Image

മലയാളി നഴ്‌സിന്‍െറ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ബന്ധുക്കള്‍

Published on 02 May, 2012
മലയാളി നഴ്‌സിന്‍െറ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ബന്ധുക്കള്‍
മസ്‌കറ്റ്‌: കഴിഞ്ഞദിവസം മസ്‌കത്തിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സ്‌ ദീപയുടെ (37) മരണത്തില്‍ ദൂരൂഹതുണ്ടെന്ന്‌ നാട്ടിലെ ബന്ധുക്കള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ പരാതി നല്‍കിയ ബന്ധുക്കള്‍ ചൊവ്വാഴ്‌ച ഡി.ജി.പി.യെയും കാണുന്നുണ്ട്‌.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ഭര്‍ത്താവും മക്കളുമൊത്ത്‌ മസ്‌കത്തില്‍ കഴിഞ്ഞിരുന്ന റോയല്‍ ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്‌സ്‌ ദീപയെ താമസസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

മൂന്ന്‌ പെണ്‍കുട്ടികളുടെ മാതാവായ ദീപ ജീവനൊടുക്കി എന്ന്‌ വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന്‌ ദീപയുടെ മാതൃസഹോദരിയുടെ പുത്രനും മുതിര്‍ന്ന ബാങ്ക്‌ ഉദ്യോഗസ്ഥനുമായ ജോര്‍ജ്‌ പറഞ്ഞു. ഭര്‍ത്താവ്‌ അനില്‍ പാപ്പച്ചന്‍ ദീപയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്ന്‌ ഞങ്ങള്‍ ബന്ധുക്കള്‍ക്ക്‌ അറിയാം. ഇക്കാര്യം പലവട്ടം സഹോദരന്‍ ഡിനുവിനോടും മൂത്ത സഹോദരി ഡിജിയോടും ദീപ പറഞ്ഞിട്ടുണ്ട്‌. തങ്ങളുടെ മുന്നില്‍ വച്ചും പലവട്ടം അകാരണമായി ദീപയോട്‌ ഭര്‍ത്താവ്‌ മോശമായി പെരുമാറിയിട്ടുണ്ടെന്ന്‌ ജോര്‍ജ്‌ ചൂണ്ടിക്കാട്ടി. ദീപയുടെ എ.ടി.എം. കാര്‍ഡ്‌പോലും ഭര്‍ത്താവ്‌ കൈയടക്കി വച്ചിരിക്കുകയാണെന്ന്‌ ഇവര്‍ ആരോപിച്ചു. നാട്ടിലേക്ക്‌ വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ്‌ ചെയ്യാന്‍ പോലും പലപ്പോഴും ദീപയുടെ പക്കല്‍ പണമുണ്ടായിരുന്നില്ല. സഹോദരങ്ങളോട്‌ അത്യാവശ്യ കാര്യങ്ങള്‍ പറയുന്നതിന്‌ പോലും മിസ്‌ഡ്‌ കോള്‍ അടിക്കുമ്പോള്‍ തിരിച്ചുവിളിക്കേണ്ട അവസ്ഥയായിരുന്നു എന്നും ഇവര്‍ പറഞ്ഞു. ബന്ധുക്കള്‍ക്ക്‌ മരണത്തിലുള്ള സംശയങ്ങള്‍ ദുരീകരിക്കുന്ന വിധം അന്വേഷണം നടത്തണമെന്നും മൃതദേഹം ഒമാനില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തയാറാകണമെന്നുമാണ്‌ ഇവരുടെ ആവശ്യം.

ദീപയുടെ മരണവുമായി പറഞ്ഞുകേള്‍ക്കുന്ന സംഭവങ്ങളുമായി പൊരുത്തക്കേടുകള്‍ ഉണ്ടെന്ന്‌ ചൂണ്ടിക്കാട്ടി അവരുടെ സഹപ്രവര്‍ത്തകര്‍ പലരും നാട്ടിലെ ബന്ധുക്കളെ വിളിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നാണ്‌ ചിലര്‍ അറിയിച്ചതത്രെ. തലേദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞുവന്ന ദീപ ഉറങ്ങാന്‍ കിടന്നുവെന്നും രാവിലെ ഭര്‍ത്താവും മക്കളും പള്ളിയില്‍ പോയി വന്നപ്പോള്‍ മൃതദേഹം കണ്ടു എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്‌. ചൊവ്വാഴ്‌ച രാത്രി ഡ്യൂട്ടി കഴിഞ്ഞ ദീപക്ക്‌ അടുത്തദിവസങ്ങളിലെല്ലാം അവധിയായിരുന്നു. വെള്ളിയാഴ്‌ച ജീവനക്കാരുടെ കുറവ്‌ അനുഭവപ്പെട്ടതിനാല്‍ വിളിക്കാന്‍ ചെന്ന സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്ത്‌ പൊലീസിനെയാണ്‌ കണ്ടതെന്നും ഇവര്‍ ബന്ധുക്കളെ അറിയിച്ചു.

13ാം വയസില്‍ ദീപയുടെ മാതാവ്‌ ഓമന മരിച്ചു. 2003ല്‍ അവരുടെ പിതാവും. ജീവിതത്തില്‍ അത്തരം നിരവധി പ്രതിസന്ധികളെ സധൈര്യം നേരിട്ട ദീപ നിസാരകാര്യത്തിന്‌ ജീവനൊടുക്കിയെന്ന്‌ ആരും വിശ്വസിക്കില്ല. ഇക്കാരണത്താലാണ്‌ മരണം സംബന്ധിച്ച ദുരൂഹതകള്‍ മാറ്റണമെന്ന്‌ തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന്‌ ജോര്‍ജ്‌ വ്യക്തമാക്കി.

ദീപയുടെ മരണത്തെ തുടര്‍ന്ന്‌ ഭര്‍ത്താവ്‌ അനില്‍ പാപ്പച്ചനും മക്കളായ അനിത, ഏഞ്ചല്‍, കാസിയ എന്നിവര്‍ മസ്‌കത്തിലുള്ള ദീപയുടെ പിതാവിന്‍െറ ബന്ധുവിനൊപ്പമാണ്‌ താമസിക്കുന്നത്‌. ഈ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട്‌ ഒമാനിലെ പൊലീസിനെ സമീപിക്കാത്തതില്‍ നാട്ടിലെ ബന്ധുക്കള്‍ക്ക്‌ പരിഭവമുണ്ട്‌. അനിലിന്‍െറ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറത്തുപോയിരിക്കുന്നു എന്നാണ്‌ മറുപടി ലഭിച്ചത്‌. എന്നാല്‍, എല്ലാവിധ അന്വേഷണങ്ങള്‍ക്കും തങ്ങള്‍ തയാറാണ്‌ എന്നാണത്രെ ഇദ്ദേഹം ബന്ധപ്പെട്ട സാമൂഹിക പ്രവര്‍ത്തകരോട്‌ ഇദ്ദേഹം പ്രതികരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക