Image

രാഷ്ട്രീയത്തിലിറങ്ങാന്‍ ആദ്യം പറഞ്ഞത് നെല്‍സണ്‍ മണ്ടേല: പ്രിയങ്ക ഗാന്ധി

Published on 18 July, 2019
രാഷ്ട്രീയത്തിലിറങ്ങാന്‍ ആദ്യം പറഞ്ഞത് നെല്‍സണ്‍ മണ്ടേല: പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: തനിക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രചോദനമായത് നെല്‍സണ്‍ മണ്ടേലയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നെല്‍സണ്‍ മണ്ടേലയുടെ 101ാം ജന്മദിനത്തിലാണ് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ട് പ്രയങ്കയുടെ ട്വീറ്റ്. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആദ്യം പറഞ്ഞത് നെല്‍സണ്‍ മണ്ടേലയാണെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു.

' നെല്‍സണ്‍ മണ്ടേലയെ പോലുള്ള നേതാക്കളെയാണ് ലോകം ഇന്നും ഏറ്റവും ആഗ്രഹിക്കുന്നത്. സത്യത്തിലും സ്‌നേഹത്തിലും സ്വാതന്ത്രത്തിലും അടിയുറത്ത ജീവിത സംഹിതയായിരുന്നു അദ്ദേഹത്തിന്റേത്. തനിക്ക് അദ്ദേഹം നെല്‍സണ്‍ അങ്കിള്‍ ആയിരുന്നു. മറ്റാരെക്കാളും മുന്‍പ് എന്നോട് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന്  പറഞ്ഞത് അദ്ദേഹമാണ്.  മണ്ടേല എന്നും എനിക്ക് പ്രചോദനമായിരിക്കും മാര്‍ഗദര്‍ശിയായിരിക്കും' പ്രിയങ്ക ട്വീറ്റ് ചെയ്തു.

നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പമുള്ള ചിത്രം സഹിതമാണ് പ്രിയങ്കയുടെ ട്വീറ്റ്. 2001ല്‍ തന്റെ മകന്റെ ഫാന്‍സി തൊപ്പി നോക്കി അദ്ദേഹം ഹൃദ്യമായി ചിരിച്ചുവെന്നും പ്രിയങ്ക മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. മണ്ടേല 1994 മുതല്‍ 1999വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നു. ഭാരത രത്‌നം നല്‍കി 1990 ല്‍ സര്‍ക്കാര്‍ മണ്ടേലയെ ആദരിച്ചു.  
ലോക്‌സഭാ തെരഞ്ഞെടപ്പിന് മുമ്പാണ്  പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ്സ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത് കിഴക്കന്‍ യു.പിയുടെ ചുമതലയിലുള്ള ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക.  കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വച്ച സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി പുതിയ അധ്യക്ഷയാകണമെന്ന ആവശ്യവും കോണ്‍ഗ്രസ്സില്‍ ഉയരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക