Image

സാഹിത്യവേദി ആഗസ്റ്റ് 2 ന്

ജോയിച്ചന്‍ പുതുക്കുളം Published on 27 July, 2019
സാഹിത്യവേദി ആഗസ്റ്റ് 2 ന്
ചിക്കാഗോ: 2019 ലെ നാലാമത് സാഹിത്യവേദി സമ്മേളനം ആഗസ്റ്റ് 2 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 ന് ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ (834 E. Rand  Road, Suite 13, Mount  Prospect, IL  60056) കൂടുന്നതാണ്.
 
രാജേന്ദ്രന്‍ എടത്തുംകരയുടെ ഏറ്റവും പുതിയ രചനയാണ് ഞാനും ബുദ്ധനും. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ നോവല്‍ മലയാള നോവലില്‍ ഒരു പുതിയ അനുഭവ വഴി തുറക്കുന്നു. ജ്ഞാന മാര്‍ഗ്ഗം തേടി പുറപ്പെട്ട സിദ്ധാര്‍ത്ഥന്‍ ഉപേക്ഷിച്ച കപിലവസ്തുവിന്റെ നിശ്ശബ്ദതകളിലൂടെ , മുറിവുകളിലൂടെ , കാലത്തിലൂടെ ധ്യാനപൂര്‍വ്വം സഞ്ചരിക്കുന്ന നോവല്‍. ഭാവമധുരമാര്‍ന്ന ആഖ്യാനം . മനസ്സിന്റെ ആര്‍ദ്രതലങ്ങളെ  ചവിട്ടി കുതിച്ച് കടന്നു പോകുന്ന ചില കുതിരയോട്ടങ്ങള്‍. മഹാബുദ്ധനെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ടിട്ടുള്ള മഹാകഥന മാര്‍ഗങ്ങളെ തിരസ്കരിച്ചുകൊണ്ടുള്ള നവ അനുഭവം.  ഞാനും  ബുദ്ധനും. ആഗസ്റ്റ് മാസ സമ്മേളനത്തില്‍ സാഹിത്യവേദി അംഗം ഷിജി അലക്‌സ് ഈ പുസ്തകത്തെ നിരൂപണം ചെയ്യുന്നു.
 
പി. എസ്. നായര്‍ അധ്യക്ഷനായ ജൂണ്‍ മാസ സാഹിത്യ വേദിയില്‍ "ഹിമാലയ സാനുക്കളിലൂടെ" എന്ന യാത്രാനുഭവത്തിന്റെ രണ്ടാം ഭാഗം ശ്രീമതി  ഉമാ രാജ അവതരിപ്പിച്ചത്  അത്യന്തം ഹൃദ്യമായ അനുഭവമായിരുന്നു. അനുഭവ സാക്ഷ്യങ്ങളായി അവതരിപ്പിച്ച സ്ലൈഡ് ഷോ കൂടിയായപ്പോള്‍ ഹിമാലയസാനുക്കള്‍ സന്ദര്‍ശിച്ച അനുഭൂതിയായിരുന്നുവെന്ന് പിന്നീട് നടന്ന ചര്‍ച്ചയില്‍ സദസ്യര്‍ അഭിപ്രായപ്പെട്ടു. പ്രിയാ ജോസഫിന്റെ കൃതജ്ഞതയോടെ , ലീലാ ജോസഫ് സ്‌പോണ്‍സര്‍ ചെയ്ത ജൂണ്‍ മാസ സാഹിത്യവേദി സമംഗളം പര്യവസാനിച്ചു .
 
ജൂലൈ 12  നു നടന്ന പ്രത്യേക സാഹിത്യവേദി സമ്മേളനത്തില്‍ എഴുത്തുകാരനും ചിന്തകനും സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകനും സര്‍വോപരി മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രൊഫ. ഡോ. എം. എന്‍. കാരശ്ശേരി നടത്തിയ പ്രഭാഷണം ഏറെ ചിന്തോദ്ദീപകമായിരുന്നു. സാഹിത്യം , സ്വാതന്ത്ര്യം , സമൂഹം എന്ന വിഷയത്തെ അധികരിച്ചാണ് അദ്ദേഹം സംസാരിച്ചത് . ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു .
 
ചിക്കാഗോയിലെ എല്ലാ അക്ഷര സ്‌നേഹികളെയും ആഗസ്റ്റ് മാസ സാഹിത്യവേദിയിലേക്കു സഹര്‍ഷം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിജി അലക്‌സ്  224 436 9371, ഡോ. രവിവര്‍മ്മ രാജ  224 249 0152, അനിലാല്‍ ശ്രീനിവാസന്‍  630 400 9735, ജോണ്‍ ഇലക്കാട്  773 282 4955
 
സാഹിത്യ വേദിയുടെ പുതിയ സ്ഥലം ശ്രദ്ധിക്കുക.
August 2, 2019 - 6:30 p.m.
CMA  Office  Hall
834 E. Rand  Road, Suite 13
Mount  Prospect, IL  60056
സാഹിത്യവേദി ആഗസ്റ്റ് 2 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക