Image

ബിജെപി എംഎൽഎയുടെ മകളെയും ഭർത്താവിനെയും തട്ടിക്കൊണ്ടുപോയി

Published on 15 July, 2019
ബിജെപി എംഎൽഎയുടെ മകളെയും ഭർത്താവിനെയും തട്ടിക്കൊണ്ടുപോയി

ബറേലി: ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് അച്ഛനിൽ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച ബിജെപി എംഎൽഎയുടെ മകളെയും ഭർത്താവിനെയും തട്ടിക്കൊണ്ടുപോയി. അലഹബാദ് ഹൈക്കോടതിക്ക് സമീപത്ത് നിന്നാണ് ഇരുവരെയും അജ്ഞാതരായ ഒരു സംഘം തോക്കുചൂണ്ടിയ ശേഷം തട്ടിക്കൊണ്ടുപോയത്.

യുപിയിലെ ബിജെപി എംഎൽഎ രാജേഷ് മിശ്രയുടെ മകൾ സാക്ഷി മിശ്ര, ഭർത്താവ് അജിതേഷ് കുമാർ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. കോടതിയുടെ മൂന്നാം ഗേറ്റിന് സമീപത്ത് നിൽക്കുമ്പോൾ കറുത്ത എസ്‌യുവി കാറിലെത്തിയ സംഘം തോക്കുചൂണ്ടി ഇരുവരെയും കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

ആഗ്ര ജില്ലയിൽ രജിസ്റ്റർ ചെയ്ത കാറിലാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഇവരെ വിവാഹം കഴിക്കാൻ സഹായിച്ച സുഹൃത്ത് 2018 ൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി, മണിക്കൂറുകൾക്കുള്ളിലാണ് ഈ തട്ടിക്കൊണ്ടുപോകൽ. ഈ സുഹൃത്ത്, സാക്ഷിയുടെ അച്ഛൻ രാജേഷ് മിശ്രയുടെ അടുത്ത സഹായിയാണെന്നാണ് റിപ്പോട്ടുകൾ.

ദലിത് യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് അച്ഛനില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് നേരത്തെ സാക്ഷി ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ബിതാരി ചെയിന്‍പുര്‍ എംഎല്‍എയാണ് സാക്ഷിയുടെ അച്ഛനായ രാജേഷ് മിശ്ര. ജൂലൈ 10 ന്  ഫേസ്ബുക്കിലൂടെയാണ് സാക്ഷി ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ക്കോ അജിതേഷിന്‍റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അച്ഛനും സഹായികളായ ഭര്‍ത്തോള്‍, രാജീവ് റാണ എന്നിവര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും സാക്ഷി വ്യക്തമാക്കി.

മകളുടെ വിവാഹത്തെ എതിര്‍ത്തിട്ടില്ലെന്നാണ് ഇതിനോട് രാജേഷ് മിശ്ര പ്രതികരിച്ചത്. മകളും ഭര്‍ത്താവും തമ്മില്‍ ഒമ്പത് വയസ്സ് പ്രായ വ്യത്യാസമുണ്ടെന്നും, അജിതേഷിന് വരുമാനം കുറവാണെന്നും ഇക്കാര്യങ്ങളിലാണ് തന്റെ ഉത്‌കണ്‌ഠയെന്നുമാണ് രാജേഷ് മിശ്ര പറഞ്ഞത്. മകളെ ഉപദ്രവിക്കുന്നത് തനിക്ക് ആലോചിക്കാന്‍ പോലുമാകില്ലെന്നും അവരെ രണ്ട് പേരെയും വീട്ടില്‍ തിരിച്ചുകൊണ്ടുവരാനായി പാര്‍ട്ടിയുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക