Image

നേപ്പാള്‍ വെള്ളപ്പൊക്കം: മരണം 88 ആയി; അന്താരാഷ്ട്ര സഹായം തേടി

Published on 15 July, 2019
നേപ്പാള്‍ വെള്ളപ്പൊക്കം: മരണം 88 ആയി; അന്താരാഷ്ട്ര സഹായം തേടി
കാഠ്മണ്ഡു: നേപ്പാളില്‍ വ്യാഴാഴ്ചതുടങ്ങിയ കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 88 ആയി. 32 പേരെ കാണാതായി. പ്രളയത്തില്‍നിന്ന് കരകയറാന്‍ ഹിമാലയന്‍രാഷ്ട്രം അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ഥിച്ചു.

ഞായറാഴ്ചയോടെ മഴയുടെ ശക്തികുറഞ്ഞെങ്കിലും രാജ്യത്തിന്റെ മധ്യകിഴക്കന്‍ മേഖലകളിലെ 25 ജില്ലകളിലെ താമസക്കാര്‍ വെള്ളപ്പൊക്കത്തില്‍നിന്ന് മോചിതരായിട്ടില്ല. ഇവിടെ 16,520 വീടുകളില്‍ വെള്ളം കയറി. ബാരാ ജില്ലയില്‍ നാലുദിവസമായി 400 മില്ലീമീറ്ററിലധികം മഴയാണ് പെയ്തത്. കാഠ്മണ്ഡുവിലെ കലങ്കി, കുപോന്ദോലെ, കുലേശ്വര്‍, ബല്‍ഖു എന്നീ ഭാഗങ്ങള്‍ വെള്ളിയാഴ്ചമുതല്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. കാഠ്മണ്ഡ!ു, ലളിത്പുര്‍, ധാദിങ്, റൗതാഹത്, ചിതാവന്‍, സിരാഹ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നായി 2500ലധികം പേരെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും നിയോഗിച്ചു.

കാഠ്മണ്ഡുവില്‍ അധികൃതര്‍ അടിയന്തരയോഗം ചേര്‍ന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തി. ലോകാരോഗ്യസംഘടനയുടെ നേപ്പാള്‍ ഓഫീസിലെയും യുനിസെഫ്, യുണൈറ്റ!ഡ് നാഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. വിവിധയിടങ്ങളില്‍ പ്രത്യേക ആരോഗ്യകേന്ദ്രങ്ങള്‍ തുറന്നതായി അധികൃതര്‍ പറഞ്ഞു.

പ്രളയം സാരമായി ബാധിച്ച സ്ഥലങ്ങളില്‍ അടിയന്തര സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ഥിച്ചു. പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ മുന്‍കരുതലെടുക്കാനും നിര്‍ദേശം നല്‍കി. ആശുപത്രികളോടും മെഡിക്കല്‍ കോളേജുകളോടും പ്രത്യേക ഡോക്ടര്‍മാരടങ്ങുന്ന അടിയന്തര ചികിത്സാസംഘത്തെ രൂപവത്കരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയബാധിതര്‍ക്ക് പ്രവിശ്യസര്‍ക്കാരുകള്‍ അടിയന്തരസഹായം പ്രഖ്യാപിച്ചു.

തരായ് മേഖലയില്‍ അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ പടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇവിടെ മിക്ക ജലാശയങ്ങളും പ്രളയജലത്തില്‍ മലിനമായിട്ടുണ്ട്. തിങ്കളാഴ്ചമുതല്‍ നദികളില്‍ ജലനിരപ്പ് താഴാന്‍ തുടങ്ങി. എന്നാല്‍, തുടര്‍ച്ചയായി പെയ്ത മഴയില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക