Image

ഹൈന്ദവര്‍ കുറഞ്ഞു വരുന്നുവെന്ന പ്രസ്താവന ആവര്‍ത്തിച്ച് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍

Published on 16 July, 2019
ഹൈന്ദവര്‍ കുറഞ്ഞു വരുന്നുവെന്ന പ്രസ്താവന ആവര്‍ത്തിച്ച് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍
തൃശൂര്‍: ജനസംഖ്യാനുപാതത്തില്‍ ഹൈന്ദവര്‍ കുറഞ്ഞു വരുന്നുവെന്ന പ്രസ്താവന ആവര്‍ത്തിച്ച് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു

2015-ല്‍ നിന്ന് വീണ്ടും കുറഞ്ഞിരിക്കുകയാണ് ഹിന്ദുക്കളെന്നും ഈ നിലയില്‍ പോയാല്‍ ബാലഗോകുലമടക്കമുള്ള ഹിന്ദുക്കളുടെ പരിപാടികള്‍ക്ക് ഉത്തര്‍പ്രദേശില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും മറ്റും ആളെ കൊണ്ടുവരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പറഞ്ഞതിന് നേരത്തെ തനിക്കെതിരെ കേസെടുത്തിട്ടുണ്ട്, വീണ്ടും എടുക്കുമോയെന്ന് അറിയില്ല. ഭീരുത്വവും, സമുദായ നേതാക്കളുടെ വ്യക്തിപരമായ സ്വാര്‍ഥതയുമാണ് ഹൈന്ദവ സമൂഹം നേരിടുന്നത്. സ്വയം കരുത്ത് നേടുകയാണ് വേണ്ടത്. ഭീരുത്വം വെടിയണം. ആരെടായെന്ന് ചോദിച്ചാല്‍ എന്തെടാ എന്ന് തിരിച്ചു ചോദിച്ചാല്‍ ഈ തീവ്രവാദത്തെയൊക്കെ ഒതുക്കാനാവുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

പൂങ്കുന്നം വിവേകാനന്ദ സേവാസമിതി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും കുടുംബ സംഗമവുംഉദ്ഘാടനം ചെയ്ത സെന്‍ കുമാര്‍വെടിക്കെട്ടിനെ വിമര്‍ശിച്ചു.വെടിമരുന്ന് കണ്ടുപിടിച്ചിട്ട് 500 വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളൂവെന്നും അത്എങ്ങനെയാണ് ഹൈന്ദവാചാരമാകുക എന്നും അദ്ദേഹം ചോദിച്ചു. തൃശൂരില്‍ വന്ന് വെടിക്കെട്ടിനെ കുറിച്ച് പറയാന്‍ ഭയമുണ്ടെന്ന്് പറഞ്ഞായിരുന്നു തുടക്കം.

ഹിന്ദുമതത്തിലെ ആചാരങ്ങള്‍ക്ക് എണ്ണായിരം വര്‍ഷത്തോളം പഴക്കമുണ്ട്. വെടിക്കെട്ടൊക്കെ എവിടെ നിന്നോ കയറിവന്നതും പിന്നെ വാണിജ്യ താല്‍പര്യം മുന്‍നിര്‍ത്തി കൊണ്ടുനടന്നതുമാണ്. താന്‍ ഡി.ജി.പി ആയിരിക്കെ,പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിനുശേഷമാണ് തൃശൂര്‍ പൂരമെത്തിയത്. ഹൈകോടതി നിര്‍ദേശപ്രകാരം വെടിക്കെട്ടിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. പൊലീസ് ഇളവിനായി അന്ന് തൃശൂരില്‍ നിന്ന് ആവശ്യമുയര്‍ന്നു. ഇന്നത്തെ മന്ത്രിയും അക്കാര്യം പറഞ്ഞ് വിളിച്ചു. പക്ഷേ, സമ്മതിക്കില്ലെന്നായിരുന്നു തന്റെ നിലപാടെന്ന് സെന്‍കുമാര്‍ പറഞ്ഞു.

ചാരക്കേസില്‍ വിജയിച്ച നമ്പിനാരായണനെ പിന്തുണച്ചെഴുതിയ കുറിപ്പിന്റെ പേരില്‍, വേദിയിലുണ്ടായിരുന്ന മേജര്‍ രവിയെയും സെന്‍കുമാര്‍ വിമര്‍ശിച്ചു. ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ എഴുതിയ പുസ്തകം വായിക്കണമെന്നും അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയരുതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച മേജര്‍ രവി, താന്‍ അന്നെടുത്ത നിലപാടില്‍ തന്നെയാണെന്നും പുസ്തകം വായിക്കാമെന്നും തെറ്റുപറ്റിയെങ്കില്‍ പരസ്യമായി പൊതുമാപ്പ് പറയുമെന്നും അറിയിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക