Image

വിശ്വാസവോട്ടെടുപ്പ്‌ നടക്കാതെ കര്‍ണാടക നിയമസഭ പിരിഞ്ഞു

Published on 18 July, 2019
വിശ്വാസവോട്ടെടുപ്പ്‌ നടക്കാതെ കര്‍ണാടക നിയമസഭ പിരിഞ്ഞു


ബെംഗലൂരു: വിശ്വാസവോട്ടെടുപ്പ്‌ നടക്കാതെ കര്‍ണാടക നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു. വിശ്വാസ വോട്ടെടുപ്പ്‌ ഇന്നുതന്നെ നടത്തുന്നത്‌ പരിഗണിക്കണമെന്ന്‌ ഗവര്‍ണര്‍ വാജുഭായി വാല സ്‌പീക്കറോട്‌ പറഞ്ഞിരുന്നു. എന്നാല്‍, സ്‌പീക്കര്‍ ഇത്‌ തള്ളുകയായിരുന്നു.

സഭ ഇന്നത്തേക്ക്‌ പിരിഞ്ഞെങ്കിലും ബി.ജെ.പി അംഗങ്ങളാരും സഭവിട്ട്‌ പോവില്ലെന്ന്‌ ബി.എസ്‌ യെദ്യൂരിയപ്പ അറിയിച്ചു. താനും എം.എല്‍.എമാരും സഭയില്‍ത്തന്നെ ഉറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെ പതിനൊന്നുമണിക്കാണ്‌ സഭ വീണ്ടും ചേരുക.

കോണ്‍ഗ്രസ്‌- ജെ.ഡി.എസ്‌ പക്ഷത്തുള്ള 16 എം.എല്‍.എമാര്‍ രാജി സമര്‍പ്പിച്ചതോടെ കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുകയാണ്‌.

 രാജിവെച്ച എംഎല്‍എമാരില്‍ പതിമൂന്നുപേര്‍ കോണ്‍ഗ്രസുകാരും മൂന്നുപേര്‍ ജെ.ഡി.എസ്‌ അംഗങ്ങളുമാണ്‌. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ താഴെവീഴാനാണ്‌ സാധ്യത.

രാവിലെ പതിനൊന്നുമണിയോടെയായിരുന്നു മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി വിശ്വാസവോട്ട്‌ തേടിയത്‌. ഒറ്റവാചകത്തിലാണ്‌ അദ്ദേഹം വിശ്വാസപ്രമേയം അവതരിപ്പിച്ചത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക