Image

കുമാറിന്റെ ആത്മഹത്യയും കേരളാ പോലീസിന്റെ കാട്ടാള നീതിയും (ശ്രീനി)

Published on 01 August, 2019
കുമാറിന്റെ ആത്മഹത്യയും കേരളാ പോലീസിന്റെ കാട്ടാള നീതിയും (ശ്രീനി)
ജാതി വിവേചനത്തില്‍ ജീവിതം മടുത്ത ഒരു ചെറുപ്പക്കാരന്‍ ആദിവാസി സിവില്‍ പോലീസ് ഓഫീസറുടെ ആത്മഹത്യ കുറിപ്പിലെ ചില വരികളാണിത്...""കുറ്റവും കുറവുമുണ്ടെങ്കിലും ഞാനും ഒരു മനുഷ്യനാണ്. ജോലിസ്ഥലത്തെ അവഹേളനവും അധിക്ഷേപവും സഹിച്ച് ഇനി ജീവിക്കാന്‍ വയ്യ. എ.ആര്‍ ക്യാമ്പില്‍ കഠിനമായ ജോലികള്‍ ചെയ്യിപ്പിച്ചിരുന്നു. മേലുദ്യോഗസ്ഥര്‍ ക്രമക്കേട് കാണിച്ചു. ക്യാമ്പ് മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ്, സിവിസ് പോലീസ് ഓഫീസര്‍, റൈറ്റര്‍ എന്നിവരാണ് എന്നെ ജീവിക്കാന്‍ അനുവദിക്കാത്തത്. പുതിയ ക്വാര്‍ട്ടേഴ്‌സ് കിട്ടിയെങ്കിലും അവധിയില്‍ പോയപ്പോള്‍ സാധനങ്ങളെല്ലാം എടുത്ത് പഴയ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവന്ന് തള്ളിയിട്ടു. പുതിയ ക്വാര്‍ട്ടേഴ്‌സ് താഴിട്ടു പൂട്ടി...''

കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറും അട്ടപ്പാടി സ്വദേശിയുമായ കുമാറിന്റെ ഈ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതോടെ കോരളാ പോലീസിലെ ക്രിമിനലുകളുടെ മറ്റൊരു മുഖവും വെളിവാക്കപ്പെട്ടിരിക്കുന്നു. കുമാറിന്റെ മരണത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബാംഗങ്ങളുന്നയിക്കുന്നത്. പ്രതികള്‍ പൊലീസുകാരായതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ കുമാറിന്റെ കൈപ്പട തന്നെയാണെന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തന്നോട് പലപ്പോഴായി പറഞ്ഞ കാര്യങ്ങളാണ് മൂന്നുപേജുളള ആത്മഹത്യാക്കുറിപ്പിലുളളതെന്നും തന്റെ ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുമാറിന്റെ ഭാര്യ സജിനി തോരാക്കണ്ണീരോടെ അവശ്യപ്പെടുന്നു.

ആദിവാസിയായതിനാല്‍ പൊലീസ് ക്യാമ്പില്‍ ജാതി വിവേചനം അനുഭവിച്ചിരുന്നത്രേ. ഉന്നത ഉദ്യോഗസ്ഥര്‍ മാനസികമായി ഉപദ്രവിക്കുകയും അധിക ജോലി ചെയ്യിക്കുകയും ചെയ്തിരുന്നു എന്നാണ് ആരോപണം. ക്വാര്‍ട്ടേഴ്‌സികത്തും പീഡനത്തിന് വിധേയനായിരുന്നു എന്ന് കുമാര്‍ പറഞ്ഞിരുന്നു എന്നാണ് ഭാര്യയും ബന്ധുക്കളും പറയുന്നത്. ജാതിയില്‍ കുറച്ച് കാണിക്കുകയും ആദിവാസിയായതിനാല്‍ ബുദ്ധിയില്ലെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്‌തെന്നാണ് ആക്ഷേപം. മാസങ്ങളായി മാനസിക ശാരീരിക പീഡനത്തിന് ഇരയായിരുന്നു. ജോലി സ്ഥലത്ത് ഉണ്ടായ മാനസിക പീഡനം കാരണമാണ് ആത്മഹത്യയെന്നാണ് ഇപ്പോള്‍ വ്യക്തമായിരുക്കുന്നുന്നത്. ജൂലൈ 25ന് രാത്രിയാണ് കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈ 30ന് റെയില്‍വേ ട്രാക്കിന് സമീപം കരിയിലകള്‍ക്കിടയില്‍ നിന്ന് കുമാറിന്റെ സെല്‍ഫോണും ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.

കുമാറിന്റെ വീട്ടുകാരുടെ പരാതിയിന്മേല്‍ പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണവും പുരോഗമിക്കുകയാണ്. ക്യാമ്പിലെ മൊഴിയെടുപ്പും പരിശോധനയും ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് റേഞ്ച് ഡി.ഐ.ജിയുടെ നിര്‍ദ്ദേശം. അസ്വാഭാവിക മരണത്തെക്കുറിച്ച് ഒറ്റപ്പാലം സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കത്തില്‍ കുമാര്‍ പേര് പരാമര്‍ശിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്ന് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

കേരാളാ പോലീസിലെ ഗുണ്ടകള്‍ എക്കാലത്തെയും പോലെ ഇപ്പോഴും നരനായാട്ട് നടത്തിക്കൊണ്ടിരിക്കുന്നു. സമീപകാല സംഭവങ്ങള്‍ അതിന് തെളിവാണ്. ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി കുമാര്‍ (49) മരണമടഞ്ഞത് പോലീസിന്റെ കടുത്ത മൂന്നാം മുറ മൂലമാണെന്ന് ജൂലൈ 30 നടന്ന റീ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നു. മാവേലിക്കര സ്‌പെഷല്‍ സബ്ജയിലില്‍ കുമരകം മഠത്തില്‍ എം.ജെ ജേക്കബിനെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്നും തെളിഞ്ഞിരിക്കുന്നു. കുമാറിനെയും ജേക്കബിനെയും റിമാന്‍ഡ് ചെയ്യും മുമ്പ് അവര്‍ പോലീസിന്റെ ക്രൂരമായ മര്‍ദനത്തിന് ഇരയായിരുന്നു. ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ അടിപിടി കേസ് പരിഹരിക്കുന്നതിന് എരുമേലി സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച കനകപ്പലം ശ്രീനിപുരം പാടിമുറിയില്‍ വിനീത് (21) അതീവ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതും ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

നിയമപാലകര്‍ കാപാലികരാകുന്ന സ്ഥിതി അത്യന്തം ഭീതിജനകമാണ്. കേരളാ പോലീസിന്റെ ലോക്കപ്പ് മുറികളിലും മറ്റും ഇപ്പോള്‍ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നത് ഈ കിരാത വാഴ്ചയാണ്. പിണറായി സര്‍ക്കാരിന്റെ മൂന്നു വര്‍ഷ ഭരണ കാലത്ത് അഞ്ച് കസ്റ്റഡി മരണങ്ങള്‍ നടന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എട്ട് മരണങ്ങളും. അതായത് സര്‍ക്കാരുകള്‍ മാറി മാറി വന്നാലും പോലീസ് നന്നാവുന്നില്ല എന്നര്‍ത്ഥം. സംസ്ഥാനത്ത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 772 പൊലീസുകാരാണ് നിലവിലുള്ളത്. എട്ട് പേര്‍ വനിതകള്‍. കൂടുതലുള്ളത് തിരുവനന്തപുരം റൂറലില്‍- 110 പേര്‍. കുറവ് വയനാട്ടില്‍. 11 പേര്‍.  പൊലീസുകാരുടെ കേസുകളും വകുപ്പുതല അന്വേഷണ പുരോഗതിയും അവലോകനം ചെയ്യാന്‍ പൊലീസ് ആസ്ഥാനത്തു തയാറാക്കിയ കണക്കാണിത്.

കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.വൈ.എസ്.പി വരെയുള്ളവര്‍ പട്ടികയിലുണ്ട്. അഞ്ഞൂറിലധികം പേര്‍ കോണ്‍സ്റ്റബിള്‍മാരാണ്. കുട്ടികളെ പീഡിപ്പിച്ചവരും സ്ത്രീകളോടു മോശമായി പെരുമാറിയവരും ഇക്കൂട്ടത്തിലുണ്ട്. കസ്റ്റഡിമരണക്കേസ്, അടിപിടിക്കേസ്, സ്ത്രീധനക്കേസ് തുടങ്ങിയവയില്‍ ഉള്‍പ്പെട്ടവരും പട്ടികയിലുണ്ട്. ഗുരുതര കേസുകളില്‍ ഉള്‍പ്പെട്ടത് 12 പേരാണ്, പോക്‌സോ കേസ്–മൂന്ന്. പീഡനക്കേസ് അഞ്ച്. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 59 പൊലീസുകാരുണ്ടെന്ന് ഒരു വര്‍ഷം മുന്‍പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഹൈക്കോടതിയുടെ ആവശ്യപ്രകാരം മുദ്ര വച്ച കവറില്‍ 2011ല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പേരുടെ ലിസ്റ്റ് സമര്‍പ്പിച്ചിരുന്നു. ഈ പട്ടികയില്‍ പത്ത് ഡി.വൈ.എസ്.പിമാര്‍ നാല് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ 230 എസ്.ഐമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഈ കൊടും ക്രിമിനലുകള്‍ക്കെതിരെ പോലീസ് നിയമമനുസരിച്ച് ഉടന്‍ നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പുല്ലുപോലെ കാറ്റില്‍ പറത്തുകയായിരുന്നു. ആരെയും പിരിച്ചുുവിട്ടില്ല. പൊലീസുകാര്‍ക്കെതിരായ കേസുകളും വകുപ്പുതല അന്വേഷണവും നടത്തുന്നതു പൊലീസുകാര്‍ തന്നെയാണ്. അന്വേഷണം വൈകിപ്പിച്ച് ഒടുവില്‍ തെളിവില്ലെന്ന പേരില്‍ എഴുതിത്തള്ളുന്നതാണ് നിലവിലെ രീതി.

കുറ്റകൃത്യം തെളിയിക്കുന്ന കാര്യത്തില്‍ സമര്‍ത്ഥര്‍ തന്നെയാണ് കേരളാ പോലീസ്. എന്നാല്‍ ഇവരില്‍ ഒരു വിഭാഗം അസ്സല്‍ ഗുണ്ടകളാണ്. ഏതെങ്കിലും കുറ്റകൃത്യത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരെ ഇത്തരക്കാര്‍ പണവും സ്വാധീനവുമുള്ളവരുടെ പിണിയാളുകളായി ചവുട്ടിയും തൊഴിച്ചും കൂമ്പിനിടിച്ചും ഉരുട്ടിയും കൊലപ്പെടുത്തുന്നു. ഈ നരകാസുരന്മാര്‍ കേരളാ പോലീസിലെ നല്ലവരായവരുടെ പേരിന് കളങ്കം ചാര്‍ത്തുകയാണ് ചെയ്യുന്നത്. കേരളത്തില്‍ കസ്റ്റഡിമരണം ഒരു തുടര്‍ പരിപാടിയാണ്. അടിയന്തിരാവസ്ഥ കാലത്ത് കക്കയം പോലീസ് ക്യാമ്പില്‍ കൊടിയ ഉരുട്ടലിന് വിധേയനായി കൊല്ലപ്പെട്ട എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി രാജനെ, ഒരോ കസ്റ്റഡി മരണം നടക്കുമ്പോഴും മലയാളികള്‍ ഓര്‍ക്കും.

പുത്രവിയോഗത്തില്‍ കണ്ണീരുണങ്ങാതെയാണ് രാജന്റെ പിതാവ് പ്രൊഫ. ഈച്ചര വാര്യര്‍ ആത്യന്തികമായ നീതി ലഭിക്കാതെ അന്ത്യശ്വാസം വലിച്ചത്. കേരളത്തില്‍ നടക്കുന്ന കസ്റ്റഡി മരണങ്ങള്‍ക്കുള്ള ശക്തമായ താക്കീതാണ് വിവാദവിസ്‌ഫോടനമുണ്ടാക്കിയ രാജന്‍ കൊലക്കേസ്. നാല്പത്തിനാല് വര്‍ഷം മുമ്പുണ്ടായ രാജന്റെ കസ്റ്റഡി മരണത്തിലെന്ന പോലെ ഓരോ സംഭവങ്ങളിലും പോലീസ് തെളിവ് നശിപ്പിക്കുന്നു. ഇതിന് കക്ഷിഭേദമെന്യേ രാഷ്ട്രീയ നേതൃത്വവും കൂട്ടുനില്‍ക്കുന്നുവെന്നതാണ് ഏറ്റം അപലപനീയമായ വസ്തുത. കസ്റ്റഡി മരണങ്ങള്‍, പോലീസ് അതിക്രമങ്ങളില്‍ കൊല്ലപ്പെടുന്നവര്‍, പോലീസ് നടപടികള്‍ വൈകുന്നതു മൂലമുണ്ടാകുന്ന മരണങ്ങള്‍ തുടങ്ങി പോലീസിന്റെ വീഴ്ചകള്‍ക്കു വലിയ വിലയാണു സര്‍ക്കാര്‍ നല്‍കുന്നത്. പോലിസിനെ നിലയ്ക്ക് നിര്‍ത്തേണ്ട ആഭ്യന്തരവകുപ്പിന്റെ വീഴ്ചയ്ക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ തന്നെ നല്‍കുന്ന വില. പോലീസ് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷകരാവണം.  അതിനുപകരം ജീവനെടുക്കുന്നവരായാല്‍ പണി പുറത്ത് കിട്ടും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക