Image

ആത്മീയചൈതന്യത്തിന്റെ ആത്മമന്ത്രം, രാമായണമാസത്തിനു തുടക്കമാവുന്നു (ദുര്‍ഗ മനോജ്)

Published on 17 July, 2019
ആത്മീയചൈതന്യത്തിന്റെ ആത്മമന്ത്രം, രാമായണമാസത്തിനു തുടക്കമാവുന്നു (ദുര്‍ഗ മനോജ്)
മലയാളികള്‍ രാമായണ മാസമായി ആചരിക്കുന്ന കര്‍ക്കിടക മാസം ഒന്നാം തീയതിക്കു തുടക്കമാവുന്നു. പണ്ട്, കോരി ചൊരിയുന്ന മഴയില്‍, ഇരുട്ടില്‍ ഒരാലംബം എന്ന വിധത്തില്‍ ഭക്തിയിലൂടെ മനസിന് ശക്തി പകരുവാനാകണം അങ്ങനെ ഒരു രീതി ആരംഭിച്ചിരിക്കുക. എന്നാല്‍ ഇന്ന് എല്ലാം മറികടന്ന മനുഷ്യന്റെ മുന്നില്‍, പ്രകൃതിയും മരണവും മാത്രം അവന്റെ ഞാനെന്ന ഭാവത്തിനെ ചോദ്യം ചെയ്ത് തുടരുന്നു. ഇടമുറിയാത്ത മഴയില്ല, ഇടവപ്പാതി, മിഥുനത്തിലും തിരിഞ്ഞു നോക്കുന്നില്ല,
കാലാവസ്ഥ അമ്പേ മാറി, മനുഷ്യപുരോഗതി പോലെ.
എങ്കിലും രാമായണം നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഓരോ വായനയിലും മുത്തുകള്‍ കണ്ടെടുക്കുവാനായ് വീണ്ടും വീണ്ടും ഒളിപ്പിച്ചു വച്ച് ഭക്തരെ മാത്രമല്ല തത്വചിന്തകരേയും ആനന്ദിപ്പിക്കുന്നു.

ഇവിടെ വാല്മീമീകി രാമായണത്തിനെ ആസ്പദമാക്കിയാണ് ഓരോ ദിവസവും എത്രത്തോളം ഭാഗം വിശദീകരിക്കണം എന്നത് തീരുമാനിച്ചിരിക്കുന്നത്. ആദികാവ്യം അയോധ്യാപതിയായ ശ്രീരാമന് മുന്നില്‍ യജ്ഞ വേദിയില്‍ വച്ചാണ് വാല്മീകി ശിഷ്യരും സീതാ പുത്രന്മാരുമായ ലവകുശന്മാര്‍ ആലപിക്കുന്നത്. അത് മുപ്പത്തിരണ്ട് ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കുന്നത്. ലവകുശന്മാരുടെ ഗാനാലാപനത്തിനിടയിലാണ് അവര്‍ തന്റെയും സീതാദേവിയുടേയും മക്കളാണ് എന്നത് ശ്രീരാമന്‍ തിരിച്ചറിയുന്നതും.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ രാമായണത്തെ, ആദ്ധ്യാത്മരാമായണം അഥവാ ഭക്തിയിലൂന്നി, ശ്രീരാമനെ മഹാവിഷ്ണുവായി ധ്യാനിച്ച് ഒരുവന്റെ മോക്ഷത്തിനായി ജീവിതത്തിന്റെ അനിശ്ചിതത്വവും, അതിന്റെ അനിത്യതയും വിശദീകരിച്ച് ഭഗവാനോടുള്ള ഭക്തിയുടെ ആവശ്യകതയെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍, വാല്മീകി, ഒരു ഉത്തമനായ ഭരണാധികാരി ആര് എന്ന ചോദ്യം നാരദരോട് ചോദിക്കുകയും, അതിന് ലഭിക്കുന്ന ഉത്തരം ബ്രഹ്മാവിന്റെ അനുവാദ പ്രകാരം കാവ്യമായി ചമയക്കുകയുമാണ്.

ഇവിടെ ഭക്തി, എന്നതിലേറെ ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ നിലപാടുകളെയാണ് അദ്ദേഹം വിശദീകരിക്കുന്നത്. അതിനാല്‍ തന്നെ രാമായണം ഒരു സ്ത്രീപക്ഷ രചനയല്ല എന്നും മറ്റുമുള്ള വാദങ്ങള്‍ക്ക് പ്രസക്തി നഷ്ടമാകുന്നു.
നിശ്ചയമായും ഓരോ മനുഷ്യനും ഒരു പരിധി വരെ അവനവന്റെയും അവനു ചുറ്റുമുള്ള ചിലതിന്റെയും അധികാരി ആയതിനാല്‍, ഓരോ വ്യക്തിയും ശ്രീരാമനാകുക എന്ന ചിന്തയാണ് വാല്മീകിയുടെ ആദി രാമായണ പാരായണത്തിലൂടെ നമ്മള്‍ ശ്രദ്ധിക്കേണ്ടതും പഠിക്കേണ്ടതും.

രാമായണത്തിന് ഇന്നത്തെ കാലത്ത് എന്ത് പ്രസക്തി എന്ന് ചോദിക്കുന്നവരോട് ഇതാണ് മറുപടി. രാമായണം ഇതിഹാസമാണ്. ഇതിഹ എന്നാല്‍ പാരമ്പര്യോപദേശം. അതായത് പരമ്പരയായി തലമുറകള്‍ കൈമാറി വരേണ്ടേ നല്ല ജീവിത ചിന്തകള്‍ എന്നര്‍ത്ഥം. അന്നും ഇന്നും സത്യം വദ, ധര്‍മം ചര, തുടങ്ങിയ അടിസ്ഥാന ചിന്തകള്‍ക്ക് മാറ്റമില്ല.

രാമായണം മിത്തോ ചരിത്രമോ എന്നതല്ല ഇവിടെ വിഷയം. അതിലെ കഥകളുടെ മറപറ്റി ജീവിതത്തെ, ജീവനെക്കുറിച്ചുള്ള ആദികവിയുടേയും ഭാഷാപിതാവിന്റെയും ചിന്തകള്‍ ആണ് പങ്കുവക്കുന്നത്. രാവണന് പത്തു തല ഉണ്ടാകുമോ എന്നതല്ല നമുക്കുള്ളിലെ രാവണനെ ഈ വായനയില്‍ കണ്ടെടുക്കാനാകുമോ എന്നതാണ് ശ്രമം. രാമന്‍ അയോധ്യയിലോ, ലങ്കയിലോ എന്നതുമല്ല പ്രതിപാദ്യം, അവനവനിലെ, മറ്റുള്ളവരിലെ രാമനെ കണ്ടെത്തി വന്ദിക്കാനാകുമോ എന്നതാണ് ചിന്ത.

ഇ-മലയാളി വായനക്കാര്‍ക്ക് മുന്നില്‍ വാത്മീകി രാമായണത്തെ ഈ കര്‍ക്കിടക കാലത്ത് അവതരിപ്പിക്കുകയാണ്. ഒരിക്കല്‍ പോലും കാണുവാന്‍ സാധിക്കാത്ത എന്റെ മനസാ സമര്‍പ്പിച്ച, എന്റെ ഗുരു മണ്‍മറഞ്ഞ, സിദ്ധിനാഥാനന്ദ സ്വാമികളുടേയും, ഓരോ അക്ഷരവും മനസ്സില്‍ തോന്നിപ്പിക്കുന്ന, അമ്മ, ശ്രീ മൂകാംബികാദേവിയുടേയും അനുഗ്രഹം എന്നും ഏവര്‍ക്കുമുണ്ടാകണേ എന്ന പ്രാര്‍ത്ഥനയോടെ, 

ദുര്‍ഗ മനോജ്‌
ആത്മീയചൈതന്യത്തിന്റെ ആത്മമന്ത്രം, രാമായണമാസത്തിനു തുടക്കമാവുന്നു (ദുര്‍ഗ മനോജ്)
Join WhatsApp News
രാവണ അയനം 2019-07-17 13:54:28

കർക്കിടകം ഒന്ന്:
രാവണ മാസാശംസകൾ.

സ്വന്തംഭാര്യയെമോഷ്ടിച്ച രാക്ഷസനാരാണെന്നറിയാതെ അന്വേഷണ സംഘത്തെ നാനാ ദിക്കിലേക്കും അയച്ച അവതാര പുരുഷ കഥ.
ഒരു വാനരന് പോലും ചാടിക്കടക്കാവുന്ന കടലിടുക്കിൽ പാലം നിർമ്മിച്ച് മാത്രം ശത്രുരാജ്യത്തെത്തിയ ദൈവാംശത്തിന്റെ കഥ.
മോഹിച്ചു വന്ന ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞെടുക്കാൻ അനുജൻ ലക്ഷ്മണൻ അവിവാഹിതനാണെന്ന് പച്ചക്കള്ളം പറഞ്ഞ ആദർശപുരുഷന്റെ കഥ.
എന്തിനാണെന്ന്പോലുംഅറിയാതെ,ചതിയിൽ, ഒളിയമ്പെയ്ത് സഹോദരരിൽ ഒരാളായ ബാലിയെ കൊന്ന മര്യാദ രാമന്റെ കഥ.
രാവണനെ വധിക്കാൻ ശത്രു സഹോദരനായ വിഭീഷണനെ കുതിരക്കച്ചവടത്തിലൂടെ പാട്ടിലാക്കിയ ക്ഷത്രിയ വീരന്റെ കഥ.
രാമ രാമേതി മാത്രം ജപിച്ചു കൊണ്ട് ശിംശിപാവൃക്ഷച്ചുവട്ടിൽ ജലപാനമില്ലാതെ പാതിവ്രത്യം കാത്ത സ്വഭാര്യയുടെ വിശുദ്ധി തിരിച്ചറിയാനാകാതെ, ലോകാപവാദം തിരുത്താനാകാതെ ഗർഭിണിയായ ഭാര്യയെ വധിക്കാൻ കാട്ടലയച്ച നീതിമാന്റെ കഥ.
രണ്ട് ആൺകുട്ടികൾ തനിക്കുണ്ടെന്ന് യാഗാശ്വത്തെ പിടിച്ചുകെട്ടിയപ്പോൾ മാത്രം മനസ്സിലാക്കിയ സൂര്യവംശജന്റെ കഥ.

ഒടുവിൽ, നിൽക്കക്കള്ളിയില്ലാതെ സരയൂ നദിയിൽചാടി ആത്മഹത്യ ചെയ്ത ഭീരുത്വത്തിന്റെ കഥ.
ഒരു മാസം കൊണ്ട് രാവണമാസമാചരിച്ച് പ്രകീർത്തിച്ചു തീർക്കുന്നു.

''ഈ രാവണപാദം ചേരണെ മുകുന്ദരാമ പാഹിമാം''

കെ.കെ.രാ,
കർകിടകം 1 മുതൽ 30 ദിവസം. eesense global posting 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക