Image

കൊച്ചിമെട്രോ റയിലിന്റെ അടുത്തഘട്ടം : ട്രയല്‍ റണ്ണിന്‌ തുടക്കമായി

Published on 21 July, 2019
കൊച്ചിമെട്രോ റയിലിന്റെ അടുത്തഘട്ടം : ട്രയല്‍ റണ്ണിന്‌ തുടക്കമായി

കൊച്ചി ; തൈക്കൂടം വരെയുള്ള മെട്രോ റയിലിന്റെ അടുത്തഘട്ടം തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ട്രയല്‍ റണ്ണിന്‌ തുടക്കമായി. മഹാരാജാസ്‌ മുതല്‍ സൗത്ത്‌ വരെയുള്ള 1.3 കി.മീ ദൂരമാണ്‌ മെട്രോ സഞ്ചരിച്ചത്‌. പ്രധാനമായും കാന്‍ഡിലിവര്‍ പാലത്തിന്റെ ശേഷി പരിശോധിക്കുന്നതിനാണ്‌ ട്രയല്‍റണ്‍ നടത്തിയത്‌.

 കൊച്ചി മെട്രോയില്‍ ആദ്യമായാണ്‌ കാന്‍ഡിലിവര്‍ പാലം നിര്‍മിക്കുന്നത്‌. തൈക്കൂടം വരെയുള്ള പാത സെപ്‌റ്റംബറില്‍ ഓണത്തിനോടനുബന്ധിച്ച്‌ തുറന്നുനല്‍കാന്‍ കഴിയുമെന്നാണ്‌ കെഎംആര്‍എല്ലിന്റെ പ്രതീക്ഷ.

90 ശതമാനം ട്രാക്കിന്റെ പണി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്‌. സ്‌റ്റേഷനുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്ന്‌ കെഎംആര്‍എല്‍ അറിയിച്ചു. രാവിലെ ഏഴിനാണ്‌ മഹരാജാസ്‌ സ്റ്റേഷനില്‍നിന്ന്‌ മെട്രോയുടെ ട്രയല്‍ റണ്‍ ആരംഭിച്ചത്‌. 

മണിക്കൂറില്‍ കേവലം അഞ്ചുകിലോമീറ്റര്‍ മാത്രം വേഗത്തില്‍ കടവന്ത്രവരെയാണ്‌ ട്രയല്‍ തീരുമാനിച്ചതെങ്കിലും സൗത്ത്‌ റയില്‍വെ ലൈനിന്‌ മുകളിലെ പാതയില്‍ യാത്ര അവസാനിപ്പിച്ചു. പാലത്തിന്റെ ശേഷി പരിശോധിക്കുന്നതിനായാണ്‌ ഇത്‌. 

മെട്രോയുടെ ഏറ്റവും സങ്കീര്‍ണമായ നിര്‍മാണജോലികള്‍ നടന്നത്‌ സൗത്തിലെ ഈ പാതയിലാണ്‌. കമ്പാര്‍ട്ട്‌മെന്റുകളില്‍ യാത്രക്കാരുടെ ഭാരത്തിന്‌ ആനുപാതികമായി മണല്‍ചാക്കുകള്‍ നിറച്ചായിരുന്നു മെട്രോയുടെ യാത്ര.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക