Image

മുത്തലാഖ് ബില്ല് പാസായിട്ടും ബഹുഭാര്യത്വത്തിന് അറുതിയില്ല (ശ്രീനി)

Published on 30 July, 2019
മുത്തലാഖ് ബില്ല് പാസായിട്ടും ബഹുഭാര്യത്വത്തിന് അറുതിയില്ല (ശ്രീനി)
മൂന്നു തവണ തലാഖ് ചൊല്ലി മുസ്ലീം പുരുഷന്‍ മുസ്ലീം സ്ത്രീയെ വിവാഹമോചനം ചെയ്യുന്ന പരമ്പരാഗത ആചാരം, ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കിയിരിക്കുന്നു. ബില്ല് ഇക്കഴിഞ്ഞ ജൂലൈ 25ന് ലോക്‌സഭയില്‍ പാസായെങ്കിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ പരാജയപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ അനൈക്യം മൂലം 84 നെതിരേ 99 വോട്ടിന് ബില്ല് പാസാവുകയായിരുന്നു. വാക്കിലൂടെയോ രേഖാമൂലമോ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെയോ ഒറ്റയടിക്ക് മൂന്ന് തലാഖും ചൊല്ലുന്നത് നിയമം മൂലം നിരോധിക്കാനുള്ളതാണ് ബില്ല്. ഏകസിവില്‍ കോഡ് നടപ്പാക്കുക എന്ന ആര്‍.എസ്.എസ് ആശയത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പാണ് മുത്തലാഖ് ബില്ലെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ബില്ല് പാസാക്കിയത് മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ വിജയമായി അവകാശപ്പെടുന്നു.

അനിവാര്യ സാഹചര്യത്തില്‍ മാത്രമാണ് ഇസ്‌ലാം വിവാഹ മോചനം  അനുവദിച്ചതെന്നും വിവാഹമോചനം ചെയ്യുന്നതില്‍ മാനുഷികമായ വശങ്ങള്‍ പഠിപ്പിക്കുകയും ചെയ്ത ശരീഅത്ത് നിയമവും അനുബന്ധമായ സിവില്‍ നിയമവും ഉണ്ടെന്നിരിക്കെ ക്രിമിനല്‍ വകുപ്പ് കൊണ്ടുവന്ന് മുസ്‌ലിം പുരുഷന്മാരെ ജയിലിലടക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു. ബില്ല് മുസ്ലീം സമുദായത്തെ ദ്രോഹിക്കാനായി ബി.ജെ.പി കൊണ്ടുവന്നതാണെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വാദിച്ചത്. ഏതായാലും ബില്‍ പാസായതോടെ മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമായി മാറിയിരിക്കുകയാണ്. മൂന്ന് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ ലഭിക്കുക. നേരത്തെ 78നെതിരെ 302 വോട്ടുകള്‍ക്ക് ലോക്‌സഭയില്‍ ബില്‍ പാസാക്കിയിരുന്നു.

നേരത്തെ മുത്തലാഖ് നിരോധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. ഇനി ബില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. അതേസമയം സുപ്രീം കോടതിയുടെ മുത്തലാഖ് വിധിക്ക് ശേഷം രാജ്യത്ത് 574 അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ ഇത് ക്രിമിനല്‍ കുറ്റമാക്കിയ ശേഷം 101 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ബില്ല് ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. എന്നാല്‍, ഇത്തവണ ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ബഹളം വച്ചെങ്കിലും വോട്ടെടുപ്പ് വേളയില്‍ ഐക്യമില്ലാത്തത് ഭരണ കക്ഷിക്ക് സഹായകമായി. 

സിവില്‍ വിഷയം ക്രിമിനല്‍ വിഷയമാക്കുന്നതാണ് മുത്തലാഖ് നിരോധന ബില്ല്. ഇത് ഫാസിസ്റ്റ് സമീപനമാണെന്നാണ്  മുസ്ലീം സംഘടനകള്‍ കുറ്റപ്പെടുത്തുന്നത്. അറബിയില്‍ ഇസ്‌ലാമിലെ വിവാഹമോചനത്തെ കുറിക്കാന്‍ ഉപയോഗിക്കുന്ന തലാഖ് എന്ന വാക്ക് ഉപയോഗിച്ചുള്ള ഒരു പദമാണ് മുത്തലാഖ്. മു എന്നതുകൊണ്ട് മൂന്ന് എന്ന് അര്‍ത്ഥമാക്കുന്നു. ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്ത്രീയുമായി വിവാഹ ബന്ധം വേര്‍പെടുത്താനുള്ള അവസരങ്ങള്‍ മൂന്ന് പ്രാവശ്യമായി നിജപ്പെടുത്തിയിരിക്കുന്നു. അത് മൂന്നും ഒരുമിച്ച് നിര്‍വ്വഹിക്കല്‍ ഇസ്‌ലാമിക ദൃഷ്ടിയില്‍ തെറ്റാണെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഭൂരിപക്ഷം മുസ്ലീങ്ങളും അനുവര്‍ത്തിച്ചു പോരുന്ന രീതിയും മൂന്ന് തലാഖും വ്യത്യസ്ത സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലുമായിട്ട് തന്നെ. മൂന്ന് വിവാഹ മോചനവും ഒരുമിച്ച് നിര്‍വ്വഹിക്കുന്നത് ദുരാചാരമായി കരുതപ്പെടുന്നു.

ഒരു സ്ത്രീയുമായി വിവാഹമോചനം തേടുകയും മനസ്സ് മാറി വീണ്ടും അവളെ സ്വീകരിക്കുകയും വീണ്ടും രണ്ട് പ്രവശ്യം കൂടി ഇത് ആവര്‍ത്തിക്കുകയും ചെയ്താല്‍ ആ സ്ത്രീയെ പിന്നീട് വിവാഹം കഴിക്കല്‍ നിഷിദ്ധമാണ്. അല്ലെങ്കില്‍ അവള്‍ വീണ്ടും വിവാഹം ചെയ്ത് വിവാഹമോചനത്തിന്റെ കാരണങ്ങള്‍ സംജാതമായാല്‍ അവര്‍ വേര്‍പിരിഞ്ഞതിന്റെ ശേഷം ആദ്യത്തെയാള്‍ക്ക് വിവാഹം കഴിക്കാം. എന്നാല്‍ ഈ അവസരം മുതലെടുത്ത് ഒരാളെ ചട്ടം കെട്ടി വിവാഹം കഴിപ്പിച്ച് തലാഖ് ചൊല്ലിപ്പിച്ച് വീണ്ടും കല്ല്യാണം കഴിക്കുന്നത് ഇസ്‌ലാമിക ദൃഷ്ടിയില്‍ അനാചാരമാകുന്നു. നിയമത്തെ മറികടക്കാനുള്ള ഇത്തരം ദുരാചാരങ്ങള്‍ക്ക് പറയുന്ന പേരാണ് ഇടക്കെട്ട്.

മുത്തലാഖ് നിരോധന ബില്ലിന് പിന്നാലെ മുസ്ലിം സമുദായത്തിലെ പുരുഷന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാരാകാം എന്ന സ്ഥിതി കൂടി അവസാനിപ്പിക്കണം എന്ന മുസ്ലീം സ്ത്രീകളുടെ ആവശ്യത്തിനും വളരെ പഴക്കമുണ്ട്. മുത്തലാഖ് നിരോധിക്കപ്പെട്ടതോടെ പുതിയൊരു തുടക്കമാകും എന്ന് കരുതുന്നവരാണ് ബഹുഭാര്യാത്വം കൂടി അവസാനിപ്പിക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നത്. മുത്തലാഖിനെക്കാള്‍ കഷ്ടമാണ് മുസ്ലിങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വം എന്ന് ആക്ഷേപമുണ്ട്. മുസ്ലീങ്ങള്‍ക്കിടയില്‍ ബഹുഭാര്യാത്വം നിരോധിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന നിയമപരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശ വെച്ചിരുന്നു. എന്നാല്‍ അന്ന് കമ്മീഷന്‍ സമര്‍പ്പിച്ച കരട് നിയമത്തിലുള്ള ഭൂരിഭാഗം നിര്‍ദ്ദേശങ്ങളെയും മതസംഘടനകള്‍ ഒരേസ്വരത്തില്‍ എതിര്‍ക്കുകയായിരുന്നു. പുരുഷന് രണ്ടാമത് വിവാഹം ചെയ്യണമെങ്കില്‍ ആദ്യ ഭാര്യയുടെ സമ്മതപത്രം വേണമെന്നായിരുന്നു ഇതിലെ ഒരു നിര്‍ദേശം. രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം തേടുകയെന്നത് തീര്‍ത്തും ഇസ്ലാമികമായ കാര്യമാണെന്നാണ് സ്ത്രീ സംഘടനകളുടെ അഭിപ്രായം.

ഇബ്രാഹിം നബി ആദ്യഭാര്യയില്‍ നിന്നും സമ്മതം വാങ്ങിയാണ് രണ്ടാമത് വിവാഹം കഴിച്ചതെന്ന ഉദാഹരണമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഖുറാനിലും ഈ നിര്‍ദേശമാണത്രെ ഉള്ളത്. "നിക്കാഹ് ഹലാല' എന്ന സ്ത്രീവിരുദ്ധ നിയമത്തിനെതിരെയും സ്ത്രീ സംഘടനകള്‍ മുന്നോട്ട് വരുന്നുണ്ട്. വിവാഹമോചനം നേടിയ ദമ്പതികള്‍ തമ്മില്‍ വീണ്ടും വിവാഹം കഴിക്കുന്നിനെക്കുറിച്ചുള്ള ശരിയത്ത് നിയമമാണിത്. വിവാഹബന്ധം വേര്‍പ്പെടുത്തിയ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് ആ ബന്ധം വേര്‍പ്പെടുത്തിയാല്‍ മാത്രമേ പുനര്‍വിവാഹം സാധ്യമാകൂ എന്ന സ്ത്രീവിരുദ്ധ നിയമമാണിത്. മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നീ വിഷയങ്ങളില്‍ നിയമവശങ്ങള്‍ കോടതിയുടെ പരിഗണനയിലാണ്. ലിംഗസമത്വം, മതേതരത്വം എന്നിവയ്ക്ക് വിരുദ്ധമാണ് നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും മുത്തലാഖും എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ വാദം. എന്നാല്‍ വിവാഹമോചനങ്ങള്‍ കൂടാതിരിക്കാനുള്ളതാണ് നിക്കാഹ് ഹലാല പോലുള്ള നിയമങ്ങള്‍ എന്ന് ഇതിനെ അനുകൂലിക്കുന്നവരും പറയുന്നു.

ദാമ്പത്യം ഏതു തരത്തിലും പൊരുത്തപ്പെട്ടു പോകാന്‍ പറ്റാത്തൊരു സാഹചര്യത്തില്‍ അത്രമേല്‍ വെറുപ്പോടെ ദൈവം അനുവദിച്ചൊരു കാര്യമാണ് വിവാഹമോചനമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ആദ്യം മാനസികമായുള്ള അകല്‍ച്ചയും പിന്നീടത് ശാരീരികമായുള്ള അകല്‍ച്ചയും, ഇടയ്ക്കു ഒന്നിച്ചു ചേരാനുള്ള കുടുംബങ്ങള്‍ ഇടപെട്ടുള്ള മധ്യസ്ഥ ചര്‍ച്ചകളും തുടങ്ങി അതി സങ്കീര്‍ണ്ണമായ ഒട്ടനവധി കടമ്പകള്‍ പിന്നിട്ടാണ് വാസ്തവത്തില്‍ വിവാഹ മോചനം എന്ന കര്‍മം ഇസ്ലാം അനുവദിക്കുന്നുള്ളൂ. കാലക്രമേണ മനുഷ്യര്‍ അവനവന്റെ സൗകര്യ പൂര്‍ണ്ണമായൊരു തലത്തിലേക്ക് ഈ നിയമങ്ങളെ കൊണ്ടെത്തിക്കുകയും തല്‍ഫലമായി മുത്തലാഖ് പോലെയുള്ള തീര്‍ത്തും സ്ത്രീവിരുദ്ധവും അവിവേകവുമായ പല നിയമങ്ങളും ഇസ്ലാമില്‍ കടന്നു കൂടുകയും ചെയ്തു. അതിന്റെ ഫലമാണ് പുതുരീതികളായ വാട്‌സാപ്പ് തലാഖുകളും വെള്ള പേപ്പറില്‍ രേഖപ്പെടുത്തുന്ന ചില തലാഖുകളുമൊക്കെ.

വര്‍ഷങ്ങളോളം കൂടെ കഴിഞ്ഞ ഭാര്യയെ ഒരു ഫോണ്‍ കോളിലൂടെയോ അല്ലെങ്കില്‍ ഒരു പേപ്പര്‍ തുണ്ടിലൂടെയോ മൊഴി ചൊല്ലി അതിനെ മുത്തലാഖ് എന്നൊരു ഓമനപ്പേരും നല്‍കി ആധികാരികതയുണ്ടാക്കാന്‍ ശ്രമിക്കുന്നിടത്താണ് ഒരു കാടന്‍ നിയമം നടപ്പിലാക്കപ്പെടുന്നത്. ഇവിടെ ഇരകള്‍ക്ക് മതപരവും നിയപരവുമായ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. എല്ലാ മതാനുയായികള്‍ക്കും സ്വന്തം വിശ്വാസമനുസരിച്ച് മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവസരം അനുവദിക്കുന്നു എന്ന ഇന്ത്യന്‍ സെക്യുലറിസത്തിന്റെ സവിശേഷാധികാരവും ഇസ്ലാമിക നിയമപ്രകാരം ഒരു സ്ത്രീക്ക് കിട്ടേണ്ട നീതിയും ഒരുപോലെ നിഷേധിക്കപ്പെടുന്ന അവസ്ഥയും ഇത്തരം തലാഖിലൂടെ നടപ്പിലാവുന്ന കാഴ്ചയും സര്‍വ സാധാരണമായ സാഹചര്യത്തിലാണ് മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസായിരിക്കുന്നത്.

Join WhatsApp News
josecheripuram 2019-07-31 19:56:03
All the religions are made by Man.he conveniently made rules according to his choice.Christ questioned the High Priests&you know what happened to him?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക