Image

ഗായകര്‍ക്ക് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള സമയം ഇന്നില്ലെന്ന് ​ഗായകന്‍ കൃഷ്ണചന്ദ്രന്‍

Published on 17 July, 2019
ഗായകര്‍ക്ക് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള സമയം ഇന്നില്ലെന്ന് ​ഗായകന്‍ കൃഷ്ണചന്ദ്രന്‍

പുതിയ പാട്ടുകാരുടെ പേര് മനസ്സിലാക്കുമ്ബോഴേക്കും അടുത്ത പാട്ടുകാര്‍ അവതരിക്കപ്പെടുന്നുവെന്നും അവര്‍ക്ക് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള സമയം ലഭിക്കുന്നില്ലെന്നും ​ഗായകനും നടനുമായ കൃഷ്ണചന്ദ്രന്‍. അത്ര പ്രശസ്തനല്ലായിരുന്നിട്ടും മലയാളത്തിലും തമിഴിലുമായി താന്‍ ആയിരത്തിനടുത്ത് പാട്ടുകള്‍ പാടി. ഇന്ന് സ്ഥിതി നേരെ മറിച്ചാണ്. നാലോ അഞ്ചോ പാട്ടുകളിലൂടെ അറിയപ്പെട്ടുവരുമ്ബോഴേക്കും സം​ഗീതസംവിധായകര്‍ പുതിയ പാട്ടുകാരെ അവതരിപ്പിക്കുകയാണ്. അവസരങ്ങള്‍ കിട്ടുന്നത് നല്ലതുതന്നെ. പക്ഷേ പുതിയ ​ഗായകര്‍ക്ക് എസ്റ്റാബ്ലിഷ് ചെയ്യാനാവുന്നില്ല. അതുകൊണ്ട് കഴിവുള്ളവരെ പിന്നീട് കാണാന്‍പോലും കിട്ടുന്നില്ല. നജീം അര്‍ഷാദും ഹരിചരണും കാര്‍ത്തിക്കും വളരെ നല്ല ​ഗായകരാണെന്നും അദ്ദേഹം പറഞ്ഞു.

പണ്ടത്തെ സിനിമകളിലെ പാട്ടുകള്‍ ഏറെ സമയമെടുത്താണ് രൂപംകൊള്ളുന്നത്. അതുകൊണ്ടുതന്നെ ആ പാട്ടുകള്‍ക്ക് അതിന്റേതായ വ്യത്യാസം തീര്‍ച്ചയായും കാണും. ഇന്ന് ഒന്നിനും സമയമില്ല. എന്നാലും മികച്ച ​ഗാനങ്ങള്‍ മലയാളത്തില്‍ സൃഷ്ടിക്കപ്പെടുന്നു. ബിജിബാലും എം.ജയചന്ദ്രനും ​ഗോപീസുന്ദറും അതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു.

അന്നത്തെ കാലത്ത് നല്ല ബെയ്സുള്ള ശബ്ദത്തിനായിരുന്നു ഡിമാന്റ്. ഇന്ന് അത് മാറി. വളരെ കുറഞ്ഞ ശബ്ദമുള്ളവര്‍ക്കും അവസരങ്ങളുണ്ട്. തമിഴില്‍ ഈ മാറ്റം പണ്ടുമുതല്‍ തന്നെയുണ്ട്. മലയാളത്തില്‍ ബെയ്സിനോടുള്ള ക്രേയ്സ് ആളുകള്‍ക്ക് മാറി. വ്യത്യസ്ത ശബ്ദങ്ങളും ശ്രദ്ധിക്കപ്പെടുന്നു. ലോകം മുഴുവനും മാറ്റങ്ങള്‍ വന്നപ്പോള്‍ മലയാളികള്‍ക്കും അത് സ്വീകാര്യമായി മാറി.


ന്യൂ ജനറേഷന്‍ സിനിമകളുമായി അകലം പാലിക്കുന്ന ആളല്ല താനെന്നും കൃഷ്ണചന്ദ്രന്‍ പറ‍ഞ്ഞു. ഒരു ന്യൂ ജനറേഷന്‍ സിനിമയുടെ ഭാ​ഗമായിരുന്നു താനെന്നും ഭരതനും പത്മരാജനും തുടക്കമിട്ട ട്രെന്റിലൂടെയാണ് സിനിമയിലെത്തിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പുതുമകളെ ഇഷ്ടപ്പെടാറുണ്ട്. അത് എല്ലാ കാലത്തും സംഭവിക്കപ്പെടണം. നല്ല ഉള്ളടക്കമുള്ളതും അര്‍ത്ഥപൂര്‍ണ്ണവുമായ സിനിമകള്‍ വന്നാല്‍ അത് പ്രോത്സാഹിപ്പിക്കണം. നല്ല കഴിവുള്ള കുറേ ചെറുപ്പക്കാര്‍ ഇന്ന് സിനിമയിലുണ്ട്. അവരുടെ സിനിമകള്‍ കാണാറുണ്ട്. പുതിയതിലെ നല്ലത് കാണാനാണ് പഴയ തലമുറ ശ്രമിക്കേണ്ടത്. അതിനുള്ള കണ്ണും മനസ്സും വേണം. അദ്ദേഹം ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക