Image

ചാന്ദ്രയാന്‍-രണ്ട്‌ വിക്ഷേപണം നാളെ പുലര്‍ച്ചെ, സോഫ്‌റ്റ്‌ ലാന്‍ഡിങ്‌ പരീക്ഷണത്തിന്‌ ഇന്ത്യ

Published on 14 July, 2019
ചാന്ദ്രയാന്‍-രണ്ട്‌ വിക്ഷേപണം നാളെ പുലര്‍ച്ചെ, സോഫ്‌റ്റ്‌ ലാന്‍ഡിങ്‌ പരീക്ഷണത്തിന്‌ ഇന്ത്യ

ശാസ്‌ത്രലോകം പ്രതീക്ഷയോടെ കാണുന്ന രാജ്യത്തിന്റെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-രണ്ട്‌, നാളെ പുലര്‍ച്ചെ 2.51ന്‌ വിക്ഷേപിക്കും. 

ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്ന്‌ ജി.എസ്‌.എല്‍.വി. മാര്‍ക്ക്‌ മൂന്ന്‌ റോക്കറ്റാണ്‌ ചന്ദ്രയാന്‍ രണ്ടിനെ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കുന്നത്‌. വിക്ഷേപണത്തിന്റെ 20 മണിക്കൂര്‍ കൗണ്ട്‌ഡൗണ്‍ ഇന്ന്‌ രാവിലെ 6.51-ന്‌ ആരംഭിച്ചു.

ചന്ദ്രയാന്‍-2 സാങ്കേതിക മികവോടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങി ഗവേഷണം നടത്തും. ചന്ദ്രയാന്‍ ഒന്ന്‌ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു. ഇത്തവണ സോഫ്‌റ്റ്‌ ലാന്‍ഡിങ്ങിനാണ്‌ ശ്രമിക്കുന്നത്‌. 

ഇതില്‍ നേരത്തേ വിജയിച്ചിട്ടുള്ളത്‌ അമേരിക്കയും റഷ്യയും ചൈനയുമാണ്‌. ലാന്‍ഡറിനെ ചന്ദ്രനിലിറക്കുന്നത്‌ ഏറെ ശ്രമകരമാണ്‌. വായു സാന്നിധ്യമില്ലാത്തതില്‍ പാരച്യൂട്ട്‌ സംവിധാനം പറ്റില്ല. അതിനാല്‍ എതിര്‍ദിശയില്‍ എന്‍ജിന്‍ പ്രവര്‍ത്തിച്ചായിരിക്കും വേഗം നിയന്ത്രിക്കുന്നത്‌. 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ്‌ ചന്ദ്രയാന്‍-2 ചന്ദ്രനിലെത്തുന്നത്‌.

വിക്ഷേപണം കഴിഞ്ഞ്‌ 15 മിനിറ്റിനുള്ളില്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന്‌ ദിവസങ്ങള്‍ നീളുന്ന പ്രക്രിയയിലൂടെ ഘട്ടംഘട്ടമായി ഭ്രമണപഥമുയര്‍ത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കണം. ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ കുറഞ്ഞ അകലം 30 കിലോമീറ്ററും കൂടിയ അകലം 100 കിലോമീറ്ററുമാണ്‌. 

ചന്ദ്രനില്‍നിന്ന്‌ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തുമ്പോള്‍ ഓര്‍ബിറ്ററില്‍നിന്ന്‌ ലാന്‍ഡര്‍ വേര്‍പെട്ട്‌ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങും. ഇതിന്‌ നാലുദിവസംവരെ കാത്തിരിക്കേണ്ടിവരും. സെപ്‌റ്റംബര്‍ ആറിനോ ഏഴിനോ ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതോടെ ത്രിവര്‍ണപതാകയും എത്തും


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക