Image

വാല്മീകി രാമായണം അഞ്ചാം ദിനം (ദുര്‍ഗ മനോജ്)

Published on 21 July, 2019
വാല്മീകി രാമായണം അഞ്ചാം ദിനം (ദുര്‍ഗ മനോജ്)
അയോധ്യാകാണ്ഡം
ഒന്നു മുതല്‍ മുപ്പത് വരെ സര്‍ഗ്ഗങ്ങള്‍

അമ്മാവനോടൊത്ത് ഭരതനും ശത്രുഘ്‌നനും യാത്ര പുറപ്പെട്ടു കഴിഞ്ഞു. നാലു പുത്രന്മാരേയും ജീവനു തുല്യം സ്‌നേഹിച്ചു ദശരഥന്‍. പുത്രന്മാരും അതുപോലെ തന്നെ പിതാവിനേയും അകമഴിഞ്ഞ് സ്‌നേഹിച്ചു. ഭരത ശത്രുഘ്‌നന്മാരുടെ അഭാവത്തില്‍, രാമലക്ഷ്മണന്മാര്‍ കൂടുതല്‍ ജാഗ്രതയോടെ നില കൊണ്ടു. ഈ സമയത്ത്, അസ്വാഭാവികമായ ചില ചിന്തകള്‍ ദശരഥനില്‍ സംജാതമായി. ദു:സ്വപ്‌നങ്ങള്‍ കാണുക, കാരണമില്ലാതെ അസ്വസ്ഥനാകുക തുടങ്ങിയ അവസ്ഥകള്‍ അദ്ദേഹത്തിനുണ്ടായി. അദ്ദേഹം സ്വയം പറഞ്ഞു, രാമന്‍ അഭിഷിക്തനാകണം, അതിനി വൈകുവാന്‍ പാടില്ല. ചില ദുര്‍ലക്ഷണങ്ങള്‍ കാണുന്നു. പ്രജകള്‍ക്ക് അഭിമതനാണ് രാമന്‍. അതുകൊണ്ട് തന്നെ എത്രയും വേഗം അഭിഷേകം നടത്തണം. കൂടാതെ ഭരതന്‍ സ്വദേശത്തില്ല. ഈ സമയം തന്നെയാണ് അഭിഷേകത്തിന് അനുയോജ്യം. മനുഷ്യരാണ്, എന്തെങ്കിലും എതിരഭിപ്രായം ഭരതനില്‍ ഉണ്ടായാല്‍ അഭിഷേകം മുടങ്ങും. ഇങ്ങനെയെല്ലാം ചിന്തിച്ച ദശരഥന്‍ വേഗം രാജസദസ്സ് വിളിച്ചു കൂട്ടുകയും രാമാഭിഷേകത്തെക്കുറിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. 

പ്രജകള്‍ ആഹ്ലാദഭരിതരായി. അവര്‍ കേള്‍ക്കാനാഗ്രഹിച്ച വാര്‍ത്ത! ദശരഥ ഗുരുവായ വസിഷ്ഠന്‍, അഭിഷേകത്തിനാവശ്യമായ രത്‌നങ്ങള്‍, ശുഭ്രമാലകള്‍, പാല്, തൈര്, നെയ്യ്, പൂജാ ദ്രവ്യങ്ങള്‍, കൊടിക്കൂറകള്‍, ആന, വെഞ്ചാമരം, ആലവട്ടം, ചതുരംഗ സേന തുടങ്ങി അനേകം കാര്യങ്ങള്‍ നിമിഷം കൊണ്ട് ഒരുങ്ങണം എന്നാവശ്യപ്പെട്ടു. എല്ലാവരും അഭിഷേകത്തിന് ആവശ്യമായത് ഒരുക്കുവാനുള്ള തത്രപ്പാടിലായി. അയോധ്യ ആഹ്ലാദത്തിലാറാടി.

ഈ സമയം ദശരഥന്‍, അഭിഷേകം തൊട്ടടുത്ത ശുഭമുഹൂര്‍ത്തമായ പൂയം നക്ഷത്രത്തില്‍ നടത്തുവാന്‍ തീരുമാനിക്കുകയും അതിന് മുമ്പ് രാമനോടും സീതയോടും ഉപവസിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അയോധ്യയിലെമ്പാടും ആഘോഷം തുടരവേ, ഈ കാഴ്ചകള്‍ കണ്ട ഒരാള്‍ മാത്രം അസ്വസ്ഥയായി, മന്ഥര! ദശരഥ പ്രിയപത്‌നി കൈകേയിയുടെ പ്രിയതോഴി, മാനസ മിത്രം, കൂനിയായ മന്ഥര.

അവള്‍ അരിശം കൊണ്ട് ചവിട്ടിത്തുള്ളി കൈകേയിയുടെ സമീപമെത്തി. അവളെ കൈകേയി ആഹ്ലാദത്തോടെ സ്വീകരിച്ചു. രാമാഭിഷേക വാര്‍ത്ത അവളില്‍ നിന്നറിഞ്ഞ കൈകേയി, വില കൂടിയ രത്‌നഹാരം അവള്‍ക്ക് സമ്മാനിച്ചു. ആ രത്‌നഹാരം തട്ടിത്തെറിപ്പിച്ചു കൊണ്ട് അവള്‍ പരുഷ വാക്കുകള്‍ കൈകേയിയോട് ഓതിത്തുടങ്ങി.

'ഭരതന്‍ രാജ്യത്തില്ലാത്ത സമയത്ത് ധൃതിപ്പെട്ട് രാജാവ് രാമാഭിഷേകത്തിന് തിടുക്കം കൂട്ടുന്നതെന്തിന്? നിശ്ചയമായും രാമന്‍ രാജ്യാധിപനായാല്‍ നീ, കൈകേയി, വെറും ദാസിയായി മാറും. കൗസല്യ രാജമാതാവാകും. നിന്റെ മകനാണ് രാജാവാകേണ്ടത്. മൂഢേ, സ്വന്തം മകനെ തുറുങ്കിലടക്കില്ല രാമന്‍ എന്ന് നീ കരുതുന്നുവോ?' എന്നിങ്ങനെ പരുഷ വചനങ്ങള്‍ കൊണ്ട് നിമിഷ നേരത്തില്‍ കൈകേയിയുടെ മനസില്‍ അവള്‍ വിഷം കലര്‍ത്തി. അവള്‍ തുടര്‍ന്നു, കൈകേയി, പണ്ട് ദേവാസുര യുദ്ധത്തില്‍ ഇന്ദ്രനെ തുണയ്ക്കുവാനായി ദശരഥന്‍ പ്രിയ പത്‌നിയായ 'നിന്നേയും കൂട്ടിയാണ് പോയത്. അന്ന് യുദ്ധത്തില്‍ പരിക്കേറ്റ രാജനെ നീ യുദ്ധക്കളത്തിനു വെളിയില്‍ മാറ്റിക്കൊണ്ടുപോയി പരിചരിച്ചു രക്ഷിച്ചു. അന്ന് നിന്നില്‍ സംപ്രീതനായ രാജാവ് നിനക്ക് രണ്ട് വരങ്ങള്‍ നല്‍കി. അത് ആവശ്യം വരുമ്പോള്‍ ചോദിക്കാമെന്ന് പറഞ്ഞ് നീ മാറ്റിവച്ചു. ആ വരങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുക.'

രാമനെ പതിനാലു വര്‍ഷം വനവാസത്തിനയക്കുക. ഭരതനെ രാജാവായി അഭിഷേകം ചെയ്യുക.

രാമനോട് പ്രജകള്‍ക്ക് അതിപ്രീതിയുണ്ട്. എന്നാല്‍ പതിനാലു വര്‍ഷം വിട്ടു നിന്നാല്‍ ആ കാലയളവുകൊണ്ട് ഭരതന് പ്രജാപ്രീതി പിടിച്ചുപറ്റുവാനാകും. പിന്നീട് രാമന്‍ വന്നാലും ഭരതന് തടസമുണ്ടാകില്ല.

അങ്ങനെ മന്ഥരയുടെ വാക്കുകള്‍ കേട്ട് വിഷലിപ്തയായ കൈകേയി ആഭരണങ്ങള്‍ പറിച്ചെറിഞ്ഞ് വെറും നിലത്ത് നിലവിളിയോടെ കിടന്നു.

ഈ സമയം ദശരഥന്‍ സ്വന്തം മനസിലെ അസ്വസ്ഥതകള്‍ നിയന്ത്രിക്കാനാകാതെ, പ്രിയ പത്‌നി കൈകേയിയുടെ അരമനയിലേക്ക് എത്തി. അവിടെയെങ്ങും കൈകേയിയെ കണ്ടെത്താനായില്ല. അപ്പോഴാണ് നിലത്ത് കിടന്നു കരയുന്ന കൈകേയിയെ അദ്ദേഹം ശ്രദ്ധിച്ചത്. ആകുലനായ അദ്ദേഹം കാരണമന്വേഷിച്ചു. ഒടുവില്‍ കൈകേയി തന്റെ ഇംഗിതം പറഞ്ഞു. അതുകേട്ട് സ്തബ്ധനായ ദശരഥന്‍ പല രീതിയില്‍ കൈകേയിയുടെ മനസ് മാറ്റാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.

അദ്ദേഹം വാവിട്ട് കരഞ്ഞു. ഒരു രാജാധിരാജനാണ് താന്‍ എന്നതുപോലും വിസ്മരിച്ച് ഹാ... രാമാ എന്ന് ചൊല്ലി അദ്ദേഹം കരഞ്ഞു.

നേരം പ്രഭാതമായി. പ്രജകള്‍ മഹാരാജാവിനായി കാത്തുനിന്നു. ഈ സമയം കൈകേയി ദൂതനെ വിട്ട് രാമനെ വിളിപ്പിച്ചു. രാമന്‍ ഉടന്‍ തന്നെ, അഭിഷിക്തനാകാന്‍ പോകുന്ന തനിക്ക് വിശിഷ്ടമായ എന്തോ സമ്മാനം നല്‍കുന്നതിനായി അമ്മ, കൈകേയി വിളിക്കുകയാണ് എന്ന് കരുതി അതീവ സന്തോഷവാനായി അവിടേക്ക് ആഗതനായി. കാരണം അന്നാളുവരേയും രാമനായിരുന്നു കൈകേയിയുടെ പ്രിയപുത്രന്‍. ഭരതനേക്കാളേറെ കൈകേയി സ്വന്തമെന്ന് പറഞ്ഞിരുന്നത് കൗസല്യാ നന്ദനനായ രാമനെ ആണ്. അന്ത:പുരത്തിലെത്തിയ രാമനോട് കൈകേയി തന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചു. ഒപ്പം രാജാവ് അതിന് തടസം നിന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വിണ്‍വാക്കുകള്‍ ആയി മാറുമെന്നും അത് ധര്‍മഭ്രംശം ഉണ്ടാക്കുമെന്നും, വാക്ക് മാറ്റിപ്പറയുന്നത് രാജാവിന് ഉചിതമല്ലന്നും, പിതാവിന്റെ വാക്ക് നടപ്പാക്കേണ്ട ചുമതല മകനുണ്ടെന്നും അറിയിച്ചു.

രാമന്‍ ചെറുപുഞ്ചിരിയോടെ കൈകേയിയുടെ ആവശ്യങ്ങളെ അംഗീകരിക്കുകയും വനവാസത്തിന് പോകാന്‍ തയ്യാറാകുകയും ചെയ്തു.

വനവാസത്തിന് പോകുവാന്‍ തയ്യാറായ രാമനു മുന്നിലെ പ്രധാന കടമ്പ അമ്മ, കൗസല്യാദേവിയോട് ഈ വാര്‍ത്ത പറയുക എന്നതായിരുന്നു. മകന്റെ കിരീടധാരണത്തിന് തയ്യാറെടുത്തിരുന്ന ആ സാധ്വി, വനവാസമെന്ന ആവശ്യം കേട്ട് ബോധംകെട്ട് നിലം പതിച്ചു. ഏകപുത്രന്റെ വനവാസയാത്രാ വാര്‍ത്ത അവര്‍ക്ക് ചിന്തിക്കുന്നതിനുമപ്പുറമായിരുന്നു. പല തരത്തില്‍ അവര്‍ മകനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. രാമനോടൊപ്പം നിഴല്‍ പോലെ നില്‍ക്കുന്ന ലക്ഷ്മണന് കോപം അടക്കുക വയ്യാതായി. അദ്ദേഹം ആരോടു യുദ്ധം ചെയ്തും രാമനെ തന്നെ രാജാവായി വാഴിക്കും എന്ന നിലയിലായി.

പതിയെ രാമന്‍ കൗസല്യയേയും ലക്ഷ്മണനേയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. പിന്നെ സീതയെ സമാധാനിപ്പിക്കുക എന്നതായി അടുത്ത ലക്ഷ്യം.

സീതയോട് വിട പറയവേ ഭര്‍ത്താവിനെ അനുഗമിക്കുകയാണ് ഭാര്യ ചെയ്യേണ്ടത് എന്ന് പറഞ്ഞുകൊണ്ട് സീതയും വനവാസത്തിന് തയ്യാറായി. രാമന്റെ എല്ലാ അനുനയവും വിഫലമാക്കി സീത തന്റെ നിലപാടില്‍ ഉറച്ചു നിന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ രാമന്‍, വനത്തിലേക്ക് തന്നെ അനുഗമിക്കുവാന്‍ സീതക്ക് അനുവാദം നല്‍കി.

രാമായണം വെറും കഥയല്ല എന്നും മതപരമായ ഒരു രചന മാത്രമായിച്ചുരുക്കേണ്ട ഒന്നല്ലെന്നും ഇതിലെ കഥാപാത്രങ്ങളെ പരിശോധിച്ച്, അപഗ്രഥിച്ചാല്‍ മനസിലാക്കാം.

ഏതൊരു മനുഷ്യനിലും സ്വാഭിമാനത്തിന്റെ തോത് വളരെ വലുതാണ്. ഇവിടെ മന്ഥരയും കൈകേയിയും കൗസല്യയും ഒക്കെ ഒരോ കാര്യത്തിലാണ് പ്രധാനമായും ആശങ്കപ്പെടുന്നത്. മന്ഥരക്ക് സ്വന്തം യജമാനത്തി രാജമാതാവാകണമെന്ന ചിന്തയും അതുമൂലം കൈവരുന്ന പ്രാധാന്യവും ആണ് പ്രധാനം. മാത്രവുമല്ല, കുനിയാണ് എന്നത് മന്ഥരയെ മഥിക്കുന്ന കാര്യവുമാണ്. കാലങ്ങളായി 'കുബ്ജ' എന്ന് വിളി കേള്‍ക്കുന്നവള്‍, മറ്റേതൊരു ദാസിയേക്കാളും സുന്ദരിയാണവള്‍, പക്ഷേ, മുതുകിലെ കൂന്, അവളെ ഹൃദയത്തിലും കൂനുള്ളവളാക്കി. അവളുടെ പ്രാധാന്യം വര്‍ദ്ധിക്കാന്‍, കൈകേയി രാജമാതാവാകണം. അതിന് കാരണക്കാരി, അവളാണെങ്കില്‍ ആയുഷ്‌ക്കാലം, രാജമാതാവിന്റെ പ്രിയപ്പെട്ടവളായി, തോഴികളുടെ പ്രധാനിയായി അവള്‍ക്ക് ജീവിക്കാം.

ആധുനിക ജീവിതത്തിലും ശരീരത്തില്‍ കൂനുള്ളവരേക്കാള്‍, ഹൃദയത്തിന് കൂനുള്ള ധാരാളം പേരുണ്ട്. സുന്ദരമായ പെരുമാറ്റമാകും അവരുടേത്. എന്നാല്‍ നമുക്ക് വനവാസം വിധിക്കാന്‍ തക്കവണ്ണം അവര്‍ പ്രാപ്തരെന്ന് നാം അറിയുകയില്ല എന്ന് മാത്രം. കൈകേയിയില്‍ വിഷം കലര്‍ത്തുന്നത് മന്ഥരയാണ്. തെളിനീരില്‍ ഒരു തുള്ളി വിഷം! 

കൗസല്യ രാജപത്‌നിയാണ് എന്നിട്ടും അവമതിയായിരുന്നു ജീവിതത്തിലുട നീളം ഭര്‍ത്താവില്‍ നിന്ന് സഹിച്ചത്. അതിനൊരു അന്ത്യമാകും എന്ന് കരുതി ആശ്വസിക്കുമ്പോഴാണ് വനവാസ വാര്‍ത്ത വന്നെത്തുന്നത്. കൂടുതല്‍ അധികാരങ്ങളാര്‍ക്ക് എന്ന ചിന്ത തന്നെയാണ് ഒടുവില്‍ ഭരത മാതാവ് അഥവാ രാജമാതാവ് എന്ന ആവശ്യത്തിലുറച്ചു നില്‍ക്കാന്‍ കൈകേയിയെ പ്രേരിപ്പിക്കുന്നതും.

ദശരഥനെ മഥിച്ചത് ഇത്തരം വിഷയങ്ങള്‍ ഒന്നുമല്ല. മറിച്ച് രാമനോടുള്ള പ്രിയം മാത്രമാണ്. പുത്ര സ്‌നേഹത്താല്‍ അദ്ദേഹം വിവശനായി.

ഇതിനിടയില്‍ നിശ്ശബ്ദമായി മാറി നില്‍ക്കുന്ന ഒരാളുണ്ട്. സുമിത്ര. ഇവിടെ സുമിത്രയുടെ നിലപാടും ചിന്തനീയം തന്നെ. മകന്‍ രാമനൊത്ത് വനവാസം തിരഞ്ഞെടുത്തു കഴിഞ്ഞപ്പോഴും സുമിത്ര അക്ഷോഭ്യയാണ്. അചഞ്ചലയാണ്. ഒരു പക്ഷേ മൂന്നാമത്തെ പത്‌നി എന്ന അവസ്ഥയില്‍ നെടുനാള്‍ ജീവിച്ച്, ജീവിതത്തിലെ സ്ഥാനങ്ങളില്‍ ഉള്ള താത്പര്യം അവര്‍ക്ക് ഇല്ലാതായിട്ടുണ്ടാകാം. അതുമല്ലങ്കില്‍ രാമനോടൊപ്പമാണ് സൗമിത്രി സൗഖ്യമായി വാഴുക എന്ന ചിന്തയാകാം. എന്ത് തന്നെ ആയാലും അവനവന്റേത് എന്ന ചിന്ത വളരെക്കുറവ് മാത്രം പ്രകടിപ്പിക്കുന്ന ഒരു നിശ്ശബ്ദമായ, എന്നാല്‍ അസാധാരണ കഥാപാത്രമാണ് സുമിത്ര.

മറ്റുള്ളവര്‍ എപ്രകാരം പ്രവര്‍ത്തിക്കുമ്പോഴും ലക്ഷ്മണ കോപവും സീതയുടെ വനവാസ നിശ്ചയവും ഒന്നും പക്ഷേ രാമനെ സ്പര്‍ശിക്കുന്നില്ല. ഉത്തമപുരുഷന്‍ അചഞ്ചലനാണ്. ദുഃഖവും സുഖവും ഒന്നു തന്നെ അത്തരം പരമപുരുഷന്. ആ പരമപുരുഷനെ വണങ്ങിക്കൊണ്ട് അഞ്ചാം ദിനം സമാപ്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക