Image

ട്രംപിന്‍െറ വംശീയ ട്വീറ്റിനെതിരെ പരക്കെ പ്രതിഷേധം

Published on 16 July, 2019
ട്രംപിന്‍െറ വംശീയ ട്വീറ്റിനെതിരെ പരക്കെ പ്രതിഷേധം
വാഷിങ്ടണ്‍: യു.എസിലെ വനിത ഡെമോക്രാറ്റിക് അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം പുകയുന്നു. പരാമര്‍ശങ്ങളോട് പൂര്‍ണമായും വിയോജിക്കുന്നതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ട്രംപിനെ തള്ളിപ്പറഞ്ഞു. ഇത്തരം വിദ്വേഷം നിറഞ്ഞ പ്രസ്താവനകളില്‍ നിന്ന് ട്രംപ് അകലം പാലിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായ ബോറിസ് ജോണ്‍സണും ജെറമി ഹണ്ടും ആവശ്യപ്പെട്ടു. നേരത്തേ ട്രംപിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും രംഗത്തുവന്നിരുന്നു.

ട്രംപിന്‍െറ വലയില്‍ വീഴരുതെന്ന് ആക്രമണത്തിനിരയായ ഇല്‍ഹാന്‍ ഉമര്‍, അയാന പ്രെസ്‌ലി, റാഷിദ തലൈബ്, അലക്‌സാന്‍ഡ്രിയ ഒകാസിയോ കോര്‍ടസ് എന്നിവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. അഴിമതി നിറഞ്ഞ കുഴപ്പംപിടിച്ച ഭരണകൂടത്തിന്‍െറ പാളിച്ചകളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള തന്ത്രമാണിതെന്നും പ്രസിഡന്‍റിന്‍െറ ഇത്തരത്തിലുള്ള നയങ്ങള്‍പുറത്തുകൊണ്ടുവരാന്‍ തയാറാകണമെന്നും അവര്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. അധിക്ഷേപത്തിനിരയായ ഇല്‍ഹാന്‍ ഉമര്‍ സോമാലിയയില്‍നിന്നാണ് യു.എസിലേക്ക് കുടിയേറിയത്. റാഷിദ ഫലസ്തീനി കുടിയേറ്റക്കാരുടെ മകളാണ്. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും ഇരുവരും ആവശ്യപ്പെട്ടു. തങ്ങളെ അരികുവത്കരിച്ച് നിശ്ശബ്ദരാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് അയന്ന ചൂണ്ടിക്കാട്ടി.

ഭരണകൂടത്തിന്‍െറ ഭരണപാളിച്ചകള്‍ തുറന്നുകാട്ടിയതിനാണ് ട്രംപ് നാലുപേരെയും ആക്രമിച്ചത്. ലോകം നമ്മളെ ശ്രദ്ധിക്കുകയാണ്. യു.എസ് അതിര്‍ത്തികളില്‍ കുടിയേറ്റക്കാര്‍ക്ക് തടവുകേന്ദ്രങ്ങള്‍ പണിതുയര്‍ത്തിയും അടിക്കടി വര്‍ധിക്കുന്ന വെടിവെപ്പു കൊലപാതകങ്ങള്‍ തടയാനാകാതെയും നമ്മുടെ രാജ്യത്തിന്‍െറ ദൈന്യമുഖം ലോകത്തിനുമുന്നില്‍ തുറന്നുകാട്ടുകയാണ് അദ്ദേഹം ഇല്‍ഹാന്‍ പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് പ്രസിഡന്‍റിന്‍െറ ശ്രമമെന്ന് റാഷിദ കുറ്റപ്പെടുത്തി. പൗരന്‍മാരോട് രാജ്യം വിടാന്‍ ആവശ്യപ്പെടുന്ന ട്രംപിന്‍െറ നയങ്ങളോട് യോജിപ്പില്ലെന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ ചിലര്‍ കുറ്റപ്പെടുത്തി. അതേസമയം, പ്രസിഡന്‍റിന്‍െറ പരാമര്‍ശങ്ങളില്‍ വംശീയതയില്ലെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവ് നുഷിന്‍ പറഞ്ഞു.

അതിനിടെ, തന്‍െറ ട്വീറ്റിനെ ന്യായീകരിച്ച് രംഗത്തെത്തിയ ട്രംപ് വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണങ്ങള്‍ തള്ളിക്കഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക