Image

ഗള്‍ഫിന് ചൂട് പിടിക്കുമ്പോള്‍ കേരളത്തിനെന്ത് സംഭവിക്കും? (മുരളി തുമ്മാരുകുടി)

Published on 27 July, 2019
ഗള്‍ഫിന് ചൂട് പിടിക്കുമ്പോള്‍ കേരളത്തിനെന്ത് സംഭവിക്കും? (മുരളി തുമ്മാരുകുടി)
മധ്യേഷ്യയിലെ വേനല്‍ക്കാലമാണ് ശരിക്കും വേനല്‍ക്കാലം. ചൂട് 45 ന് മുകളില്‍ പോകും. കാറിന്റെ സീറ്റില്‍ ഇരിക്കുന്‌പോള്‍ ആസനം പൊള്ളും, സ്റ്റിയറിങ്ങില്‍ പിടിക്കുന്‌പോള്‍ കയ്യും.

ഈ വര്‍ഷം ഗള്‍ഫില്‍ ചൂട് പിടിക്കുന്നത് കാറിനും കാലാവസ്ഥക്കും മാത്രമല്ല. രാഷ്ട്രീയവും സുരക്ഷയും ചൂട് പിടിക്കുകയാണ്. ബ്രിട്ടീഷ് പതാകയില്‍ പൊയ്‌ക്കൊണ്ടിരുന്ന ഒരു കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതാണ് അവസാനത്തെ സംഭവം. ഈ വിഷയത്തെക്കുറിച്ച് എഴുതണമെന്ന് പലരും പറഞ്ഞിരുന്നു.

എനിക്ക് പരിചയമുള്ള പ്രദേശമാണ്, വിഷയവും. വ്യക്തിപരമായും പ്രൊഫഷണലായും പ്രാധാന്യമുള്ള വിഷയമായതിനാല്‍ എപ്പോഴും ശ്രദ്ധ അവിടെയുണ്ട്. ഇറാനിലും ജിബ്രാള്‍ട്ടറിലുമെല്ലാം നടക്കുന്നത് വലിയ ഒരു കിടമത്സരത്തിന്‍റെ ചെറിയ പ്രതിഫലനങ്ങളാണ്. അതുകൊണ്ടു തന്നെ കപ്പലില്‍ ഉള്ളവരാരും വ്യക്തിപരമായി ഒരു അപകടത്തിലല്ല. പക്ഷെ ഗള്‍ഫില്‍ കാര്യങ്ങള്‍ എങ്ങോട്ട് പോകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല.

ഗള്‍ഫിന് പുറത്തുള്ളവര്‍ക്ക് ഏറെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒന്നാണ് അവിടെ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍.
ഉദാഹരണത്തിന് ഗള്‍ഫ് എന്ന് പറയുന്‌പോള്‍ ഏത് ഗള്‍ഫ് ആണെന്നതില്‍ തുടങ്ങും കണ്‍ഫ്യൂഷന്‍. അറേബ്യന്‍ ഗള്‍ഫ് ആണോ പേര്‍ഷ്യന്‍ ഗള്‍ഫ് ആണോ? ഇത് രണ്ടും രണ്ടു ഗള്‍ഫുകള്‍ ആണോ അതോ ഒന്നാണോ? ഒന്നാണെങ്കില്‍ പിന്നെ എന്താണ് രണ്ടു പേരുകള്‍ വരുന്നത് ?

ഏതൊക്കെയാണ് ഗള്‍ഫ് രാജ്യങ്ങള്‍? ഇറാന്‍ ഗള്‍ഫ് രാജ്യമാണോ?
ഏതൊക്കെയാണ് അറബ് രാജ്യങ്ങള്‍? ഗള്‍ഫ് രാജ്യങ്ങളും അറബ് രാജ്യങ്ങളും ഒന്നാണോ?

പേര്‍ഷ്യന്‍ രാജ്യമായ ഇറാന് അതിന്‍റെ അയല്‍പക്കത്ത് പോലുമല്ലാത്ത അറബ് രാജ്യമായ യെമെനില്‍ എന്താണ് കാര്യം?
ഗള്‍ഫ് രാജ്യമോ അറബ് രാജ്യമോ അല്ലാത്ത തുര്‍ക്കിക്ക് എന്താണ് ഈ രാജ്യങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ കാര്യം?
അമേരിക്ക എണ്ണയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടിയിട്ടും എന്തുകൊണ്ടാണ് ഇറാനുമായി ഓരോന്ന് പറഞ്ഞു കൊന്പു കോര്‍ക്കുന്നത് ?

അല്‍ ഖ്വയ്ദയും ഐസിസും ഹൂത്തികളും തമ്മില്‍ എന്താണ് വ്യത്യാസം?

ഇതോരോന്നും വിശദീകരിച്ച് എഴുതേണ്ടതാണ്. പക്ഷെ എഴുതാന്‍ പോയാല്‍ റിസ്ക് ആണ്. ഒരു കടലിന്റെ പേര് പോലും പരസ്പര സമ്മതം ഇല്ലാത്ത നാട്ടില്‍ രാഷ്ട്രീയ വിഷയങ്ങള്‍ പറഞ്ഞാല്‍ എന്ത് മാത്രം വാഗ്വാദങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമല്ലോ. പോരാത്തതിന് കേരളത്തില്‍ ഇതില്‍ ഓരോ വിഷയത്തിലും വളരെ വ്യക്തമായ പക്ഷങ്ങളുള്ള ആളുകളുണ്ട്. അടുത്ത കാലത്തൊന്നും ഇതിനെപ്പറ്റി എഴുതാന്‍ പറ്റുമെന്നും തോന്നുന്നില്ല.

വ്യത്യസ്ത താല്‍പര്യങ്ങളുള്ള രാജ്യങ്ങളും അവയെ നയിക്കുന്നവരും ഉള്ളതിനാല്‍ കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൈവിട്ട് പോകാം. ലക്ഷക്കണക്കിന് മലയാളികള്‍ അവിടെ ജോലി ചെയ്യുന്നു, അവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ നമ്മള്‍ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കണം. അതേ സമയം ആ രാജ്യങ്ങളില്‍ നിങ്ങളുടെ സാമൂഹ്യ മാധ്യമങ്ങള്‍ എപ്പോഴും നിരീക്ഷണത്തിലാണ്. അതുകൊണ്ടു തന്നെ മുകളില്‍ പറഞ്ഞ വിഷയങ്ങളില്‍ ഉള്‍പ്പടെ അധികം ഇന്റര്‍നെറ്റ് ഗവേഷണത്തിനോ, നാട്ടുകാരുമായി ചര്‍ച്ചക്കോ, വാഗ്വാദത്തിനോ പോകരുത്.

ഇന്നത്തെ എന്‍റെ വിഷയം ഇതല്ല. ഞാന്‍ കേരളം ഇത് വരെ നേടിയ പുരോഗതിയെക്കുറിച്ചും ഇനി കേരളത്തിനുണ്ടാകാന്‍ പോകുന്ന ഭാവിയേക്കുറിച്ചും പറയുന്‌പോള്‍ സ്ഥിരം കേള്‍ക്കുന്ന ഒരു മറുപടി ‘ഗള്‍ഫിലെ പണമില്ലെങ്കില്‍ കാണാമായിരുന്നു. ഈ ഗള്‍ഫിലെ പണം തീര്‍ന്നാല്‍ കേരളത്തിലെ പുരോഗതി അസ്തമിക്കും" എന്നാണ്.

ഇതില്‍ ഒന്നാമത്തെ കാര്യം തീര്‍ത്തും ശരിയാണ്. കേരളത്തിലെ ഇന്നത്തെ സാന്പത്തിക സ്ഥിതിക്കും സ്ഥിരതക്കും നാം ഏറെ നന്ദി പറയേണ്ടത് ഗള്‍ഫ് രാജ്യങ്ങളോടും അവിടെ ജോലി ചെയ്യുന്ന മലയാളികളോടുമാണ്. ലോകത്ത് സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളെ സഹായിക്കാന്‍ സാന്പത്തികമായി മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ സാന്പത്തിക സഹായം (റീിീൃ മശറ) നല്‍കുന്ന രീതിയുണ്ട്. വികസിത രാജ്യങ്ങളുടെ ജി ഡി പി യുടെ ഏതാണ്ട് 0.7 ശതമാനം ഇങ്ങനെ നീക്കിവെക്കണമെന്നാണ് വെയ്പ്പ്. ഭൂരിഭാഗം രാജ്യങ്ങളും ഇത് ചെയ്യാറില്ല. സഹായം ചെയ്യുന്‌പോള്‍ തന്നെ അതില്‍ വലിയൊരു ശതമാനം അതിന്‍റെ നടത്തിപ്പിന് പോകുന്നു, സഹായം കൊടുക്കുന്നതിന് സാന്പത്തികമായും അല്ലാതേയുമുള്ള കണ്ടീഷനുകള്‍ വെക്കുന്നു. പോരാത്തതിന് യൂറോപ്യന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളില്‍ ഇരുന്നാണ് പലപ്പോഴും ആഫ്രിക്കയിലെയോ ഏഷ്യയിലെയോ രാജ്യങ്ങളുടെ ഗ്രാമങ്ങളില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത്. ഇതുകൊണ്ടൊക്കെ തന്നെ ഇത്തരം സഹായങ്ങള്‍ പലപ്പോഴും ഫലപ്രദമാകാറില്ല.

അന്താരാഷ്ട്രമായി വികസിത രാജ്യങ്ങള്‍ ചെയ്യുന്ന സഹായത്തിന്റെ മൂന്നു മടങ്ങാണ് പാവപ്പെട്ട രാജ്യങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ പോയി തൊഴില്‍ ചെയ്യുന്നവര്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്നത് എന്നാണ് കണക്ക്. ഈ പണമാകട്ടെ ഏറ്റവും താഴത്തെ തട്ടിലാണ് ചിലവാക്കപ്പെടുന്നത്. യാതൊരു കണ്ടീഷനും അതിന്‍റെ കൂടെ വരുന്നുമില്ല. ഈ പണം നമ്മുടെ സന്പദ്‌വ്യവസ്ഥയില്‍ അതിവേഗം കറങ്ങി നമ്മളെ പുഷ്ടിപ്പെടുത്തുന്നു. ഗള്‍ഫിലെ എന്‍ ആര്‍ കെ കള്‍ക്ക് ഭാരത രത്‌നം കൊടുത്തില്ലെങ്കിലും കേരളം അവരെ കൂടുതല്‍ ബഹുമാനിക്കണമെന്ന് ഞാന്‍ പറയാറുള്ളത് ചുമ്മാതല്ല.

പക്ഷെ ഗള്‍ഫില്‍ ജോലി ചെയ്യുന്നവരെല്ലാം കേരളത്തില്‍ തിരിച്ചെത്തിയാല്‍ നമ്മുടെ കാര്യം കുഴപ്പത്തിലാകും എന്ന ചിന്താഗതി എനിക്ക് ഒട്ടുമില്ല. വാസ്തവത്തില്‍ നേരെ തിരിച്ചാണ് സംഭവിക്കുക. ഗള്‍ഫിലേക്ക് പോയ മലയാളി അല്ല തിരിച്ചു വരുന്നത്, അത് ഡോക്ടര്‍ ആണെങ്കിലും െ്രെഡവര്‍ ആണെങ്കിലും. ഓരോ തൊഴില്‍ മേഖലയിലും പുതിയ സാങ്കേതിക വിദ്യ അവിടെ ഉപയോഗിക്കുന്നു, നമ്മുടെ ആളുകള്‍ക്ക് അത് കാണാനും പഠിക്കാനും പരിശീലിക്കാനും അവസരമുണ്ടാകുന്നു. പല നാട്ടുകാരുമായി ബന്ധങ്ങള്‍ ഉണ്ടാകുന്നു, പലയിടത്തും സഞ്ചരിക്കുന്നു, പല ഭാഷകള്‍ പഠിക്കുന്നു, ചെറുതും വലുതുമായി സ്ഥാപനങ്ങള്‍ നടത്തുന്നു, കുറഞ്ഞും കൂടിയും നാട്ടില്‍ സന്പാദ്യം എത്തുന്നു.

ഏതെങ്കിലും കാരണവശാല്‍ ഗള്‍ഫില്‍ നിന്നും ആളുകള്‍ മൊത്തമായി കേരളത്തിലേക്ക് വരേണ്ട ഒരു സാഹചര്യമുണ്ടായാല്‍ കേരളത്തിലെ സന്പദ്‌വ്യവസ്ഥയെ അത് പുതിയൊരു ഭ്രമണ പഥത്തിലെത്തിക്കും എന്നതില്‍ എനിക്ക് ഒരു സംശയവുമില്ല. മൂലധനവും സാങ്കേതികമായ അറിവുകളും നെറ്റ് വര്‍ക്കുകളും ഒരുമിച്ചു വരുന്‌പോള്‍ ഇന്ത്യയില്‍ ഇന്നേവരെ കാണാത്ത സാങ്കേതിക മികവുള്ള എഞ്ചിനീയറിങ്ങ് സ്ഥാപനങ്ങളും ആശുപത്രികളും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും കേരളത്തില്‍ ഉണ്ടാകും. ഇന്ത്യ എന്ന വന്‍ കന്‌പോളത്തിലെ സാങ്കേതിക സൂപ്പര്‍ പവര്‍ ആയി കേരളം മാറും. ദുബായിക്കും സിംഗപ്പൂരിനും കിടപിടിക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടാകും. അവര്‍ ലോകത്തിലെവിടെയും സേവനങ്ങള്‍ നല്‍കും. ലോകത്തെവിടെ നിന്നും മിടുക്കരായ മലയാളികള്‍ക്ക് തിരിച്ചു കേരളത്തില്‍ തൊഴിലിന് വരുന്നത് സാന്പത്തികമായി ലാഭകരമാകും. നമ്മുടെ ഒന്നാം കിട ആളുകള്‍ പുറത്തു പോയതിന് ശേഷം ബാക്കിയുള്ളവരില്‍ നിന്നും അധ്യാപകര്‍ തൊട്ട് രാഷ്ട്രീയക്കാര്‍ വരെ ഉണ്ടാകുന്ന സാഹചര്യം മാറും. ഇവര്‍ കൂടുതല്‍ ആഗോളമായ ഒരു സാമൂഹ്യ വ്യവസ്ഥ ആവശ്യപ്പെടും. സദാചാരക്കാര്‍ കെട്ടുകെട്ടി നാട് കടക്കും.

മലയാളികളുടെ പണം കൊണ്ട് മാത്രമാവില്ല കേരളം വികസിക്കാന്‍ പോകുന്നത്. ലോകത്തെ മറ്റനവധി നാടുകളെ അപേക്ഷിച്ച് കേരളത്തിന് വലിയൊരു ഗുണമുണ്ട്. ഇത് നമ്മള്‍ വേണ്ട തരത്തില്‍ മനസ്സിലാക്കിയിട്ടില്ല, പക്ഷെ പുറമെ നിന്നുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ട്. ലോകത്തെ തന്നെ ഏറ്റവും സാമൂഹ്യ രാഷ്ട്രീയ സ്ഥിരതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. നമ്മുടെ ചുറ്റുമുള്ള പല രാജ്യങ്ങളും (ഉദാഹരണം ദുബായ്, ഒമാന്‍, സിങ്കപ്പൂര്‍, വിയറ്റ്‌നാം) കേരളത്തേക്കാള്‍ സ്ഥിരതയുള്ള പ്രദേശങ്ങളാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. പക്ഷെ അതീവ സ്ഥിരത ഉണ്ടായിരുന്ന സിറിയയും ലിബിയയും എത്ര വേഗത്തിലാണ് ഇപ്പോഴത്തെ നിലയില്‍ എത്തിയത് എന്ന് ചിന്തിച്ചാല്‍ അറിയാം എങ്ങനെയാണ് കേരളം വ്യത്യസ്തമാകുന്നത് എന്ന്. നമ്മുടെ സമൂഹത്തിലുള്ള എല്ലാ അസ്ഥിരതകളും ഇപ്പോള്‍ തന്നെ നമ്മുടെ മുന്നിലുണ്ട്. മറ്റു രാജ്യങ്ങളില്‍ അങ്ങനെയല്ല, അവ അടിച്ചൊതുക്കി വെച്ചിരിക്കയാണ്. ഒരവസരം വന്നാല്‍ അതൊക്കെ ഒറ്റയടിക്ക് നാലുവഴിക്ക് ഇറങ്ങും, സമൂഹവും സന്പദ്‌വ്യവസ്ഥയും താറുമാറാകും. കേരളത്തില്‍ ആ ഒരു സാധ്യതയില്ല. ഇരു സര്‍ക്കാരും മാറി മാറി ഭരിക്കുന്നത് കൊണ്ട് ഒരു പാര്‍ട്ടി പോയി മറ്റൊരു പാര്‍ട്ടി വന്നാലും എന്ത് വരെ സംഭവിക്കാമെന്ന് എല്ലാവര്‍ക്കുമറിയാം. ഇതൊക്കെയാണ് ആഗോളമായ മൂലധനം ശ്രദ്ധിക്കുന്നത്.

ഇതൊക്കെ നടക്കുമോ എന്നായിരിക്കും നിങ്ങളുടെ ചിന്ത. ഗള്‍ഫില്‍ ഏതെങ്കിലും ഒരു പ്രതിസന്ധി ഉണ്ടായി മൊത്തമായി ആളുകള്‍ കേരളത്തിലേക്ക് വരേണ്ടി വരുന്ന സാധ്യത ഏറെ കുറവാണ്. വന്‍കിട യുദ്ധങ്ങള്‍ക്കൊന്നും ഇപ്പോള്‍ പഴയ ഡിമാന്‍ഡ് ഇല്ല. ആഗോള സന്പദ്‌വ്യവസ്ഥ പരസ്പര ബന്ധിതമായതിനാലാണ് ഇത് സംഭവിക്കുന്നതെന്ന് ഫ്രീഡ്മാന്‍ പറയുന്നു. എവിടെ കുഴപ്പമുണ്ടായാലും നഷ്ടം എല്ലാവര്‍ക്കും വരുമല്ലോ.

ഗള്‍ഫ് എല്ലാക്കാലവും മലയാളികളുടെ തൊഴില്‍ കന്‌പോളമായിരിക്കില്ല. വളരെ വേഗത്തില്‍ വളരുന്ന ഒരു ജനസംഖ്യയാണ് അവിടെ. അവിടുത്തെ പുതിയ തലമുറക്ക് തൊഴില്‍ വേണമല്ലോ. ഇപ്പോഴത്തെപ്പോലെ എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി അല്ലെങ്കില്‍ ഉയര്‍ന്ന തൊഴില്‍ അല്ലെങ്കില്‍ സര്‍ക്കാരിന്റെ വെല്‍ഫയര്‍ പണം നല്‍കുന്ന രീതി അധിക കാലം നില നില്‍ക്കില്ല. 2030 ന് അപ്പുറത്തേക്ക് എണ്ണക്ക് ഇന്നത്തെപ്പോലെ മാര്‍ക്കറ്റ് ഉണ്ടാവില്ല. അപ്പോള്‍ അവര്‍ തന്നെ പുതിയ സന്പദ്‌വ്യവസ്ഥയിലേക്ക് മാറേണ്ടി വരും, അതിന് വേണ്ട തരത്തില്‍ അവിടുത്തെ പുതിയ തലമുറയെ തയ്യാറെടുപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. അപ്പോള്‍ നമുക്കവിടെ വലിയ സ്ഥാനമുണ്ടാവില്ല, ഉണ്ടാവണമെന്ന് പ്രതീക്ഷിക്കുന്നതും തെറ്റാണ്. എന്താണെങ്കിലും നമ്മള്‍ നമ്മുടെ നാട്ടിലേക്ക് മടങ്ങേണ്ടി വരും. അത് നമ്മുടെ നാട്ടിലെ സ്ഥിതി നന്നാവുന്നതനുസരിച്ച് സ്വമേധയാ മടങ്ങുകയാണോ അതോ അവിടുത്തെ സാഹചര്യം മാറുന്നതനുസരിച്ചു മടങ്ങേണ്ടി വരികയാണോ എന്നേ നോക്കാനുള്ളൂ.

അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത്, ഗള്‍ഫില്‍ ചൂട് കാലമാണ്. സൂക്ഷിച്ചിരിക്കുക. പക്ഷെ ഈ ചൂട് കുറഞ്ഞാലും കാലം മാറുകയാണ്, അതിന് തയ്യാറെടുക്കുക. വരാന്‍ പോകുന്ന കാലം കേരളത്തിന് കൂടുതല്‍ നല്ല കാലമാണ്, അവസരങ്ങള്‍ക്ക് തയ്യാറാകുക. നമുക്ക് വേണ്ടത് ഒന്ന് മാത്രമാണ്. നാം വരാനിരിക്കുന്ന ഒരു സാന്പത്തിക ശക്തിയാണെന്ന് വിശ്വസിക്കുന്ന നേതൃത്വം, ഇപ്പോഴത്തെ നെഗറ്റിവിറ്റി മാറി അതിന് തയ്യാറെടുക്കുന്ന ജനങ്ങള്‍. മതി, ബാക്കിയൊക്കെ കാലം ചെയ്തു കൊള്ളും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക