Image

ജനങ്ങള്‍ നോക്കിനില്‍ക്കെ തമിഴ് ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം

Published on 23 July, 2019
ജനങ്ങള്‍ നോക്കിനില്‍ക്കെ തമിഴ് ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം
അമ്പലവയല്‍ : കമ്പിളി വില്‍ക്കാനെത്തിയ ദമ്പതികള്‍ക്കാണ് ടിപ്പര്‍ ഡ്രൈവറുടെ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നത്. പരിസരവാസിയായ ഡ്രൈവര്‍ ജീവാനന്ദന്‍ ഇരുവരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നാട്ടുകാര്‍ നോക്കിനിന്നുവെങ്കിലും ഇടപെട്ടില്ല. മര്‍ദനത്തിലേക്ക് നയിച്ചതിന്റെ കാരണമെന്താണെന്നത് വ്യക്തമല്ല.

രാത്രി പതിനൊന്നരയോടെ അമ്പലവയല്‍ ടൗണിലാണു തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ നാട്ടുകാരനായ ടിപ്പര്‍ ഡ്രൈവര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവസ്ഥലത്തെു കൂടിനിന്നവരിലാരോ എടുത്ത ദൃശ്യങ്ങള്‍ ഇന്നു പുലര്‍ച്ചെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പുരുഷനെ ചവിട്ടിവീഴ്ത്തിയ പ്രതി സ്ത്രീയെ പലതവണ കവിളത്തടിക്കുന്നതു ദൃശ്യങ്ങളില്‍ കാണാം.

കേട്ടാലറയ്ക്കുന്ന തെറിവിളിച്ചുകൊണ്ടായിരുന്നു മര്‍ദനം. പുരുഷനെ ചോദ്യം ചെയ്ത സ്ത്രീയോട് നീയാരാടി എന്നു ചോദിക്കുമ്പോള്‍ പൊണ്ടാട്ടി ടാ എന്ന് അവര്‍ മറുപടി പറയുന്നുണ്ട്. ഒട്ടേറെയാളുകള്‍ ഈ ക്രൂരമര്‍ദനം കണ്ടു ചുറ്റുംകൂടി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എങ്കിലും ആരും തടയുന്നില്ല. ഇന്നു രാവിലെ അമ്പലവയല്‍ പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയെയോ മര്‍ദമേറ്റവരെയോ കണ്ടെത്താനായിട്ടില്ല.

ഇവരെക്കുറിച്ച് അന്വേഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂ എന്നാണു പൊലീസ് വിശദീകരണം. മര്‍ദിച്ചയാള്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണെന്നു നാട്ടുകാര്‍ പറയുന്നു. ഏറെക്കാലമായി പ്രവാസിയായിരുന്ന ഇയാള്‍ നാട്ടിലെത്തിയശേഷമാണു ടിപ്പറില്‍ ഡ്രൈവറായത്. പ്രദേശത്ത് കമ്പിളി വില്‍ക്കാനെത്തിയ തമിഴ്‌നാട് സ്വദേശികളെ ഇയാള്‍ക്കു നേരത്തെ പരിചയമുണ്ടെന്നും പറയപ്പെടുന്നു.

മര്‍ദിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മീനങ്ങാടി സിഐ കെ.കെ. അബ്ദുല്‍ ഷെരീഫ് പറഞ്ഞു. മര്‍ദനമേറ്റവരെ നാട്ടുകാര്‍ തന്നെ ബത്തേരിയില്‍നിന്നു തമിഴ്‌നാട്ടിലേക്കു ബസ് കയറ്റിവിട്ടതായും പറയപ്പെടുന്നുണ്ട്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക