Image

കര്‍ണാടക; തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

Published on 21 July, 2019
കര്‍ണാടക; തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി


ന്യൂഡല്‍ഹി:  തിങ്കളാഴ്ച തന്നെ വിശ്വാസവോട്ട് തേടാന്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എച്ച്. നാഗേഷ്, ആ. ശങ്കര്‍ എന്നീ എംഎല്‍എമാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ അനശ്ചിതാവസ്ഥ ഇല്ലാതാക്കാന്‍ കോടതി ഇടപെടണമെന്നും ഇവര്‍ അഭ്യര്‍ഥിക്കുന്നു.

നിലവില്‍ ഭരണപക്ഷത്തെ വിമത എംഎല്‍എമാര്‍ മുംബൈയില്‍ തുടരുകയാണ്. രാജിയില്‍ ഉറച്ചുനില്‍ക്കുന്ന ഇവരെ അയോഗ്യരാക്കുമെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവിലെ സഖ്യസര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അല്ലാതെ പണമോ പദവിയോ മോഹിച്ചല്ല മുംബൈയില്‍ തുടരുന്നതെന്നും വിമതര്‍ വ്യക്തമാക്കിയിട്ടുണ്ട്.  

അതേസമയം തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മറുവശത്ത് ബിജെപിയും നിയമസഭാംഗങ്ങളുടെ യോഗം ചേരുന്നുണ്ട്. അതിനിടെ സഖ്യസര്‍ക്കാരിനെ പിന്തുണച്ചിരുന്ന ബിഎസ്പിയുടെ ഏക അംഗം എന്‍. മഹേഷ് തിങ്കളാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക