരു സങ്കല്പമാണ്. യാഥാര്‍ത്ഥ്യം എവിടെയോ മറഞ്ഞുനില്‍ക്കുന്നു. ഭാവിയില്‍, അതിനെ മനുഷ്യന്‍ കണ്ടെത്തുമായിരിക്കാം.

ആലീസ് മന്ദഹസിച്ചുകൊണ്ട് ചോദിച്ചു. ജോസഫ് സാറ് നിരീശ്വരവാദിയാണോ?
അല്ലാ! സന്ദേഹങ്ങളുണ്ട്. മനുഷ്യന്റെ ജീവിതഫലങ്ങള്‍ നക്ഷത്രങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്. സാങ്കല്പിക ദൈവങ്ങളും അനവധിയുണ്ടല്ലോ. എവിടെയാണ് യഥാര്‍ത്ഥ ദൈവം? വിശ്വാസങ്ങളും വിശ്വാസികളും ഭിന്നിക്കുന്നു! സമാന്തരവിശ്വാസങ്ങളില്‍ ഏകോപനമുണ്ടാവില്ല. തലയിലെഴുത്തില്‍ വിശ്വസിക്കുന്നതും യുക്തിഭംഗമാണ്. മക്കളും ബന്ധുക്കളുമൊക്കെയുണ്ടെങ്കിലും, പ്രായമേറുമ്പോള്‍ ഒറ്റപ്പെടുന്നവരാണധികം. ആനന്ദവും ആരോഗ്യവുമറ്റുപോവുകയും, പരസഹായം ആവശ്യമാവുകയും ചെയ്യുമ്പോള്‍, ജീവിതം അവസാനിക്കാന്‍ പ്രാര്‍ത്ഥിക്കുന്നവരില്ലെ? കുടുംബജീവിതത്തെ സന്തോഷത്തിന്റെ സങ്കേതമാക്കിയവന്‍, പ്രായാധിക്യത്തില്‍ ഏകാകിയായാല്‍ ഒഴുകിയെത്തുന്നത് കദനത്തിന്റെ കയത്തിലാണ്! കൈയ്പുള്ള നിരാശയില്‍ നിന്നും അവര്‍ മുക്തരാവില്ല. അപ്പോള്‍, സ്‌നേഹത്തോടെ കൂട്ടുചേര്‍ന്ന് ശുശ്രൂഷിക്കാനും ആശ്വസിപ്പിക്കാനും, ഒരു ഇണ തുണയാകുന്നത് നന്മയല്ലെ? പിന്നിലേക്ക് നോക്കുമ്പോള്‍, ഞാനും ഒരു ഭാഗ്യവാനായിരുന്നു എന്ന് ഓര്‍ക്കാറുണ്ട്. ഞാനിനിയും ജീവിതാനുഭവങ്ങളെക്കുറിച്ച് പറയട്ടെ. ആലീസിന് കേള്‍ക്കേണ്ടതും അതാണല്ലോ.'

എന്റെ പിതാവിന്റെ വ്യാപാരച്ചുമതല ചുമക്കേണ്ടിവന്നതിനാല്‍, ഞാന്‍ കോളേജില്‍ ചേര്‍ന്നില്ല. ഇരുപതാമത്തെ വയസ്സിലായിരുന്നു വിവാഹം. അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് മക്കള്‍-ജെയ്‌സനും, ഷേര്‍ളിയും. അതിനുശേഷം, എലിസബത്തിന്റെ സഹോദരിയുടെ നിര്‍ബന്ധത്താല്‍, ഞങ്ങള്‍ അമേരിക്കയിലെത്തി. ആദ്യവര്‍ഷം ചിക്കാഗോയിലായിരുന്നു. പിറ്റേയാണ്ടില്‍ ഇവിടെ വന്നു. ആരംഭകാലം അദ്ധ്വാനമേറിയതും പീഠാവഹവുമായിരുന്നു. പറിച്ചുനട്ട ജീവിതത്തിന് വേര് പിഠിച്ചപ്പോള്‍, ജോലിയും വാഹനവും സ്വന്തംവീടുമൊക്കെയുണ്ടായി. എന്നിട്ടും, വിശ്രമിച്ചില്ല! എന്റെ എല്ലാ സഹോദരങ്ങളെയും ഈ നാട്ടില്‍ കൊണ്ടുവന്നു. അതിന് ഞങ്ങള്‍ക്ക് കിട്ടിയ പ്രതിഫലത്തില്‍, കണ്ണുനീരും, നന്ദികേടും, പരാതിയും, വിമര്‍ശനവും, വെല്ലുവിളിയും, ശത്രുതയുമൊക്കെയുണ്ട്. ഷേര്‍ളിയുടെ വിദ്യാഭ്യാസവും വിവഹവും കഴിഞ്ഞു. അവര്‍ ടെന്നസ്സിയില്‍ താമസിക്കുന്നു. ജയ്‌സന്‍ എന്‍ജിനീയറാണ്. അവന് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ 'കെയ്‌സി' യെ വിവാഹം ചെയ്തു. അവളുടെ പിതാവ് ഡോക്ടറായിരുന്നു. കൊച്ചിയിലായിരുന്നു അവരുടെ കുടുംബം. എന്റെ വീട്ടില്‍നിന്നും രണ്ട് മണിക്കൂര്‍ നേരം കാറില്‍ യാത്ര ചെയ്താല്‍ ജയ്‌സന്റെ വീട്ടിലെത്താം. ഇരുപത്തിയഞ്ച് വര്‍ഷത്തെ സേവനം കഴിഞ്ഞപ്പോള്‍, ഞാന്‍ പെന്‍ഷന്‍കാരനായി. ഭാര്യയും ജോലി തുടര്‍ന്നില്ല. ഒരു വര്‍ഷത്തോളം ഞങ്ങള്‍ സ്വദേശത്ത് താമസിച്ചു. പിന്നെ ജയ്‌സന്റെ നിര്‍ബന്ധത്താല്‍ വീടും പറമ്പും വിറ്റു. ഞങ്ങള്‍ മടങ്ങിവന്നു. എന്നാല്‍, ആഗ്രഹമനുസരിച്ചുണ്ടാകുന്നതല്ലല്ലോ അപ്രതീക്ഷിത അനുഭവങ്ങള്‍. മുന്നില്‍ പോകണമെന്ന എന്റെ ആഗ്രഹം ഫലിച്ചില്ല. എലിസബത്തിനെ ദൈവം വിളിച്ചു! ദാമ്പത്യജീവിതത്തില്‍ ഒറ്റപ്പെടുന്ന അവസ്ഥ തുര്‍ച്ചയാണ്.
(തുടരും....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക