Image

ബാഹുബലിയൊക്കെ അവാര്‍ഡ്‌ നേടുന്നത്‌ ആഭാസം, ദേശീയ ചലച്ചിത്ര പുരസ്‌കാരം അവസാനിപ്പിക്കേണ്ട കാലമായെന്നും അടൂര്‍ ഗോപാലകൃഷ്‌ണന്‍

Published on 31 July, 2019
ബാഹുബലിയൊക്കെ അവാര്‍ഡ്‌ നേടുന്നത്‌  ആഭാസം, ദേശീയ ചലച്ചിത്ര പുരസ്‌കാരം അവസാനിപ്പിക്കേണ്ട കാലമായെന്നും അടൂര്‍ ഗോപാലകൃഷ്‌ണന്‍
ദേശീയ പുരസ്‌കാരം വെറും ആഭാസമായി മാറിക്കഴിഞ്ഞെന്നും അത്‌ അവസാനിപ്പിക്കേണ്ട സമയമായെന്നും പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍.

അവാര്‍ഡ്‌ ആഭാസമായതിനാലാണ്‌ ബാഹുബലിയൊക്കെ അത്‌ നേടുന്നത്‌. അവാര്‍ഡ്‌ നിര്‍ണയ ജൂറി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിക്കഴിഞ്ഞെന്നും അടൂര്‍ ഗോപാലകൃഷ്‌ണന്‍.

ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്‌മയായ കോണ്‍ടാക്ട്‌ `സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ അദ്ദേഹം പറഞ്ഞു.

`എല്ലാ ചുമടുകളും എടുത്തുമാറ്റി സിനിമയെ മോചിപ്പിക്കണം. ദേശീയപുരസ്‌കാരം ഏര്‍പ്പെടുത്തിയത്‌ എന്തിനാണോ അതിന്റെ ആശയംതന്നെ കടപുഴകിയിരിക്കുകയാണ്‌. വെറും ആഭാസമായി മാറി. അതിനാലാണ്‌ `ബാഹുബലി'യൊക്കെ അവാര്‍ഡ്‌ നേടുന്നത്‌.'

`സിനിമയ്‌ക്കുമുമ്പ്‌ സിഗരറ്റ്‌ വലിക്കെതിരേയുള്ള ഭീകരപരസ്യം കണ്ടാല്‍പ്പിന്നെ സിനിമ കാണാന്‍പോലും തോന്നില്ല. അത്ര കുഴപ്പമാണെങ്കില്‍ സര്‍ക്കാരിന്‌ പുകയില ഉത്‌പന്നങ്ങള്‍ നിരോധിച്ചാല്‍പോരെ.

സര്‍ക്കാരിന്‌ സൗജന്യമായി പരസ്യം നല്‍കുന്നതിനുള്ള ഉപാധിയായി സിനിമ മാറി. സിനിമയില്‍ മീന്‍വെട്ടുന്ന രംഗത്തില്‍ ഒരു പൂച്ച ഇരിക്കുന്നതുകണ്ട്‌ വിശദീകരണവും ആനിമല്‍ പ്രൊട്ടക്ഷന്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും ചോദിച്ച സെന്‍സര്‍ബോര്‍ഡ്‌ ഇതൊരു വൈകൃതമാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌.

സിനിമാക്കാരുടെ തോളില്‍ കയറിയല്ല മൃഗസ്‌നേഹം കാണിക്കേണ്ടത്‌.' അടൂര്‍ പറഞ്ഞു.

സിനിമയെപ്പറ്റി ഒന്നും അറിയാത്തവരും പുസ്‌തകംപോലും വായിക്കാത്തവരുമൊക്കെയാണ്‌ സെന്‍സര്‍ബോര്‍ഡില്‍ ഇരിക്കുന്നത്‌. കച്ചവട സിനിമാക്കാര്‍ സെന്‍സര്‍ ബോര്‍ഡിനോട്‌ അടിമമനോഭാവം കാട്ടുന്നത്‌ അവരിതിനെ കലാരൂപമായി കാണാത്തതുകൊണ്ടാണെന്നും അടൂര്‍ കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക