Image

വനവരകള്‍ (കവിത: നവീന സുഭാഷ്)

നവീന സുഭാഷ് Published on 22 July, 2019
 വനവരകള്‍  (കവിത: നവീന സുഭാഷ്)
നമ്മുടെ കൈ രേഖകള്‍ ചേര്‍ത്ത് വെച്ചാല്‍ 
അതില്‍ ഒരു തോണി കാണുമെന്നും
അതിനടിയിലൂടെ ഒഴുകുന്ന 
പുഴയിലെ ഓളങ്ങള്‍ക്ക് 
നിശബ്ദതയുടെ വലിയൊരു 
ഉറവച്ചാലുണ്ടാകുമെന്നും 
എനിക്കറിയാമായിരുന്നു...

അതിനടിയിലൂടെ ഒഴുകുന്ന മീനുകള്‍ക്ക്
 വീണുകിട്ടിയ മുദ്രമോതിരത്തിന്റെ 
കഥകള്‍ പറയുവാനുണ്ടാകും എന്നറിയാമല്ലൊ?

അതുംകേട്ട് നടുക്കമില്ലാതെ വെയില്‍ തൊട്ട് 
തളര്‍ന്ന ഞാന്‍ വനത്തിലെ മഞ്ഞമുളങ്കൂട്ടത്തണലിലേയ്ക്ക് 
തല ചായ്ച്ച് കിടന്നു....

മുള്ള് തറച്ച കാലിലെ പൊട്ടിയ നഖങ്ങളില്‍ പൊടിമീനുകള്‍ നാഗങ്ങളെപ്പോലെ ആഞ്ഞു കൊത്തുകയാണ്,,,

ഓര്‍മ്മകളെ പിന്നെയും പിന്നെയും 
ഇക്കിളിയാക്കുന്ന മീനുകള്‍ 
കാട്ടിലെ മാനിന്റെ 
നൃത്തം വെക്കുന്ന കണ്ണുകളാണ്...

 യുഗപ്പഴക്കമുള്ള ആദ്യ വേഴ്ചയിലെ 
രക്തത്തുള്ളികളില്‍ ഓര്‍മ്മകളെ 
കൊണ്ടാക്കി മടങ്ങുമ്പോള്‍ 
വനമാലിക  തന്നത് 
കൈനിറയെ മഞ്ചാടിമണികളെയാണ്...

തലവരകള്‍ മുടിനാരിഴകീറി കാലിലെ 
തള്ളവിരളിലെ പൊടിരോമങ്ങളായ് 
കിളിര്‍ത്ത് നില്‍ക്കുമ്പോള്‍ 
അവ മുയല്‍ക്കുഞ്ഞുങ്ങള്‍ക്ക് തിന്നാനായ് 
മുളച്ച പച്ചപ്പുല്ലുകളെ പ്പോലെ....

അവിടെ സീമന്തരേഖ താണ്ടിയെത്തിയ 
ഒരു മഞ്ഞുതുള്ളിയിലും പുതുരക്തം കണ്ടില്ല...

അതങ്ങനെയാണ് എന്ന് വണ്ണാത്തിക്കിളികള്‍ 
എത്ര ഒച്ചവെച്ച് പറഞ്ഞതാണ്?

ചില ഭാഷങ്ങള്‍ അര്‍ത്ഥങ്ങളെ 
കടല്‍ച്ചിപ്പിക്കുള്ളിലൊളിപ്പിച്ചാണ്  
തുറന്ന് വിട്ടുക,,,
അവയ്ക്കപ്പോള്‍ ജഢായുവിന്റെ ചിറകുകളാണ്....

വിധിക്കപ്പെടുന്ന കല്‍പനകളില്‍ 
കല്ല് പോയ കമ്മലിട്ട പെണ്‍ശില്‍പങ്ങള്‍ 
ഏതോ അമ്പലമുറ്റത്ത് 
വൈഡൂര്യം പൊലെ ജ്വലിക്കുന്നു...

കേള്‍ക്കുമ്പോള്‍ ഭയക്കണ്ട,,,
ഇതൊരു ബോധപൂര്‍വ്വമായ 
അബോധസഞ്ചാരമാണ്....

കാട്ടിലെ കാറ്റിന്  ചങ്ങാടമില്ലാതെ തന്നെ 
ഒരുവളെ കടവ് കടത്താനറിയാം...

തുഴകളില്ലാതെ തന്നെ താരാട്ടാനറിയാം...

മരംചുറ്റിയിറങ്ങിവന്ന വള്ളിയിണകള്‍ക്ക് 
കരയിലിറങ്ങാന്‍ കൈത്താങ്ങ് തരാനറിയാം...

ഉറക്കച്ചപ്പില്‍ ഞെട്ടിയുണരുമ്പോഴെല്ലാം 
ഞാനെന്നും ഇലകളില്ലാത്ത മരച്ചോട്ടിലെ 
നീലിച്ച പഴങ്ങളില്‍ 
മലര്‍ന്ന് കിടക്കാറാണ് പതിവ്...
വെള്ളിമൂങ്ങയുടെ കണ്ണുകളിലെ 
വെളിച്ചം കട്ടെടുത്തുണ്ടാക്കിയ
പാദസരമണികള്‍ കൊഴിച്ചിട്ട്
നടന്ന വഴികളില്‍ നിന്നെല്ലാം 
പെറുക്കിക്കൂട്ടിയ ചെറുപുഷ്ങ്ങള്‍ 
മടിക്കെട്ട് പൊട്ടിച്ച് താഴെ വീഴുകയാണ്,,,

ഇതിനപ്പുറവും ഒരു കാടുണ്ടത്രെ...

ഗന്ധങ്ങളില്‍ നിന്ന് 
ഗന്ധങ്ങളിലേയ്ക്കാണെന്റെ വന വരകള്‍...

 വനവരകള്‍  (കവിത: നവീന സുഭാഷ്)
Join WhatsApp News
വിദ്യാധരൻ 2019-07-23 12:59:53
ആ അറിവുകൾ തെറ്റാണ് കുട്ടി 
കൈ രേഖകൾ കൂട്ടി വച്ചാൽ 
നമ്മളുടെ പൂർവികർ വെട്ടി തെളിച്ചിട്ട
ഭാവിയിലേക്കുള്ള വഴിത്താരകൾ കാണാം 
അതിൽ നിന്ന് തിരിഞ്ഞു പോകുന്ന 
ആധുനികതയുടെയും 
ഉത്തരാധുനികതയുടെയും 
കൈവഴികളും കാണാം
തോണിയും പുഴകളും 
ഓളങ്ങളും നിന്റെ മനസ്സ് 
സൃഷ്ടിക്കുന്ന വികല്പങ്ങളാണ് 
അങ്ങനെ ഒന്നുണ്ടായിരുന്നു പണ്ട് 
നിന്റെ പിതാമഹരുടെ കാലത്ത് 
ഇന്ന് നീ കാണുന്നത് മൃഗതൃഷ്ണ മാത്രമാണ് 
മനുഷ്യന്റെ വ്യാമോഹങ്ങൾ 
സൃഷ്ടിച്ച മൃഗതൃഷ്ണ . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക