Image

മേജർ രവി മുതൽ ജസ്റ്റിസ് ചിദംബരേഷ് വരെയുള്ളവർ കേൾക്കാൻ; സംവരണം ആരുടെയും ഔദാര്യമല്ല, മറിച്ച് ഒരു ജനതയുടെ അവകാശം തന്നെയാണ്

കലാകൃഷ്ണൻ Published on 28 July, 2019
മേജർ രവി മുതൽ ജസ്റ്റിസ് ചിദംബരേഷ് വരെയുള്ളവർ കേൾക്കാൻ; സംവരണം ആരുടെയും ഔദാര്യമല്ല, മറിച്ച് ഒരു ജനതയുടെ അവകാശം തന്നെയാണ്

സാമൂഹിക ജാതി സംവരണത്തെ ഇനി സാമ്പത്തിക സംവരണമായി മാറ്റുന്നതിനായി പരിശ്രമിക്കണമെന്ന മട്ടിലുള്ള കേരളാ ഹൈക്കോടതി ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസംഗത്തോടെ സംവരണം വീണ്ടും ചർച്ചകളിലേക്ക് കടന്നു വന്നിരിക്കുന്നു. ബ്രാഹ്മണർ എന്തോ കൂടിയ ആളുകളാണെന്നും മട്ടിലുള്ള ഒരു പ്രസംഗമാണ് തമിഴ് ബ്രാഹ്മണ ആഗോള സമ്മേളനത്തിൽ ഭരണഘടനാ പദവിയിലുള്ള ഒരു ജസ്റ്റിസ് തട്ടിവിട്ടത്. അതിൽ വലിയ കാര്യമൊന്നുമില്ല. ഇതിനേക്കാൾ ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ മനസിൽ വെച്ചു പുലർത്തുന്നവരാണ് നമ്മുടെ അധികാര സ്ഥാനത്ത് ഇരിക്കുന്നവരിൽ മിക്കവരും. പട്ടാളത്തിൽ മേജറായിരുന്ന സിനിമാ സംവിധായകൻ മേജർ രവി എന്തിനാണ് ഈ ജാതി സംവരണം എന്ന് എത്രയോ നിഷ്‌കളങ്കമായിട്ടാണ് ചോദിച്ചത്. സത്യത്തിൽ ചിദംബരേഷിനും മേജർ രവിക്കുമൊന്നും എന്തിനാണ് ജാതി സംവരണം എന്ന് ഇപ്പോഴും അറിയില്ല. അവരുടെ കാഴ്ചയിൽ സവർണ ജാതിക്കാരായ അവരുടെ അവകാശങ്ങൾ അവരോളം ബുദ്ധിയില്ലാത്തവർ അവരോളം അധ്വാനിക്കാതെ തട്ടിയെടുക്കുന്ന ഒരു പരിപാടിയാണ് സംവരണം. ജാതി സംവരണം തങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നു എന്ന് പരിതപിക്കാത്ത ഒരു സവർണ്ണനെപ്പോലും കാണാൻ കഴിയില്ല എന്നതാണ് ഇന്ത്യയിലെ യഥാർഥ്യം.
ഈ നിലവിളികളുടെ അവസാനത്തെ ഒറ്റബുദ്ധി പരിപാടിയാണ് സാമ്പത്തിക സംവരണം. സമ്പത്തിന്റെ അളവ് കോൽ വെച്ച് സംവരണം നിശ്ചയിക്കുക. അതോടെ മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്കെല്ലാം സംവരണം ലഭിക്കുന്നു. രാജ്യം നീതിയിലേക്ക് പോകുന്നു. ഇതാണ് ചിതംബരേഷ് മുതൽ മേജർ രവി വരെയുള്ളവരുടെ യുക്തി. 
എന്നാൽ ഇന്ത്യൻ ഭരണഘടന എന്തിനാണ് ജാതി സംവരണം പ്രയോഗത്തിൽ കൊണ്ടു വന്നത് എന്ന് മാത്രം ചിന്തിച്ചാൽ മതിയാകും എന്തിനാണ് സംവരണം എന്ന് മനസിലാക്കാൻ. കാലങ്ങളായി ഇന്ത്യയിലെ അവർണ്ണ വിഭാഗങ്ങൾ അനുഭവിച്ചു പോന്ന സാമൂഹികമായ വിവേചനത്തിന് ഏറ്റവും മാന്യമായ പരിഹാരം എന്ന നിലയിലാണ് സ്വതന്ത്ര്യ ഇന്ത്യ സംവരണം എന്ന ആശയത്തെ പ്രയോഗത്തിൽ കൊണ്ടു വന്നത്. ഭരണഘടന വിവേചനം അനുഭവിച്ച ഒരു ജനതയ്ക്ക് നൽകിയ അവകാശ സംരക്ഷണമാണ് സംവരണം. നെഹ്‌റുവിനെയും അംബേദ്കറെയും പോലെ ദീർഘവീക്ഷണമുള്ള, ഉന്നതമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്ന, പൊളിറ്റിക്കൽ കമിറ്റ്‌മെന്റ് ജനതയോട് ഉണ്ടായിരുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ സംഭാവന തന്നെയാണ് സംവരണം. 
സംവരണ സീറ്റുകൾ ഇല്ലായിരുന്നുവെങ്കിൽ ദളിത് വിഭാഗത്തിൽ നിന്ന് എത്ര ആളുകൾ ജനപ്രതിനിധി സഭകളിൽ എംഎൽഎമാരും എംപിമാരുമായി എത്തുമായിരുന്നു എന്ന് ആലോചിക്കുക. ഇന്നും സംവരണ സീറ്റുകൾ മാത്രമാണ് ദളിതർക്ക് ലഭിക്കുന്നത് എന്നതിന് പുരോഗമന കേരളം പോലും സാക്ഷിയാണ്. അപ്പോൾ സാമൂഹികമായി ഒരു ജനതയുടെ ഉന്നമനമാണ്  സംവരണത്തിന്റെ ലക്ഷ്യം. ഇന്ത്യയിലെ നിയമസഭകളിലും പാർലമെന്റിലും തൊട്ട്, സർക്കാർ ഉദ്യോഗങ്ങളിലും നീതിന്യായ സംവിധാനത്തിലുമെല്ലാം രാജ്യത്തെ എല്ലാ ജനവിഭാഗത്തിന്റെയും പ്രതിനിധ്യം ഉറപ്പാക്കാനുള്ള ഒരു പോംവഴിയാണ് സംവരണം. അത് കൂടിയേ തീരു. കാരണം മത്സരിച്ച് എത്തേണ്ട ഇടങ്ങളാണ് മേൽപ്പറഞ്ഞവയെല്ലാം. അവിടെയെല്ലാം പ്രതിനിധ്യമുള്ളത് എല്ലാ രീതിയിലും സാമൂഹികമായി മുന്നോക്കം നിൽക്കുന്ന സവർണ്ണർക്കാണ്. മത്സരിക്കാൻ ശേഷിയില്ലാത്ത പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് പ്രാതിനിധ്യമുണ്ടാവണമെങ്കിൽ ഭരണഘടന അവരെ സംരക്ഷിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ ഇന്ത്യൻ ജനാധിപത്യം എന്ന കൺസപ്റ്റ് പൂർണ്ണമാകുമായിരുന്നുള്ളു. 
എന്നാൽ സവർണ്ണർക്ക് സംവരണം എന്ന പ്രയോഗം തന്നെ തെറ്റാണ്. സവർണ്ണർ എപ്രകാരമാണ് സാമൂഹികമായി പിന്നോക്കമാകുന്നത്. അവൻ പിന്നോക്കമാകുന്നുവെങ്കിൽ അത് സാമ്പത്തികമായി മാത്രമാണ്. സാമ്പത്തികമായി ഒരു സവർണ്ണൻ ദരിദ്രനാകുന്നുവെങ്കിൽ അതിന്റെ കാരണം ചാതുർവർണ്യ വ്യവസ്ഥതിയിൽ രൂപപ്പെട്ട ഇന്ത്യൻ സാമൂഹിക അവസ്ഥ കാരണമാകുന്നില്ല. ആ സാമുഹിക വ്യവസ്ഥ കാരണം ദരിദ്രനാക്കപ്പെടുക തീർച്ചയായും അവർണ്ണൻ മാത്രമാണ്. 
ഏതൊക്കെ സവർണ്ണ സമുദായക്കാർ സാമ്പത്തികമായ പ്രശ്‌നം അനുഭവിക്കുന്നുവോ അത് ആ സമുദായത്തിൽ ജനിച്ചതിന്റെ പ്രശ്‌നമാണ് എന്നത് കൊണ്ട് അവുകയില്ല. മറിച്ച് ഓരോ സവർണ്ണ ദരിദ്രനും അങ്ങനെയായതിന്റെ കാരണം വ്യത്യസ്തമായിരിക്കും. എന്നാൽ ഒരു പുലയൻ ദരിദ്രനായിപ്പോയതിന്റെ ഏറ്റവും പ്രധാന കാരണം അവൻ പുലനായി ജനിച്ചു എന്നത് തന്നെയായിരിക്കും. ഇതാണ് കാതലായ വ്യത്യാസം. 
സാമ്പത്തിക പ്രശ്‌നം അനുഭവിക്കുന്ന സവർണ്ണന്റെ പ്രശ്‌നം പണം മാത്രമാണ്. അതായത് വെൽഫെയർ പ്രശ്‌നം മാത്രമാണ്. പണം കിട്ടിയാൽ അവന് സമുഹത്തിൽ അവന്റെ പ്രതിസന്ധികളെ മറികടക്കാം. എന്നാൽ ദളിതൻ അവന്റെ സാമ്പത്തിക പ്രശ്‌നം മറികടന്നാലും സമൂഹത്തിൽ അവൻ അനുഭവിക്കേണ്ടി വരുന്ന സാമൂഹികമായ ഇകഴ്ത്തൽ നിലനിൽക്കും. അവന്റെ ഇച്ഛയ്ക്കും പുറത്ത് ജാതി അവന്റെ ചുറ്റുപാടുകളിൽ പ്രവർത്തിക്കും. അതിന്റെ തുടർച്ചയായി അവന് വീണ്ടും അവഗണനകളും പ്രതിസന്ധികളും നേരിടാം. അപ്പോൾ അവന് സാമൂഹികമായി മെച്ചപ്പെടാൻ നമ്മുടെ എല്ലാ മണ്ഡലങ്ങളിലും പ്രതിനിധ്യം ഉണ്ടാവണം. സംവരണം ഈ വിഷയത്തിൽ നമ്മുടെ സാമൂഹികമായ ഉച്ചനീചത്വങ്ങളെ പരിഹരിക്കാൻ വലിയൊരളവ് വരെ സഹായിച്ചിട്ടുണ്ട്, ഏറ്റവും കുറഞ്ഞത് കേരളത്തിലെങ്കിലും. 
എന്നാൽ എവിടെ വെച്ച് സവരണം അട്ടിമറിക്കപ്പെടുന്നുവോ അവിടെ വെച്ച് സമൂഹം വീണ്ടും പിന്നോട്ട് നയിക്കപ്പെടും. അതുകൊണ്ടു തന്നെ സാമ്പത്തിക സംവരണം എന്ന ആശയത്തെ തീർച്ചയായും എതിർക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണ്. ജാതി സംവരണം നിലനിൽക്കേണ്ടത് എന്നും ഇരുട്ടിൽ കഴിയുന്ന ഒരു ജനതയുടെ ഉയിർപ്പിന് ആവശ്യമാണ്. മുന്നോക്കക്കരന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരുകൾ വെൽഫെയർ പദ്ധതികൾ ആവിഷ്‌കരിക്കാവുന്നതാണ്. അത് ചെയ്യുകയും വേണം. അതിന് പകരം സംവരണം എന്ന മഹത്തായ ജനാധിപത്യ ആശയത്തെ അട്ടിമറിക്കരുത്. 

Join WhatsApp News
Manoj Kumar K S 2019-07-29 07:37:15
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്ന, ശമ്പളച്ചെലവിന്റെ ഭൂരിഭാഗവും കവര്‍ന്നെടുക്കുന്ന കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ എത്ര ശതമാനമാണ് സംവരണം??
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക