Image

ഇന്ത്യാ രാജ്യത്തിന് അപമാനമായി ഉന്നാവോ കേസിലെ എം.എല്‍.എ (ശ്രീനി)

Published on 31 July, 2019
ഇന്ത്യാ രാജ്യത്തിന് അപമാനമായി ഉന്നാവോ കേസിലെ എം.എല്‍.എ (ശ്രീനി)
ഒരു ജനപ്രതിനിധിയുടേതെന്നല്ല, മനുഷ്യനായി പിറന്നവരുടെ ഭാഗത്തുനിന്ന് ഒരിക്കലുമുണ്ടാവാന്‍ പാടില്ലാത്ത നീചത്വത്തിന്റെ വേദനയാണ് ഉന്നാവോ പെണ്‍കുട്ടിയുടെ വിലാപത്തില്‍ മാറ്റൊലി കൊള്ളുന്നത്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ സാധിക്കാത്ത കാമക്കുടിലതയുടെ ലജ്ജിപ്പിക്കുന്ന സംഭവമാണ് സര്‍വസംഗപരിത്യാഗിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന യേഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് കേള്‍ക്കുന്നത്. ഞരമ്പുരോഗികള്‍ ജനപ്രതിനിധികളാവുന്ന ജീര്‍ണതയിലേയ്ക്ക് ജനാധിപത്യം അവിടെ കൂപ്പുകുത്തിയിരിക്കുന്നു. 

ഡല്‍ഡിയിലെ നിര്‍ഭയ സംഭവത്തിന് മുമ്പും പിമ്പും എത്രയോ ബലാല്‍സംഗങ്ങള്‍ ഭാരത സ്ത്രീകളുടെ ജീവനെടുത്തിരിക്കുന്നു. പക്ഷേ, ഓരോ സംഭവവും മറവിയുടെ പിന്നാമ്പുറമെത്തുന്നതോടെ അടുത്തത് അരങ്ങേറുന്നു.  ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ കണ്ണുനീര് തുടയ്ക്കാന്‍ ഒരു നിയമത്തിനും കഴിയില്ല. എന്നാല്‍ ആ ആത്മശാപത്തിന്റെ തീയിലമരാതെ ആ കാമാന്ധന്‍ ഇഹലോകം വിട്ട് പോവുകയുമില്ല.

ഉത്തര്‍പ്രദേശിലെ മാഖീയില്‍ നിന്ന് 2017 ജൂണ്‍ 11-ാം തീയതിയാണ് ഉന്നാവോ പെണ്‍കുട്ടിയെ കാണാതാകുന്നത്. ഒന്‍പതു ദിവസങ്ങള്‍ക്ക് ശേഷം അവളെ ഔറാലിയാ പ്രദേശത്തു നിന്നു മൃതപ്രായമായ അവസ്ഥയില്‍ കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ഉന്നാവോ ജില്ലയിലെ ബംഗാര്‍മാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെങ്കറും അദ്ദേഹത്തിന്റെ സഹോദരന്‍ അതുല്‍ സിങ്ങും അടങ്ങുന്ന ഒരു കൂട്ടം ആളുകളാണ് തന്നെ തട്ടിയെടുത്ത് തടവിലിട്ടു ഒന്‍പതു ദിവസം ബലാല്‍സംഗം ചെയ്തത് എന്ന് അവള്‍ വെളിപ്പെടുത്തി. ശശി സിങ് എന്ന ആളാണ് തന്നെ അവിടെ എത്തിച്ചതെന്നും അവള്‍ പറഞ്ഞു. 

പ്രദേശത്തെ അതിശക്തനായ കുല്‍ദീപിനെതിരെ കേസെടുക്കാന്‍ പക്ഷെ, രാഷ്ട്രീയക്കാരുടെ ദാസ്യവേലക്കാരായ പോലീസ് തയാറായിരുന്നില്ല. ഓരോ മുട്ട് ന്യായം പറഞ്ഞ് അവര്‍ കേസ് നീട്ടിവെക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ അവസരത്തിലാണ് പ്രഗത്ഭ അഭിഭാഷകന്‍ മഹേന്ദ്രസിംഗ് പെണ്‍കുട്ടിയുടെ രക്ഷയ്ക്ക് എത്തുന്നത്. മഹേന്ദ്രസിങ്ങിന്റെ സഹായത്തോടെ പെണ്‍കുട്ടി നീതിക്കായി പല വാതിലുകള്‍ മുട്ടിയെങ്കിലും ഒന്നും തുറക്കപ്പെട്ടില്ല. ഒടുവില്‍ വിഷയം നേരിട്ട് ഹൈക്കോടതിയില്‍ അവതരിപ്പിക്കപ്പെടും എന്ന സ്ഥിതി വന്നപ്പോള്‍ എം.എല്‍.എ പോറ്റി വളര്‍ത്തുന്ന ഗുണ്ടാ സംഘം അവളുടെ കുടുംബത്തിന് നേരെ തിരിഞ്ഞു. പിന്നെ സിനിമയെ വെല്ലുന്ന സീനുകളാണ് അരങ്ങേറിയത്.

പെണ്‍കുട്ടിയുടെ വീട് പോലീസ് റെയ്ഡ് ചെയ്യുകയും അനധികൃതമായി ആയുധം കൈവശം വച്ചു എന്ന് ആരോപിച്ച് അവളുടെ പിതാവിനെ അവര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.  പോലീസ് പെണ്‍കുട്ടിയുടെ പിതാവിനെ കൃത്യമായി കുടുക്കി. ജാമ്യമില്ലാ കുറ്റത്തിന് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തു. തനിക്കും കുടുംബത്തിനും നീതി ലഭിക്കില്ല എന്ന് ഉറപ്പാക്കിയ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. പിടിച്ചു നില്‍ക്കാന്‍ നിവൃത്തിയില്ലാതെ കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിക്കപ്പെട്ടു. ഇതിനിടെ ജയിലില്‍ ക്രൂരമായ മര്‍ദനമുറകള്‍ക്ക് വിധേയനായ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ കൃത്രിമമാണെന്നാരോപിച്ചച്ച് അവളുടെ അമ്മാവനും അമ്മയും അറസ്റ്റ് ചെയ്യപ്പെട്ടു. അമ്മ പിന്നീട് ജാമ്യം നേടി ജയില്‍ മോചിത ആയെങ്കിലും അമ്മാവനെ വിട്ടയച്ചിരുന്നില്ല.

സി.ബി.ഐ ഈ വിഷയത്തില്‍ നാല് എഫ്.ഐ.ആര്‍ തയാറാക്കുകയും സ്‌പെഷ്യല്‍ കോടതിയില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. തട്ടിക്കൊണ്ടു പോകല്‍, കൂട്ട ബലാല്‍സംഗം, ജയിലിലെ കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ക്ക് കുല്‍ദീപ് എം.എല്‍.എ അറസ്റ്റ് ചെയ്യപ്പെട്ടു. തടവറയില്‍ ആയെങ്കിലും കുല്‍ദീപിന്റെ പ്രതികാര ദാഹം അടങ്ങിയില്ല. പെണ്‍കുട്ടിയെ ഒഴിവാക്കാതെ തനിക്ക് രക്ഷയില്ലെന്ന് മനസിലാക്കിയ ആ കൊടും കുറ്റവാളി തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരുന്നു...അയാള്‍ കൊണിയൊരുക്കി കാത്തിരുന്നു.

റായ്ബറേലി ജയിലില്‍ കഴിയുന്ന അമ്മാവനെ കാണാന്‍ തന്റെ അമ്മയോടും അമ്മായിയോടും ഒപ്പം അഭിഭാഷകന്‍ മഹേന്ദ്ര സിങ് ഓടിക്കുന്ന കാറില്‍ 2019  ജൂലായ് 28ന് പെണ്‍കുട്ടി പുറപ്പെട്ടു. റായ്ബറേലി ഹൈവേയില്‍ വച്ച് എതിരെ വന്ന ട്രക്ക് ഇടിച്ച് പെണ്‍കുട്ടിയുടെ അമ്മായിയും  മറ്റൊരു ബന്ധുവായ സ്ത്രീയും തല്‍ക്ഷണം കൊല്ലപ്പെട്ടു. അതീവ ഗുരുതരാവസ്ഥയില്‍ ലക്‌നോവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും അമ്മയും മഹേന്ദ്രസിങ്ങും ഗുരുതരാവസ്ഥയിലാണ്. ട്രക്കിന്റെ നമ്പര്‍ തത്സമയം മറച്ചു വച്ചിരുന്നു എന്ന് സാക്ഷികള്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇത് ആസൂത്രിതമായ അപകടമാണെന്ന് അറിയാന്‍ ഏറെ തെളിവുകള്‍ വേണ്ട.  

സൃഷ്ടിക്കപ്പെട്ട കാറപകടം വിവാദമായതോടെ മുഖം രക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുല്‍ദീപ് സിംഗ് സെങ്കറിന് എതിരെ കൊലക്കുറ്റം ചുമത്തി. ഈ കാപാലികന് പുറമേ സഹോദരന്‍ മനോജ് സിംഗ് സെങ്കറിനും മറ്റ് എട്ട് പേര്‍ക്കുമെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വാഹനാപകട കേസ് സി.ബി.ഐയ്ക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് നേരത്തേ ലഖ്‌നൗ ഡി.ഐ.ജി വ്യക്തമാക്കിയിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഉന്നാവോയിലെത്തി, പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടു. ബലാത്സംഗ കേസ് നിലവില്‍ സി.ബി.ഐയാണ് അന്വേഷിക്കുന്നത്. ഇതിനോട് അനുബന്ധ കേസായിത്തന്നെ വാഹനാപകടക്കേസും അവര്‍ ന്വേഷിക്കും. 

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. അതേസമയം, പെണ്‍കുട്ടിയുടെ കൂടെ സഞ്ചരിച്ചിരുന്ന അഭിഭാഷകന്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഒറ്റനോട്ടത്തില്‍ അപകടമാണന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. പക്ഷേ കേസില്‍ ദുരൂഹതയുണര്‍ത്തുന്ന നിരവധി കാര്യങ്ങള്‍ ഇപ്പോഴുമുണ്ട്. പെണ്‍കുട്ടിയുടെ കാറിലിടിച്ച ട്രക്കിലെ നമ്പര്‍ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചിരുന്നു. ഇതെന്തുകൊണ്ട് എന്ന കാര്യത്തില്‍ ഇതുവരെ പൊലീസിന് വ്യക്തത വന്നിട്ടില്ല. രണ്ട്, പെണ്‍കുട്ടിയോടൊപ്പം 24 മണിക്കൂറും സഞ്ചരിക്കേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകടസമയത്ത് കാറിലുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബം തന്നെ കാറില്‍ സ്ഥലമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടെ വരേണ്ടെന്നും പറയുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. 

അതേസമയം, അപകടത്തിന് പിന്നില്‍ കുല്‍ദീപ് സിംഗ് സെങ്കറും കൂട്ടാളികളും തന്നെയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവര്‍ത്തിക്കുന്നു. പല തവണ എം.എല്‍.എയുടെ കൂട്ടാളികള്‍ കോടതിയില്‍ വച്ചും പുറത്തും ഭീഷണി മുഴക്കിയെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ജയിലിലാണെങ്കിലും എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കറിന്റെ പക്കല്‍ ഫോണുണ്ടെന്നും എല്ലാ കാര്യങ്ങളും എം.എല്‍.എ നിയന്ത്രിക്കുന്നത് ഫോണ്‍ വഴിയാണെന്നും പെണ്‍കുട്ടിയുടെ സഹോദരി ആരോപിക്കുന്നു. പെണ്‍കുട്ടിയെയും കുടുംബത്തെയും ജയിലിലുള്ള കുല്‍ദീപ് സിങ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. 

2017 ജൂണ്‍ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ കുല്‍ദീപ് സെങ്കര്‍ ബലാത്സംഗം ചെയ്‌തെന്നാണ് സി.ബി.ഐയുടെ കണ്ടത്തല്‍. എല്‍.എല്‍.എക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതിതേടി പെണ്‍കുട്ടിയും പിതാവും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് ഈ ഹീനകൃത്യം പുറംലോകമറിഞ്ഞത്. തനിക്കെതിരായ ബലാല്‍സംഗ കേസില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് എം.എല്‍.എ ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി നാളെ (ഓഗസ്റ്റ് 1) കേസ് പരിഗണിക്കും.
ഇന്ത്യാ രാജ്യത്തിന് അപമാനമായി ഉന്നാവോ കേസിലെ എം.എല്‍.എ (ശ്രീനി)
Join WhatsApp News
Babu Parackel 2019-07-31 12:20:11
എന്റെ ഒരുകൂട്ടുകാരനുമായി ഇന്നലെ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കമന്റാണ് താഴെ അതേപടി കൊടുക്കുന്നത്. ഇങ്ങനെ ചിന്തിക്കുന്നവരും നമ്മുടെ ഇടയിലുണ്ടെന്നു മനസ്സിലാക്കുക.

ജയ് ശ്രീറാം!
സർവാദരണീയനായ യോഗി ആദിത്യനാഥിനെയും ബിജെപി യെയും കരിതേച്ചു കാണിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് അനുഭാവികളായ മാധ്യമങ്ങൾ നടത്തുന്നത്. ഇന്ത്യയിൽ ആദ്യമായിട്ടാണോ ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നത്? ജനപ്രതിനിധിയോ ഗ്രാമ പ്രമുഖരോ ഗ്രാമത്തിലെ ഒരു പെൺകുട്ടിയെ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുന്നതൊക്കെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണമാണ്. അവരാണ് ബിജെപിയുടെ വോട്ടുബാങ്ക്. അതുകൊണ്ട് ഇതൊക്കെ മൗനമായി അനുവദിച്ചുകൊടുത്തിട്ടുള്ളതാണ്. സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരമാണ് ഈ പ്രശ്നങ്ങളൊക്കെ ഇത്രയും വലുതാക്കി കാണിക്കുന്നത്. നിങ്ങളൊക്കെ എന്തെല്ലാം എഴുതിയാലും ഒരുചുക്കും അവിടെ സംഭവിക്കില്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. നിങ്ങൾ കിടന്നു കുരച്ചോളൂ. പ്രധാനമന്ത്രി ഇതുവരെ ഒരക്ഷരം മിണ്ടിയില്ലല്ലോ.മിണ്ടില്ല! അതാണ് ഞങ്ങളുടെ കരുത്തും. സിബിഐ ഞങ്ങളുടെ ചൊല്പടിയിലാണ്. അല്ലെങ്കിൽ ആക്കും. നിങ്ങളൊക്കെ വേറെ വല്ല പണിയും നോക്ക്.
എന്തൊരു കൂട്ടുകാരന്‍? 2019-07-31 12:43:25
 ഇത്തരം ഒരു കൂട്ടുകാരന്‍ നിങ്ങള്ക്ക് ഉണ്ട് എങ്കില്‍ നിങ്ങളും അ തരക്കാരന്‍ എന്ന് മറ്റുള്ളവര്‍ കരുതും മിസ്ടര്‍ പാറക്കല്‍ 
 'tell me who your friends are; i can tell you who you are' remember the saying?
Naradan  
Babu Parackel 2019-07-31 19:20:50
Thank you, Naradan.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക