Image

അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ പൊറുക്കണം; നെടുമുടി വേണുവിനോട്‌ മാപ്പു ചോദിച്ച്‌ തിലകന്റെ മകള്‍

Published on 29 July, 2019
അച്ഛന്റെ വാക്കുകള്‍  വേദനിപ്പിച്ചെങ്കില്‍ പൊറുക്കണം; നെടുമുടി വേണുവിനോട്‌ മാപ്പു ചോദിച്ച്‌ തിലകന്റെ മകള്‍

നടന്‍ തിലകനും നെടുമുടി വേണുവും തമ്മിലുള്ള പിണക്കം പ്രസിദ്ധമാണ്‌. ഇപ്പോഴിതാ ആ പിണക്കം തീര്‍ക്കാന്‍ തിലകന്റെ മകളായ സോണിയ തന്നെ നേരിട്ട്‌ എത്തി. 

അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ തന്നോട്‌ ക്ഷമിക്കണമെന്ന്‌ നെടുമുടി വേണുവിനോട്‌ സോണിയ പരസ്യമായി മാപ്പ്‌ ചോദിച്ചു. നെടുമുടി എഴുന്നേറ്റ്‌ അടുത്തുചെന്ന്‌ സോണിയയെ ആശ്വസിപ്പിക്കുകയും ചെയ്‌തു. 

കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കിങ്ങിണിക്കൂട്ടം കാന്‍സര്‍ കെയര്‍ സൊസൈറ്റി ഇന്നലെ കോട്ടണ്‍ഹില്‍ എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ്‌ വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്‌.

എന്റെ അച്ഛനും വേണു സാറും തമ്മിലുള്ള തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരുന്ന നാളുകളില്‍ ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂര്‍ക്കാവിലുള്ള എന്റെ ക്ലിനിക്കില്‍ ചികിത്സയ്‌ക്ക്‌ വന്നു. 

വേണു സാറിനോട്‌ എനിക്കും വെറുപ്പ്‌ തോന്നിയ നാളുകള്‍. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ എന്നോട്‌ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനെത്രയോ ചെറുതായി എന്നെനിക്ക്‌ തോന്നി'.

`തിലകന്‍ ചേട്ടനും എന്റെ ഭര്‍ത്താവും തമ്മില്‍ പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവുമെന്നും നമ്മുടെയിടയില്‍ അതൊന്നും ഉണ്ടാവരുതെന്നും ക്ലിനിക്കില്‍ നിന്ന്‌ ഇറങ്ങാന്‍ നേരം അവര്‍ പറഞ്ഞു.

 അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു...'സോണിയ പറഞ്ഞു.

ലോഹിതദാസ്‌ തിരക്കഥ എഴുതിയ ഭരതം, ഹിസ്‌ ഹൈനസ്‌ അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്നൊരു ആക്ഷേപം സിനിമാലോകത്തുണ്ടായിരുന്നു.

 തിലകന്റെ ആരോപണം തന്നെ വേദനിപ്പിച്ചെന്ന്‌ നെടുമുടി വേണു മുമ്പ്‌ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്‌. അതിനാല്‍ തന്നെ ഇരുവരും പിണക്കത്തിലുമായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക