Image

കനത്ത മഴ: കേരളത്തില്‍ മൂന്നുമരണം: 5 പേരെ കാണാതായി

Published on 19 July, 2019
കനത്ത മഴ: കേരളത്തില്‍ മൂന്നുമരണം: 5 പേരെ കാണാതായി
തിരുവനന്തപുരം: മാറിനിന്ന മഴ ഒടുവില്‍ ശക്തമായപ്പോള്‍ സംസ്ഥാനത്ത് പലയിടത്തും നാശനഷ്ടം. മഴക്കെടുതിയില്‍ മൂന്നുപേര്‍ മരിച്ചപ്പോള്‍ 5 പേരെ കാണാതായി.

23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി. കാറ്റും ശക്തമാവും. ചിലയിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുത്.

കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തര്‍വീതം മരിച്ചത്. തലശ്ശേരിയില്‍ വിദ്യാര്‍ഥിയായ ചിറക്കര മോറക്കുന്ന് മോറാല്‍ക്കാവിനു സമീപം സീനോത്ത് മനത്താനത്ത് ബദറുല്‍ അദ്‌നാന്‍(17) കുളത്തില്‍ മുങ്ങിമരിച്ചു. പത്തനംതിട്ടയില്‍ മീന്‍ പിടിക്കാന്‍ പോയ തിരുവല്ല വള്ളംകുളം നന്നൂര്‍ സ്വദേശി ടി.വി. കോശി(54) മണിമലയാറ്റില്‍ വീണുമരിച്ചു. കൊല്ലത്ത് കാറ്റില്‍ തെങ്ങുവീണ് പനയം ചോനംചിറ സ്വദേശി കുന്നില്‍തൊടിയില്‍ ദിലീപ്കുമാര്‍ (54) മരിച്ചു.

കോട്ടയം കിടങ്ങൂര്‍ കാവാലിപ്പുഴ ഭാഗത്ത് മീനച്ചിലാറ്റില്‍ ഒഴുകിവന്ന തടി പിടിക്കാനിറങ്ങിയ ഒരാളെ ഒഴുക്കില്‍പ്പെട്ടു കാണാതായി. കൊല്ലം നീണ്ടകരയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം കാറ്റില്‍പ്പെട്ടുതകര്‍ന്ന് തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്നു ബുധനാഴ്ച മീന്‍പിടിക്കാന്‍ പോയ നാലു മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ചയും കണ്ടെത്താനായില്ല.

ശനിയാഴ്ച കാസര്‍കോട്, ഞായറാഴ്ച കോഴിക്കോട്, വയനാട്, തിങ്കളാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്. അതിതീവ്രമഴയാണ് ഈ ദിവസങ്ങളില്‍ ഇവിടെ പ്രതീക്ഷിക്കുന്നത്.

മഴ കനത്തതോടെ കല്ലാര്‍കുട്ടി, പാംബ്ല, ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. 10 ക്യുമെക്‌സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത്. പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 15 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ഭൂതത്താന്‍കെട്ട് ഡാമിന്റെ ഒന്പതുഷട്ടറുകള്‍ തുറന്നു. മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക