Image

ചന്ദ്രയാന്‍ 2 കുതിച്ചത് ഈ പെണ്‍കരുത്തില്‍! അഭിമാനമായി വനിതയും റിതുവും, മിഷന്റെ സാരഥികള്‍

Published on 23 July, 2019
ചന്ദ്രയാന്‍ 2 കുതിച്ചത് ഈ പെണ്‍കരുത്തില്‍! അഭിമാനമായി വനിതയും റിതുവും, മിഷന്റെ സാരഥികള്‍

ശ്രീഹരിക്കോട്ട: ചന്ദ്രനിലേക്കുളള ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യമായ ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിക്കാനായത് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ്. ജൂലൈ 15 നിശ്ചയിച്ച വിക്ഷേപണം സാങ്കേതിക കാരണങ്ങള്‍ മൂലം നടക്കാതെ പോയത് ആശങ്കയ്ക്ക് വഴി തുറന്നിരുന്നു. എന്നാല്‍ എല്ലാ അനിശ്ചിതത്വങ്ങളും കാറ്റില്‍ പറത്തി ഐഎസ്‌ആര്‍ഒ ചന്ദ്രയാനെ വിജയപഥത്തില്‍ എത്തിക്കുക തന്നെ ചെയ്തു.


സെപ്റ്റംബര്‍ 7ന് ഇന്നേവരെ ഒരു രാജ്യവും കടന്ന് ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍ 2 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും. ഐഎസ്‌ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുഷ്‌കരമായ ദൗത്യമാണ്.ചരിത്രത്തില്‍ ഇടംപിടിച്ച ഈ നേട്ടത്തിന് പിന്നില്‍ എടുത്ത് പറയേണ്ടുന്ന രണ്ട് പെണ്‍ പേരുകളുണ്ട്.


ചന്ദ്രയാന്‍ 2 പ്രൊജക്‌ട് മിഷന്‍ ഡയറക്ടറും പ്രൊജക്‌ട് ഡയറക്ടറും സ്ത്രീകളാണ്. മുത്തയ്യ വനിതയാണ് ചന്ദ്രയാന്‍ 2 പ്രൊജക്‌ട് ഡയറക്ടര്‍. തമിഴ്‌നാട് സ്വദേശിനിയാണ് മുത്തയ്യ വനിത. മിഷന്‍ ഡയറക്ടര്‍ റിതു കരിദാള്‍ ഉത്തര്‍ പ്രദേശ് സ്വദേശിനിയാണ്. നീണ്ട കാലമായി ഇരുവരും ഐഎസ്‌ആര്‍ഒയ്ക്ക് ഒപ്പമുണ്ട്. ചന്ദ്രയാന്‍ 2 എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ വര്‍ഷങ്ങളായി ഐഎസ്‌ആര്‍ഒയില്‍ വിയര്‍പ്പൊഴുക്കുന്ന ശാസ്ത്രജ്ഞരെ നയിക്കാന്‍ ഈ പെണ്‍ കരുത്തുണ്ടായിരുന്നു.


സാറ്റലൈറ്റ് ഭ്രമണപഥത്തില്‍ എത്തിക്കുന്നത് വരെയുളള കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഉത്തരവാദിത്തമാണ് റിതുവിന്. ചന്ദ്രയാന്റെ പാത നിശ്ചയിക്കുന്നതും സാറ്റലൈറ്റ് ലക്ഷ്യം കാണുന്നതും വരെയുളള കാര്യങ്ങള്‍ മിഷന്‍ ഡയറക്ടര്‍ ഏകോപിപ്പിക്കേണ്ടതുണ്ട്. എയ്‌റോസ്‌പേസ് എഞ്ചിനീയറായ റിതു ഐഎസ്‌ആര്‍ഒയുടെ 2014ലെ മംഗള്‍യാന്‍ ദൗത്യത്തിലും പ്രധാനപങ്ക് വഹിച്ചിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ റിതു ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലും ബെംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലുമായാണ് പഠനം നടത്തിയത്. 22 വര്‍ഷമായി റിതു ഐഎസ്‌ആര്‍ഒയ്‌ക്കൊപ്പമുണ്ട്.


ഇലക്‌ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറായ മുത്തയ്യ വനിത കഴിഞ്ഞ 32 വര്‍ഷക്കാലമായി ഐഎസ്‌ആര്‍ഒയില്‍ ജോലി ചെയ്യുന്നു. ചന്ദ്രയന്‍ 2 യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നിലെ പ്രധാനപ്പെട്ട മറ്റൊരു ബുദ്ധികേന്ദ്രമാണ് പ്രൊജക്‌ട് ഡയറക്ടറായ മുത്തയ്യ വനിത. സാറ്റലൈറ്റിന്റെ ഡിസൈന്‍, ടെക്‌നോളജി പോലുളള സുപ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് പ്രൊജക്‌ട് ഡയറക്ടറാണ്. ചന്ദ്രയാന്‍ പോലൊരു വമ്ബന്‍ മിഷന്റെ പ്രൊജക്ടര്‍ ഡയറക്ടറും മിഷന്‍ ഡയറക്ടറും സ്ത്രീകളാകുന്നത് ഐഎസ്‌ആര്‍ഒയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക