Image

സംസ്ഥാനത്ത് വന്‍ ജിഎസ്ടി വെട്ടിപ്പ്; റെയ്ഡില്‍ വന്‍ ക്രമക്കേട് കണ്ടെത്തി

Published on 21 July, 2019
സംസ്ഥാനത്ത് വന്‍ ജിഎസ്ടി വെട്ടിപ്പ്; റെയ്ഡില്‍ വന്‍ ക്രമക്കേട് കണ്ടെത്തി
തിരുവനന്തപുരം: 500 കോടിയോളം രൂപയുടെ വിറ്റുവരവിന്‍മേല്‍ നികുതി ലഭിച്ചിട്ടില്ലെന്നു സംസ്ഥാന ചരക്കുസേവനനികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. സംസ്ഥാന വ്യാപകമായി 122 സ്ഥാപനങ്ങളില്‍ മാത്രം നടത്തിയ പരിശോധനയുടെ കണക്കാണിത്. സംസ്ഥാനത്ത് വന്‍തോതില്‍ നികുതിവെട്ടിപ്പുനടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍.

രണ്ടുമാസത്തിനിടെ രണ്ടുതവണയായി 122 വന്‍കിട സ്ഥാപനങ്ങളിലാണ് സംസ്ഥാന ചരക്കുസേവനനികുതി വകുപ്പ് പരിശോധന നടത്തിയത്. ഹോട്ടലുകള്‍, ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനങ്ങള്‍, വാഹനവിതരണക്കാര്‍, വര്‍ക്ക് കോണ്‍ട്രാക്ടര്‍മാര്‍, സെക്യൂരിറ്റി സര്‍വീസ് സ്ഥാപനങ്ങള്‍, കോപ്പിറേറ്റ് സേവനദാതാക്കള്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ആകെ 122 വ്യാപാരസ്ഥാപനങ്ങള്‍. കണക്കുകളുടെ പ്രാഥമിക പരിശോധനയില്‍ നിന്നുതന്നെ 500 കോടിയോളം രൂപയുടെ വിറ്റുവരവിന്‍മേല്‍ നികുതിയടച്ചിട്ടില്ലെന്നു കണ്ടെത്തി. ഫര്‍ണിച്ചര്‍ വ്യാപാരമേഖലയിലാണ് നികുതിവെട്ടിപ്പ് കൂടുതല്‍ നടക്കുന്നത്.

പ്രതിമാസ റിട്ടേണ്‍ നല്‍കാത്തവരെയും കോടികളുടെ വ്യാപാരമുണ്ടായിട്ടും നികുതിയടക്കാത്തവരെയും ലക്ഷ്യമിട്ടായിരുന്നു റെയ്ഡ് നടത്തിയത്. ഒരിക്കല്‍ പോലും റിട്ടേണ്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ പോലും ഈ പട്ടികയിലുണ്ട്. ഇവരുടെ അക്കൗണ്ട് വിവരങ്ങളുടെ വിശദ പരിശോധന നടന്നുവരികയാണ്. നികുതിയടക്കാത്തവര്‍ക്ക് പിഴചുമത്താതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കും.

വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പിഴസഹിതം നികുതിയീടാക്കും. ജിഎസ്ടി വരുമാനം പ്രതീക്ഷിച്ച രീതിയില്‍ ഉയരാത്ത സാഹചര്യത്തിലാണ് നികുതിവെട്ടിപ്പ് തടയാനുള്ള കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്. സ്ക്വാഡുകളുടെ ചരക്കുവാഹന പരിശോധനയ്ക്ക് പുറമെ റെയില്‍വേ സ്റ്റേഷനുകളും പാര്‍സല്‍ ഓഫിസുകളും കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ട്. പരിശോധനയും നടപടിയും കര്‍ശനമാണെന്നു കണ്ടാല്‍ നികുതിവെട്ടിക്കാനുള്ള പ്രവണത കുറയുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക