Image

വാല്മീകി രാമായണം പത്താംദിനം (ദുര്‍ഗ മനോജ്)

Published on 26 July, 2019
വാല്മീകി രാമായണം പത്താംദിനം (ദുര്‍ഗ മനോജ്)
ആരണ്യകാണ്ഡം 
ഒന്നാം സര്‍ഗ്ഗം മുതല്‍ ഇരുപത്തി ഒന്ന് വരെ.

അത്രി മഹര്‍ഷിയുടെ ആശ്രമത്തില്‍ നിന്നും പുറപ്പെട്ട സീതാരാമലക്ഷ്മണന്മാര്‍ ദണ്ഡകാരണ്യമെന്ന മഹാവനത്തിലേക്ക് പ്രവേശിച്ചു. ദിവ്യരായ അനേകം ഋഷിമാരുടെ വാസസ്ഥാനം. അതിനനുരൂപമായ പ്രദേശം. മുനിമാര്‍ മൂവരേയും അതിപ്രീതിയോടെ സ്വീകരിച്ച് ആദരിച്ചു. ഒരു രാത്രി മുനിമാരുടെ ആതിഥ്യം സ്വീകരിച്ച അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. 

ആ യാത്രക്കിടയില്‍ അതിവിരൂപനായ ഒരു നരഭോജിയെ അവര്‍ കണ്ടു. അവന്‍ മൂവരേയും കണ്ടമാത്രയില്‍ സീതയെ എടുത്ത് ഒക്കത്തുവെച്ച് രാമലക്ഷ്മണന്മാരോട് ഓടി രക്ഷപ്പെട്ടു കൊള്ളുവാന്‍ പറഞ്ഞു അത് ഓടിമറഞ്ഞു. സീത രാക്ഷസന്റെ കൈയില്‍പ്പെട്ടതു കണ്ട് രാമന്‍ ക്രുദ്ധനായി. ഒപ്പം അതീവ ദു:ഖിതനും.

രാമന്‍ പറഞ്ഞു 'എന്നെ വനത്തിലയച്ച കൈകേയീ മാതാവിന്റെ ആഗ്രഹം സാധിച്ചു. രാജ്യഹരണമോ, പിതൃമരണമോ സീതയ്‌ക്കേറ്റ പരസ്പര്‍ശത്തേക്കാള്‍ ദുഃഖകരമല്ലെനിക്ക്.'

അത് കേട്ട് ക്രുദ്ധനായ ലക്ഷമണന്‍ അവനുനേരെ ചാപ വര്‍ഷമെയ്തു. എന്നാല്‍ സീതയെ എടുത്തു കൊണ്ട് നിന്ന അവന്‍, പൊടുന്നനെ രാമലക്ഷ്മണന്‍മാരേയും കൈക്കുള്ളിലാക്കി. എന്നാല്‍ രണ്ടു പേരും ഒരേ സമയം രണ്ട് ഭാഗത്തു നിന്നും അവന്റെ കൈകള്‍ അരിഞ്ഞു വീഴ്ത്തി സ്വയം മോചിതരാവുകയും സീതയെ മോചിപ്പിക്കുകയും ചെയ്തു. കൈകള്‍ നഷ്ടപ്പെട്ട് മൃതപ്രായനായ അവന്‍ പറഞ്ഞു, ശാപം കൊണ്ട് രാക്ഷസനായ തുംമ്പുരു എന്ന ഗന്ധര്‍വ്വനാണ് ഞാന്‍. തപോബലം കൊണ്ട് ശക്തി ആര്‍ജിച്ച എന്നെ ആര്‍ക്കും അസ്ത്രം കൊണ്ട് കൊല്ലാനാകില്ല. അതിനാല്‍ അങ്ങെന്നെ കുഴിച്ചുമൂടുക. അങ്ങയുടെ കൈ കൊണ്ട് അത് സംഭവിച്ചാല്‍ എനിക്ക് മോക്ഷം ലഭിക്കും. അങ്ങനെ രാമന്‍, ലക്ഷ്മണനെക്കൊണ്ട് ഒരു വലിയ കുഴി തയ്യാറാക്കി, വിരാധനെന്ന ആ അസുരനെ കുഴിച്ചുമൂടി. പൂര്‍വ്വരൂപം കൈക്കൊണ്ട ഗന്ധര്‍വ്വന്‍ രാമനെ വന്ദിച്ച് യാത്രയായി.

അസുരവധം കഴിഞ്ഞ് വീണ്ടും മുന്നോട്ട് പോയി സതീക്ഷണനെന്ന മുനിയേയും സന്ദര്‍ശിച്ചു. അവിടെ വെച്ച് മുനി, തപസ്സിന് വിഘ്‌നം വരുത്തുന്ന അസുരന്മാരെ ഇല്ലാതാക്കിത്തരണമെന്ന് അപേക്ഷിച്ചു. അത് ചെയ്തുകൊള്ളാമെന്ന് രാമന്‍ വാക്കും നല്‍കി. പിന്നീടവര്‍ അഗസ്ത്യാശ്രമത്തില്‍ എത്തി, ആതിഥ്യം സ്വീകരിച്ച് ദണ്ഡകാരണ്യത്തില്‍ പല ആശ്രമങ്ങളിലായി വനവാസ കാലയളവിലെ പത്ത് സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഒടുവില്‍ അഗസ്ത്യനോട് വിട ചൊല്ലി പഞ്ചവടിയിലേക്ക് യാത്രയായി. ആ യാത്രയില്‍ അവര്‍ അരുണന്റെ മകന്‍, ശ്രേഷ്ഠനായ ജടായുവിനെ കണ്ടുമുട്ടി. ജടായു രാമലക്ഷ്മണന്മാര്‍ എങ്ങോട്ടെങ്കിലും പോകുമ്പോള്‍ സീതയെ സംരക്ഷിച്ചു കൊള്ളാമെന്ന് ഉറപ്പു നല്‍കി.

പിന്നെ, നിറയെ ഫലഭൂയിഷ്ഠമായ ഗോദാവരീ നദിക്കരയില്‍ അവര്‍ തങ്ങളുടെ പര്‍ണ്ണശാല പണിതു. ഹേമന്തമായി, എങ്ങും മഞ്ഞിന്റെ തണുപ്പ് മാത്രം. രാമന്‍ ഭരതനെ ഓര്‍ത്തും പ്രിയ ജനങ്ങളെ ഓര്‍ത്തും ഖിന്നനായി.

അങ്ങനെയിരിക്കേ, രാമന്‍ സീതയോടും ലക്ഷ്മണനോടുമൊപ്പം പല കഥകളും പറഞ്ഞിരിക്കവേ ശൂര്‍പ്പണഖ എന്ന രാക്ഷസി അതുവഴി വന്നു. അതീവ സുന്ദരനായ രാമനെ കണ്ട് മോഹിതയായി അവള്‍ രാമന് സമീപമെത്തി. എന്നിട്ട് പറഞ്ഞു, 'താപസ വേഷത്തില്‍, പത്‌നീ സമേതനായി രാക്ഷസ സേവിതമായ ഈ ദേശത്ത് നീ വന്നു ചേര്‍ന്നതെങ്ങനെ?'

രാമന്‍ അവളുടെ ചോദ്യത്തിന് ഉത്തരം നല്‍കി. ഒപ്പം അവളാരാണ് എന്ന് ആരാഞ്ഞു. അവള്‍ പറഞ്ഞു, ഞാന്‍ കാമരൂപിണിയായ രാക്ഷസിയാണ്. ശൂര്‍പ്പണഖ എന്നു പേര്. ഒറ്റക്ക് കാട്ടില്‍ വസിക്കുന്നു. മൂന്നു ലോകങ്ങളും വിറപ്പിക്കുന്ന രാവണ സഹോദരിയാണ് ഞാന്‍. സദാ നിദ്രകൊള്ളുന്ന കുംഭകര്‍ണ്ണനും രാക്ഷസാചാരനല്ലാത്ത വിഭീഷണനും ഖരദൂഷണന്മാരും മറ്റ് സഹോദരന്മാരാണ്.
എനിക്ക് അങ്ങയില്‍ മോഹമുദിച്ചിരിക്കുന്നു. ഈ വിരൂപിണിയായ സ്ത്രീയെ ഉപേക്ഷിച്ച് എന്നെ ഭാര്യയാക്കുക. ഇവളേയും നിന്റെ അനുജനേയും ഞാന്‍ ഭക്ഷിക്കാം. അനന്തരം നമുക്ക് കാമവും സാധിച്ച് ഈ ദണ്ഡക വനത്തില്‍ സഞ്ചരിക്കാം.

ഇത് കേട്ട് രാമന്‍ ചിരിച്ചുകൊണ്ട് ലക്ഷ്മണനെ ചൂണ്ടിക്കാട്ടി, അവന് പത്‌നിയില്ല, ആയതിനാല്‍ അവനെ ഭര്‍ത്താവാക്കൂ എന്ന് പറഞ്ഞു.
എന്നാല്‍ ലക്ഷ്മണന്‍, താന്‍ രാമന്റെ ദാസനാണെന്നും തന്നെ വരിച്ചാല്‍ ദാസിയായി കഴിയേണ്ടിവരുമെന്നും പറഞ്ഞ് തിരിച്ച് രാമനടുത്തേക്ക് അയച്ചു. രാമന്‍ വീണ്ടും നിരാകരിച്ചതോടെ അവള്‍ സീതയെ കൊല്ലുവാന്‍ പാഞ്ഞടുത്തു. ഇതുകണ്ട് രാമന്റെ ആജ്ഞാനുസരണം ലക്ഷ്മണന്‍ അവളുടെ മൂക്കും ചെവികളും ഛേദിച്ചു. അതോടെ അവള്‍ ഘോരരൂപിണിയായി ആര്‍ത്തുകൊണ്ട് ഓടി മറഞ്ഞു. പിന്നെ, സഹോദരനായ ഖരനെ രാമനെതിരയായി യുദ്ധത്തിന് നിര്‍ബന്ധിച്ചു. ഖരന്‍ അയച്ച പതിനാല് രാക്ഷസന്മാരും രാമബാണമേറ്റു ചത്തുമലച്ചു. അതോടെ ശൂര്‍പ്പണഖ ഖരനെ നേരിട്ട് യുദ്ധത്തിന് പ്രേരിപ്പിച്ചു തുടങ്ങി.

ഇങ്ങനെ ആരണ്യകാണ്ഡം ആദ്യത്തെ 21 അധ്യായങ്ങള്‍ സമാപിക്കുന്നു.

രാമന്‍ എന്നത് ഓരോ മനുഷ്യന്റേയും വിവിധ അവസ്ഥകളായും നമുക്ക് സ്വീകരിക്കാം. വിവിധ ദുര്‍ഘടങ്ങളില്‍ എപ്രകാരം അക്ഷോഭ്യനായി തുടരാനാകുന്നു എന്നതാണ് പ്രധാനം.
ജീവിതം സമതലത്തിലൂടെ പ്രവഹിക്കുന്ന നദി പോലെ അനുസ്യൂതമനായാസം ഒഴുകുന്ന ഒന്നല്ല. അത് ഗിരിശൃംഗങ്ങളില്‍ നിന്ന് പുറപ്പെട്ട് കുതിച്ചും കിതച്ചും പാറക്കെട്ടുകളില്‍ ചിന്നിച്ചിതറിയും ഒഴുകുന്ന ഒന്നാണ്. അവിടെ രാമന്‍ എന്ന അക്ഷോഭ്യനായ പുരുഷന്‍ എപ്രകാരം ജീവിതത്തെ നേരിടുന്നു എന്ന് പഠിക്കുന്നത് ഏതൊരു മനുഷ്യന്റെയും ജീവിത വിജയത്തിന് സഹായകരമാണ്.

ശൂര്‍പ്പണഖയുടെ രംഗപ്രവേശത്തോടെ കാമം എന്ന വീണ്ടുവിചാരമില്ലാത്ത ചപലത എപ്രകാരം അവനവനും മറ്റുള്ളവര്‍ക്കും ജീവനാശത്തിന് കാരണമാകുന്നു എന്ന് വിശദമാക്കുന്നു. ശൂര്‍പ്പണഖയുടെ കാമമോഹമാണ് ഒരര്‍ത്ഥത്തില്‍ രാമരാവണയുദ്ധത്തിന്റെ തന്നെ ഹേതു എന്ന് മനസിലാക്കുമ്പോള്‍ കാമം, ക്രോധം ജനിപ്പിക്കുന്നുവെന്നും, ക്രോധം സര്‍വ്വനാശത്തിലേക്ക് നയിക്കുമെന്നും കൂടി മനസിലാക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക