Image

യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷം: 'കണ്ടാലറിയുന്ന' ഒരു പ്രതി പിടിയിൽ, മുഖ്യപ്രതികൾ എവിടെയെന്നറിയില്ല

Published on 14 July, 2019
യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷം: 'കണ്ടാലറിയുന്ന' ഒരു പ്രതി പിടിയിൽ, മുഖ്യപ്രതികൾ എവിടെയെന്നറിയില്ല

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. നേമം സ്വദേശി ഇജാബിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ കണ്ടാലറിയാവുന്ന പ്രതികളിൽ ഒരാളാണ് ഇജാബെന്ന് പൊലീസ് പറയുന്നു. അതേസമയം, മുഖ്യ പ്രതികളെക്കുറിച്ച് ഇനിയും സൂചനയില്ല.

ഇതിനിടെ, യൂണിവേഴ്‍സിറ്റി കോളേജിൽ വച്ച് കുത്തേറ്റ അഖിലിന്‍റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്. ഒളിവിലുളള പ്രതികൾ തിങ്കളാഴ്ച മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. പ്രതികൾ എവിടെയെന്ന് പൊലീസിന് അറിയാമെന്നും അവരെ സംരക്ഷിക്കുകയാണെന്നും വിദ്യാർത്ഥികൾ തന്നെ ആരോപിക്കുന്നുണ്ട്. സംഘ‌ർഷങ്ങളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോളേജിന് അവധി നൽകി.

പ്രതികളായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി നസീം, അമർ, അദ്വൈത്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർ രണ്ട് ദിവസമായി ഒളിവിലാണ്. പ്രതികളെ പിടികൂടാൻ ശ്രമം തുടരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ പാർട്ടി നേതാക്കൾ ഇടപെട്ട് ഇവർ കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതായും വിവരമുണ്ട്. പ്രതികളിൽ ഒന്നോ രണ്ടോ പേർ മാത്രം ഉടൻ കീഴടങ്ങിയേക്കാനാണ് സാധ്യത.

വധശ്രമത്തിനാണ് പൊലീസ് ഈ 7 പേർക്കെതിരെ കേസെടുത്തിട്ടുളളത്. പ്രതികളായ ശിവരഞ്ജിത്തും നിസാമും പിഎസ്‍സിയുടെ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവരാണ്. ശിവരഞ്ജിത്താണ് കാസർകോട് ജില്ലയുടെ പട്ടികയിലെ ഒന്നാം സ്ഥാനക്കാരൻ.

അഖിലിന്‍റെ നില മെച്ചപ്പെട്ടു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളള അഖിൽ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. രണ്ട് ദിവസത്തേക്ക് അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരും. ശിവരഞ്ജിത്താണ് ആക്രമിച്ചതെന്ന് അഖിൽ ഡോക്ടർമാർക്ക് മൊഴി നൽകിയിരുന്നു. വിശദമായ മൊഴിയെടുക്കാൻ മജിസ്ട്രേറ്റും പൊലീസും ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയെങ്കിലും ഡോക്ടറുടെ അനുമതി കിട്ടാത്തതിനെ തുടർന്ന് മടങ്ങുകയായിരുന്നു.

തിങ്കളാഴ്ച കോളേജിന് അവധിയാണെങ്കിലും സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കും. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടാൻ നേതൃത്വം തീരുമാനിച്ചത്. പുതിയ കമ്മിറ്റി രൂപീകരിക്കുന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക