Image

ദര്‍ബാറിന് ശേഷം രജനികാന്ത് ഹിമാലയത്തിലേക്ക്

Published on 31 July, 2019
ദര്‍ബാറിന് ശേഷം രജനികാന്ത് ഹിമാലയത്തിലേക്ക്

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് രാഷ്‍ട്രയപ്രവേശനം പ്രഖ്യാപിച്ച് കുറെ നാളുകളായി. പക്ഷേ സിനിമത്തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് നീങ്ങുകയാണ് രജനികാന്ത്. രജനികാന്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയും ചെയ്യുന്നു. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദര്‍ബാര്‍ പൂര്‍ത്തിയായ ഉടൻ രജനികാന്ത് ഹിമാലയത്തിലേക്ക് തീര്‍ഥാടനത്തിനു പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലയുടെ ചിത്രീകരണം പൂര്‍ത്തിയായ ഉടൻ രജനികാന്ത് ഹിമാലയത്തില്‍ ധ്യാനത്തിനായി പോയിരുന്നു. ദര്‍ബാര്‍ കഴിഞ്ഞാലും രജനികാന്ത് ഹിമാലയത്തിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. തിരിച്ചുവന്നതിനു ശേഷം പുതിയ സിനിമ പ്രഖ്യാപിക്കുമെന്നുമാണ് ആരാധകര്‍ കരുതുന്നത്.

അതേസമയം ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം. അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക