Image

കേദാര മാനസം (ദേവരാജ് കാരാവള്ളില്‍) സാമ്പാദകന്‍ ജി. പുത്തന്‍കുരിശ്

Published on 16 July, 2019
കേദാര മാനസം (ദേവരാജ് കാരാവള്ളില്‍) സാമ്പാദകന്‍ ജി. പുത്തന്‍കുരിശ്
(കാലത്തിന്റെ ഭേദത്തില്‍ വേരറ്റുപോകാതെ കാക്കുമെന്നാത്മ മുല്ലയല്ലാതെ എന്ന് വിശ്വസിച്ചിരുന്ന പ്രിയസുഹൃത്തും കവിയുമായിരുന്ന ശ്രീ. ദേവരാജ്കാരവള്ളില്‍ ഇന്ന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ കേദാര മാനസമെന്ന വിളനിലത്ത്, അദ്ദേഹം വിട്ടിട്ടുപോയ അനേകം കാവ്യസൂനങ്ങള്‍ വാടാതെസുഗന്ധം പരത്തി നില്ക്കുന്നു. അദ്ദേഹത്തിന്റെ മനോഹരമായ ആ കാവ്യസൂനങ്ങളിലൊന്ന് മാന്യ വായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു.   സാമ്പാദകന്‍ ജി. പുത്തന്‍കുരിശ്)

ഏതോ തനുലതത്താരുകള്‍ക്കായെന്റ
കേദാര മാനസ തരുവനിയില്‍
ഏറെക്കൊതിച്ചൊരു ഉദ്യാനം തീര്‍ത്തു ഞാന്‍
ഏകയെന്നാമോദ ഉദ്യമത്താല്‍

ചേതോഹരത്തിന്റെ രോമാഞ്ച ഹര്‍ഷത്തെ
ചാലിച്ചൊരുക്കിയ ചായത്തില്‍ മുക്കി
ചേതന ചാര്‍ത്തുന്ന കുതുഹലത്തിന്റെ
ചാരുതയേറ്റിയ പുഷ്പവാടി

കേതനമായോരാപ്പൂന്തോപ്പില്‍ നട്ടൊരാ
കാതരത്തൂമുല്ല പൂവിടുമ്പോള്‍
ചേലിലാത്തേജസ്സിന്‍ പൂക്കള്‍ തന്‍ മാനസ
ച്ചോരനായി മാരുതനെത്തിടുമ്പോള്‍

ഓതി ഞാനേവം ചേതമെനിയ്ക്കുണ്ടെന്റെ
ചേതസ്സില്‍ പൂക്കളുലച്ചുവെങ്കില്‍
ചാരത്തു ചെല്ലാതെ തല്ലിക്കൊഴിയ്ക്കാതെ
ദൂരത്തു പോകുക തെന്നലെ നീ

ഉന്മാദ മത്തനായ് പൂമണം പൂശിയ
ഉന്മിലനോന്മുഖ തെന്നല്‍ ചൊല്ലി
തേടിത്തിരഞ്ഞു നിന്‍ ഓര്‍മ്മ തന്‍ പൂക്കളെ
മാടി വിളിയ്ക്കുമി ഉദ്യാനപാലകാ

കണ്ടില്ലെ സൗഭഗ പൂക്കളീ പൂങ്കാവില്‍
ചെണ്ടിട്ട സൗരഭ മുല്ലയല്ലാതെ,
കണ്ടാലഴകുള്ള മിണ്ടാന്‍ മടിയ്ക്കുന്ന
തണ്ടാര മലരുകള്‍ എങ്ങുപോയി

മന്ദാക്ഷ മുഗ്ദ്ധമായ് മന്ദഹസിക്കുന്ന
മന്ദാരപ്പൂക്കളിന്നെങ്ങു പോയീ?
തങ്കക്കിനാക്കള്‍ തന്‍ കാന്തി ചുരത്തുന്ന
കങ്കേളി സൂനമിന്നെങ്ങുപോയി…?

പാവനശ്രീ പൊഴിച്ചുല്ലസിച്ചിടുന്ന
പാരിജാതപ്പൂവിന്നെങ്ങുപോയി…?
നീളേപ്പരിമളം വാരി വിതറുന്ന
ഏഴിലം പാലപ്പൂവിന്നെങ്ങുപോയി…?

നന്ത്യാര്‍വട്ടവും പിച്ചകചെമ്പകോം
തുമ്പ തുളസിയും എങ്ങു പോയി?
ചന്തത്തില്‍ ചാന്തിട്ട്ചാടിക്കളിക്കുന്ന
ചേമന്തിപ്പൂ
ക്കളിന്നെങ്ങു പോയി…?

ഒക്കയും ഓര്‍ത്തു ഞാന്‍ നേരിന്നു ചൊല്ലട്ടെ
പൂക്കില്ലാവകയീ വനിയില്‍
കാലത്തിന്‍ ഭേദത്തില്‍ വേരറ്റു പോകാതെ
കാക്കുമെന്നാത്മ മുല്ലയല്ലാതെ
Join WhatsApp News
വിദ്യാധരൻ 2019-07-17 13:31:16
അങ്ങോട്ടും ഇങ്ങോട്ടും അഭിനന്ദന പൂക്കൾ 
കൊടുത്തസ്വാധിക്കുമ്പോൾ പലർക്കും 
കാണാൻ കഴിഞ്ഞില്ല കാവ്യാരാമാത്തിൽ
വിരിഞ്ഞു സുഗന്ധം പരത്തി നിന്നീ കവിതയെ.
പോകുക കവി താങ്കൾ പോയി വിരിയുക 
കല്പവൃക്ഷത്തിലെ കാവ്യസൂനത്തിലൊന്നായി

"ഉല്പന്നമായത് നശിക്കും, അണുക്കൾ നില്ക്കും 
ഉല്പന്നനാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും 
ഉല്പത്തി കർമ്മഗതിപോലെവരും ജഗത്തിൽ 
കല്പിച്ചിടുന്നിവിടെയിങ്ങനെയാഗമങ്ങൾ" (വീണപൂവ് -ആശാൻ )

ഉണ്ടായ വസ്തുക്കൾ നശിക്കും . അണുക്കൾ നിലനില്ക്കും . ശരീരം വിട്ടുപോയ ആത്മാവ് വീണ്ടും ജനിക്കും . ആ ജനനം മുജ്ജന്മത്തിലെ കര്മമനുസരിച്ചായിരിക്കും . വേദങ്ങൾ ഇവിടെ ഇങ്ങനെ പറയുന്നു .

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക