Image

വാല്മീകി രാമായണം എട്ടാം ദിനം (ദുര്‍ഗ മനോജ്)

Published on 24 July, 2019
വാല്മീകി രാമായണം എട്ടാം ദിനം (ദുര്‍ഗ മനോജ്)
അയോധ്യാകാണ്ഡം
എഴുപത്തിരണ്ട് മുതല്‍ തൊണ്ണൂറ്റിഏഴാം സര്‍ഗ്ഗം വരെ

അയോധ്യാപതിയായ ദശരഥന്‍ മരിച്ചതോടെ അനാഥമായ അയോധ്യയിലേക്കാണ് ഭരത ശത്രുഘ്‌നന്മാര്‍ കടന്നു വന്നത്. തന്നെ കാത്തിരിക്കുന്ന അശുഭ വാര്‍ത്തയെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ ഭരതന്‍, പിതൃഗൃഹത്തില്‍ അച്ഛനെ കാണാഞ്ഞ് മാതൃഗൃഹത്തിലെത്തി. മകനെ കണ്ട ആനന്ദത്തില്‍ കൈകേയി മകനെ വാല്‍സല്യത്തോടെ കെട്ടിപ്പിടിച്ച് ള്ളിലേക്ക് ആനയിച്ചു. അവിടെ വച്ച് മകന് പ്രിയങ്കരമാകുമെന്ന ധാരണയില്‍ അപ്രിയ സത്യങ്ങളോരോന്നായി പറഞ്ഞു തുടങ്ങി.

രാമനെ കാട്ടിലച്ചതും ഭരതനെ രാജാവാക്കാം എന്നു സമ്മതിപ്പിച്ചതും രാമന്‍ സീതയോടും ലക്ഷ്മണനോടുമൊപ്പം ദണ്ഡകാരണ്യം പൂകിയതും പുത്രശോകത്താല്‍ നീറി രാജാവ് ഹാ രാമാ എന്ന് പറഞ്ഞ് വിലപിച്ച് അന്തരിച്ചതും കൈകേയി വിശദീകരിച്ചു. അതുകേട്ട ഭരതന്‍ തേങ്ങിക്കരഞ്ഞ്, കണ്ണീര്‍ വാര്‍ത്ത് വെട്ടിയിട്ട സാലമരം പോലെ നിലത്തു വീണു. യാഥാര്‍ത്ഥ്യം മനസിലാക്കിയ ഭരതന്‍ അമ്മയെ നീചസ്ത്രീ എന്നു പറഞ്ഞു ശകാരം തുടങ്ങി. ഒപ്പം രാമനില്ലാത്തിടത്ത് താനുമില്ല എന്ന് പ്രഖ്യാപിച്ച് കൗസല്യാമ്മയെ കാണുവാന്‍ പോയി. അവിടെ രാമനെ പിരിഞ്ഞ അമ്മയുടെ ദുഃഖം കാണാനാകാതെ ഭരതന്‍ തലതല്ലിക്കരഞ്ഞു.

ഈ സമയം വസിഷ്ഠന്‍ രാജാവിന്റെ അന്ത്യകര്‍മ്മത്തെക്കുറിച്ച് ഭരതനെ ഓര്‍മ്മിപ്പിച്ചു. ഭരതന്‍ യഥാവിധി ദശരഥന്റെ സംസ്‌കാരം നടത്തി. പത്ത് ദിവസം പുല പോക്കി, പന്ത്രണ്ടാം നാള്‍ ശ്രാദ്ധം നടത്തി ദാന കര്‍മ്മവും നിര്‍വഹിച്ചു. അനന്തരം താന്‍ കാട്ടിലേക്ക് പോയി രാമനെ കൂട്ടിക്കൊണ്ട് വരുമെന്നും പതിനാല് വര്‍ഷം താന്‍ വനവാസിയായി കഴിയുമെന്നും അറിയിച്ചു. അതിന്‍ പ്രകാരം നാനാവിധത്തിലുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.

അങ്ങനെ രാമനെ കൂട്ടുവാനായി നോക്കെത്താദൂരത്തോളം പടയുമായി അയോധ്യാ വാസികള്‍ യാത്ര ആരംഭിച്ചു. അവര്‍ ആദ്യദിനം ഗംഗാ തീരത്ത് വിശ്രമിക്കാന്‍ തീരുമാനിച്ചു. വന്‍ പട കണ്ട് അമ്പരന്ന് കാനന രാജാവായ ഗുഹന്‍ വന്ന് ഭരതനെ മുഖം കാണിച്ച്, ഭരതന്റെ വരവിന്റെ ഉദ്ദേശ്യം ആരാഞ്ഞു. രാമനെ കൂട്ടിക്കൊണ്ട് പോകുവാനാണ് വന്നിരിക്കുന്നത് എന്നറിഞ്ഞ ഗുഹന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത്, രാവ് പുലരുവോളം ഭരതനുമായി സംഭാഷണത്തിലേര്‍പ്പെട്ടു.

പുലര്‍ച്ചെ ഏവരോടുമൊപ്പം ഗംഗാനദി കടന്ന സംഘം ഭരദ്വാജ ആശമം കണ്ടു. ആശ്രമ പരിപാവനതക്ക് ഭംഗം വരുത്താതെ സേനയെ ദൂരെ നിര്‍ത്തി വസിഷ്ഠ മുനിയോടും മന്ത്രിമാരോടുമൊത്ത് ആശ്രമത്തിലെത്തി. പരിവാരങ്ങളെ അവിടെ നിര്‍ത്തി ഗുരുവിന് പിന്നാലെ ഭരതന്‍ ഭരദ്വാജനു മുന്നിലെത്തി. മുനി അവരെ യഥാവിധി സ്വീകരിച്ചു. അവരോട് ആഗമനോദ്ദേശ്യം അറിയിച്ച ഭരതനോട് മുനി, അന്നേ ദിവസം മുഴുവന്‍ പരിവാരങ്ങളേയും സത്കരിക്കുവാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. ഭരതന്‍ ആതിഥ്യം സ്വീകരിച്ചു.

മുനി തന്റെ തപശക്തിയാല്‍ വിശ്വകര്‍മ്മാവിനെ വരുത്തി ആ കാനന ഭൂവില്‍ ഒരു അത്ഭുതലോകം സൃഷ്ടിച്ചു. സുരയും ശുദ്ധജലവും ഒഴുകുന്ന നദികള്‍, വിശാലമായ പുല്‍പ്പരപ്പ്, ഫലവൃക്ഷങ്ങള്‍, ആട ആഭരണങ്ങള്‍, ചതുര മുറികളില്‍ ശയ്യ, പരിചരണത്തിന് അപ്‌സരസുകള്‍, സംഗീതാലാപനത്തിന് ഗന്ധര്‍വ്വന്മാര്‍, വിവിധങ്ങളായ ഭക്ഷണശേഖരം... അങ്ങനെ ആ വന്‍ പടയെ ആകെ പലവിധത്തില്‍ ആനന്ദിപ്പിച്ച് മുനി അവരെ തൃപ്തരാക്കി.

പിറ്റേന്ന് ഭരതന് മുനി ചിത്രകൂടത്തിലേക്കുള്ള മാര്‍ഗ്ഗം വിശദീകരിച്ചു. അങ്ങനെ മന്ദാകിനി നദിയുടെ തീരത്തെ ചിത്രകൂടത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നു. മനോജ്ഞമായ ആ കാട്ടില്‍ നാനാവഴിക്കും രാമനെ കണ്ടെത്താനായി സേനയെ നിയോഗിച്ചു. ഒടുവില്‍ അകലെ പുക ഉയരുന്നത് ദര്‍ശിച്ച സൈനികര്‍ അത് രാമന്‍ തന്നെയാകാം എന്ന് സംശയം പ്രകടിപ്പിച്ചു. അതിന്‍ പ്രകാരം സേനയെ ഭരതന്‍ സുമന്ത്രനും പുരോഹിതനുമൊപ്പം ആ ദിശയിലേക്ക് നയിച്ചു.

ഇതേസമയം മന്ദാകിനിയുടെ തീരത്ത് സീതയോട് ചിത്രകൂട ഭംഗി വിവരിക്കുകയായിരുന്നു രാമന്‍. പെട്ടെന്ന് മൃഗങ്ങള്‍ നാലുപാടും പരിഭ്രാന്തരായി ഓടി അകലുന്നത് കണ്ട ലക്ഷ്മണന്‍ പൂത്ത സാലമരത്തിന്റെ മുകളില്‍ കയറി ചുറ്റുപാടും വീക്ഷിച്ചു. ദൂരെ സേനയെ കണ്ട ലക്ഷ്മണന്‍ ക്രുദ്ധനായി യുദ്ധത്തിന് വരുന്ന ഭരതനെ കൊല്ലുമെന്ന് തീര്‍ച്ചപ്പെടുത്തി. എന്നാല്‍ രാമന്‍ ലക്ഷ്മണനോട് അപ്രകാരം പറയുവാന്‍ പാടില്ല എന്ന് ഉപദേശിച്ചു. വരുന്നത് ദശരഥന്‍ തന്നെ ആകുമെന്നും സീതയെ തിരികെ കൂട്ടിക്കൊണ്ട് പോകുവാനാകുമെന്നും രാമന്‍ പറഞ്ഞു. കൂടാതെ എന്ത് വന്നാലും ഭരതനെ ഇല്ലാതാക്കി രാജ്യം ഭരിക്കാന്‍ താനില്ല എന്നും രാമന്‍ വ്യക്തമാക്കി. മൂവരും ആരാണ് വന്നിരിക്കുന്നത് എന്നറിയാന്‍ ഉദ്വേഗത്തോടെ കാത്തിരുന്നു.

രാമന്റെ വ്യക്തി വൈഭവം ഏറ്റവും നന്നായി പ്രകടമാകുന്ന ഒരിടമാണ് അയോധ്യാകാണ്ഡത്തിലെ ഇന്ന് വിവരിക്കുന്ന സര്‍ഗ്ഗങ്ങള്‍.
പട്ടാഭിഷേകം പിറ്റേന്നാണ് എന്നു പറഞ്ഞ് അതിന് വേണ്ട തയ്യാറെടുപ്പുകള്‍ക്കിടയില്‍ യാതൊരു മുന്‍ധാരണയുമില്ലാതെ വന്ന ജീവിതം, അതും വല്ക്കലം ചുറ്റി മുനി കുമാരന്മാരെപ്പോലെ സ്വീകരിക്കേണ്ടി വന്ന ആളാണ് രാമന്‍. പട്ടുമെത്തയില്‍ നിന്ന് പൊടുന്നനെ വന ജീവിതത്തിന്റെ പരിമിത സാഹചര്യങ്ങളിലേക്കും ഏറ്റുമുട്ടലുകളിലേക്കും എടുത്തിടപ്പെടുകയാണ് രാമന്‍. ഒപ്പം ധര്‍മ്മപത്‌നിയായ ജനകനന്ദിനി സീതയും സുമിത്രാനന്ദനന്‍ ലക്ഷ്മണനും.

ഏതൊരു മനുഷ്യനും സ്വയം ശപിക്കുവാനും അതിലേറെ വിധിയെ പഴിക്കുവാനും എന്തിന്, ഇത്തരം ഒരു സാഹചര്യത്തിലേക്ക് നയിച്ച കൈകേയിയേയും ദശരഥനേയും ശപിക്കുവാനും അവരോടു കോപിക്കുവാനുമേ ശ്രമിക്കുകയുള്ളൂ. അതേ മാനസികാവസ്ഥ തന്നെയാണ് ലക്ഷ്മണന്റെ വാക്കുകളില്‍ ദര്‍ശിക്കാനാകുന്നതും. ഭരതനാണ് വരുന്നതെന്നും അതു രാമനെ വധിക്കുവാനാണെന്നും നിശ്ചയിക്കുകയാണ് ലക്ഷ്മണന്‍. അതാണ് സാധാരണ മനുഷ്യന്റെ നില. എന്നാല്‍, ഓരോ മനുഷ്യനും എങ്ങനെയാണ് രാമനാകേണ്ടത് എന്നാണ് ആ സന്ദര്‍ഭത്തില്‍ സ്വീകരിക്കുന്ന അപരിമിതമായ പക്വത പ്രകടിപ്പിച്ചു കൊണ്ട് രാമന്‍ കാണിച്ചു തരുന്നത്. ആദ്യമായി വരുന്നത് അച്ഛനാകാം എന്ന ചിന്ത, അത് അച്ഛന് തന്നെ പിരിഞ്ഞിരിക്കാനാകില്ല എന്ന സത്യം തിരിച്ചറിഞ്ഞതില്‍ നിന്നാണ്. ഇനി ഭരതനാണെങ്കില്‍, അതൊരു യുദ്ധത്തിനാണ് എന്ന് ഒരല്പം പോലും ആശങ്കപ്പെടുന്നുമില്ല.

ഇവിടെയാണ് മനുഷ്യതലത്തില്‍ നിന്നും ദൈവീക തലത്തിലേക്കുള്ള ഉയര്‍ച്ച എങ്ങനെ എന്ന് നാം തിരിച്ചറിയുന്നത്. രാമനാകൂ എന്നാണ് രാമായണം ഓരോ മനുഷ്യനോടും ഉപദേശിക്കുന്നത്. മനുഷ്യന്‍ മനുഷ്യ സ്വഭാവം പ്രകടിപ്പിക്കുന്നത് സഹജമാണ്. എന്നാല്‍ മനുഷ്യന്‍ രാമനാകുമ്പോള്‍ അത് ദൈവിക തലത്തിലേക്കുള്ള ഉയര്‍ച്ചയാണ്.
Join WhatsApp News
ചാക്കോ കൃഷ്ണൻ 2019-07-24 22:44:47
ഹാരിസ് എന്നത് ഹിന്ദുവിന്റെ പേര് മൊഹമ്മദ് ഇസ്ലാം . എവിടെയാണ് കുഴപ്പം ? ഹിന്ദുവിന്റെ ഇസ്ലാമിന്റെ ഇടയിൽ നിന്ന് രാമൻ രക്ഷപ്പെട്ടാൽ ഭാഗ്യം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക