Image

മനം കവരും ഈ തണ്ണീര്‍മത്തന്‍

Published on 31 July, 2019
മനം കവരും ഈ തണ്ണീര്‍മത്തന്‍

സ്‌കൂള്‍ പഠനകാലം എല്ലാവര്‍ക്കും മധുരതരമായ, ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകള്‍ നിറഞ്ഞ ഒരു കാലഘട്ടമാണ്‌.

മലയാള സിനിമയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന സിനിമകള്‍ എക്കാലത്തും വിജയം കൈവരിച്ചിട്ടുമുണ്ട്‌. മലയാളിയുടെ സ്‌കൂള്‍, കലാലയ ജീവിതത്തോടുള്ള ഗൃഹാതുരത്വം നിറഞ്ഞ സ്‌നേഹമാണ്‌ അതിനു കാരണം.

ജോമോന്‍ ടി ജോണ്‌, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ്‌ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച ചിത്രമാണ്‌ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍.

ഒരു സാധാരണ പ്‌ളസ്‌ ടു ജീവിതത്തിന്റെ സ്‌കൂള്‍ അന്തരീക്ഷത്തിലേക്ക്‌ വളരെ അനായാസമായി പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകാന്‍ സംവിധായകന്‍ ഗിരീഷ്‌ന്‌ കഴിഞ്ഞിട്ടുണ്ട്‌.



പലവട്ടം പലരീതിയില്‍ പറഞ്ഞു കേട്ടതാണെങ്കിലും കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ കഥാപരിസരത്തിനും കഥാപാത്രങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്‌.

പ്‌ളസ്‌ വണ്‍ പഠനകാലം ആരംഭിക്കുന്നതോടെയാണ്‌ സിനിമയും ആരംഭിക്കുന്നത്‌. നമ്മുടെ അയല്‍പക്കങ്ങളില്‍ കാണുന്ന നന്നായി പഠിക്കുന്ന ആണ്‍കുട്ടിയെ പോലെ തോന്നിക്കുന്ന ഒരു പയ്യന്‍.

ജെയ്‌സണ്‍ എന്ന പ്‌ളസ്‌ വണ്‍ വിദ്യാര്‍ത്ഥിക്ക്‌ തന്റെ ക്‌ളാസ്‌മേറ്റായ കീര്‍ത്തിയോട്‌ പ്രണയമാണ്‌. തന്റെ ഇഷ്‌ടം അവളോട്‌ തുറന്നു പറഞ്ഞെങ്കിലും ഒട്ടും രസകരമല്ലാത്ത രീതിയിലായിരുന്നു അവളുടെ പ്രതികരണം.

പ്രണയം നിരസിച്ചെങ്കിലും അവന്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. അവളുടെ പ്രണയവും സ്‌നേഹവും നേടിയെടുക്കാന്‍ തന്നാലാവുന്നതൊക്കെ അവന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും വിജയം കാണുന്നില്ല. അവള്‍ വീഴുന്നില്ല.

ഇതിനിടയ്‌ക്കാണ്‌ അവരുടെ സ്‌കൂളില്‍ പുതിയൊരധ്യാപകന്‍ വരുന്നത്‌. വളരെ നല്ല സ്വഭാവം. എല്ലാവര്‍ക്കും പ്രിയങ്കരന്‍. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വലിയ കാര്യം.

പക്ഷേ ജെയ്‌സണു മാത്രം അയാളെ ഇഷ്‌ടപ്പെടാന്‍ കഴിയുന്നില്ല. അതിനു അവന്‌ പല കാരണങ്ങളുണ്ട്‌. ആ കാരണങ്ങളാണ്‌ സിനിമയില രസകരമായി മാറ്റുന്നത്‌.

ആദ്യ പകുതിയില്‍ ജെയ്‌സണും കൂട്ടുകാരും ക്‌ളാസ്‌മുറികളില്‍ ധാരാളം തമാശകള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. വിനീത്‌ ശ്രീനിവാസന്റെ വരവോടെ കഥയില്‍ വീണ്ടും തമാശകള്‍ നിറയുകയായി. ഇടവേളയ്‌ക്കു ശേഷം രസകരമായ പാട്ടുകള്‍ സിനിമയെ സജീവമാക്കുന്നു.

ക്‌ളൈമാക്‌സിനു തൊട്ടു മുമ്പ്‌ കടന്നു വരുന്ന ഒരു ട്വിസ്റ്റ്‌ കഥയുടെ രസം കൂട്ടുന്നുണ്ട്‌. ജെയസണ്‍ എന്ന കൗമാര കഥാപാത്രം അല്‍പം തന്റേടം പ്രകടി#്‌പിക്കുന്നത്‌ അവിടെയാണെന്നു കാണാം.

ഒടുവില്‍ എല്ലാവര്‍ക്കും ഇഷ്‌ടമാകുന്ന ഒരു തീരത്ത്‌ കഥയുടെ വഞ്ചിയടുപ്പിക്കാന്‍ സംവിധായകന്‌ സാധിച്ചിട്ടുണ്ട്‌.

കുമ്പളങ്ങി നൈറ്റ്‌സ്‌ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മാത്യുവാണ്‌ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജെയ്‌സണെ അവതരിപ്പിക്കുന്നത്‌. തികച്ചും സ്വാഭാവികമായ ശരീരഭാഷയും അഭിനയവും കൊണ്ടാണ്‌ മാത്യു തന്റെ കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട്‌.

കീര്‍ത്തിയായി എത്തിയ അനശ്വരയും തന്റെ കഥാപാത്രത്തെ ഏറെ തന്‍മയത്വത്തോടെ അവതരിപ്പിച്ചു. ഇരുവരും ചേര്‍ന്നുള്ള രംഗങ്ങളും ഏറെ രസകരമായിരുന്നു.

സുഹൃത്തുക്കളായി അഭിനയിച്ചവരും വിനീത്‌ ശ്രീനിവാസന്റെ അധ്യാപക വേഷവും ഏറെ മികച്ചതായി. ചില അവസരങ്ങളിലെങ്കിലും വിനീത്‌ ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പെരുമാറ്റങ്ങളില്‍ ഒരു ചെറിയ കല്ലുകടി പ്രേക്ഷകര്‍ക്ക്‌ അനുഭവപ്പെട്ടേക്കാം.

സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ ഒരു കൊച്ചു ചിത്രവുമായെത്തി അതിനെ വിജയത്തേരിലെത്തിക്കാന്‍ സംവിധായകനായ ഗിരീഷിനു കഴിഞ്ഞതില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു.

തിരക്കഥയും സിനിയോട്‌ നീതി പുലര്‍ത്തുന്നതാണ്‌. ജോമോന്‍ ടീ ജോണ്‍, വിനോദ്‌ ഇല്ലമ്പള്ളി എന്നിവരുടെ ഛായാഗ്രഹണവും ചിത്രത്തെ വളരെ മികച്ചതാക്കുന്നതില്‍ നിര്‍ണ്ണായകമായിട്ടുണ്ട്‌. ജസ്റ്റിന്‍ വര്‍ഗീസ്‌ സംഗീത സവിധാനം നിര്‍വഹിച്ച പാട്ടുകള്‍ ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു.

സാധാരണക്കാരായ ആളുകള്‍ കണ്ടും കേട്ടുമറിഞ്ഞ അനുഭവങ്ങളെ അതിഭാവുകത്വമില്ലാതെ സ്വാഭാവികമായി അവതരിപ്പിക്കുന്ന ഇത്തരം ചെറിയ ചിത്രങ്ങള്‍ തീര്‍ച്ചയായും വിജയം അര്‍ഹിക്കുന്നവ തന്നെയാണ്‌.

തണ്ണീര്‍മത്തന്റെ മധുരവും തണുപ്പും നിറഞ്ഞ സ്‌കൂള്‍ ജീവിതത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ സിനിമ കാണാതെ പോകരുത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക