Image

കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കവി ദേവരാജ് അനുസ്മരണം

എ.സി. ജോര്‍ജ്ജ് Published on 25 July, 2019
കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കവി ദേവരാജ് അനുസ്മരണം
ഹ്യൂസ്റ്റന്‍: ജൂലൈ 21-ാം തീയതി വൈകുന്നേരം, നികത്താനാകാത്ത ഒരു വേര്‍പാടിന്റെ ശോകമൂകമായ അന്തരീക്ഷത്തിലാണ് കേരള റൈറ്റേഴ്‌സ് ഫോറം യോഗം ചേര്‍ന്നത്. കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആസ്ഥാന കവിയും ഗാനരചയിതാവും സജീവ സാന്നിദ്ധ്യവും ഏവര്‍ക്കും പ്രിയങ്കരനുമായിരുന്ന ശ്രീ. ദേവരാജ് കാരാവള്ളിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണു റൈറ്റേഴ്‌സ് ഫോറം മീറ്റിംഗ് ആരംഭിച്ചത്. പരേതനോടുള്ള ആദരസൂചകമായി അന്നത്തെ യോഗസ്ഥലത്തിനു തന്നെ ''ദേവരാജ് നഗര്‍'' എന്നു നാമകരണം ചെയ്തു. തങ്ങളില്‍ നിന്ന് ശാരീരികമായിട്ടു മാത്രമാണ് ശ്രീ. ദേവരാജ് വിടപറഞ്ഞത്. തന്റെ കവിതകളിലൂടെ, സാഹിത്യരചനകളിലൂടെ അദ്ദേഹം എന്നെന്നും തങ്ങളുടെ സ്മരണകളില്‍ അനശ്വരമായി ജീവിക്കും എന്ന് കേരളാ റൈറ്റേഴ്‌സ് ഫോറം അംഗങ്ങള്‍ അനുശോചന യോഗത്തില്‍ പറഞ്ഞു. കേരള റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി ഡോ. മാത്യു വൈരമണ്‍ മോഡറേറ്ററായി പ്രവര്‍ത്തിച്ചു.

തുടര്‍ന്നുള്ള ഭാഷാ സാഹിത്യ യോഗത്തില്‍ പ്രൊഫസര്‍ ജോണ്‍ കുന്നത്ത് മുഖ്യപ്രഭാഷകനായിരുന്നു. മലയാളഭാഷയുടെ ശബ്ദഘടനയെ പറ്റിയാണ് അദ്ദേഹം പ്രസംഗിച്ചത്. മലയാളഭാഷാ ലോകത്തിലെ ഏറ്റവും പഠിക്കാന്‍ ബുദ്ധിമുട്ടുള്ളതും ദുര്‍ഘടം പിടിച്ച നൂലാമാലകളുമുള്ള ഒരു ഭാഷയാണെന്നു പലര്‍ക്കും ഒരു ധാരണയുള്ളത് തികച്ചും തെറ്റാണ്. വാസ്തവത്തില്‍ മലയാളഭാഷ വളരെ സരളവും ലളിതവും പഠിക്കാനും, പറയാനും, എഴുതാനും കൈകാര്യം ചെയ്യാനും മറ്റു പല ഭാഷകളേക്കാള്‍ എളുപ്പവുമാണ്. ഇംഗ്ലീഷ് ഭാഷയുടെ കാര്യം എടുക്കുക ആ ഭാഷയില്‍ കയ്യെഴുത്ത് ഒരു രീതി, ടൈപ്പിംഗും പ്രിന്റിംഗും മറ്റൊരു ലിപി, മറ്റൊരു രീതി. അതിന്റെ വാക്യ ഘടനയില്‍ പലയിടത്തും ക്യാപിറ്റല്‍ അക്ഷരം പ്രയോഗിക്കേണ്ടതുണ്ട്. ചില പദങ്ങള്‍ ഇല്ല, അല്ലെങ്കില്‍ ഉച്ചരിക്കാനോ പെടാപാട് എന്നാല്‍ മലയാളത്തില്‍ എഴുത്തുഭാഷയും പ്രിന്റു ഭാഷയും ഒന്നു തന്നെ. ഇതില്‍ ക്യാപിറ്റല്‍ അക്ഷരമെന്നോ ചെറിയ അക്ഷരമെന്നോ വകഭേദമില്ല. ഒരേപോലെ എഴുതാം അച്ചടിക്കാം. പറയുംപോലെ എഴുതാം- എഴുതുംപോലെ പറയാം. ഏതു ഭാഷയില്‍ നിന്ന് കടമെടുക്കാനും അതു മലയാളത്തില്‍ എഴുതാനും ഒട്ടും വിഷമമില്ല. അതുപോലെ മലയാളഭാഷയില്‍ നിന്ന് ഇംഗ്ലീഷ് തുടങ്ങിയ ഏതു ഭാഷയിലേക്കും ലിപിയിലേക്കും കടം കൊടുക്കാനും പരിവര്‍ത്തനം ചെയ്യാനും വളരെ എളുപ്പം തന്നെയാണ്. അതുകൊണ്ട് മാതൃഭാഷയെപറ്റി മലയാളികളുടെ തന്നെ ഭൂരിപക്ഷ ധാരണയോടൊപ്പം അന്യഭാഷാ സുഹൃത്തുകളുടെ തെറ്റായ ധാരണകളും തിരുത്തപെടണം. മലയാളഭാഷയുടെ, ശബ്ദഘടനകളെപ്പറ്റി വസ്തുനിഷ്ടമായി പ്രൊഫസര്‍ ജോണ്‍ കുന്നത്ത് സംസാരിച്ചു.

ടോം വിരിപ്പന്‍ ''ചെറുകഥ ഒരു ചരിത്രപഠനം'' എന്ന ശീര്‍ഷകത്തില്‍ ഒരു പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് മലയാളിത്തിലേയും ഇംഗ്ലീഷിലേയും മറ്റു മുഖ്യഭാഷകളിലേയും ചെറുകഥകളേയും, കഥാകൃത്തുക്കളേയും ആശയങ്ങളേയും അടിസ്ഥാനമാക്കി കഥാകഥന രീതികളേയും രചനകളേയും യോഗസമക്ഷം വളരെ തന്മയത്വമായി അവതരിപ്പിച്ചു. ചെറുകഥയുടെ ചരിത്രാവലോകനത്തിന്റെ വെളിച്ചത്തിലും മലയാളഭാഷയുടെ ശബ്ദഘടനാ വിഷയത്തിലും കേരളാ റൈറ്റേഴ്‌സ് ഫോറം യോഗത്തില്‍ പങ്കെടുത്ത എഴുത്തുകാരും വായനക്കാരുമായ മാത്യു മത്തായി, ജോണ്‍ മാത്യു, ജോസഫ് മണ്ഡപം, മാത്യു നെല്ലിക്കുന്ന്, എ.സി. ജോര്‍ജ്, ബോബി മാത്യു, റവ. ഡോ. തോമസ് അമ്പലവേലില്‍, ബാബു കുരവക്കല്‍, ടോം വിരിപ്പന്‍, ഗ്രേസി നെല്ലിക്കുന്ന്. ടി.എന്‍. സാമുവല്‍, ജോണ്‍ തൊമ്മന്‍, ഡോ. മാത്യു വൈരമന്‍, പ്രൊഫ. ജോണ്‍ കുന്നത്ത് തുടങ്ങിയവര്‍ വളരെ സജീവമായി പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. 
കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കവി ദേവരാജ് അനുസ്മരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക