Image

ആരാണിപ്പോള്‍ സൂപ്പര്‍സ്റ്റാര്‍?

Published on 30 April, 2012
ആരാണിപ്പോള്‍ സൂപ്പര്‍സ്റ്റാര്‍?
മലയാള സിനിമയെ നോക്കി ആരും ചോദിച്ചു പോകുന്ന ചോദ്യമാണിത്‌. ആരാണ്‌ ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍. മലയാള സിനിമയുടെ നടപ്പുശീലങ്ങള്‍ മുഴവനും കുറെ വര്‍ഷങ്ങളായി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തോടെയായിരുന്നു ഈ സ്ഥിതിവിശേഷം അരങ്ങേറിയത്‌. എന്നാലിന്ന്‌ ഈ ശീലങ്ങളെ സ്വയം പൊളിച്ചെഴുതുകയാണ്‌ മലയാള സിനിമ.

കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടാണ്‌ ഈ പൊളിച്ചെഴുത്ത്‌ മലയാള സിനിമയില്‍ പ്രകടമായത്‌. ഇവിടെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി തുടങ്ങി പൃഥ്വിരാജ്‌ വരെയെത്തി നില്‍ക്കുന്ന സൂപ്പറുകള്‍ പ്രേക്ഷകരെ കിട്ടാതെ തകര്‍ന്നു വീഴുമ്പോള്‍ സൂപ്പറുകളില്ലാത്ത ചിത്രങ്ങള്‍ കഥയുടെയും കാഴ്‌ചാമികവിന്റെയും കരുത്തില്‍ വിജയങ്ങളാകുന്നു. ഇവിടെയാണ്‌ മലയാള സിനിമക്ക്‌ മാറ്റമുണ്ടായിരിക്കുന്നു എന്ന്‌ വ്യക്തമാകുന്നത്‌.

ബ്യൂട്ടിഫുള്‍, ഓര്‍ഡിനറി, 22 ഫീമെയില്‍ കോട്ടയം, സെക്കന്റ്‌ ഷോ, ഈ അടുത്ത കാലത്ത്‌ തുടങ്ങിയ ചിത്രങ്ങള്‍ തീയേറ്ററില്‍ ഗംഭീര വിജയം നേടുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ എട്ടു ചിത്രങ്ങളാണ്‌ തീയേറ്ററില്‍ ഒന്നിനു പിറകെ ഒന്നായി പരാജയപ്പെട്ടത്‌. മോഹന്‍ലാലിന്റെ അവസ്ഥയും വിഭന്നമല്ല. ഒരു ബസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതന്‍ സുഗീത്‌ സംവിധാനം ചെയ്‌ത ഓര്‍ഡിനറി എന്ന ചിത്രം തീയേറ്ററില്‍ വന്‍ വിജയം തേടുന്നു. ബിജുമേനോനും, കുഞ്ചാക്കോ ബോബനുമായിരുന്നു ഇതിലെ താരങ്ങള്‍. ഓര്‍ഡിനറിക്ക്‌ ഒപ്പമിറങ്ങിയ ചിത്രങ്ങള്‍ ഏതെന്ന്‌ കൂടി പരിശോധിക്കുമ്പോഴാണ്‌ ഓര്‍ഡിനറി നേടിയ വിജയത്തിന്റെ വലുപ്പം മനസിലാകുക. മമ്മൂട്ടിയും - സുരേഷ്‌ ഗോപിയും നായകന്‍മാരായി ഷാജി കൈലാസ്‌ - രഞ്‌ജിപണിക്കരും ഒരുക്കിയ കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍, യുവ സൂപ്പര്‍താരമായ പൃഥ്വിരാജിന്റെ മാസ്റ്റേഴ്‌സ്‌ എന്നീ ചിത്രങ്ങള്‍. രണ്ടു സൂപ്പര്‍താര ചിത്രങ്ങളും തീയേറ്ററില്‍ കാലാവധി തികയ്‌ക്കാതെ പുറത്തേക്ക്‌ പോയി. എന്നാല്‍ ഓര്‍ഡനറി ഇപ്പോഴും ജൈത്രയാത്ര തുടരുന്നു. തുടര്‍ന്നു വന്ന ആഷിക്‌ അബുവിന്റെ 22 ഫീമെയില്‍ കോട്ടയത്തില്‍ ഓര്‍ഡനറിയുടെ അത്രപോലും താരങ്ങളില്ല. എന്നിട്ടും 22 ഫീമെയില്‍ മികച്ച കളക്ഷന്‍ നേടികൊണ്ടു തീയേറ്ററിലുണ്ട്‌. ഇവിടെയാണ്‌ മലയാള സിനിമയില്‍ ഒരു പുതിയ ചര്‍ച്ചക്ക്‌ വഴി തുറക്കുന്നത്‌.

അരഡസണ്‍ പരാജയങ്ങള്‍ക്ക്‌ മുകളില്‍ നമ്മുടെ പരമ്പാരഗമായ സൂപ്പറുകള്‍ ഇരിക്കുമ്പോള്‍ അവരെപ്പോലും അമ്പരപ്പിച്ചുകൊണ്ട്‌ മലയാള സിനിമയില്‍ പുതിയ സൂപ്പര്‍താരങ്ങള്‍ കടന്നു വന്നു കഴിഞ്ഞോ?

അതെ എന്നു തന്നെയാണ്‌ ഉത്തരം. എന്നും സിനിമയുടെ സൂപ്പര്‍താരമായ കഥകള്‍ മലയാളത്തിലേക്ക്‌ തിരിച്ചു കൊണ്ടുവരുന്ന കാഴ്‌ചയാണ്‌ ബ്യൂട്ടിഫുളും, ഓര്‍ഡിനറിയും, 22 ഫീമെയില്‍ കോട്ടയവും കാട്ടിത്തരുന്നത്‌. കഥകള്‍ സിനിമയുടെ പ്രധാന ഘടകമായി നിന്ന്‌ പ്രേക്ഷകനെ ആകര്‍ഷിക്കുമ്പോള്‍ അവന്‍ താരകാഴ്‌ചകള്‍ ഉപേക്ഷിച്ച്‌ നല്ല സിനിമകള്‍ തേടിയെത്തുന്നു. അപ്പോള്‍ നല്ല സിനിമ അഥവാ കഥയുള്ള സിനിമ എന്നത്‌ തന്നെയാണ്‌ പ്രധാന്യം. അത്‌ എന്തെന്ന്‌ മനസിലാക്കണമെങ്കില്‍ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയെ ഒന്ന്‌ വിലയിരുത്തുന്നത്‌ നന്നായിരിക്കും.

മലയാള സിനിമയുടെ വലിയൊരളവ്‌ കാഴ്‌ചാ ശീലങ്ങളെ മാറ്റി മറിക്കുന്ന സിനിമയാണ്‌ 22 ഫീമെയില്‍ കോട്ടയം. ഇന്ന്‌ മലയാളി യുവത്വത്തിന്റെ ഓണ്‍ലൈന്‍ സംവാദങ്ങളിലേറെയും 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയെ കേന്ദ്രീകരിച്ചാണ്‌. ഇത്‌ ആഷിഖ്‌ അബു എന്ന സംവിധായകന്റെ കൂടി വിജയമാണ്‌. നവമാധ്യമങ്ങളെ കൃത്യതയോടെ മനസിലാക്കി കാലത്തിനൊപ്പിച്ച്‌ നീങ്ങി എന്നതാണ്‌ ആഷിഖ്‌ അബു കാണിച്ച മികവ്‌. വെറും മൂന്ന്‌ ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്‌തിട്ടുള്ള ആഷിഖ്‌ അബുവിന്റെ സിനിമയുടെ മേല്‍ നടക്കുന്ന ചര്‍ച്ചകള്‍ സത്യന്‍ അന്തിക്കാടിനെയും, ബ്ലസിയെയും, ലാല്‍ജോസിനെയും, രഞ്‌ജിത്തിനെയും, രഞ്‌ജിപണിക്കരെയുമൊക്കെ അത്ഭുതപ്പെടുത്തുന്നുണ്ടാവണം. കാരണം കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമ മലയാളത്തിലുണ്ടായിട്ടില്ല.

മലയാള സിനിമയുടെ നടപ്പിനു വിപരീതമായി സ്‌ത്രീ കഥാപാത്രത്തിന്‌ പ്രധാന്യമുള്ള സിനിമയാണ്‌ 22 ഫീമെയില്‍ കോട്ടയം. നായക കഥാപാത്രമായി എത്തുന്ന ഫഹദ്‌ ഫാസിലാവട്ടെ നെഗറ്റീവ്‌ കാരക്‌ടറാണ്‌ അവതരിപ്പിക്കുന്നത്‌. മലയാള സിനിമയുടെ പതിവ്‌ ചേരുവകളായ ഒരു കോമഡി താരവും ഈ സിനിമയിലില്ല. പക്ഷെ വ്യക്തമായി കാണാവുന്ന ഒന്നുണ്ട്‌. യാഥാര്‍ഥ്യ ബോധമുള്ള ഒരു കഥ. സിനിമയിറങ്ങി ഒരു മാസത്തോളമാകുന്നതിനാല്‍ ചിത്രത്തിന്റെ കഥ ഇവിടെ ചുരുക്കി വിവരിക്കാം.

ബാഗ്ലൂരിലെ ഹോസ്‌പിറ്റലില്‍ വര്‍ക്ക്‌ ചെയ്യുന്ന കോട്ടയം സ്വദേശിനി നഴ്‌സാണ്‌ ടെസ.കെ.ഏബ്രഹാം (റീമാ കല്ലുങ്കല്‍). അവള്‍ യാദൃശ്ചികമായി പരിചയപ്പെടുന്ന സിറിള്‍ (ഫഹദ്‌ ഫാസില്‍) എന്ന ചെറുപ്പക്കാരന്‍. അവനെ വിശ്വസിച്ച്‌ അവനില്‍ പ്രണയത്തിലാകുകയും അവനോടൊപ്പം വിവാഹം കഴിക്കാതെ തന്നെ താമസമാരംഭിക്കുകയും ചെയ്യുന്നു ടെസ. അവള്‍ കാമുകനോട്‌ തന്റെ പ്രണയം പറയുന്ന രംഗത്തില്‍ തന്നെ മലയാളി പ്രേക്ഷകനെ മുഴുവന്‍ ഞെട്ടിക്കുന്നുണ്ട്‌ ആഷിഖ്‌ അബു. താന്‍ കന്യകയല്ല എന്നാണ്‌ അവള്‍ കാമുകനോട്‌ പറയുന്നത്‌. നായിക എപ്പോഴും കന്യകയായിരിക്കണം എന്ന നടപ്പുശീലത്തെ സംവിധായകന്‍ ഇവിടെ മറികടക്കുന്നു.

എന്നാല്‍ ടെസ സ്‌നേഹിച്ച ചെറുപ്പക്കാരന്‍ അവളെ വഞ്ചിക്കുകയും അവള്‍ ക്രൂരമായി റേപ്പ്‌ ചെയ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ തന്നെ വഞ്ചിച്ച കാമുകന്റെ ലിംഗം ഛേദിച്ചുകൊണ്ടാണ്‌ ടെസി അവനോട്‌ പ്രതികാരം ചെയ്യുന്നത്‌. ടെസയുടെ തന്റെ പ്രതികാരം പൂര്‍ത്തിയാക്കുന്നതോടെ സിനിമയും അവസാനിക്കുന്നു. ഒരു ത്രില്ലര്‍ സിനിമയുടെ സ്വഭാവങ്ങള്‍ കൂട്ടിയിണക്കി, അശ്ലീലത്തിന്റെയോ, ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെയോ കണിക പോലുമില്ലാതെ മികച്ച വിഷ്വല്‍ ക്വാളിറ്റിയില്‍ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ്‌ 22 ഫീമെയില്‍ കോട്ടയം. ചിത്രത്തില്‍ താന്‍ കന്യകയല്ല എന്ന്‌ വിളിച്ചു പറയുന്ന നായികയും, മെയില്‍ ഷോവനിസ്റ്റിന്റെ ലിംഗം മുറിച്ചു കൊണ്ട്‌ അവനെ ദുര്‍ബലനാക്കുന്ന നായികയുമൊക്കെ മലയാള സിനിമയിലെ പുത്തന്‍ കാഴ്‌ചകളാകുന്നു. ഒരു പക്ഷെ പഴയ പത്മരാജന്‍, ഭരതന്‍, ജോണ്‍ പോള്‍, കെ.ജി ജോര്‍ജ്ജ്‌ തുടങ്ങിയവരുടെ സിനിമകളിലൊക്കെ കാണാവുന്ന ചങ്കുറ്റവും യാഥാര്‍ഥ്യബോധവും ഉള്‍ക്കരുത്തുമാണ്‌ ആഷിഖ്‌ അബുവിന്റെ ചിത്രത്തില്‍ കാണുന്നത്‌.

നായകന്റെ ചുറ്റും പാട്ടുംഡാന്‍സുമായി മരം ചുറ്റി നടക്കുന്ന നായികയുടെയും, അമ്പതുപേരെ ഇടിച്ചു തെറിപ്പിക്കുന്ന സകലകലാവല്ലഭനായ നായകന്റെയും കാലം അവസാനിച്ചിരിക്കുന്നു എന്നു തന്നെയാണ്‌ ഇപ്പോള്‍ തീയേറ്ററുകള്‍ നല്‍കുന്ന സൂചന. ഇവിടെയാണ്‌ 22 ഫീമെയില്‍ കോട്ടയത്തിലെ ടെസ.കെ. ഏബ്രഹാം എന്ന നഴ്‌സിന്റെയും ഓര്‍ഡിനറിയിലെ ബസ്‌ കണ്ടക്‌ടര്‍ ഇരവിയുടെയും മുമ്പില്‍ സിംഹങ്ങളായ ജോസഫ്‌ അലക്‌സ്‌ ഐ.എ.എസും, ഭരത്‌ചന്ദ്രന്‍ ഐ.പി.എസും പിന്നെ സ്വപ്‌നകാമുകിമാരാല്‍ ചുറ്റപ്പെടുന്ന കാസനോവയുമൊക്കെ പരാജയപ്പെടുന്നത്‌.

അമ്പത്‌ പേജ്‌ ഡയലോഗ്‌ പറയുന്ന നായകനെ പ്രേക്ഷകരും മടുത്തു തുടങ്ങിയിരിക്കുന്നു. പുതുമയെന്ന പേരില്‍ കൊറിയന്‍ പടങ്ങള്‍ കോപ്പിയടിച്ച്‌ അവതരിപ്പിക്കുന്നതിലെ തട്ടിപ്പുകളും പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. നമുക്ക്‌ വേണ്ടത്‌ നമ്മുടെ ഇടയില്‍ നിന്നും നമുക്ക്‌ തിരിച്ചറിയാന്‍ കഴിയുന്ന കഥകള്‍ തന്നെയാണ്‌. പ്രേക്ഷകന്‍ ഇത്തരം സിനിമകള്‍ തിരഞ്ഞുപിടിച്ച്‌ കാണാനെത്തുന്നു എന്നതാണ്‌ സമീപകാല മലയാള സിനിമയില്‍ രൂപംകൊണ്ട പ്രതിഭാസം.

സൈബര്‍ മീഡിയകള്‍ (ഫേസ്‌ബുക്കും ബ്ലോഗുകളും) ഇതിനെ ഒരുപരിധി വരെ സഹായിക്കുന്നുണ്ട്‌. നല്ല സിനിമകളിലെ മികവും മേന്മയും എണ്ണിപറഞ്ഞ്‌ സൈബര്‍ മീഡികളിലെ കമന്റുകളും സ്‌ക്രാപ്പുകളും ആദ്യഷോ കഴിയുമ്പോള്‍ തന്നെ സജീവമാകുന്നു. എന്നാല്‍ മോശം സിനിമയാണെങ്കിലോ, അത്‌ ഏത്‌ സൂപ്പര്‍താരത്തിന്റേത്‌ എന്നു പോലും നോക്കാതെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ അവരെ കൊന്നു കൊലവിളിക്കുന്നു.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക്‌ തുടര്‍ച്ചയായി എട്ടു സിനിമകള്‍ പരാജയപ്പെടുന്ന അവസ്ഥയുണ്ടായത്‌ ഇവിടെ നിസാരമായി കാണാനാവില്ല. ആഗസ്റ്റ്‌ 15, ഡബിള്‍സ്‌, ദി ട്രെയിന്‍, ബോംബെ മാര്‍ച്ച്‌ 12, വെനീസിലെ വ്യാപാരി, ശിക്കാരി, ദി കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍, കോബ്ര തുടങ്ങിയ സിനിമകളെല്ലാം തികച്ചും പരാജയം എന്നു പറയേണ്ടി വരും. പഴയ ചേരുവകള്‍ ആവര്‍ത്തിക്കാന്‍ ശ്രമിച്ചതും, ഹിറ്റു കൂട്ടുകെട്ടുകളുടെ മികവ്‌ വീണ്ടും ആവര്‍ത്തിക്കുമെന്ന്‌ കരുതിയതുമാണ്‌ ഈ പരാജയങ്ങളുടെ പിന്നില്‍. അവസാനമെത്തിയ ലാല്‍ ചിത്രം കോബ്രയാവട്ടെ പ്രേക്ഷകരില്‍ നിന്നും കടുത്ത വിമര്‍ശനമാണ്‌ ഏറ്റുവാങ്ങിയത്‌.

മോഹന്‍ലാല്‍ പ്രീയദര്‍ശന്‍ കൂട്ടുകെട്ടിലെ അറബിയും ഒട്ടകവും മാധവന്‍ നായരും, കാസനോവ തുടങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെട്ടതിന്റെയും കാരണങ്ങള്‍ മറ്റൊന്നല്ല. നല്ല കഥയില്ലെങ്കില്‍ സൂപ്പര്‍താരത്തെ കാണാന്‍ മാത്രമായി തീയേറ്ററിലേക്കില്ല എന്ന്‌ പ്രേക്ഷകര്‍ ഉറപ്പിച്ചു പറയാന്‍ തുടങ്ങിയിരിക്കുന്നു. ഇവിടെ പുത്തന്‍ ആശയങ്ങളുമായി ആഷിഖ്‌ അബുവിനെപോലെയുള്ള സംവിധായകര്‍ കടന്നു വരുന്നു. അപ്പോള്‍ പിന്നെ സംശയമില്ലാതെ തന്നെ പറയാം. സിനിമയില്‍ ഉള്‍കാഴ്‌ചയുള്ള കഥ തന്നെയാണ്‌ സൂപ്പര്‍താരം. അതുകൊണ്ട്‌ നല്ല സിനിമകള്‍ക്ക്‌ വേണ്ടി നമ്മുടെ താരങ്ങള്‍ ഇനിയെങ്കിലും ശ്രമിച്ചു തുടങ്ങട്ടെ.
ആരാണിപ്പോള്‍ സൂപ്പര്‍സ്റ്റാര്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക