Image

വരവര്‍ണ്ണിനി (കഥ: റാണി .ബി .മേനോന്‍)

Published on 23 July, 2019
വരവര്‍ണ്ണിനി (കഥ: റാണി .ബി .മേനോന്‍)
തലവേദനിയ്ക്കുന്നുണ്ടായിരുന്നു, ഇന്നലെ ഏറെ നേരം വൈകുകയും ചെയ്തിരുന്നു ഉറങ്ങാന്‍!
ഉണര്‍ന്നിട്ടും തലവേദ മാറിയിരുന്നില്ല, അതു കൊണ്ട് കുറച്ചു നേരം കൂടി കണ്ണടച്ചു കിടന്നു.

വാതില്‍ക്കല്‍ നനുത്തൊരു മുട്ട്, തുണക്കാരിക്കുട്ടിയാണ്, സേതുലക്ഷ്മി!
"ഏട്ത്തി"
"ഊം?"
"ഞാനുണര്‍ന്നു, വാതില്‍ തുറന്നോളൂ...."
പാതി തുറന്ന വാതിലിനു പിന്നില്‍ ഇരുട്ട് കനത്തു കിടന്നു,

"ഫോണ്‍ വന്നിരുന്നു"...
അവള്‍ ഒരു നിമിഷം നിശ്ശബ്ദയായി.
"കഴിഞ്ഞൂ ന്ന് ....."
അവള്‍ അര്‍ദ്ധാേക്തിയില്‍ നിറുത്തി
"എപ്പഴാ വര്വാ ന്ന് ചോയ്ച്ചു",
"ന്താ ചെയ്യണ്ടേന്നും"

പ്രതീക്ഷിച്ച വാര്‍ത്തയായിരുന്നെങ്കിലും സിരകളിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു പോകുന്നതറിയാതിരുന്നില്ല.

''ഞാന്‍ വിളിച്ചോളാം"

തൊണ്ടയിലേയ്ക്ക് അടിവയറ്റില്‍ നിന്നും ഉരുണ്ടു കയറിയൊരു വിങ്ങലിനെ വിഴുങ്ങിക്കൊണ്ട് പറഞ്ഞു.
അദ്ദേഹത്തിന്റെ ഫോണില്‍ വിളിയ്ക്കണമെന്നു തോന്നി, ഇനിയൊരിയ്ക്കലുമതിനു കഴിയില്ലല്ലോ.
കെയര്‍ടേക്കറാണ് ഫോണെടുത്തത്.
വിശദീകരിയ്ക്കാന്‍ തുടങ്ങിയ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു

"ആരുമില്ല വരാന്‍".
"വേണ്ടതെന്താന്നു വച്ചാ ചെയ്‌തോളൂ"
"അപ്പോള്‍ മാഡം.....?"
"വരുന്നില്ല",

അത്, പരസ്പരമുള്ള ഉറപ്പായിരുന്നു; ആദ്യമുറങ്ങുന്നയാളെ കാണാന്‍, ഉറങ്ങാന്‍ വൈകിയൊരാള്‍ പോവില്ലെന്നത് !

'വരരുത്',
കുറിപ്പു പറഞ്ഞു,
വന്നാലെഴുന്നേറ്റ് കൂടെ വന്നു പോകും!
ഇനി സങ്കടം പേറാന്‍ വയ്യ!
ബോധാബോധതല യാത്രയിലെപ്പോഴോ കുറിച്ചയച്ചത്!

"ആവശ്യമെന്തെങ്കിലുമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി"
"ചടങ്ങുകള്‍.....?"
"വിധിയാംവണ്ണം"

വിശ്വാസിയായിരുന്നില്ലൊരിയ്ക്കലും!
ഇണകളില്‍ ബാക്കിയായൊരാള്‍ വിശ്വാസിയാണ്!
ജീവിച്ചിരിയ്ക്കുന്നവരുടെ വിശ്വാസമാണ് കാക്കേണ്ടത്!

ആത്മസുഹൃത്തുക്കളുടെ മക്കളായിരുന്നു.
ചുരുണ്ട മുടിയും, തിളങ്ങുന്ന കണ്ണുകളുമായി കൈകാലിളക്കിക്കളിയ്ക്കുന്ന വരവര്‍ണ്ണിനിയെ കണ്ടന്നേ, അഞ്ചു വയസ്സുകാരന്റെ അച്ഛനുമമ്മയും ഒരേ സ്വരത്തില്‍ പറഞ്ഞു,

"ഇവളെ ഞങ്ങള്‍ക്കു തന്നേക്കണം".
"ഒരു ഇരുപതു കൊല്ലം വളര്‍ത്തീട്ട് പോരേ?"
ഈറ്റുനോവിനിയും വിടാത്ത അമ്മ ചിരിച്ചു.
അടുത്തടുത്ത ക്വാര്‍ട്ടേഴ്‌സ്, പരസ്പരമെടുക്കാവുന്ന സ്വാതന്ത്ര്യം......

ജാതകം നോക്കേണ്ടെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അന്നേ പറഞ്ഞതാണ്!

"മനസ്സിണക്കത്തേക്കാള്‍ വലിയ എന്തു പൊരുത്തമാണ് നോക്കേണ്ടത്?"

ഇത്ര തികഞ്ഞ മനപ്പൊരുരുത്തത്തിന്, വിധി കൂട്ടു വരാതെവിടെപ്പോവാന്‍ എന്ന ആത്മവിശ്വാസത്തിലായിരുന്നു അച്ഛന്‍!
"പെണ്ണിന്റെനാളായില്ല്യമാണ്, അമ്മായി അമ്മയ്ക്ക് കേടുണ്ടാക്കും"
അച്ഛന്‍ ചിരിച്ചു.
"ഓ! ഞാനതങ്ങു സഹിച്ചു"
അങ്കിളിന്റെ ചിരി, ആന്റിയുടെ
ങേ... എന്ന തമാശ നോട്ടത്തില്‍ അമര്‍ന്നതിന്റെ പിറ്റേന്നാളാണ്......

ജോത്സ്യന്‍ കട്ടായം പറഞ്ഞു,
"ഒരു തരത്തിലും ചേര്‍ക്കാന്‍ പറ്റാത്ത ജാതകം!"
"ചേര്‍ത്താല്‍, ചെറുക്കന് ഒരു മാസത്തില്‍ കൂടുതല്‍ ആയുസ്സുണ്ടാവില്ല!"
"ഞാന്‍ പറയാനുള്ളതു പറഞ്ഞു. ഇനി നിങ്ങളുടെ ഇഷ്ടം".
ജോത്സ്യന്‍ ഫീസു പോലും വാങ്ങാതെ, ആ സന്തോഷത്തിലേയ്ക്ക് തീക്കൊള്ളിയെറിഞ്ഞിറങ്ങിപ്പോയി!
ആലോചനകള്‍.... പുനരാലോചനകള്‍.....

അദ്ദേഹത്തിനു സംശയമേതുമില്ലായിരുന്നു,
"താന്‍ വാടോ, നമുക്ക് ഒന്നിച്ചു പോവാം"
നിര്‍ബ്ബന്ധം തനിയ്ക്കായിരുന്നു.
താന്‍ മൂലമെങ്ങാന്‍....
വിശ്വസിച്ചിരുന്നോ?
അറിയില്ല!
ഭയന്നിരുന്നു.
റിസ്‌ക്കെടുക്കാന്‍ ധൈര്യം തോന്നിയില്ല!

"തിരിച്ചായിരുന്നെങ്കിലോ?"
"തീര്‍ച്ചയായും ഞാന്‍ കൂട്ടു വരുമായിരുന്നു''
വിശ്വസിപ്പിയ്ക്കാന്‍ ഏറെ ശ്രമിച്ചിരുന്നു......
വഴങ്ങിയില്ല, കഴിയില്ലായിരുന്നു....
കാണുന്നതാണ് പ്രശ്‌നമെന്നു തോന്നിയപ്പോള്‍, കാണാമറയത്തേയ്ക്കു മാഞ്ഞു,
അടയാളങ്ങളത്രയും മായ്ച്ച്.....
നാളുകള്‍ക്കു ശേഷം, നാശത്തിലേയ്ക്ക് സ്വയമിറങ്ങിയൊരാളെക്കുറിച്ചുള്ള വാര്‍ത്തകളെത്തിത്തുടങ്ങിയപ്പോള്‍
നമ്പര്‍ വാങ്ങി നേരിട്ടു സംസാരിച്ചു,

"താന്‍ തന്റെ വിശ്വാസം നടപ്പിലാക്കുന്നു, ഞാനെന്റേയും, ഡോണ്‍ട് ഇന്റര്‍ഫിയര്‍"
ഫോണ്‍ കട്ടായി!
പിന്നീട് പലവട്ടം.....
സ്‌നേഹിച്ചും കലഹിച്ചും, നോവിച്ചും, വാദിച്ചും......
പടിയിറക്കം തുടങ്ങുകയാണെന്ന കുറിപ്പെത്തിയപ്പോഴാണ് കാണണമെന്ന് പറഞ്ഞത്.

വേണ്ട, കാണണ്ട!
കുറിപ്പു പറഞ്ഞു,
രണ്ടുപേര്‍ക്കും താങ്ങാനാവില്ല..
പോയെന്നറിഞ്ഞാലും വരരുത്, ഒരു പക്ഷേ എഴുന്നേറ്റു കൂടെ വന്നു പോകും, താനെന്നെ കൂട്ടില്ലല്ലൊ.........

"ഏട്ത്തീ"
വീണ്ടും വാതിലിലനക്കം വന്നപ്പോഴാണറിഞ്ഞത് പുറത്ത് വെയില്‍ പെയ്യുന്നു.

"കുട്ടി കഴിച്ചോളൂ"
കുളിച്ച്, വിളക്കു കൊളുത്തി പൂജാമുറിയുടെ വാതില്‍ ചാരും മുന്‍പ് വിളിച്ചു പറഞ്ഞു
"എനിയ്‌ക്കൊന്നും വേണ്ട"
"വിളിയ്ക്കണ്ട",
"ആവശ്യമെന്തെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ വിളിയ്ക്കാം"
....   ........     ......    ........
നേരമേറെക്കഴിഞ്ഞും പൂജാമുറിയിലെ നീല വെളിച്ചം എരിയുന്നതു കണ്ടാണ് സേതുലക്ഷ്മി ചാരിയ വാതില്‍ തുറന്ന് അകത്ത് ചമ്രം പടിഞ്ഞിരിയ്ക്കുന്ന നിലാവിനെ തൊട്ടത്......

ഒരു മഞ്ഞിന്‍ കൂനയുടെ കുളിര് അവളുടെ വിരലിലേയ്ക്കരിച്ചു കയറി.

======================
ചിത്രം
ഷിബുലാല്‍ തെക്കേപുരക്കല്‍

Join WhatsApp News
Mathai Kuriakose 2019-07-24 00:32:53
കുറഞ്ഞ വാക്കുകളിൽ ഒരു ആത്മബന്ധത്തിന്റെ കഥ . എന്തും സഹിച്ചേ പറ്റൂ അടക്കിയേ തീരൂ എന്ന രീതിയിലുള്ള എഴുത്ത് . 

ഇഷ്ടായി . 

പ്രമേയം ലേശം പഴയതാണെന്ന പരാതി മാത്രം . എങ്കിലും അവതരണ മികവുകൊണ്ട് തിളങ്ങുന്നു . വിളിച്ചാൽ എഴുന്നേറ്റു കൂടെ പോരും . സംശയം ഇല്ല .

റാണിയുടെ നല്ല കഥകൾ ധാരാളം Facebook ൽ ഉണ്ട് . Publish ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 




മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക