Image

ഇല്ലിനോയി മലയാളി അസോസിയേഷന്‍ സോക്കര്‍ - വോളിബോള്‍ മത്സരങ്ങള്‍ക്ക് കളമൊരുങ്ങി

ജോയിച്ചന്‍ പുതുക്കുളം Published on 26 July, 2019
ഇല്ലിനോയി മലയാളി അസോസിയേഷന്‍ സോക്കര്‍ - വോളിബോള്‍ മത്സരങ്ങള്‍ക്ക് കളമൊരുങ്ങി
ചിക്കാഗോ:  മലയാളിയുടെ ആവേശമായ സോക്കര്‍- വോളിബോള്‍ മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ 28-നു ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മലയാളികളും വടക്കേ ഇന്ത്യക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഡെസ്‌പ്ലെയിന്‍സിലുള്ള ഡീ പാര്‍ക്കില്‍ വച്ചാണ് മത്സരങ്ങള്‍ അരങ്ങേറുക.

വിവിധ ടീമുകള്‍ അവരുടെ കഴിവുകളും അടവുകളും പയറ്റുന്ന അതിഗംഭീര മത്സരവേദിയാകും ഡി പാര്‍ക്കിലെ മത്സരങ്ങള്‍. മത്സരങ്ങള്‍ കാണുന്നതിനൊപ്പം വിവിധതരം ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നതിനാല്‍ കാണികള്‍ക്ക് തങ്ങളുടെ ഇഷ്ട ഭക്ഷണങ്ങള്‍ കഴിക്കുന്നതിനുള്ള വേദികൂടി ഒരുക്കിയിട്ടുണ്ട്.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. പ്രവീണ്‍ തോമസ് കണ്‍വീനറായി മറിയാമ്മ പിള്ള, ജോര്‍ജ് മാത്യു, സാം ജോര്‍ജ്, ജോയി ഇണ്ടിക്കുഴി, റോയി മുളകുന്നം, ഏബ്രഹാം ചാക്കോ, ജോസി കുരിശിങ്കല്‍, ജെയ്ബു കുളങ്ങര, ചന്ദ്രന്‍പിള്ള, സിറിയക് കൂവക്കാട്ടില്‍, സുനേന ചാക്കോ, അനില്‍കുമാര്‍ പിള്ള, പോള്‍ പറമ്പി, ഷിനോജ് ജോര്‍ജ് എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം വഹിക്കുന്നു.

സോക്കര്‍ ടൂര്‍ണമെന്റില്‍ ഒന്നാമതായി എത്തുന്ന ടീമിന് 500 ഡോളര്‍ ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഐ.എം.എ മുന്‍ പ്രസിഡന്റ് സാം ജോര്‍ജും കുടുംബവുമാണ്. രണ്ടാം സമ്മാനമായ 250 ഡോളര്‍ ഐ.എം.എ വൈസ് പ്രസിഡന്റ് ജോര്‍ജ് മാത്യുവും കുടുംബവും നല്‍കും.

വോളിബോള്‍ മത്സരങ്ങളില്‍ ഒന്നാമതായി എത്തുന്ന ടീമിന്റെ ക്യാഷ് പ്രൈസായ 500 ഡോളര്‍ നല്‍കുന്നത് "ഹെല്‍ത്തി ബേബീസ് & ഹാപ്പി ഫാമിലി'യുടെ ഉടമയായ ജോയി പീറ്റര്‍ ഇണ്ടിക്കുഴിയും, ലിസി പീറ്റര്‍ ഇണ്ടിക്കുഴിയും കുടുംബവുമാണ്. രണ്ടാം സമ്മാനമായ 250 ഡോളര്‍ ചന്ദ്രന്‍ പിള്ളയും മറിയാമ്മ പിള്ളയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നു.

ചിക്കാഗോയിലെ എല്ലാ മലയാളികളും പങ്കെടുത്ത് പരിപാടികള്‍ വിജയിപ്പിക്കണമെന്നു പ്രസിഡന്റ് ജോര്‍ജ് പണിക്കരും, ഐ.എം.എ എക്‌സിക്യൂട്ടിവും സാദരം ക്ഷണിക്കുന്നു.
ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക