Image

പ്രീയങ്ക വരണം കോണ്‍ഗ്രസിന്‍റെ അമരത്തേക്ക്; പ്രതീപക്ഷമില്ലാതെ രാജ്യത്ത് പ്രീയങ്ക ഒരു പ്രതീക്ഷയാണ്

കലാകൃഷ്ണന്‍ Published on 31 July, 2019
പ്രീയങ്ക വരണം കോണ്‍ഗ്രസിന്‍റെ അമരത്തേക്ക്; പ്രതീപക്ഷമില്ലാതെ രാജ്യത്ത് പ്രീയങ്ക ഒരു പ്രതീക്ഷയാണ്


അവസരങ്ങളുടെ ലോകമാണ് രാഷ്ട്രീയം. ആ രാഷ്ട്രീയത്തില്‍ ചില മാജിക്കുകള്‍ ആവശ്യം തന്നെയാണ്. പ്രതീപക്ഷം എന്നൊന്ന് തന്നെയില്ലാത്ത ഇന്ത്യന്‍ രാഷ്ട്രീയം ഇന്ന് ചില മാജിക്കുകളെ ആവശ്യപ്പെടുന്നുണ്ട്. അതിലൊന്നാണ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് പ്രീയങ്കയുടെ കടന്നു വരവ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും, കോണ്‍ഗ്രസിന്‍റെ ബൗദ്ധിക വ്യക്തിത്വം ശശി തരൂരും പ്രീയങ്ക അധ്യക്ഷയാവണം എന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. ഈ ആവശ്യം ഇരുവരും ഉന്നയിക്കുമ്പോള്‍ രാജ്യത്തെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നായ കര്‍ണാടക കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു കഴിഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും ഉടന്‍ തന്നെ കോണ്‍ഗ്രസ് മന്ത്രിസഭകളെ മറിച്ചിടുമെന്നും ഭരണം പിടിക്കുമെന്നും ബിജെപി ഒളിഞ്ഞും തെളിഞ്ഞും പറയുന്നു.  മഹാരാഷ്ട്രയിലും പൊതുവില്‍ ഉത്തരേന്ത്യയിലും കോണ്‍ഗ്രസിന്‍റെ രണ്ടാം നിര നേതാക്കള്‍ അതായത് എംഎല്‍എമാര്‍ പ്രാദേശിക നേതാക്കള്‍ പോലെയുള്ളവര്‍, കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നു. കോണ്‍ഗ്രസ് എന്ന ജനകീയ പ്രസ്ഥാനം എല്ലാ അര്‍ഥത്തിലും അപകടം നേരിടുന്നു.
യഥാര്‍ഥ്യം പരിശോധിച്ചാല്‍ കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് ഇന്ന് ശക്തമായൊരു സംഘടനാ സംവിധാനവും ജനകീയ രാഷ്ട്രീയ ശക്തിയുമായി നില്‍ക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലൊക്കെ തഥൈവയാണ് കാര്യങ്ങള്‍. ഈ സ്ഥിതിയില്‍ പിടിച്ചു നില്‍ക്കാന്‍ ചില മാജിക്കുകള്‍ ആവശ്യമാണ്. ആ മാജിക്കാണ് പ്രീയങ്കയിലൂടെ സാധിക്കുക എന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. 
മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ രണ്ട് തവണ തുടര്‍ച്ചയായി അധികാരത്തില്‍ ഇരുന്നിടത്ത് നിന്ന് ഏത് വിധത്തിലാണ് ബിജെപി അധികാരത്തിലേക്ക് വന്നത് എന്ന് ഓര്‍മ്മിക്കണം. വാജ്പേയി കാലത്തിന് ശേഷം എല്‍കെ അദ്വാനി കൂട്ടിയാല്‍ കൂടുന്നതായിരുന്നില്ല രാജ്യത്തിന്‍റെ ഭരണം പിടിക്കുക എന്ന സാഹചര്യം. എന്നാല്‍ അവിടെ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി എന്ന വികസന നായകന്‍റെ ബ്രാന്‍ഡ് ഉരുവം കൊള്ളുന്നു. ഈ ബ്രാന്‍ഡാണ് ബിജെപിയെ മുന്നോട് നയിച്ചത്. പ്രശാന്ത് കിഷോര്‍ എന്ന തിരഞ്ഞെടുപ്പ് വിദഗ്ധന്‍ നാളുകള്‍ കൊണ്ട് സൃഷ്ടിച്ചെടുത്ത ബ്രാന്‍ഡായിരുന്നു മോദി. മോദിയിതാ രാജ്യത്തെ രക്ഷിക്കുമെന്ന പ്രതീതിയിലേക്ക് പൊതുബോധത്തെ കൊണ്ടു ചെന്നെത്തിക്കുക എന്ന ലളിതമായ പരിപാടി മാത്രമേ ബിജെപിക്ക് വേണ്ടിയിരുന്നുള്ളു.
കോണ്‍ഗ്രസിന് ഇല്ലാതെ പോകുന്നതും മൊത്തം പ്രതിപക്ഷത്തിന് നഷ്ടമാകുന്നതും ബിജെപിക്ക് സാധ്യമാകുന്ന മാജിക്കാണ്. അതായത് പൊതുബോധത്തിന് അനുകൂലമായ രാഷ്ട്രീയ ബ്രാന്‍ഡ് നിര്‍മ്മിക്കുക എന്നത്. വര്‍ഗീയതയും അമിത ദേശിയതയും ബിജെപി അതിന് കൂട്ടുപിടിക്കുന്നു. ഇവിടെ കോണ്‍ഗ്രസ് തീര്‍ച്ചയായും പ്രതീപക്ഷത്താണ്. വര്‍ഗീയതയും അമിത ദേശിയതയും ബിജെപി ബ്രാന്‍ഡിഗിന് ആയുധമാക്കുമ്പോള്‍ മതേതരത്വവും നാനത്വത്തില്‍ ഏകത്വവും കോണ്‍ഗ്രസ് മുന്നോട്ടുവെക്കേണ്ടതുണ്ട്. 
വര്‍ത്തമാനകാല ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധങ്ങളാണ് മതേതരത്വവും നാനത്വത്തില്‍ ഏകത്വവും. നമ്മുടെ എല്ലാ വൈവിധ്യങ്ങളും വ്യത്യസ്തതകളും ബഹുസ്വരതയും നിലനിര്‍ത്തിക്കൊണ്ടു തന്നെ രാജ്യമെന്ന നിലയിലുള്ള സ്വത്വബോധമാണ് ഒരു യഥാര്‍ഥ ഇന്ത്യക്കാരന്‍റെ ദേശിയത. അതൊരിക്കലും ഒറ്റ അച്ചില്‍ തീര്‍ത്ത ഒന്നാകുന്നില്ല. ഏകശിലാത്മകമായ ഒന്നാകുന്നില്ല. ഇത് തന്നെയാണ് ഇന്നിന്‍റെ ഏറ്റവും പവര്‍ഫുളായ രാഷ്ട്രീയം. ഈ രാഷ്ട്രീയം പറയുമ്പോള്‍ അതില്‍ കര്‍ഷകന്‍റെയും ദളിതന്‍റെയും മുസ്ലിമിന്‍റെയും എല്ലാ ജീവിത പ്രശ്നങ്ങള്‍ ഒന്നു ചേരുന്നു. ആ രാഷ്ട്രീയം ബിജെപിയുടെ സവര്‍ണ്ണ രാഷ്ട്രീയത്തോട് മത്സരിക്കാന്‍ ശക്തമത്തായ ഒന്ന് തന്നെയാണ്. 
എന്നാല്‍ വര്‍ത്തമാനകാല ഇന്ത്യയില്‍ ഈ രാഷ്ട്രീയം സംസാരിക്കാനും പ്രവര്‍ത്തിക്കാനും പോന്ന രാഷ്ട്രീയക്കാര്‍ ഇല്ല എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിസന്ധി. പക്ഷെ പ്രീയങ്ക ഇപ്പോള്‍ ഇതിനൊരു അപവാദമായിരിക്കുകയാണ്. ബിജെപിയോട് രാഷ്ട്രീയം സംസാരിക്കാനുള്ള പാകതയിലേക്ക് പ്രീയങ്ക വന്നിരിക്കുന്നു. ബിജെപിക്ക് ഏറ്റവും ശക്തിയുള്ള ഉത്തര്‍പ്രദേശിന്‍റെ ചുമലതയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ തന്നെ അവര്‍ ദേശിയ തലത്തില്‍ ശ്രദ്ധേയമാകുന്ന നിലയില്‍ ബിജെപിയെ വിമര്‍ശിച്ചു തുടങ്ങിയിരിക്കുന്നു. 
കര്‍ണാടകയെ അട്ടിമറിച്ചപ്പോള്‍ പ്രീയങ്ക പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. എല്ലാം വിലക്ക് വാങ്ങാന്‍ കഴിയാത്ത ഒരു ദിവസം ബിജെപിയെ തേടിയെത്തും. അന്ന് ബിജെപി ജനങ്ങളോട് മറുപടി പറയേണ്ടി വരും. രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നതിലൂടെ പതിറ്റാണ്ടുകളായി ജനങ്ങള്‍ അധ്വാനിച്ചും ത്യാഗം സഹിച്ചും കെട്ടിപ്പെടുത്ത ജനാധിപത്യത്തെയാണ് ബിജെപി തകര്‍ക്കുന്നത്. ഇതായിരുന്നു പ്രീയങ്കയുടെ വാക്കുകള്‍. 
ഈ തിരിച്ചറിവ് തന്നെയാണ് ഇന്നത്തെ രാഷ്ട്രീയ നേതാവിന് വേണ്ടത്. ഇന്ത്യന്‍ ജനാധിപത്യമെന്നത് പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ത്യാഗങ്ങളാല്‍ കെട്ടിപ്പെടുത്ത ഒന്നാണ് എന്ന തിരിച്ചറിവ്. ഈ ഗ്രൗണ്ടില്‍ നിന്നാണ് രാഷ്ട്രീയം സംസാരിക്കേണ്ടത്. പ്രീയങ്കയ്ക്ക് അതിനു കഴിയുന്നുണ്ട്. യുപിയില്‍ അവരെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ രാജ്യമൊന്നാകെ പ്രതിഷേധിക്കേണ്ടതായിരുന്നു. പക്ഷെ അതിനു പോലും കഴിയാത്ത നിലയിലേക്ക് കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം അധപതിച്ചു. 
ഇവിടെ തിരിച്ചു വരവിന് പ്രീയങ്കയൊരു മൂര്‍ച്ചയുള്ള ആയുധം തന്നെയാണ്. ഇന്ദിരയെ അനുസ്മരിപ്പിക്കുന്ന അവരുടെ രൂപഗുണം വിട്ടേക്കു. നെഹ്റു കുടുംബത്തിനപ്പുറം കോണ്‍ഗ്രസില്ല എന്നതും വിട്ടേക്കു. പക്ഷെ അതിനെല്ലാം ഉപരിയായി പ്രീയങ്കയ്ക്ക് രാഷ്ട്രീയം സംസാരിക്കാന്‍ കഴിയുന്നു എന്ന് തിരിച്ചറിയണം. അവര്‍ മുന്നില്‍ നിന്നാണ് അത് പുതിയൊരു മാജിക്ക് തന്നെയാണ്. ബിജെപിയോട് പടപൊരുതാന്‍ കോണ്‍ഗ്രസിന് ശേഷി പകരുന്ന മാജിക്ക്. 


Join WhatsApp News
Tom Abraham 2019-07-31 17:09:41
Let priyanka act more by running for office, anywhere , winning not simply talking. Walk the talk, with popularity , votes come political success. Can she prove her magic by moving into the parliament ?
josecheripuram 2019-07-31 20:43:42
Why Sasi Tharoor can't be the congress President? He has seen how the world is, not like  some "KOOPA MADUCOMS"A frog in the well".I will tell you one thing he knows  many world leaders.That's what we  want.If congress want to survive let SASI THAROOR be the next congress President.
josecheripuram 2019-07-31 20:44:46
Why Sasi Tharoor can't be the congress President? He has seen how the world is, not like  some "KOOPA MADUCOMS"A frog in the well".I will tell you one thing he knows  many world leaders.That's what we  want.If congress want to survive let SASI THAROOR be the next congress President.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക