Image

വിനീത നായര്‍ക്ക് അവാര്‍ഡ്

Published on 30 April, 2012
വിനീത നായര്‍ക്ക്  അവാര്‍ഡ്
വടക്കെ അമേരിക്ക ആസ്ഥാനമാക്കി കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച മലയാളം ടെലിവിഷന്‍ യു.എസ്.എയുടെ ന്യൂസ് എഡിറ്ററും, അവതാരകയുമായ വിനീത നായര്‍ക്ക് 'Excellence in Broadcast Journalism' അവാര്‍ഡ് ലഭിച്ചു. പ്രമുഖ അമേരിക്കന്‍ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി(KANJ) നടത്തിയ 'വസന്തോത്സവം 2012' താരനിശയില്‍ വച്ച് പ്രശസ്ത ചലച്ചിത്ര താരങ്ങളായ കലാഭവന്‍ മണിയും ഹരിശ്രീ അശോകനും ചേര്‍ന്നാണ് ഈ പുരസ്‌കാരം വിനീത നായര്‍ക്ക് സമ്മാനിച്ചത്. ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാളം ടെലിവിഷനിലൂടെ വാര്‍ത്ത സംപ്രേക്ഷണ രംഗത്ത് തെളിയിച്ച മികവും, അമേരിക്കന്‍ മലയാളി സമൂഹത്തിലെ സംഭവവികാസങ്ങള്‍ മുഖ്യധാരയിലെത്തിക്കാന്‍ നടത്തിയ അവിശ്രാന്ത പരിശ്രമവും മുന്‍ നിര്‍ത്തിയാണ് ഈ അംഗീകാരം.

മലയാളം ടെലിവിഷനിലൂടെ വിനീത നായര്‍ എല്ലാ ദിവസവും അവതരിപ്പിക്കുന്ന ന്യൂസ് അറ്റ് 9 എന്ന വാര്‍ത്ത ബുള്ളറ്റില്‍ ഇതിനകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ആഗോള തലത്തിലുള്ള മുഖ്യ വാര്‍ത്തകളോടൊപ്പം തന്നെ പ്രവാസി മലയാളി സമൂഹത്തില്‍ നടക്കുന്ന ശ്രദ്ധേയമായ വിഷയങ്ങളും ദൈനംദിന വാര്‍ത്തകളും, ഒട്ടും പുതുമ നഷ്ടപ്പെടാതെ, അവതരണ ശൈലിയില്‍ തികഞ്ഞ മേന്മയോടെ വിനീത കൈകാര്യം ചെയ്യുന്നു. ന്യൂസ് അറ്റ് 9 ല്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി, അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വാര്‍ത്തകളും, വീഡിയോകളും അയച്ചു തരാന്‍ പ്രതിനിധികള്‍ കാണിക്കുന്ന ഔത്സുക്യം മലയാളം ടെലിവിഷന്റെ ഈ സംരഭത്തിന് ജനങ്ങള്‍ക്കിടയിലുള്ള മതിപ്പും മമതയും വ്യക്തമാക്കുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ ദൃശ്യ മാധ്യമരംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച വിനീതയ്ക്ക് ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ കേരളത്തിലെ പ്രമുഖ ടി.വി. ചാനലുകളില്‍ അനേകം വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയം ഉണ്ട്.

യുവജനക്ഷേമം, തൊഴില്‍, സിനിമ, സംഗീതം തുടങ്ങിയ വിഷയങ്ങള്‍ അടിസ്ഥാനമാക്കി വിവിധ പരിപാടികള്‍ വിനീത അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ തന്നെ കേരളത്തില്‍ വച്ചു നടത്തപ്പെട്ട രാജ്യാന്തര ചലച്ചിത്രമേളകളിലും മറ്റു സാമൂഹിക-സാംസ്‌കാരിക സമ്മേളനങ്ങളിലും നിറസാന്നിധ്യമായിരുന്നു വിനീത, ശ്യാം ബെനഗല്‍, മൃണാള്‍ സെന്‍, അപര്‍ണ്ണ സെന്‍, നന്ദിത ദാസ്, രജത് കപൂര്‍, അമോല്‍ പലേക്കര്‍, ടി.വി. ചന്ദ്രന്‍, പൂജ ഭട്ട്, ചാരു ഹസ്സന്‍, ഭരതന്‍, ജയരാജ് തുടങ്ങിയവര്‍ വിനീത അഭിമുഖം നടത്തിയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു അനേകം സ്റ്റേജ് പരിപാടികളും ശോഭന ചന്ദ്രകുമാറിനെപ്പോലുള്ള പ്രശസ്ത നര്‍ത്തകരുടെ കലാ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ അഭിമാനമായ കായംകുളം താപനിലയം ഉത്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി ശ്രീ. എ.ബി. വാജ്‌പെയ് എത്തിയപ്പോള്‍, അതിപ്രധാനമായ ആ ചടങ്ങിന്റെ മുഖ്യ അവതാരകയായി കേരളത്തില്‍ നിന്ന് വിനീത നായരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പത്രപ്രവര്‍ത്തന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വിനീത കേരള സര്‍വ്വകലാശാലയില്‍ നിന്ന് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കേരളത്തിലെ മുഖ്യധാര പത്രങ്ങളിലും, പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇടയ്ക്കു പുറമെ, പരസ്യചിത്രരംഗത്തും വിനീതയ്ക്ക് തന്റെ പ്രതിഭ പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. വിപണിയില്‍ മുന്‍ നിരയിലുള്ള പല ഉല്‍പ്പന്നങ്ങള്‍ക്കും ജനശ്രദ്ധ ആകര്‍ഷിക്കുന്ന വിധം പരസ്യ വാചകങ്ങള്‍ വിനീത തയ്യാറാക്കിക്കൊടുത്തിട്ടുണ്ട്.

മലയാളം ടെലിവിഷനിലൂടെ തുടര്‍ന്നും പ്രവാസി സമൂഹത്തിന് പ്രയോജനകരമാകുന്ന പരിപാടികള്‍ തയ്യാറാക്കി അവതരിപ്പിക്കാന്‍ ഈ അംഗീകാരവും പ്രോത്സാഹനവും സഹായകമാകും എന്നാണ് വിനീത നായരുടെ വിശ്വാസം. അതിനു വേണ്ട, കഴിവുറ്റ ഒരു നേതൃത്വവും, ടീമും മലയാളം ടെലിവിഷന് ഉണ്ടെന്ന് വിനീത വ്യക്തമാക്കുന്നു.
വിനീത നായര്‍ക്ക്  അവാര്‍ഡ്വിനീത നായര്‍ക്ക്  അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക