Image

ആടൈ, മറവില്ലാത്ത സ്ത്രീപക്ഷ സിനിമ

Published on 20 July, 2019
ആടൈ, മറവില്ലാത്ത സ്ത്രീപക്ഷ സിനിമ
അമലാ പോള്‍ നഗ്നയായി അഭിനയിക്കുന്ന ചിത്രം എന്ന വാര്‍ത്ത പുറത്തു വന്നതു മുതല്‍ ' ആടൈ' എന്ന ചിത്രത്തിന്റെ റിലീസിങ്ങിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. 

മലയാളിയാണെങ്കിലും തമിഴില്‍ മുന്‍നിര നായികമാരില്‍ ഒരാളായി മാറാന്‍ കഴിഞ്ഞ അമലാ പോള്‍ തന്റെ വ്യക്തിജീവിതത്തില്‍ വിവാഹവും വിവാഹമോചനവും തുടങ്ങിയ കാര്യങ്ങള്‍ കൊണ്ടും വിവാദങ്ങളുടെ പാതയിലായിരുന്നു. ഏറ്റവുമൊടുവില്‍ രത്‌ന കുമാര്‍ സംവിധാനം ചെയ്ത ആടൈ എന്ന ചിത്രത്തില്‍ നഗ്നയായി അഭിനയിക്കുക കൂടി ചെയ്തതോടെ അവര്‍ വിമര്‍ശനങ്ങളുടെ ഒരു കമ്പപ്പുരയ്ക്കു തന്നെ തീ കൊളുത്തുകയും ചെയ്തു.

പെണ്ണുടലിന്റെ വശ്യതയും ഗ്‌ളാമറും പ്രദര്‍ശിപ്പിച്ചും അതു സംബന്ധിച്ച വാര്‍ത്തകള്‍ മുമ്പേ പറത്തിവിട്ടു കൊണ്ട് പബ്‌ളിസിറ്റി നേടാനുമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നായിരുന്നു ഇതു വരെ പ്രേക്ഷകര്‍ക്കിടയില്‍ കത്തി നിന്ന വിമര്‍ശനങ്ങള്‍. അമലാ പോളിനെ പോലെ എണ്ണം പറഞ്ഞ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസില്‍ ഇടം നേടിയ ഒരു നടി ക്യാമറയ്ക്കു മുന്നില്‍ പൂര്‍ണ നഗ്നയായി അഭിനയിക്കുന്നതിനെ സംബന്ധിച്ച് നാലു പാടു നിന്നും വിമര്‍ശനം ഉയര്‍ന്നപ്പോഴും സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ തന്നെ കേസുമായി മുന്നോട്ടു പോയപ്പോഴും യഥാര്‍ത്ഥത്തില്‍ ആടൈ എത്താന്‍ കാത്തിരുന്ന പ്രേക്ഷകരുടെ എണ്ണം കൂടുകയാണ് ചെയ്തത്. സ്ത്രീയുടെ ഉടലിന്റെ സ്വാതന്ത്ര്യവും അതുയര്‍ത്തുന്ന രാഷ്ട്രീയനിലപാടുകളും വളരെ സത്യസന്ധമായി തന്നെ ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ട്.

ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയാണ് കാമിനി. അമ്മയുള്‍പ്പെടെ എല്ലാവരും പാരമ്പര്യത്തെയും യാഥാസ്ഥിതികത്വത്തെയും മുറുകെ പിടിച്ച് ജീവിക്കുന്നവര്‍, എന്നാല്‍ കാമിനി അങ്ങനെയല്ല. അവള്‍ ജീവിതത്തെ ഒരാഘോഷമാക്കുന്ന യുവതിയാണ്. മാധ്യമ പ്രവര്‍ത്തകയാണ് കാമിനി. ഒരു വാര്‍ത്താ ചാനലില്‍ ജോലി ചെയ്യുന്ന കാമിനിക്കു പക്ഷേ വാര്‍ത്തകളോട് താല്‍പര്യമില്ല. കാമിനി ജോലി ചെയ്യുന്ന ചാനലിന്റെ ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറുന്ന ദിവസമാണ് ചിത്രം ആരംഭിക്കുന്നത്.

വാര്‍ത്താചാനലില്‍ ഒരു പ്രത്യേക പരിപാടിയുണ്ട്, ആളുകളെ പറ്റിക്കുന്ന ഒരു പരിപാടി അവതരിപ്പിക്കുന്ന സംഘത്തിലെ ഒരംഗമാണവള്‍. മികച്ച രീതിയില്‍ ആ പരിപാടി കൊണ്ടു പോകാനാണ് അവളുടെ പരിശ്രമങ്ങള്‍. അതിനായി അവള്‍ ഏതറ്റം വരെയും പോകും. ആളുകളെ പറ്റിക്കുന്നതിലും പേടിപ്പിക്കുന്നതിലും അവള്‍ സന്തോഷം കണ്ടെത്തുന്നു. കാമിനിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും ഇക്കാരണം കൊണ്ട് അവളെ സാഡിസ്റ്റ് എന്നാണ് വിളിക്കുന്നത്. പക്ഷേ അവള്‍ അതില്‍ പ്രത്യേകിച്ച് എതിര്‍പ്പൊന്നും പ്രകടിപ്പിക്കുന്നില്ല. പക്ഷേ ഒരവസരത്തില്‍ അവളുടെ പ്രഫഷണലിസത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ സഹപ്രവര്‍ത്തകയുടെ ഭാഗത്തു നിന്നും നേരിടേണ്ടി വന്ന ഒരു കമന്റാണ് കാമിനി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നത്. ആളുകളെ പറ്റിച്ചു നടക്കുന്നതു പോലെ അത്ര എളുപ്പമല്ല, വാര്‍ത്ത വായിക്കാന്‍ എന്നാണ് അവളുടെ സഹപ്രവര്‍ത്തക കാമിനിയെ കളിയാക്കിയത്. തെറ്റു വരുത്താതെ വാര്‍ത്ത വായിക്കാന്‍ മാത്രമല്ല, വേണമെങ്കില്‍ വസ്ത്രമില്ലാതെയും വന്നിരുന്ന് വാര്‍ത്ത വായിക്കാന്‍ തനിക്കു കഴിയുമെന്ന് കാമിനി ഉറക്കെ വിളിച്ചു പറയുന്നു. തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുള്ളതു പോലെ അത് വേണ്ട എന്നു വയ്ക്കാനുള്ള സ്വാതന്ത്ര്യവും സ്ത്രീക്കുണ്ട് എന്ന് കാമിനി വിശ്വസിക്കുന്നു.

കാമിനിയും സഹപ്രവര്ത്തകയും തമ്മിലുള്ള ഈ പോരു വിളികള്‍ക്കു ശേഷമാണ് കാമിനി തന്റെ സുഹൃത്തുക്കളുമൊത്ത് ഒഴിപ്പിക്കപ്പെട്ട ഓഫീസ് കെട്ടിടത്തില്‍ പിറന്നാളാഘോഷം നടത്താന്‍ എത്തുന്നത്. എന്നാല്‍ ആഘോഷരാത്രിക്കു ശേഷം കാമിനി കണ്ണു തുറക്കുന്നത് അവള്‍ക്കു പോലുമറിയാത്ത ഒരു പാട് ചോദ്യങ്ങളിലേക്കാണ്. ആരുമില്ലാത്ത ഓഫീസ് കെട്ടിടത്തില്‍ പൂര്‍ണനഗ്നയായി കാമിനി അകപ്പെടുന്നതോടെ അതെങ്ങനെ സംഭവിച്ചു എന്ന ഉത്ക്കണ്ഠ പ്രേക്ഷകനില്‍ വളരുകയായി. ഈ ഘട്ടം മുതല്‍ സിനിമ ത്രില്ലര്‍ സ്വഭാവം കൈവരിക്കുന്നു. 

ദളിത് സ്ത്രീകള്‍ക്ക് മുലക്കരം ചുമത്തുകയും അവര്‍ മാറു മറയ്ക്കുന്നത് എതിര്‍ക്കുകയും ചെയ്ത മേലാളന്‍മാര്‍ക്ക് മുലയറുത്തു നല്‍കി പ്രതിഷേധിച്ച നങ്ങേലിയുടെ കഥ പറഞ്ഞു കൊണ്ടാരംഭിക്കുന്ന സിനിമയുടെ രാഷ്ട്രീയം എന്താണെന്ന വ്യക്തമായ സൂചന നല്‍കുന്നു. അവിടെ നിന്നും ക്യാമറ തിരിയുന്നത് കാമിനിയെന്ന കഥാനായികയുടെ ആധുനിക കാലത്തെ എല്ലാവിധ ആഘോഷങ്ങളും ചാലിച്ചെടുത്ത ജീവിതത്തിലേക്കാണ്. അവളുടെ ഭ്രാന്തന്‍ ചിന്തകളും പ്രവൃത്തികളുമാണ് സിനിമയുടെ ആദ്യ പകുതി സജീവമാക്കുന്നത്. 

നിലനില്‍ക്കുന്ന സ്ത്രീസങ്കല്‍പങ്ങളെ അടിമുടി ഉലച്ചു കളയുന്നതാണ് കാമിനിയുടെ കാഴ്ചപ്പാടുകളും അവളുടെ പ്രവൃത്തിയും. പക്ഷേ ആരുമില്ലാത്ത കെട്ടിടത്തില്‍ വിവസ്ത്രയാക്കപ്പെട്ട് അകപ്പെടുന്ന ഭയാനകമായ അവസ്ഥ കാമിനിക്ക് നേരിടേണ്ടി വരുന്നു. 

സമീപകാലത്തെ സ്ത്രീപക്ഷ സിനിമകളേക്കാളെല്ലാം ഒരു പടി മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ആടൈ എന്ന് നിസംശയം പറയാം. കാരണം അതിലെ പെണ്‍രാഷ്ട്രീയം കൈകാര്യം ചെയ്തിരിക്കുന്ന രീതി സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ മറിച്ചു ചിന്തിക്കാന്‍ കഴിയുക പ്രയാസമാണ്. ഇടവേളയ്ക്കു ശേഷമുളള ചിത്രത്തിന്റെ മുക്കാല്‍ ഭാഗവും പൂര്‍ണനഗ്നയായി അഭിനയിക്കുന്ന നായികയുടെ ശരീരഭാഷയേയും വളരെ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുണ്ട് ഛായാഗ്രാഹകനായ വിജയ് കാര്‍ത്തിക് കണ്ണന്‍. സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ ഈ ചിത്രം മറ്റു ത്രില്ലര്‍ മുവീകളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നത് കൊലപാതകത്തിന്റെയോ അതിക്രമത്തിന്റെ വഴിയേ പോകാതെ തന്നെ അത്തരത്തില്‍ പിരിമുറുക്കം നല്‍കുന്ന ഒരു മാനസികാവസ്ഥ പ്രേക്ഷകനില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതു കൊണ്ടാണ്.

അമലാ പോളിന്റെ അത്യുജ്ജ്വല പ്രകടനമാണ് ഈ സിനിമയുടെ നട്ടെല്ല്. ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് പരിഗണിക്കുന്ന വേളയില്‍ കാമിനിയെ അവഗണിക്കാന്‍ കഴിയില്ലെന്നുറപ്പാണ്. പെണ്‍ശരീരത്തിന്റെ നഗ്നത വെളിപ്പെടുത്തുന്നതോ അതു കാണുന്നതോ ആസക്തിയോടെല്ലാത്ത വിധം ക്യാമറയിലൂടെ പ്രതിഫലിപ്പിക്കുന്നു.തീര്‍ച്ചയായും ഈ സിനിമയുടെ രാഷ്ട്രീയവും അത് വ്യക്തമാക്കാന്‍ ശ്രമിക്കുന്ന സത്യവും അവതരണവും അഭിനന്ദനം അര്‍ഹിക്കുന്നു. ഈ സിനിമ കാണാതെ പോകരുത്. 
ആടൈ, മറവില്ലാത്ത സ്ത്രീപക്ഷ സിനിമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക