Image

ബഹിരാകാശ യാത്രാചരിത്രവും ചന്ദ്രനില്‍ ആദ്യത്തെ കാല്‍വെപ്പും (ജോസഫ് പടന്നമാക്കല്‍)

Published on 24 July, 2019
ബഹിരാകാശ യാത്രാചരിത്രവും ചന്ദ്രനില്‍ ആദ്യത്തെ കാല്‍വെപ്പും (ജോസഫ് പടന്നമാക്കല്‍)
ബഹിരാകാശ യാത്രികനായിരുന്ന 'നീല്‍ ആംസ്ട്രോങ്ങ്' ഇന്നേക്ക് അരനൂറ്റാണ്ടു മുമ്പ് 1969-ജൂലൈ ഇരുപതാം തീയതി ചന്ദ്രനില്‍ കാലുകുത്തിയ നിമിഷം മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ കാല്‍വെപ്പായ ഒരു യുഗത്തിന്റെ തുടക്കമായിരുന്നു. ചന്ദ്രനില്‍ക്കൂടി നടന്ന ആദ്യ വ്യക്തിയും 'നീല്‍ ആംസ്‌ട്രോങ്' തന്നെ. നീലിനൊപ്പം സഹയാത്രികനായി 'എഡ്വിന്‍ ആല്‍ഡ്രി'നുമുണ്ടായിരുന്നു. ചന്ദ്രനില്‍ കാലുകുത്താന്‍ അവസരം ലഭിക്കാതെ അവര്‍ക്കു ചുറ്റും രക്ഷകനായി പേടക വാഹനത്തില്‍ പറന്ന 'മൈക്കിള്‍ കോളിന്‍സും' ചരിത്രത്തിന്റെ ഏടുകളില്‍ അന്നു സ്ഥാനം നേടിയിരുന്നു. നീല്‍ ആംസ്ട്രോങ്ങ് ഭൂമിയിലുള്ളവരോട് പറഞ്ഞു, 'ചന്ദ്രനില്‍ പതിഞ്ഞ ആദ്യത്തെ മനുഷ്യ പാദങ്ങള്‍ മാനവ ജാതിയുടെ വിജയമാണ്. ചരിത്രത്തിന്റെ കുതിച്ചുചാട്ടവും വിജ്ഞാനത്തിന്റെ നവനേട്ടവുമായി മാനിക്കപ്പെടുന്നു.' അപ്പോളോ പതിനൊന്നാണ്' ചന്ദ്രയാത്രയുടെ അന്നത്തെ മിഷ്യന്‍ ഏറ്റെടുത്തത്.

ആധുനിക ബഹിരാകാശ യാത്രകളുടെ പുരോഗതിയും മനുഷ്യ പ്രയത്‌നവും അപ്പോളോ പദ്ധതികളും അവലോകനം ചെയ്യണമെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടങ്ങള്‍ മുതല്‍ പരിശോധിക്കേണ്ടതായുണ്ട്. ആദ്യകാലങ്ങളില്‍ സൗണ്ടിനേക്കാള്‍ സ്പീഡില്‍ വിമാനം പറപ്പിക്കുന്ന ടെസ്റ്റുകള്‍ പൈലറ്റുമാര്‍ നടത്തിക്കൊണ്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഈ പൈലറ്റുമാര്‍ നേവിയില്‍ നിന്നോ എയര്‍ ഫോഴ്‌സില്‍നിന്നോ ബഹിരാകാശ പദ്ധതികള്‍ക്കായി വന്നവരായിരുന്നു. അമേരിക്കന്‍ ചേരികളും റഷ്യന്‍ ചേരികളും തമ്മിലുള്ള ശീത സമരം ലോകത്ത് അസ്വസ്ഥതകളുണ്ടാക്കിയിരുന്നു. ജനാധിപത്യ ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്ക ഒരു വശത്തും കമ്മ്യുണിസ്റ്റ് രാജ്യങ്ങളുടെ ചേരികളും സോവിയറ്റ് യൂണിയനും മറുവശത്തുമായി പരസ്പ്പരം വെല്ലുവിളികളും പോര്‍വിളികളും നടത്തികൊണ്ടിരുന്നു. ലോകം മുഴുവന്‍ ഏതു സമയവും ഒരു യുദ്ധമുണ്ടാവാമെന്നുള്ള പ്രതീതികളുമുണ്ടായിരുന്നു. 

1950 കളില്‍ റഷ്യയും അമേരിക്കയും തമ്മില്‍ ശൂന്യാകാശ ഗവേഷണ മത്സരങ്ങളുമാരംഭിച്ചു. ഇരു രാജ്യങ്ങളും ന്യുക്ളീയര്‍ ആയുധങ്ങളുടെ ഗവേഷണങ്ങളും തുടര്‍ന്നു. അതുമൂലം ലോകത്ത് അസമാധാനവും ഭീതിയും ജ്വലിപ്പിച്ചുകൊണ്ടിരുന്നു. അമേരിക്ക പങ്കാളിയായിരുന്ന കൊറിയന്‍ യുദ്ധവും വാര്‍ത്താ പ്രാധാന്യം നേടി. 1961-ലെ ബര്‍ലിന്‍ മതില്‍ പണി, 1962-ലെ ക്യൂബന്‍ മിസൈല്‍ മുതലായ ആഗോള ചേരിതിരിവുകള്‍ ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതകളും ജനിപ്പിച്ചിരുന്നു.

NACA (നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഫോര്‍ എയ്‌റോനോട്ടിക്‌സ്) 1915-ല്‍ സ്ഥാപിക്കപ്പെട്ടു. 
1958 ല്‍ അത് നാസ (നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്റ്റ്രേഷന്‍) ആയി
  
'ഹൊവാര്‍ഡ് സി ടിക്ക് ലില്ലി' നാകായുടെ ആദ്യത്തെ  എഞ്ചിനീയറിംഗ് പൈലറ്റായിരുന്നു. കാലിഫോര്‍ണിയ മരുഭൂമിയുടെ ആകാശത്തില്‍ സൗണ്ടിനേക്കാള്‍ വേഗത്തില്‍ വിമാനം പറപ്പിച്ച  പൈലറ്റാണ് അദ്ദേഹം. 1948 മെയ് മൂന്നാം തിയതി 'ലില്ലി' ഓടിച്ച ഡി.558 വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലാവുകയും  അദ്ദേഹം മരിക്കുകയും ചെയ്തു. ഔദ്യോഗിക ജോലിയിലായിരുന്നപ്പോള്‍ ആദ്യമായി മരിച്ച നാകാ പൈലറ്റും അദ്ദേഹമായിരുന്നു. ഒരു മാസത്തിനു ശേഷം 'ക്യപ്റ്റന്‍ ഗ്ലെന്‍ ഡബ്ലിയു എഡ്വേര്‍ഡും' നാല് വൈമാനിക സഹപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ പരീക്ഷണങ്ങള്‍ക്കായുള്ള വിമാനത്താവളത്തിന് 'എഡ്വേഡ് എയര്‍ ഫോഴ്‌സ് ബേസ്' എന്ന് പേരിടുകയും ചെയ്തു. 

ബഹിരാകാശ യാത്രകള്‍ സോവിയറ്റ് യുണിയനോട് മത്സരിച്ചുള്ളതായിരുന്നു. 1961 -ലെ പ്രസിഡന്റ് കെന്നഡിയുടെ 'ഈ പതിറ്റാണ്ടില്‍ മനുഷ്യരെ ചന്ദ്രനില്‍ ഇറക്കുമെന്നുള്ള വാക്കുകളെ യാഥാര്‍ഥ്യമാക്കണമെന്ന' മോഹവുമുണ്ടായിരുന്നു. 1969 ജൂലൈ ഇരുപതാംതീയതി അമേരിക്കയുടെ ആ സ്വപ്നം യാഥാര്‍ഥ്യമാവുകയുണ്ടായി. വളരെയധികം ത്യാഗങ്ങളും ദുഖകരമായ സംഭവ പരമ്പരകളും ലക്ഷ്യപ്രാപ്തിക്കായി അഭിമുഖീകരിക്കേണ്ടി വന്നു. ബഹിരാകാശ വാഹനങ്ങളുടെ പരീക്ഷണങ്ങള്‍ക്കിടയില്‍ വിമാനാപകടത്തില്‍ എട്ടു യാത്രികര്‍  നഷ്ടപ്പെട്ടു. താഴെക്കിടയില്‍ ജോലി ചെയ്തിരുന്ന നിരവധി ഉദ്യോഗസ്ഥരുടെയും ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നു. പരീക്ഷണങ്ങള്‍ നടത്തിയ പൈലറ്റുകളും അപ്പോളോ പരീക്ഷണങ്ങള്‍ക്കിടയില്‍ മരണപ്പെട്ടിരുന്നു. പന്ത്രണ്ടില്‍പ്പരം പൈലറ്റുകള്‍ യുദ്ധക്കളത്തില്‍ നടക്കുന്ന യുദ്ധംപോലെ ജീവന്‍ പണയം വെച്ച് പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 1967 ജനുവരി ഇരുപത്തിയേഴാം തിയതി ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള ഒരു ബഹിരാകാശ വാഹനം തീ പിടിക്കുകയും അതിലുണ്ടായിരുന്ന മൂന്നു ബഹിരാകാശ യാത്രികര്‍ കൊല്ലപ്പെടുകയുമുണ്ടായി.

1966-ല്‍ മനുഷ്യനില്ലാത്ത ഒരു വാഹനം ചന്ദ്രനില്‍ എത്തിച്ചിരുന്നു. അതിനുശേഷം ഭാവിയില്‍ മനുഷ്യനെ അയക്കാനുള്ള സാങ്കേതികതകളെപ്പറ്റി വിശദമായി പഠിച്ചുകൊണ്ടുമിരുന്നു. 

ശൂന്യാകാശം കീഴടക്കുകയെന്നത് ശീതസമര മത്സരങ്ങളുടെ ഭാഗമായിരുന്നു. 1957 ഒക്ടോബര്‍ നാലാം തിയതി സോവിയറ്റ് യൂണിയന്‍ ആദ്യത്തെ R-7 ബാലിസ്റ്റിക്ക് മിസൈല്‍ ബഹിരാകാശത്തേക്ക് അയച്ചു. ഭൂമിയുടെ ഭ്രമണപദം വിട്ടു തൊടുത്തുവിട്ട ആദ്യത്തെ മനുഷ്യ നിര്‍മ്മിതമായ സ്പുട്‌നിക്കായിരുന്നു അത്. അത് അമേരിക്കയെ സംബന്ധിച്ചിടത്തോളം സന്തോഷമുളവാക്കുന്ന കാര്യമായിരുന്നില്ല. സോവിയറ്റ് ടെക്കനോളജി അമേരിക്കയെ കടത്തിവെട്ടാന്‍ അമേരിക്കന്‍ ജനതയും ആഗ്രഹിച്ചില്ല. R-7 മിസ്സൈലിനു അമേരിക്കയുടെ മേല്‍ ന്യുക്ളീയര്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ കഴിവുള്ളതുമായിരുന്നു. കൂടാതെ അമേരിക്കയുടെ മേല്‍ ചാര പ്രവര്‍ത്തിയും നടത്താന്‍ സാധിക്കുമായിരുന്നു.

1958-ല്‍ അമേരിക്ക സ്വന്തമായി ഭ്രമണ പദത്തിനപ്പുറത്തേയ്ക്ക് 'സാറ്റലൈറ്റ്' അയച്ചു. അതേ വര്‍ഷം പ്രസിഡന്റ് ഐസനോവര്‍ ശൂന്യാകാശം കിഴടക്കുന്നതിനും ബഹിരാകാശ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും നാസാ  സ്ഥാപിച്ചു. 1959-ല്‍ സോവിയറ്റ് യൂണിയന്‍ ചന്ദ്രനില്‍ ലൂണ 2 അയച്ച് ബഹിരാകാശത്തില്‍ ആധിപത്യം നേടിയിരുന്നു. 1961 ഏപ്രിലില്‍ റഷ്യയുടെ 'യൂറി ഗഗാറിന്‍' ബഹിരാകാശത്ത് കറങ്ങിയ ആദ്യത്തെ സഞ്ചാരിയായിരുന്നു. 1961-ല്‍ അമേരിക്കയുടെ 'അലന്‍ ഷെപ്പേര്‍ഡ്' ശൂന്യാകാശത്ത് സഞ്ചരിച്ച ആദ്യത്തെ അമേരിക്കന്‍ സഞ്ചാരിയായി തീര്‍ന്നു. 1962-ല്‍ 'ജോണ്‍ ഗ്ലെന്‍' ഭൂമിയുടെ ഭ്രമണ പദത്തില്‍ നിന്നും യാത്ര ചെയ്ത ശൂന്യാകാശ യാത്രികനായി. 1961 മുതല്‍ 1964 വരെയുള്ള കാലഘട്ടത്തില്‍ നാസായുടെ ബഡ്ജറ്റ് 500 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ചന്ദ്ര യാത്രയോട് അനുബന്ധിച്ച് ഏകദേശം 34000 ജോലിക്കാര്‍ നാസായ്ക്കുണ്ടായിരുന്നു. 3,75,000 പുറം കമ്പനികളിലുള്ള കോണ്ട്രാക്റ്റ് ജോലിക്കാരും നാസയുടെ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 1967 മുതല്‍ അപ്പോളോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേറ്റു. ബഹിരാകാശ വാഹനത്തിനു തീപിടിച്ചതു മൂലം അക്കൊല്ലം മൂന്നു ബഹിരാകാശ യാത്രികര്‍ കൊല്ലപ്പെട്ടു. 1969-ല്‍ ചന്ദ്രയാത്രയില്‍ അമേരിക്ക വിജയിച്ചതോടെ ബഹിരാകാശത്ത് അമേരിക്കയുടെ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചു. അത് ശീതസമര യുദ്ധത്തിലെ വിജയമായും അറിയപ്പെടാന്‍ തുടങ്ങി.

1961 മെയ് ഇരുപത്തിയഞ്ചാം തിയതി ചന്ദ്രയാത്ര സംരംഭങ്ങള്‍ക്കായി പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസില്‍ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രമേയത്തിന്റെ ചുരുക്കം ഇങ്ങനെ, 'ഈ പതിറ്റാണ്ടവസാനിക്കും മുമ്പ് നമ്മുടെ രാഷ്ട്രം മറ്റു രാഷ്ട്രങ്ങളെക്കാളും മുമ്പിലായി ചന്ദ്രനെ കീഴടക്കാനായുള്ള പദ്ധതികളാവിഷ്‌ക്കരിക്കണം. അതിനായുള്ള ലക്ഷ്യവും വേണം. ബഡ്ജറ്റും അനുവദിക്കണം. സുരക്ഷിതമായി നമ്മുടെ ബഹിരാകാശ യാത്രികര്‍ മടങ്ങി വരുകയും വേണം.' അക്കാലത്ത് ബഹിരാകാശത്തെ കീഴടക്കുന്നതില്‍ അമേരിക്ക സോവിയറ്റ് യൂണിയന്റെ പിന്നിലായിരുന്നു. സാങ്കേതികതയിലും ബഹിരാകാശ ശാസ്ത്രീയ മുന്നേറ്റങ്ങളിലും സോവിയറ്റ് യൂണിയന്‍ മുമ്പില്‍ തന്നെയുണ്ടായിരുന്നു. ശീതസമര യുദ്ധം മൂര്‍ച്ഛിച്ചിരുന്ന നാളുകളായിരുന്നതിനാല്‍ കെന്നഡിയുടെ ധീരമായ നിലപാടിനെ അമേരിക്കന്‍ കോണ്‍ഗ്രസ്സ് സ്വാഗതം ചെയ്യുകയും ചെയ്തു. തന്മൂലം ലക്ഷ്യപ്രാപ്തിക്കായി അമേരിക്കയുടെ എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും അഞ്ചു വര്‍ഷങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യുകയുമുണ്ടായി. 

1960 ആയപ്പോള്‍ ശൂന്യാകാശ പദ്ധതികള്‍ വളരെയധികം പുരോഗമനം നേടിയിരുന്നു. പരീക്ഷണങ്ങളെയും മരണത്തെയും അതിജീവിച്ച നിരവധി പരിചയ സമ്പന്നരായ പൈലറ്റുമാര്‍ നാസായ്ക്കുണ്ടായിരുന്നു. കൂടാതെ 'നീല്‍ ആംസ്ട്രോങിനെ'പ്പോലെയും 'ബസ് ആല്‍ഡ്രിനെ'പ്പോലെയും സാങ്കേതികമായി പഠിച്ച എന്‍ജിനീയര്‍മാരും നാസയുടെ ശക്തി വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നു. എല്ലാവിധ അപകട സാധ്യതകളും സ്വന്തം ജീവനുള്ള അപായഹേതുകളും എടുക്കാന്‍ തയ്യാറുമായിരുന്നു. ടെസ്റ്റ് പൈലറ്റുകളായി പ്രായോഗിക പരിശീലനം നേടിയ ഇവര്‍ പിന്നീട് ശൂന്യാകാശ യാത്രികരായും ചുമതലകള്‍ വഹിച്ചു.

ബഹിരാകാശ യാത്രികന്‍, മിലിറ്ററി പൈലറ്റ്, വിദ്യാഭ്യാസ ചിന്തകന്‍ എന്നിങ്ങനെ ആംസ്ട്രോങ്ങിനെ അറിയപ്പെടുന്നു. ഒഹായോയില്‍ 1930 ആഗസ്റ്റ് അഞ്ചാംതീയതി ജനിച്ചു. ചെറുപ്പകാലം മുതല്‍ വിമാനം പറപ്പിക്കലിനോട് അതിയായ സ്‌നേഹമുണ്ടായിരുന്നു. പതിനാറു വയസുള്ളപ്പോള്‍ തന്നെ 1947-ല്‍ പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കി. പിന്നീട് പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ എയ്‌റോ നോട്ടിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാനാരംഭിച്ചു. നേവിയുടെ സ്‌കൊളാഷിപ്പ് വഴിയായിരുന്നു പഠനം തുടര്‍ന്നിരുന്നത്. കൊറിയന്‍യുദ്ധം തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ മിലിറ്ററി സേവനത്തിനു വിളിച്ചതിനാല്‍ പഠിപ്പ് മുടക്കേണ്ടി വന്നു. 'മിലിറ്ററി പൈലറ്റ്' എന്ന നിലയില്‍ യുദ്ധമുന്നണിയില്‍ 78 തവണ ശത്രുപാളയങ്ങളില്‍ വിമാനം പറപ്പിച്ചു. 1952-ല്‍ മിലിട്ടറി സേവനം മതിയാക്കി മടങ്ങി വന്നു. വീണ്ടും കോളേജില്‍ പഠനം. അതിനുശേഷം നാസായുടെ എഞ്ചിനീറിങ് ഡിപ്പാര്‍ട്‌മെന്റില്‍ ജോലി തുടര്‍ന്നു. അവിടെ നിരവധി ഡിപ്പാര്‍ട്‌മെന്റുകളില്‍ ചുമതലകള്‍ വഹിച്ചു. 'എഞ്ചിനീറിങ്' വകുപ്പുകളിലും ടെസ്റ്റ് പൈലറ്റായും ജോലി തുടര്‍ന്നു. ഒരു മണിക്കൂറില്‍ 4000 മൈല്‍ സ്പീഡില്‍ പോവുന്ന വിമാനവും പറപ്പിച്ചുകൊണ്ട് സ്വന്തം കഴിവിനെ പ്രകടിപ്പിച്ചു.

'ആംസ്‌ട്രോങ്' 1956 ജനുവരി 28ന് 'ജാനറ്റ് ഷെറോണ്‍'നെ വിവാഹം ചെയ്തു. 1957-ല്‍ 'എറിക്ക്' എന്ന പുത്രനുണ്ടായി. മകള്‍ കാരണ്‍' 1959-ല്‍ ജനിച്ചു. ദൗര്‍ഭാഗ്യവശാല്‍ തലച്ചോറിലുള്ള ക്യാന്‍സര്‍ മൂലം 1962-ല്‍ കാരണ്‍' മരിച്ചു. ആംസ്‌ട്രോങ് ആദ്യത്തെ ഭാര്യയുമായി വിവാഹ മോചനം നടത്തിയശേഷം കരോളിനെ വിവാഹം ചെയ്തിരുന്നു. രണ്ടാം ഭാര്യ കരോളുമായി മരണംവരെ ജീവിച്ചു. 1971 വരെ ആംസ്‌ട്രോങ്ങ് നാസയില്‍ ഡെപ്യൂട്ടി അസോസിയേറ്റഡ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി ജോലി തുടര്‍ന്നു. 

നാസയില്‍നിന്ന് പിരിഞ്ഞ ശേഷം അദ്ദേഹം സിന്‍സിനാറ്റി (Cincinnati) ഏറോസ്‌പേസ് എഞ്ചിനീയറിംഗ് പ്രൊഫസറായി സേവനമാരംഭിച്ചു. എട്ടു വര്‍ഷം അവിടെ  തുടര്‍ന്നു. 1982 മുതല്‍ 1992 വരെ ഏവിയേഷന്‍ കമ്പ്യൂട്ടിങ് ടെക്കനോളജിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 1986-ല്‍ ഒരു ബഹിരാകാശ വാഹനം അപകടപ്പെട്ടപ്പോള്‍ വാഹനാപകടകാര്യങ്ങള്‍ സംബന്ധിച്ച അന്വേഷണ കമ്മീഷന്റെ വൈസ് ചെയര്‍മാനുമായിരുന്നു. അന്നുണ്ടായ ബഹിരാകാശ പേടകത്തില്‍ സഞ്ചരിച്ചവരെല്ലാം മരണപ്പെട്ടിരുന്നു. അക്കൂടെ സ്‌കൂള്‍ ടീച്ചര്‍ 'ക്രിസ്റ്റ മക്ലിഫും' ഉണ്ടായിരുന്നു.

'ആംസ്ട്രോങ്ങ്' പ്രസിദ്ധനായ ബഹിരാകാശ യാത്രികനായിരുന്നെങ്കിലും പൊതുജന സംസര്‍ഗ്ഗത്തില്‍നിന്ന് എന്നും അകന്നു നില്‍ക്കാനാണ് ആഗ്രഹിച്ചിരുന്നത്. 2005-ല്‍ അദ്ദേഹം എബിസി ചാനലിന് അത്യപൂര്‍വമായ ഒരു ഇന്റര്‍വ്യൂ നല്‍കിയിരുന്നു. സൂര്യതാപത്തിന്റെ നിയന്ത്രണത്തിലുള്ള ചന്ദ്രോപരിതലം മനോഹരമായ പ്രദേശങ്ങളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 'ജയിംസ് ആര്‍ ഹാന്‍സണ്‍' ആദ്യമായി ആംസ്ട്രോങ്ങിന്റെ ജീവചരിത്രമെഴുതി. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വിശദമായി പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

'നീല്‍ ആംസ്ട്രോങ്ങി'ന്റെ ആദ്യ ശൂന്യാകാശ യാത്രകള്‍ വളരെയധികം അപകടം പിടിച്ചതായിരുന്നു. 'ജെമിനി-8' ലുള്ള ആദ്യത്തെ യാത്രയില്‍ വാഹനം വിക്ഷേപിക്കുന്ന സമയം വാഹനത്തിനും ബഹിരാകാശ യാത്രികനുമുള്ള (astronaut) അപകടകട സാധ്യതകളെ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. ബഹിരാകാശ വാഹനം തകരാറിലാകുമെന്നുള്ള മുന്നറിയിപ്പും കൊടുത്തിരുന്നു. ആ യാത്രയില്‍ ആംസ്ട്രോങും പൈലറ്റ് ഡേവിഡും ഒത്തൊരുമിച്ച് വാഹനത്തിന്റ കേടുപാടുകള്‍ നന്നാക്കി കൊണ്ടിരുന്നു. വാഹനം നിയന്ത്രണത്തിലാക്കാന്‍ നന്നേ ബുദ്ധിമുട്ടേണ്ടി വന്നു. അവസാനം തങ്ങള്‍ സഞ്ചരിച്ചിരുന്ന ബഹിരാകാശ വാഹനം നിയന്ത്രണത്തിലാക്കുകയും സുരക്ഷിതമായി വാഹനത്തെ ഭൂമിയില്‍ ഇറക്കുകയും ചെയ്തു.

ബഹിരാകാശത്തേക്ക് യാത്രപുറപ്പെടാനായി വിമാനങ്ങളുടെ പരിചയസമ്പന്നരായ പൈലറ്റുമാര്‍ പരിശീലനത്തിനായി താവളങ്ങള്‍ തോറും വിമാനങ്ങള്‍ പറപ്പിക്കാറുണ്ട്. ഇങ്ങനെ പരിശീലനം നേടിക്കൊണ്ടിരുന്ന പൈലറ്റുമാരുടെ കൂട്ടത്തിലുണ്ടായിരുന്ന 'തീയോഡോര്‍ ഫ്രീമാന്‍' 1964-ല്‍ വിമാനം പറപ്പിക്കലിനിടെ അപകടപ്പെട്ടു മരിക്കുകയുമുണ്ടായി. 1966 ഫെബ്രുവരിയില്‍ 'എലിയട്ട്' എന്ന ശൂന്യാകാശ യാത്രികനും മറ്റൊരു യാത്രികനായ പൈലറ്റ് 'ചാറല്‍സ് ബസ്സെറ്റും കാലാവസ്ഥ മോശമായതിനാല്‍ വിമാനാപകടത്തില്‍ മരണപ്പെട്ടു. ബഹിരാകാശ യാത്രയ്ക്ക് പരിശീലനം നേടുന്ന സമയങ്ങളില്‍ പലര്‍ക്കും ജീവന്‍ പണയം വെക്കേണ്ടി വന്നു. 1967 ജനുവരി 27-ന് 'ഗുസ് ഗ്രിസ്സമും' 'എഡ് വൈറ്റ് റോഗര്‍ ചാഫീ'യും കെന്നഡി സ്‌പേസ് സെന്ററില്‍ വിമാനം തീ പിടിച്ചുള്ള അപകടത്തില്‍ മരിച്ചു.

ചന്ദ്രയാത്രയില്‍, മനുഷ്യ ജീവിതങ്ങള്‍ നഷ്ടപ്പെടുന്നതിലും ഭീമമായ സാമ്പത്തിക ചെലവുകളിലും അമേരിക്കന്‍ കോണ്‍ഗ്രസിലും പൊതുജനങ്ങളിലും ശക്തമായ എതിര്‍പ്പുകളുണ്ടായിരുന്നു. ജനങ്ങളുടെ നികുതിപ്പണം നിരുപയോഗമായി ചെലവാക്കുന്നത് ന്യായ യുക്തമോയെന്ന ചിന്തകളും വ്യാപകമായി പടര്‍ന്നിരുന്നു. രാജ്യത്ത് ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ ചന്ദ്രയാത്രകള്‍ക്ക് പണം ചെലവഴിക്കുന്നതില്‍ പ്രതിക്ഷേധിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ റെവ. ജെയിംസ് അബെര്‍ണാതിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധങ്ങളും പ്രകടനങ്ങളുമുണ്ടായിരുന്നു. ബഹിരാകാശ വാഹനങ്ങളുടെ തീപിടുത്തവും നാശനഷ്ടങ്ങളും കോണ്‍ഗ്രസില്‍ ആശങ്കകള്‍ സൃഷ്ടിച്ചു. ''നാസായിലുള്ളവരും ചന്ദ്രയാത്രകള്‍ വിജയകരമാവുമോയെന്നുള്ളതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു! നാസായ്ക്കുള്ളിലും അതിന്റെ പേരില്‍ തീവ്രമായ ചര്‍ച്ചകളും തുടര്‍ന്നുകൊണ്ടിരുന്നു.

1969-ല്‍ യാത്രികരായ ആംസ്ട്രോങ്ങിനും ആല്‍ഡ്രിനും ചന്ദ്രനിലേക്കുള്ള മിഷന്‍ വിജയപ്രദമാവുമെന്നുള്ള ശുഭ പ്രതീക്ഷകളുണ്ടായിരുന്നു. ദിവസം ഏഴും എട്ടും മണിക്കൂറുകള്‍ പരിശീലനം നേടി സര്‍വ്വവിധ ടെക്ക്‌നിക്കല്‍ കഴിവുകളും നേടിയ ശേഷമാണ് അവര്‍ ചന്ദ്രനിലേക്കുള്ള യാത്രക്കായി ഒരുമ്പെട്ടത്. 1969 ജൂലൈ പതിനാറാം തിയതി മൂന്നുപേരെയും ഒരുമിച്ച് ശൂന്യാകാശത്തിലയച്ചു. ചന്ദ്രന്റെ ഉപരിതലത്തില്‍ 1969 ജൂലൈ ഇരുപതാം തിയതി 'ആംസ്‌ട്രോങ്' പൈലറ്റായി ഓടിച്ച വാഹനമെത്തി. രണ്ടര മണിക്കൂറോളം ചന്ദ്രനില്‍നിന്നും അവര്‍ രണ്ടുപേരുമൊത്ത് ചന്ദ്രക്കല്ലുകള്‍ ശേഖരിച്ചുകൊണ്ടിരുന്നു. തത്സമയങ്ങളിലെല്ലാം 'മൈക്കിള്‍ കോളിന്‍സ്' അവരെ നിരീക്ഷിച്ചുകൊണ്ട് ചന്ദ്രോപരിതലത്തില്‍.  ചന്ദ്രനില്‍ കണ്ട കാഴ്ചകളുടെയും  പരീക്ഷണങ്ങള്‍ക്കിടയില്‍ കാലില്‍ ധരിച്ചിരുന്ന മെതിയടികളുടെയും ഫോട്ടോകളുമെടുത്തു. 1969 ജൂലൈ ഇരുപത്തിനാലാം തിയതി ചന്ദ്രനില്‍നിന്നുള്ള മടക്കയാത്രയ്ക്കുശേഷം 'അപ്പോളോ പതിനൊന്ന്' 'ഹാവായ് ഐലന്‍ഡിന്റെ പടിഞ്ഞാറുള്ള പസഫിക്ക് സമുദ്രത്തില്‍ ഇറക്കി. ഉടന്‍തന്നെ അതിനുള്ളിലെ യാത്രികരെയും വാഹനവും യൂ.എസ് കപ്പലുകള്‍ക്കുള്ളിലാക്കി. പകര്‍ച്ച വ്യാധിയോ മറ്റുള്ള അസുഖങ്ങളോ തടയാനായി മൂന്നുപേരെയും കരയിലിറങ്ങാന്‍ അനുവദിക്കാതെ മറ്റുള്ളവരുമായി സംസര്‍ഗ്ഗമില്ലാതെ കപ്പലിനുള്ളില്‍ മൂന്നാഴ്ചയോളം താമസിപ്പിച്ചു. മൂന്നു വൈമാനികര്‍ക്കും രാജ്യം മുഴുവന്‍ ഗാംഭീര സ്വീകരണമാണ് നല്‍കിയത്. ന്യൂയോര്‍ക്ക് പട്ടണം മുഴുവന്‍ ജനലക്ഷങ്ങള്‍ ചന്ദ്രയാത്രികരെ സ്വീകരിക്കാന്‍ അണിനിരന്നിരുന്നു. ജനങ്ങള്‍ ചന്ദ്രനിലെത്തി മടങ്ങിവന്ന ശൂന്യാകാശ യാത്രികരെ കണ്ടു ആര്‍ത്തു വിളിച്ചുകൊണ്ടിരുന്നു.

പതിറ്റാണ്ടോളം അവര്‍ ശേഖരിച്ച കല്ലുകളെപ്പറ്റി ശാസ്ത്രജ്ഞര്‍ പഠനം നടത്തിക്കൊണ്ടിരുന്നു. അപ്പൊളോ പതിനൊന്നിലെ ദൗത്യത്തില്‍ നിന്നും ലഭിച്ച ചന്ദ്രനുള്ളിലെ പാറക്കഷണങ്ങള്‍ ഭൂമിയില്‍ വരുന്നതിനുമുമ്പ് ചന്ദ്രനെപ്പറ്റിയുള്ള നമ്മുടെ അറിവുകള്‍ വളരെ പരിമിതമായിരുന്നു. ചന്ദ്രന്റെ പ്രായമെന്തെന്ന് ഇന്ന് നമുക്കറിയാം! 4.5 ബില്ലിന്‍ വര്‍ഷങ്ങള്‍ ചന്ദ്രന് പഴക്കമുണ്ട്. ചന്ദ്രന്റെ ഉപരിതലം ഭൂമിയില്‍ നിന്നും എത്രമാത്രം അകലെയാണെന്നും ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടി കഴിഞ്ഞു. അതിന് അപ്പോളോ പതിനൊന്നിന്റെ മിഷ്യനോട് നാം കടപ്പെട്ടവരാണ്. എങ്ങനെയാണ് ചന്ദ്രന്‍ ഉണ്ടായത്? ചന്ദ്രനും ഭൂമിയുമായുള്ള ആകര്‍ഷണശക്തിയുടെ രഹസ്യങ്ങളും ശാസ്ത്ര ലോകം കണ്ടുപിടിച്ചു കഴിഞ്ഞു. ഭ്രമണതലത്തില്‍നിന്നും വ്യതിചലിച്ച് മറ്റൊരു ഗ്രഹവുമായി ഭൂമി കൂട്ടിയിടിച്ചപ്പോള്‍ ചന്ദ്രനുണ്ടായിയെന്നും ശാസ്ത്രം ഗ്രഹിക്കുന്നു. ചന്ദ്രനെപ്പറ്റിയും അതിന്റെ ഉത്ഭവത്തെപ്പറ്റിയും ശാസ്ത്രജ്ഞര്‍ വിവിധ അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹമായ ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അടര്‍ന്നുപോയി ഉണ്ടായതെന്നു പറയുന്നു. ഒരിക്കല്‍ രണ്ടു ചന്ദ്രന്മാര്‍ ഉണ്ടായിരുന്നുവെന്നും അവ ലോപിച്ച് ഒന്നായ പൂര്‍ണ്ണ ചന്ദ്രനായിയെന്നും മറ്റൊരു തീയറിയുമുണ്ട്. ചന്ദ്രന്റെ വ്യാസം 3475 കിലോമീറ്ററെന്നും കണക്കാക്കുന്നു. ഇത് ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്ന് ഭാഗമായി കരുതുന്നു. ചുറ്റളവ് 10917 കിലോമീറ്ററും. ചന്ദ്രനില്‍ ജലമുണ്ടോയെന്നുള്ള ശാസ്ത്ര പരീക്ഷണങ്ങള്‍ ഇന്നും തുടരുന്നു. അപ്പോളോ 15 മിഷ്യന്‍ വഴി കൊണ്ടുവന്ന വോള്‍ക്കാനിക്ക് മുത്തുകളില്‍ (Volcanic pearls) ജലാംശം ഉണ്ടായിരുന്നുവെന്ന് പറയുന്നു. ഇന്ത്യയുടെ 'ചന്ദ്രയാന്‍ ദൗത്യം' ചന്ദ്രോപരി തലത്തില്‍ ജലാംശം കണ്ടെന്നും അവകാശപ്പെടുന്നു. ഇന്ത്യ 2009 സെപ്റ്റമ്പറിലാണ് ചന്ദ്രയാന്‍ ദൗത്യം നിര്‍വഹിച്ചത്. ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ സൂര്യന്റെ പ്രകാശമെത്താത്ത സ്ഥലങ്ങളില്‍ ജലമുണ്ടെന്നുള്ള തെളിവുകളും പഠിച്ചുകൊണ്ടിരിക്കുന്നു.

ബഹിരാകാശ മത്സരത്തില്‍ അമേരിക്കന്‍ പൊതുജനങ്ങളുടെ ശ്രദ്ധ എന്നുമുണ്ടായിരുന്നു. ദേശീയ മാദ്ധ്യമങ്ങളില്‍ ബഹിരാകാശ രംഗത്ത് അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും വിജയം സമയാസമയങ്ങളില്‍ പ്രസിദ്ധീകരിച്ചുകൊണ്ടുമിരുന്നു. ടെലിവിഷന്റെ ആവിര്‍ഭാവത്തോടെ ലോകത്തിന് അപ്പോഴപ്പോള്‍ വാര്‍ത്തകള്‍ ലഭിച്ചിരുന്നു. ശൂന്യാകാശ യാത്രക്കാര്‍ എന്നും അമേരിക്കന്‍ ജനതയുടെ ഹീറോകളായിരുന്നു. സോവിയറ്റ് യൂണിയനെ ബഹിരാകാശ യാത്രകളിലെ മത്സരത്തില്‍ വില്ലനായും കരുതിയിരുന്നു. കമ്മ്യുണിസത്തിന്റെ അധികാര മേല്‍ക്കോയ്മയില്‍ സോവിയറ്റ് യൂണിയന്‍ മുന്നേറുന്നത് അമേരിക്ക ഇഷ്ടപ്പെട്ടിരുന്നില്ല. ശീത സമരത്തിനു ശേഷം സോവിയറ്റ് യൂണിയനുമായി ശൂന്യാകാശ മത്സരം കൂടുതല്‍ സൗഹാര്‍ദ്ദതയിലേക്ക് വഴിതെളിയിച്ചിരുന്നു. സോവിയറ്റ് ബഹിരാകാശ മിഷനും അമേരിക്കന്‍ അപ്പോളോ മിഷ്യനും പരസ്പ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനും തുടങ്ങി. അതുവഴി ശീതസമരത്തിലുണ്ടായിരുന്ന വിടവുകള്‍ മാറ്റി ശത്രുതകള്‍ അവസാനിക്കുകയുമുണ്ടായി. സോവിയറ്റ് യൂണിയനുമായി മെച്ചപ്പെട്ട സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കാനുമിടയായി.

2012 ആഗസ്റ്റ് ഇരുപത്തിയഞ്ചാം തിയതി ഹൃദയാഘാതം മൂലം നീല്‍ ആംസ്‌ട്രോങ് തന്റെ എണ്‍പത്തി രണ്ടാം വയസില്‍ മരിച്ചു. മരണശേഷം നീലിന്റെ കുടുംബം ഒരു പ്രസ്താവന ഇറക്കിയിരുന്നു. അതില്‍ പറഞ്ഞതിങ്ങനെ, 'നീലിനെ ബഹുമാനിക്കുന്നവര്‍ അദ്ദേഹം ചന്ദ്രയാത്രയിലൂടെ മാനവികതയ്ക്ക് നല്‍കിയ സംഭവനകളെ ഓര്‍മ്മിക്കുക! നിലാവുള്ള രാത്രികളില്‍ പുറം പ്രദേശങ്ങളില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ ചന്ദ്രപ്രഭ നമ്മെ നോക്കി പുഞ്ചരിക്കുന്നതായി തോന്നും. അപ്പോഴെല്ലാം നീല്‍ ആംസ്ട്രോങിനെയും ചിന്തിക്കുക. ഇമ വെട്ടുന്ന നമ്മുടെ കണ്ണുകളില്‍ അദ്ദേഹത്തിന്റെ ചൈതന്യവും പ്രസരിക്കുന്നുണ്ടാവാം.' 'ആംസ്‌ട്രോങ്ങ്' മരിച്ചുവെന്ന വാര്‍ത്ത പരന്നതോടെ ലോകത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയിരുന്നു. പ്രസിഡന്റ് ഒബാമ ആ കുടുംബത്തിന്റെ ദുഃഖത്തില്‍ അനുശോചനം അറിയിച്ചിരുന്നു. അമേരിക്കയുടെ മഹാനായ 'നീല്‍ ആംസ്‌ട്രോങ്ങ്' കാലത്തെയും അതിജീവിച്ച് മനുഷ്യ മനസുകളില്‍ നിത്യം ജീവിക്കുന്നുവെന്നു' ഒബാമ പറഞ്ഞു. അപ്പോളൊ പതിനൊന്നില്‍ സഹയാത്രികനായിരുന്ന 'ആല്‍ഡ്രിന്‍' പറഞ്ഞതിങ്ങനെ, 'കോടാനു കോടി ജനങ്ങളോടൊപ്പം ഞാനും ഇന്ന് നീലിന്റെ മരണത്തില്‍ ദുഖിതനാണ്. അമേരിക്കന്‍ 'ഹീറോ' ആയ അദ്ദേഹം ലോകം കണ്ട ഏറ്റവും നല്ല പ്രഗത്ഭനായ ഒരു പൈലറ്റായിരുന്നു. മനുഷ്യ ചരിത്രത്തില്‍ എന്നും അദ്ദേഹത്തിന്റെ പേര് തിളങ്ങി നില്‍ക്കും'.
ബഹിരാകാശ യാത്രാചരിത്രവും ചന്ദ്രനില്‍ ആദ്യത്തെ കാല്‍വെപ്പും (ജോസഫ് പടന്നമാക്കല്‍)ബഹിരാകാശ യാത്രാചരിത്രവും ചന്ദ്രനില്‍ ആദ്യത്തെ കാല്‍വെപ്പും (ജോസഫ് പടന്നമാക്കല്‍)ബഹിരാകാശ യാത്രാചരിത്രവും ചന്ദ്രനില്‍ ആദ്യത്തെ കാല്‍വെപ്പും (ജോസഫ് പടന്നമാക്കല്‍)ബഹിരാകാശ യാത്രാചരിത്രവും ചന്ദ്രനില്‍ ആദ്യത്തെ കാല്‍വെപ്പും (ജോസഫ് പടന്നമാക്കല്‍)ബഹിരാകാശ യാത്രാചരിത്രവും ചന്ദ്രനില്‍ ആദ്യത്തെ കാല്‍വെപ്പും (ജോസഫ് പടന്നമാക്കല്‍)ബഹിരാകാശ യാത്രാചരിത്രവും ചന്ദ്രനില്‍ ആദ്യത്തെ കാല്‍വെപ്പും (ജോസഫ് പടന്നമാക്കല്‍)ബഹിരാകാശ യാത്രാചരിത്രവും ചന്ദ്രനില്‍ ആദ്യത്തെ കാല്‍വെപ്പും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Observation 2019-07-25 14:27:26
പള്ളിയിൽ കതന വെടി വെച്ചോണ്ടിരുന്നവൻ എഴുത്തുകാരനായാൽ ' ചീറ്റിപ്പോയി " എന്നുള്ള വാക്ക് പ്രയോഗിക്കുന്നതിൽ അത്ഭുതമില്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക