Image

വാല്മീകി രാമായണം നാലാം ദിനം (ദുര്‍ഗ മനോജ്)

Published on 20 July, 2019
വാല്മീകി രാമായണം നാലാം ദിനം (ദുര്‍ഗ മനോജ്)
നാലാം ദിനം

മിഥിലാപുരിയില്‍ ജനകസന്നിധിയില്‍ എത്തിയ വിശ്വാമിത്രനേയും രാമലക്ഷ്മണന്മാരേയും ജനകന്‍ യഥാവിധി ആദരിച്ച് കൊട്ടാരത്തിലേക്ക് ആനയിച്ചു.

മുനി പറഞ്ഞു, രാജാധിപാ, ഇവര്‍ ദശരഥ പുത്രന്മാരും ലോക വിശ്രുതന്മാരായ ക്ഷത്രിയന്മാരുമാണ്. ആയതിനാല്‍ അവര്‍ക്ക് അങ്ങയുടെ പക്കലുള്ള വിശിഷടമായ വില്ലു കാണുവാന്‍ ആഗ്രഹമുണ്ട്. അതൊന്ന് കാണിച്ചു കൊടുത്താലും.

ഇത് കേട്ട് ജനകന്‍ പറഞ്ഞു, മഹാമുനേ, ഈ വില്ല് സാക്ഷാല്‍ പരമേശ്വരന്റെതാകുന്നു. ഈ വില്ല് വച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം കേട്ടാലും. നിമിയുടെ ജേഷ്ഠന്‍ ദേവരാതന്‍ എന്ന പ്രശസ്തനായ രാജാവിന്റെ പക്കല്‍ ഭഗവാന്‍ പരമശിവന്‍ ന്യാസമായി ഏല്പിപിച്ചതാണ് ഈ വില്ല്. പണ്ട് ദക്ഷയജ്ഞം മുടിക്കവേ കോപത്താല്‍ ഈ വില്ല് വളച്ച് ദേവന്മാരോട് അദ്ദേഹം പറഞ്ഞു 'എനിക്ക് ഭാഗം തരാത്ത ദേവന്മാരെ ഞാന്‍ ഈ വില്ലുകൊണ്ട് അറുത്തു കളയുന്നുണ്ട്.'

ഇത് കേട്ട്, ഭയന്ന ദേവന്മാര്‍ അദ്ദേഹത്തെ പ്രസാദിപ്പിച്ചു. ശിവന്‍ അവരില്‍ പ്രീതനായി. അദ്ദേഹം ഈ വില്ല് അവര്‍ക്കേവര്‍ക്കുമായി നല്‍കി. ആ ദേവദേവന്റെ ധനുര്‍ രത്‌നമാണീ വില്ല്. എന്റെ പൂര്‍വ്വികരില്‍ ന്യാസമായി ഏല്‍പ്പിക്കപ്പെട്ടതാണിത്. വയല്‍ ഉഴുത് മറിക്കുമ്പോള്‍ ഒരു കന്യകയെ കിട്ടി. അവളെ സീത എന്ന് പേര്‍ ചൊല്ലി ഞാന്‍ വളര്‍ത്തി. അവളെ വേള്‍ക്കാന്‍ വന്നവരുടെ മുന്നില്‍ വീര്യ ശുല്ക്കമായി ഞാന്‍ ഈ ധനുസ്സ് മുന്നോട്ട് വച്ചു. അവര്‍ക്കാര്‍ക്കും ഇതൊന്ന് ഉയര്‍ത്താന്‍ പോലും സാധിച്ചിട്ടില്ല. അതില്‍ അപമാനം തോന്നിയ അവര്‍ നാലുഭാഗത്തുനിന്നും മിഥിലയെ ആക്രമിച്ചു. തകര്‍ന്നു പോയ മിഥിലയെ രക്ഷിക്കാന്‍, ഒടുവില്‍ ഞാന്‍ തപസു ചെയ്ത് ദേവന്മാരെ പ്രത്യക്ഷരാക്കി. അവര്‍ നല്‍കിയ പട, യുദ്ധത്തിന് വന്നവരെ പരാജയപ്പെടുത്തി. 

ഇപ്പോഴും അവരുടെ ഭീഷണി മിഥിലക്ക് ഉണ്ട്. രാമന് ആ വില്ല് കുലയേറ്റുവാന്‍ സാധിച്ചാല്‍, എന്റെ മകളെ രാമനു നല്‍കാം.

അയ്യായിരം പേര്‍ ചേര്‍ന്ന് എട്ടു ചക്രമുള്ള പേടകത്തില്‍ വില്ല് വലിച്ചുകൊണ്ട് വന്നു. എല്ലാവരുടേയും അനുഗ്രഹം തേടിക്കൊണ്ട്, രാമന്‍ അത് ഒന്ന് പരിശോധിച്ച്, മെല്ലെ എടുത്ത്, ഞാണ്‍ കെട്ടി വലിച്ചു. പിന്നെ വില്ല് നടുക്ക് വച്ച് രണ്ടായിട്ടൊടിച്ചു. അപ്പോഴുണ്ടായ ശബ്ദത്തില്‍ സര്‍വ്വ ദിക്കുകളും വിറകൊണ്ടു. പരമശിവദത്തമായ വില്ല് രാമന്‍, നിസ്സാരമായി ഒടിച്ചത് കണ്ട് ജനകന്‍, സീതയെ രാമന് വീര്യ ശുല്കമായി നല്‍കുകയാണ് എന്നറിയിച്ചു. ഒപ്പം ഇക്കാര്യം ദൂതന്മാരെ അയച്ച് അയോധ്യാധിപനെ അറിയിക്കുവാനും അദ്ദേഹത്തേയും സംഘത്തേയും കൂട്ടിക്കൊണ്ട് വരുവാനും അയച്ചു.

ദൂതന്മാര്‍ മൂന്ന് രാത്രി താണ്ടി (തങ്ങി), തളര്‍ന്ന വാഹനങ്ങളോടെ അയോധ്യയിലെത്തി ദശരഥനെ മുഖം കാണിച്ചു. സന്തോഷവാര്‍ത്ത അറിഞ്ഞ അദ്ദേഹം, പിറ്റേന്ന് തന്നെ മഹര്‍ഷിമാര്‍ക്കും മന്ത്രിമാര്‍ക്കും ഒപ്പം മിഥിലയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചു.

മിഥിലയില്‍ എത്തിയ സംഘത്തെ യഥോചിതം സ്വീകരിച്ചാനയിച്ചു. അതിനു ശേഷം കന്യാദാനത്തേക്കുറിച്ച് സംസാരിച്ചു. ഒപ്പം ഊര്‍മ്മിളയെ ലക്ഷ്മണന് നല്‍കുന്നു എന്നറിച്ചു. കൂടാതെ ജനകന്റെ സഹോദരന്‍, കുശധ്വജന്റെ രണ്ട് പുത്രിമാര്‍, മാണ്ഡവിയേയും
ശ്രുതകീര്‍ത്തിയേയും ഭരത ശത്രുഘ്ന്‍മാര്‍ക്ക് നല്‍കുവാനും തീരുമാനിച്ചു. അങ്ങനെ മംഗളകാരിയായ ഉത്രം നക്ഷത്രത്തില്‍ രാഘവന്മാര്‍ മിഥിലാപുത്രികളെ വേട്ടു.

വിവാഹം കഴിഞ്ഞു. പിതൃപൂജയും ഗോദാനവും കഴിഞ്ഞു. വധൂവരന്മാര്‍ യാത്ര തിരിച്ചു. പൊടുന്നനെ പക്ഷികള്‍ പരിഭ്രമിച്ചു പറക്കുകയും മൃഗങ്ങള്‍ വലംവക്കുകയും ചെയ്തു. ഇതുകണ്ട് പരിഭ്രമിച്ച ദശരഥനോട്, ആപത്ത് വരുകിലും, ശുഭമായി അവസാനിക്കും എന്ന് വസിഷ്ഠന്‍ മറുപടി പറഞ്ഞു. പെട്ടെന്ന് അവര്‍ക്കു മുന്നില്‍ ക്ഷത്രിയഘാതാവായ ഉഗ്രരൂപി രാമന്‍ തോളില്‍ മഴുവുമായി പ്രത്യക്ഷനായി. അദ്ദേഹം, ദശരഥനെ തടഞ്ഞു. രാമനെ ജമദഗ്‌നിയുടെ ഘോരധനുസ് തകര്‍ക്കുവാന്‍ വെല്ലുവിളിച്ചു. വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച ദിവൃ ചാപങ്ങളില്‍ പരമശിവനു നല്‍കിയത് രാമന്‍ ഒടിച്ച സ്ഥിതിക്ക്, വൈഷ്ണവ ചാപവും എടുത്ത് വന്ന്, ആ വില്ലു കുലയ്ക്കാനാണദ്ദേഹം ആവശ്യപ്പെട്ടത്.

അത് കേട്ട് ഭയന്ന് ദശരഥന്‍ അദ്ദേഹത്തോട് ഈ വിധം അപേക്ഷിച്ചു. 'ക്ഷത്രകോപത്തില്‍ നിന്ന് നിവര്‍ത്തിച്ച് വന്‍ തപം ചെയ്യുന്ന അങ്ങ് എന്റെ കുട്ടികള്‍ക്ക് അഭയം നല്‍കണേ. അങ്ങ് ദേവേന്ദ്രനോട് പ്രതിജ്ഞ ചെയ്ത് ശസ്ത്രം വെടിഞ്ഞതല്ലേ? ധര്‍മ്മനിഷ്ഠനായി ഭൂമി കശ്യപനു നല്‍കി വനത്തിലെത്തി മഹേന്ദ്ര പര്‍വ്വതത്തില്‍ വാണരുളുന്നവനല്ലോ. രാമനൊരുവനെ കൊന്നാല്‍ ഞങ്ങളാരും പിന്നെ ബാക്കിയുണ്ടാവില്ല.' എന്നാല്‍ അതിലൊന്നും പരശുരാമന്‍ തെല്ലും കുലുങ്ങിയില്ല. അദ്ദേഹം പറഞ്ഞു
'രുദ്രനു ദേവകള്‍ നല്‍കിയ വില്ലാണ് നീ ഒടിച്ചത്. ഇത് ദേവകള്‍ വിഷ്ണുവിന് നല്‍കിയ വില്ലാണ് ഇത്. ക്ഷത്രിയധര്‍മ്മം അനുസരിച്ച് നീയിത് ഗ്രഹിക്കുക. ഈ ശരംതൊടുക്കുക, അതിന് നീ പോന്നവനെങ്കില്‍, രാമ, ഞാന്‍ നിന്നോട്, ദ്വന്ദയുദ്ധത്തിന് തയ്യാര്‍'.
ഇത് കേട്ട രാമന്‍, പുഞ്ചിരിയോടെ ധനുസ് വണങ്ങി, അത് എടുത്ത് ഞാണേറ്റി, അമ്പ് തൊടുത്തു. എന്നിട്ട് പറഞ്ഞു, അങ്ങയെ ഞാന്‍ വധിക്കുന്നില്ല, എങ്കിലും അങ്ങയുടെ തപസു കൊണ്ടാര്‍ജിച്ച അതുല്യ ലോകങ്ങളെ ഹനിക്കുകയാണ്.

തേജസ്സ് കെട്ട, വീര്യം ഒതുങ്ങിയ ഭാര്‍ഗ്ഗവന്‍ രാമനു മുന്നില്‍ കീഴടങ്ങി. അദ്ദേഹം ദാശരഥീരാമനെ വലം വച്ച് പൂജിച്ച് തന്റെ വഴിക്കു പോയി.

ദശരഥസംഘം അയോധ്യയിലേക്ക് യാത്രയായി. അയോധ്യയില്‍ പ്രവേശിച്ച സംഘത്തെ ഉചിതമായി സ്വീകരിച്ചാനയിച്ചു.

ഈ സമയം കൈകേയിയുടെ സഹോദരനായ യുധാജിത്ത് ഭരതനെ കോസലത്തിലേക്ക് കൂട്ടിക്കൊണ്ട് ചെല്ലുവാന്‍ എത്തി. അങ്ങനെ ഭരത ശത്രുഘ്‌നന്മാര്‍ കോസലത്തിലേക്ക് യാത്ര തിരിച്ചു. അയോധ്യയില്‍ രാമലക്ഷ്മണന്മാര്‍ മാതാപിതാക്കളെ ശുശ്രൂഷിച്ചും രാജ്യകാര്യങ്ങളില്‍ സഹായിച്ചും ഭാര്യമാരോടൊപ്പം ആനന്ദത്തേടെ ജീവിച്ചു.

രാമായണം രാമന്റെ കഥയാണ്, ഒപ്പം അത് ഓരോ മനുഷ്യന്റേയും കഥയാണ്. ഒരാളുടെ ജീവിതവും സുഖങ്ങളിലൂടെ മാത്രം കടന്നു പോകുന്നില്ല. മനുഷ്യരുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ തുടരെയുണ്ടാകുന്നു. ഒപ്പം ജീവിതം അത്രകണ്ട് അനിശ്ചിതത്വം നിറഞ്ഞതുമാണ്. ഒരു കുന്നിന് ഒരു കുഴി എന്നത് പോലെയോ, ഒരു ചക്രം തിരിയുന്നത് പോലെയോ തന്നെ ജീവിതവും. 

ദശരഥന്‍ എന്നത് സമാന്യജനത്തിന്റെ മാനസികാവസ്ഥയാണ്. ഭയമാണ് അതിന്റെ അടിസ്ഥാന സ്വഭാവം. താടകയെന്ന മഹാരാക്ഷസിയെ നിസാരമായി വധിച്ച രാമന്‍ തന്റെ പ്രഭാവം അപ്പോള്‍ തന്നെ പ്രകടമാക്കിയതാണ്. എന്നിരുന്നാലും ദശരഥന്‍ എന്ന കേവല മനസ് തന്റെ മകന്‍ ദുര്‍ബലന്‍ എന്ന് ചിന്തിച്ച് പരിഭ്രമിക്കാനാണ് തുനിയുന്നത്. സ്വന്തം എന്ന ചിന്തയോളം അപകടരമായ ഭയവും ഇവിടെ പ്രകടമാണ്.

രാമായണം യഥാര്‍ത്ഥത്തില്‍ ഭയം വേണ്ട എന്നൊരു ചിന്ത ദൃഢമാക്കുവാന്‍ വേണ്ടിയാണ് രചിക്കപ്പെട്ടത് എന്നു തന്നെ വിശ്വസിക്കാം.
മനുഷ്യനെ ദൃഢചിത്തനാക്കുക എന്നതാണ് ആദികവി രാമായണത്തിലൂടെ മാനവരാശിക്കു മുന്നില്‍ സമര്‍പ്പിക്കുന്ന ചിന്ത.

കാലചക്രത്തിന്റെ, മായയുടെ, ഗതിയില്‍ സാധാരണ മനുഷ്യര്‍ പെട്ടു കഴിഞ്ഞാല്‍ ആ ഗതിക്കൊന്ന് ചലിക്കുക മാത്രമാണ് ചെയ്യുക. എന്നാല്‍ വീരന്മാര്‍ ജീവിതത്തിലെ ഏത് നിര്‍ണ്ണായക ഘട്ടത്തിലും അക്ഷോഭ്യരായി തുടരും, അവര്‍ പരിഭ്രമിക്കുകയില്ല. മറിച്ച്, വിനീതരായി എന്നാല്‍ ധീരതയോടെ പ്രശ്‌നങ്ങളെ നേരിട്ട് വിജയിക്കും.

ബാലകാണ്ഡം സമാപ്തം.
Join WhatsApp News
Mallu 2019-07-20 11:03:37
മനോഹരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക