Image

ശബരിമലയില്‍ പോലീസ് പരാജയപ്പെട്ടു: മുഖ്യമന്ത്രി

Published on 16 July, 2019
ശബരിമലയില്‍ പോലീസ് പരാജയപ്പെട്ടു: മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി. സമീപകാലത്ത് പോലീസിനുണ്ടായ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് അദ്ദേഹം വിമര്‍ശം ഉന്നയിച്ചത്. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയില്‍ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ചയുണ്ടായി. പല ഉദ്യോഗസ്ഥരും ചുമതല ഏറ്റെടുക്കാതെ അവധിയില്‍പോയി.

മനീതി സംഘം അടക്കമുള്ളവര്‍ വന്നപ്പോള്‍ കാര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ മുന്നൊരുക്കം നടത്തിയില്ല. ഇതിന്റെ ഫലമായി സ്ഥിതിഗതികള്‍ കൈവിട്ടുപോകുന്ന നിലയാണ് ഉണ്ടായതെന്ന് പോലീസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡി മരണം, ഉരുട്ടിക്കൊല തുടങ്ങിയ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയും പോലീസിനെതിരെ മുഖ്യമന്ത്രി വിമര്‍ശം ഉന്നയിച്ചു. ലോക്കപ്പ് മര്‍ദ്ദനം പോലീസ് പൂര്‍ണമായും ഒഴിവാക്കണം.

പൊതുജനങ്ങളോടുള്ള ഇടപെടലില്‍ കാതലായ മാറ്റം വരുത്തണമെന്നും മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമീപകാലത്ത് പോലീസിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക