Image

വാല്മീകി രാമായണം പതിനൊന്നാം ദിനം (ദുര്‍ഗ മനോജ്)

Published on 27 July, 2019
വാല്മീകി രാമായണം പതിനൊന്നാം ദിനം (ദുര്‍ഗ മനോജ്)
ആരണ്യകാണ്ഡം
ഇരുത്തി രണ്ടാം അധ്യായം മുതല്‍ നാല്‍പ്പത്തി ഒന്ന് വരെ സര്‍ഗ്ഗങ്ങള്‍

ശൂര്‍പ്പണഖയുടെ പ്രോത്സാഹനത്തില്‍ രാമലക്ഷ്മണന്‍മാരെ വകവരുത്താന്‍ തയ്യാറെടുത്ത് ഖരന്‍ തന്റെ പതിനാലായിരം രാക്ഷസര്‍ ഉള്‍പ്പെടുന്ന വന്‍പടയുമായി യുദ്ധത്തിന് തയ്യാറായി. എന്നാല്‍ പടക്കിറങ്ങിയ ഖരനു ദുര്‍ന്നിമിത്തം മാത്രമാണ് ദര്‍ശിക്കാനായത്. കുറുക്കന്‍മാര്‍ ഓരിയിട്ടു, ചുവന്ന മേഘങ്ങള്‍ കൊണ്ട് ആകാശം മൂടി. ദിക്കൊന്നും തിരിച്ചറിയാനാകാത്തതുപോലെ എങ്ങും നിണ നിറമാണ്ടു. വാവിലല്ലാതെ സൂര്യനെ രാഹു ഗ്രസിച്ചു. ഇതൊക്കെ കണ്ട് ഖരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, 'വീര്യവാന്‍ ഒന്നിലും ഭയക്കില്ല. എന്റെ സഹോദരിയെ വിരൂപയാക്കിയ ആ മനുഷ്യക്കീടങ്ങളുടെ ചോര കുടിച്ച് ശൂര്‍പ്പണഖ ശാന്തയാകട്ടെ.'

ഭീകരമായ യുദ്ധം കാണുവാന്‍ ദേവലോകവാസികള്‍ വന്നു ചേര്‍ന്നു. ഖരന്റെ ഒരുക്കങ്ങള്‍ രാമനും അറിഞ്ഞു. വേഗം തന്നെ സീതയെ മരങ്ങളാല്‍ മറഞ്ഞു നില്‍ക്കുന്ന ഗുഹയില്‍ എത്തിച്ച് കാവല്‍ നില്‍ക്കുക എന്ന് ലക്ഷ്മണനോട് ആവശ്യപ്പെട്ടു. അനന്തരം രാമന്‍, വലിയ വില്ലും ശരങ്ങളുമെടുത്ത് യുദ്ധത്തിന് തയ്യാറായി. പതിനാലായിരം വരുന്ന അസുരന്മാരെ നേരിടാന്‍ രാമന്‍ മാത്രം.

പിന്നീട് ഉണ്ടായ യുദ്ധത്തില്‍ രാമന്റെ അസ്ത്രമഴക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാല്‍ അവര്‍ക്കായില്ല. ആദ്യം ദൂഷണന്‍, രണ്ടാമത് ത്രിശിരസ്സ്, മൂന്നാമതായി ഖരനും രാമബാണമേറ്റ് ചത്തുമലച്ചു. അതോടെ ദണ്ഡകാരണ്യത്തിലെ മുനിജനങ്ങള്‍ സന്തോഷത്തിലാറാടി. അപ്പോഴേക്കും ലക്ഷ്മണന്‍ സീതയുമൊത്ത് രാമസവിധത്തിലെത്തി. സീത വീണ്ടും ഭര്‍ത്താവിനെ ആലിംഗനം ചെയ്ത് ആനന്ദം പൂണ്ടു.

ഖരവധത്തിന്റെ വാര്‍ത്ത അകമ്പനെന്നു പേരായവന്‍ ജനസ്ഥാനത്തു നിന്നും പുറപ്പെട്ട് ലങ്കയിലെത്തി രാവണനെ അറിയിച്ചു. ഒപ്പം രാമനെ വധിക്കുവാന്‍ എളുപ്പമാര്‍ഗം ദേവ സ്ത്രീകളെ അസൂയപ്പെടുത്തുന്ന സൗന്ദര്യമുള്ള രാമന്റെ പത്‌നിയായ സീതയെ അപഹരിക്കുന്നതാവും എന്നും പറഞ്ഞുവച്ചു. ഖരന്‍ വധിക്കപ്പെട്ടതും ശൂര്‍പ്പണഖയുടെ വിധിയും ഒപ്പം സീത എന്ന മോഹവും ഉദിച്ചപ്പോള്‍ രാവണന്‍ കാര്യങ്ങള്‍ അറിയുവാന്‍ താടകാ പുത്രനായ മാരീചന് അടുത്തേക്ക് ചെന്നു.

മാരീചനോട് കാര്യങ്ങള്‍ അവതരിപ്പിച്ച രാവണന്‍, സീതയെ അപഹരിക്കുവാന്‍ ഉപായം തേടി. എന്നാല്‍ മാരീചന്‍ ആ ഉദ്യമത്തില്‍ നിന്നും രാവണനെ ഒരു വിധത്തില്‍ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു. അതോടെ, രാവണന്‍ ലങ്കയിലേക്ക് മടങ്ങി. എന്നാല്‍ ലങ്കയിലെത്തിയ രാവണനു മുന്നില്‍ ആര്‍ത്തലച്ച് ശൂര്‍പ്പണഖ പ്രത്യക്ഷയായി. അവള്‍ പരുഷമായി രാവണനോട് സംസാരിച്ചു. പ്രജകള്‍ക്ക് അത്യാപത്ത് നേരിട്ടിട്ടും കൂസലില്ലാതെ ഇരിക്കുന്ന രാവണന്‍, ആ സ്ഥാനത്തിന് അര്‍ഹനല്ല എന്ന് അവള്‍ ക്രുദ്ധയായി. ഖരനും ദൂഷണനുമുള്‍പ്പടെ ഉഗ്രന്മാരായ പതിനാലായിരം രാക്ഷസന്മാര്‍ രാമന്റെ കയ്യാല്‍ കാലപുരിക്കയക്കപ്പെട്ടു കഴിഞ്ഞു. കാര്യങ്ങള്‍ നടത്താത്ത രാജാവ് വേഗം രാജ്യഭ്രഷ്ടനാക്കപ്പെടും. മണ്‍കട്ട, പൊടിമണ്ണ് എന്നിവയ്ക്ക് പോലും ഗുണമുണ്ടാകും എന്നാല്‍ രാജ്യമില്ലാത്ത രാജാവിന് അത്രപോലും ഗുണമുണ്ടാകില്ല. ഇപ്രകാരം ശൂര്‍പ്പണഖയുടെ പരുഷ വാക്കുകള്‍ കേട്ട് രാവണന്‍ ക്രുദ്ധനായി ചാടി എഴുന്നേറ്റ് കാര്യങ്ങള്‍ വിശദമായിപ്പറയുവാന്‍ പറഞ്ഞു. അതിന്‍ പ്രകാരം ശൂര്‍പ്പണഖ, രാമനെ കണ്ട് മോഹമുദിച്ചതുമുതലുള്ള കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചു തുടങ്ങി. ഒടുവില്‍ രാമനേയും സഹോദരനേയും വധിച്ച് രാമപത്‌നിയെ രാവണപത്‌നിയാക്കുവാന്‍ ശൂര്‍പ്പണഖ രാവണനെ ഉപദേശിച്ചു.

രാവണന്‍ വീണ്ടും മാരീചനെ കാണുവാന്‍ തീര്‍ച്ചപ്പെടുത്തി. മാരീചാശ്രമം ലക്ഷ്യമാക്കി തേര്‍ തെളിക്കുവാന്‍ തേരാളിയോട് ആവശ്യപ്പെട്ടു. രാവണന്‍ കടല്‍ കടന്ന് സമുദ്രതീരത്തെ മാരീചാശ്രമത്തില്‍ എത്തിച്ചേര്‍ന്നു. ചെന്നപാടെ രാവണന്‍ വൃത്താന്തങ്ങള്‍ വിവരിച്ചു. ഒപ്പം സീതയെ അപഹരിക്കാന്‍ ഒരുപായവും ആവശ്യപ്പെട്ടു.

എന്നാല്‍ മാരീചന്‍ ഒരിക്കല്‍ക്കൂടി രാമന്‍ ആരാണെന്ന് വിശദീകരിച്ചു. വെറും പന്ത്രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് രാമന്‍ താടകയെ വധിച്ചതെന്നും, തന്നെ വധിക്കാതെ അസ്ത്ര പ്രയോഗത്താല്‍ ആയിരക്കണക്കിന് യോജനകള്‍ക്കപ്പുറം കടലില്‍ പതിപ്പിച്ചുവെന്നും വിശദമാക്കി. അതിനാല്‍ തന്നെ രാമനെ നിഗ്രഹിക്കാന്‍ ഉപദേശിച്ചത് ആരുതന്നെ ആയാലും അത് മിത്രമല്ല ശത്രുവാണെന്ന് മാരീചന്‍ വാദിച്ചു. എന്നാല്‍ ഇക്കുറി രാവണന്‍ പിന്‍മാറിയില്ല. വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ മാരീചന്‍, താന്‍ രാമനെ ഭയന്നാണ് ഈ വിദൂര ആശ്രമത്തില്‍ ജപധ്യാനത്തില്‍ മുഴുകി കഴിയുന്നത് എന്നും അറിയിച്ചു.

എന്നാല്‍ മാരീചന്‍ ഇപ്പോള്‍ ചെയ്യുന്നത് രാജാവിനെ ധിക്കരിക്കുകയാണെന്നും, രാജകോപം ഒഴിവാക്കാന്‍ ഒരു പൊന്‍ നിറമുള്ള മാനായി രൂപം പൂണ്ട് സീതയെ ആകര്‍ഷിച്ച് രാമനില്‍ നിന്ന് അകറ്റുകയാണ് ചെയ്യേണ്ടത് എന്നും രാവണന്‍ ആജ്ഞാപിച്ചു.

ഒടുവില്‍ ഗത്യന്തരമില്ലാതെ മാരീചന്‍ പറഞ്ഞു, രാജാവിന്റെ തെറ്റുകൊണ്ട് ജനങ്ങള്‍ക്ക് കഷ്ടത വരും. അവര്‍ കുറുക്കനാല്‍ നയിക്കപ്പെടുന്ന ആടുകളെപ്പോലെ നശിച്ചുപോകും. ദുര്‍ബുദ്ധിയും അജിതേന്ദ്രിയനുമായ നീ രാജാവായതുകൊണ്ട് അരക്കന്മാര്‍ മുച്ചൂടും നശിക്കും. ഞാന്‍ രാമബാണമേറ്റു ചത്തുവീഴും. അധികം വൈകാതെ നീയും വീഴും. ആശ്രമത്തിന്‍ നിന്നും സീതയെ കൊണ്ട് പോകുകില്‍ ഞാനില്ല, നീയില്ല, ലങ്കയില്ല രാക്ഷസരില്ല നിശാചരാ, മരണമടുത്തവര്‍ സുഹൃത്തുക്കള്‍ പറയുന്ന നല്ല ഉപദേശം ചെവിക്കൊള്ളില്ല'.

ആരണ്യകാണ്ഡത്തില്‍ ഏറെ ചിന്തിക്കേണ്ട കുറേയേറെക്കാര്യങ്ങള്‍ ഈ ഇരുപത്തിയൊന്ന് സര്‍ഗ്ഗങ്ങളില്‍ ഒളിഞ്ഞിരിക്കുന്നു. സീതാപതിയാണ് രാമന്‍. ആ രാമനില്‍ ആശ തോന്നിയ ശൂര്‍പ്പണഖക്ക് ഏല്‍ക്കുന്ന അപമാനം, കുലം മുടിക്കുന്ന ക്രോധമായി മാറ്റുന്നു. അത് ഇന്നത്തെ കാലത്തും തികച്ചും സത്യമാണെന്നു കാണാം. ഭൂരിപക്ഷം കൊലകളും ദേഹോപദ്രവങ്ങളും ഇത്തരത്തില്‍ കാമക്രോധത്തെ ചുറ്റിപ്പറ്റിയാണുണ്ടാകുന്നത്. ഒപ്പം ഭയം എന്ന വികാരം കൂടി വരുമ്പോള്‍ അത് മറ്റുള്ളവരെക്കൂടി തെറ്റിദ്ധരിപ്പിക്കുംവിധം വൈരം വര്‍ദ്ധിപ്പിക്കുന്നു.

അതുപോലെ രാവണ മാരീച സംവാദത്തില്‍ മാരീചന്‍ പലവട്ടം പറയുന്നത് വഴി തെറ്റിക്കുന്ന മിത്രങ്ങള്‍ ശത്രുക്കളേക്കാള്‍ വലിയ ശത്രുതന്നെ എന്നാണ്. എതിരാളിയെ നിസാരനായി കണ്ട് ആക്രമിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടാല്‍ പരാജയം നിശ്ചയമെന്നും മാരീചന്‍ പറഞ്ഞുവെയ്ക്കുന്നു. ഒടുവില്‍ ദുര്‍ബുദ്ധിയായ രാജാവിനാല്‍ പ്രജകള്‍ക്ക് സംഭവിക്കുന്ന ദോഷത്തേയും മാരീചന്‍ വിവരിക്കുമ്പോള്‍ നമുക്കറിയാം ഭരണാധികാരികളുടെ തെറ്റായ തീരുമാനങ്ങള്‍ എന്നും ജനങ്ങളെ നശിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്ന്.

പതിനൊന്നാം ദിവസം സമാപ്തം.
Join WhatsApp News
Ramakrishnan 2019-07-27 01:22:55
രാമായണവായന ഏറെ ഹൃദ്യമാവുന്നു. ആദ്ധ്യാത്മിക രാമായണത്തില്‍ കാണുന്നതിനപ്പുറം യാഥാര്‍ത്ഥ്യം വാല്മീകി രാമായണത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. മനോഹരവും ലളിതവുമായ ആഖ്യാനം. ആശംസകള്‍
Venkitesh Narayanan 2019-07-27 01:25:12
രാമായണത്തിന്റെ ഈ ദിവസത്തിലെ കാര്യങ്ങള്‍ക്ക് സമകാലിക സംഭവങ്ങളുമായി ഏറെ ബന്ധം തോന്നുന്നുണ്ട്. രാവണനും ശൂര്‍പ്പണഖയും മാരീചനും നിറഞ്ഞു നില്‍ക്കുന്നത് ആധുനിക ലോകത്തു തന്നെയാണ്. അവരിലേക്കുള്ള ചൂണ്ടുപലകയായി രാമായണം മാറുന്നു. രാവ് മായണം എന്ന നിലയ്ക്ക് പുതിയ തലമുറ ഇതിനെ കണ്ടിരുന്നുവെങ്കില്‍, വായിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ....
Radhamani Amma 2019-07-27 01:34:19
രാമായണം എന്നത് ഒരു മിത്തോ ചരിത്രമോ എന്നുള്ളതല്ല, അത് ചിന്തോദ്ദീപകമാണ്. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നു വ്യക്തമായും മഹത്വരമായും പഠിപ്പിക്കുന്നു. സ്ത്രീയും പുരുഷനും എന്തായിരിക്കണമെന്നു ചൂണ്ടിക്കാണിക്കുന്നു.
താടക 2019-07-27 08:11:44
എന്നട്ട് സമൂഹത്തിൽ ഇതൊന്നും കാണുന്നില്ലല്ലോ ? രാവണന്മാർ സീതമാരെ അടിച്ചോണ്ടുപോയി പീഡിപ്പിക്കുക , രാമന്മാർ വേറെ സ്ത്രീകളെ അന്വേഷിച്ചു പോകുക അങ്ങനെ, ബലാല്സംഗം അങ്ങനെ ഭാരതം ഓരോ ദിവസം തോറും വഷളായി കൊണ്ടിരിക്കുന്നു .  അമേരിക്കയിൽ ഒരു രാവണൻ ഇരുപത് സ്ത്രീകളെ വേട്ടയാടിയിട്ട് പ്രസിഡണ്ടായിരിക്കുന്നു .  ഇന്ത്യയിലെ നേതാവിന്റെ സീത എവിടെയെന്ന് ആർക്കും അറിയില്ല .  ഇംഗ്ളണ്ടിലെ നേതാവിന് മുപ്പത്തിമൂന്ന് വയസുള്ളസീത . റഷ്യൻ നേതാവിന്റെ സീതയെ എടുത്തു ദൂരെ എറിഞ്ഞു .  രാമായണം വായിച്ചിരുന്നോ. എല്ലാം ഞാൻ കലക്കും . 
ഏട്ടിലെ പശു 2019-07-27 09:47:37
ബൈബിളും കൂര്‍ആനിലും രാമ അയന്തിലും ഗീതയിലും ദര്‍മ്മ പാതയിലും ഒക്കെ ധാരാളം നല്ല നടപ്പിനുള്ള വാക്യങ്ങള്‍ ഉണ്ട്. എന്നാല്‍ വാക്യങ്ങള്‍ ഉരുവിട്ട് അതില്‍ നിന്ന് ഉപജീവനം നടത്തുന്നവന്‍ പോലും അവ പാലിക്കുന്നില്ല. മനുഷന്‍ നല്ലവന്‍ ആകുക എന്ന അവസ്ഥ തീര്‍ത്തും ആന്തരീകം ആണ്. ചിന്തകളും പ്രവര്‍ത്തികളും നന്നാക്കുക. അവ എല്ലാ മനുഷരുടെയും നന്മ്മയെ കരുതി ആവണം. അതിനു കിതാബുകള്‍ വേണ്ട. '' ബലി അല്ല എനിക്ക് വേണ്ടത് ബലി അല്ല, കാസ ഏന്തും കൈകളില്‍ വേണ്ടത് കരുണ ആണല്ലോ!!!!-andrew
Sudhir Panikkaveetil 2019-07-27 11:32:34
രോഗം വരുമ്പോൾ ഡോക്ടറെ കാണാതെ 
ദൈവത്തോട് പ്രാർത്തിക്കുന്നപോലെയാണ് 
പ്രശനങ്ങൾ വരുമ്പോൾ മതഗ്രന്തങ്ങൾ 
ആശ്രയിക്കുന്നത്.  ഓരോരുത്തരുടെയും 
പ്രശ്നങ്ങൾ വ്യത്യസ്തമാണ്. അത് അവർ തന്നെ പരിഹരിക്കുന്നത് 
നല്ലത്. ഒരു മതഗ്രന്തത്തിനോ പുരോഹിതനോ  നിങ്ങളുടെ പ്രശ്നങ്ങൾ 
പരിഹരിക്കാൻ കഴിയില്ല. ഗ്രന്തങ്ങളും 
പുരോഹിതന്മാരും അപ്പം പങ്കു വച്ച് കുരങ്ങനെപോലെയാണ്. 
മാധ്യസ്ഥം പറഞ്ഞു കുരങ്ങൻ എല്ലാം തിന്നപോലെ 
ഭക്തി മൂത്ത് എല്ലാം നഷ്ടപ്പെടുത്തുന്നു 
പാവത്തന്മാർ. അയൽക്കാരനെ കൊല്ലുകകൂടി ചെയ്യുന്നു. 
സ്നേഹം എന്ന മതം മാത്രം പുലരുന്ന ഒരു 
ദിനം വളരെ അകലെയാണ്. അത് ഉദിക്കാതിരിക്കാം.
മതങ്ങളും ദൈവങ്ങളും ഉണ്ടായിരിക്കുന്നത് 
മനുഷ്യനെ നശിപ്പിക്കാനാണ്. പരസ്പരം സ്നേഹിക്കുക 
സഹായിക്കുക. ഭൂമിയെ സ്വർഗമാക്കുക. 
മനുഷ്യരിലെ നന്മയാണ് ഇപ്പോഴും ദൈവമായി 
ജനം തെറ്റിദ്ധരിക്കുന്നത്. ഉത്കൃഷ്ടമായ നന്മയെ 
ദൈവമായി തരം  താഴ്ത്തരുത്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക