Image

കൗമാരക്കാരനെ പീഡിപ്പിച്ച അധ്യാപികയ്ക്കു 20 വര്‍ഷം ശിക്ഷ

Published on 14 July, 2019
കൗമാരക്കാരനെ പീഡിപ്പിച്ച അധ്യാപികയ്ക്കു 20 വര്‍ഷം ശിക്ഷ
അരിസോണ: പതിമൂന്നൂകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരുപത്തിയെട്ടുകാരിയായ അധ്യാപികയ്ക്കു 20 വര്‍ഷം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി. അരിസോണയിലെ ഗുഡ്!!ഡിയര്‍ സ്വദേശിനി ബ്രിട്ട്‌നി സമോറയ്ക്കാണ് തടവുശിക്ഷ ലഭിച്ചത്. 'ഞാന്‍ ഒരു തെറ്റ് ചെയ്തു, അതില്‍ ഖേദിക്കുന്നു. എന്നാല്‍ ഈ സമൂഹത്തിന് ഒരുതരത്തിലും ഞാന്‍ ഭീഷണിയല്ല'– അധ്യാപിക വിചാരണയ്ക്കിടെ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ബ്രിട്ട്‌നി ജയിലിലാണ്. ഈ 15 മാസങ്ങളും ശിക്ഷാ കാലാവധിയില്‍ ഉള്‍പ്പെടും. ജയിലില്‍നിന്നു പുറത്തിറങ്ങുന്ന ബ്രിട്ട്‌നിയെ ലൈംഗിക കുറ്റവാളിയായി റജിസ്റ്റര്‍ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

ആറാം ക്ലാസ് വിദ്യാര്‍ഥിയെ പലതവണ പീഡിപ്പിച്ചതായി മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ്, ലാസ് ബ്രിസാസ് അക്കാദമിയില്‍ അധ്യാപികയായ ബ്രിട്ട്‌നി സമോറ അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് അശ്ലീല സന്ദേശമയ്ക്കുക, ക്ലാസ്മുറിയില്‍ മറ്റൊരു വിദ്യാര്‍ഥി നോക്കിനില്‍ക്കുമ്പോള്‍ ഉള്‍പ്പെടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നിവ ചെയ്‌തെന്നായിരുന്നു പരാതി. കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സെന്‍ട്രി പേരന്റല്‍ കണ്‍ട്രോള്‍ എന്ന ആപ്പ് വഴിയാണ് അധ്യാപികയുടെ പ്രവൃത്തിയെപറ്റി മാതാപിതാക്കള്‍ക്കു വിവരം ലഭിച്ചത്.

കുട്ടികളുടെ ഫോണില്‍ സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പടെ ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് അറിയിപ്പു നല്‍കുന്ന ആപ്പാണിത്. അറിയിപ്പു ലഭിച്ചതിനെ തുടര്‍ന്നു കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് അധ്യാപിക നിരന്തരം പീഡിപ്പിക്കുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി വേര്‍പിരിഞ്ഞു കഴിയുന്ന കുട്ടിയുടെ അമ്മയും അച്ഛനും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക